ഒളിച്ചു വെക്കുന്ന അധിനിവേശ ഭീകരതകൾ
ഭീകരവാദത്തിന്റെ വേരും വളവും - 2
12, 13 നൂറ്റാണ്ടുകളിൽ യൂറോപ്പ് നടത്തിയ രക്ത രൂഷിതമായ കുരിശ് യുദ്ധങ്ങൾ സ്വയം തന്നെ സ്റ്റേറ്റും പാപ്പസിയും ഒത്തുചേർന്ന് നടത്തിയ ഭീകര പ്രവർത്തനങ്ങൾ കൂടിയായിരുന്നു. പിന്നെ മധ്യ കാല നൂറ്റാണ്ടുകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ സ്‌റ്റേറ്റും സ്റ്റേറ്റിന് ബാഹ്യമായ ശക്തികളും ഏറെ ഭീകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. സ്പെയിനിൽ നിന്നും പോർച്ചുഗലിൽനിന്നും പാപ്പസിയും സ്‌റ്റേറ്റും ചേർന്ന് മുസ്്ലിം ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്തത് ഇങ്ങനെയാണ്. സ്പാനിഷ് ഇൻക്വിസിറ്റോറിയൽ കോടതികൾ സ്വയംതന്നെ ഭീകരതക്കു വേണ്ടി സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് സ്ഥാപനമായിരുന്നു. ഇതിനെല്ലാം പുറമെ, പാശ്ചാത്യ കൊളോണിയൽ ശക്തികൾ പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി നാല് ശതാബ്ദത്തോളം ഏഷ്യൻ, ആഫ്രിക്കൻ, അമേരിക്കൻ, ആസ്‌ത്രേലിയൻ ഭൂഖണ്ഡങ്ങളിൽ അധിനിവേശം നടത്തിയത് ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നും വംശഹത്യ നടത്തിയുമായിരുന്നല്ലോ. ഈ കാലഘട്ടത്തിൽ, യൂറോപ്യൻ കൊളോണിയൽ ശക്തികൾ അമേരിക്ക, ആസ്്ത്രേലിയ, ന്യൂസിലാന്റ് പോലുള്ള ഇസ്‌ലാമിന്റെ സാന്നിധ്യം തീരെ ഇല്ലാതിരുന്ന രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും അടിസ്ഥാന ജനതയെ ഏറക്കുറെ പൂർണമായും ഇല്ലായ്‌മ ചെയ്തു. അവിടെ യൂറോപ്യൻമാരെ കുടിയിരുത്തി. മഓരികളുടെ പഴയ Aotearoa ദേശത്തിന് 'പുത്തനാവേശത്തിന്റെ നാട്' (New Zeal - Land ) എന്ന് യൂറോപ്യൻ അധിനിവേശ ശക്തികൾ പുനർ നാമകരണം ചെയ്തതിന്റെ പശ്ചാത്തലം വംശീയ ഉന്മൂലനമായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രംഗത്തുവന്ന റഷ്യൻ നിഹിലിസ്റ്റുകൾ സ്റ്റേറ്റിന് ബാഹ്യമായ ഭീകര പ്രവർത്തനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജർമനിയിലെ ഹിറ്റ്ലറും ഇറ്റലിയിലെ മുസ്സോളിനിയും സ്പെയിനിലെ ഫ്രാങ്കോയും സോവിയറ്റ് യൂനിയനിലെ സ്റ്റാലിനും ചൈനയിലെ മാവോയും കംബോഡിയയിലെ പോൾപോട്ടും അമേരിക്കയിലെ ജോര്‍ജ് ഡബ്ല്യു ബുഷും ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും ഭീകര ഭരണാധികാരികളെ പ്രതിനിധാനം ചെയ്യുന്നു. അധികാരം അരക്കിട്ടുറപ്പിക്കുന്നതിനും അതിൽ കടിച്ചുതൂങ്ങി നിൽക്കുന്നതിനും ദശലക്ഷങ്ങളെയായിരുന്നു ഈ ഭരണാധികാരികൾ കൊന്നു തള്ളിയത്.
zealotry എന്ന പദം തന്നെ ആദ്യമായി ഉപയോഗിക്കപ്പെട്ടത് സി.ഇ ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്വത്തിനെതിരിലുള്ള, സ്റ്റേറ്റിന് ബാഹ്യമായ ജൂത ഭീകരവാദത്തെ കുറിക്കാനാണ്. ഫലസ്ത്വീനിൽ ഇസ്രായേൽ രാഷ്ട്രം രൂപവത്കരിക്കുക എന്ന ലക്ഷ്യം വെച്ച് അതിഭീകരമായ പ്രവൃത്തികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയ അർധ സൈനിക ഭീകര സംഘടനകളായിരുന്നു ഹഗാന(Haganah)യും ലേഹി(Lehi)യും ഇർഗുനു (Irgun)മൊക്കെ. ഇസ്രായേൽ രാഷ്ട്രം നിലവിൽവന്നത് തന്നെ ഭീകര പ്രവർത്തനത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു കൊണ്ടായിരുന്നു. കച്ച്, കഹാനെ തുടങ്ങിയ ജൂത സംഘടനകളെ സയണിസ്റ്റ് ഭരണകൂടം പോലും ഭീകരവാദ സംഘടനകളായി പ്രഖ്യാപിച്ചു നിരോധിച്ചവയാണ്. 1994-ൽ ഹെബ്രോണിലെ പള്ളിയിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന 29 മുസ്്ലിംകളെ വെടിവെച്ചു കൊല്ലുകയും നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ബറൂച് ഗോൾഡ്‌സ്റ്റെയ്ൻ കച്ച് ഭീകര സംഘടനയുടെ പ്രവർത്തകനായിരുന്നു.
മതപരമായ വിശ്വാസ വൈജാത്യത്തിന്റെ പേരിൽ വംശീയ ഉന്മൂലനം നടത്തുകയും, സമ സൃഷ്ടികളോട് ഏറ്റവും ക്രൂരത കാണിക്കുകയും ചെയ്തത് യൂറോപ്പ് തന്നെയായിരിക്കും. ഇതിൽ അന്നാടുകളിലെ മതപൗരോഹിത്യത്തിനും വലിയ പങ്കുണ്ട്. കൊളോണിയൽ ശക്തികൾ അവർ അധിനിവേശം നടത്തിയ രാജ്യങ്ങളിലേക്ക് സൈന്യത്തോടൊപ്പം മിഷനറി സംഘങ്ങളെയും അയച്ചിരുന്നു . കുരിശ് യുദ്ധത്തിൽ ആ പേര് കുറിക്കുന്നതു പോലെത്തന്നെ ക്രിസ്തുമതത്തിനും പൗരോഹിത്യത്തിനുമുണ്ടായിരുന്ന പങ്ക് സുവിദിതമാണ്. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും നേതൃത്വത്തിൽ നടന്ന കൂട്ടക്കുരുതിക്കും അതത് രാജ്യങ്ങളിലുണ്ടായിരുന്ന മതപൗരോഹിത്യത്തിന് പങ്കുണ്ടായിരുന്നു. ഉഗാണ്ട, ദക്ഷിണ സുഡാൻ, കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന Lord's Resistance Army (L.R.A) ഒരു മത ഭീകര സംഘടനയാണ്. അമേരിക്കയിൽ അറ്റ്ലാന്റയിലും ഒക്‌ലഹോമയിലും ഭീകരാക്രമണം നടത്തുകയും നിരവധി അബോർഷൻ അനുകൂല ഭിഷഗ്വരരെ വധിക്കുകയും ചെയ്ത ആർമി ഓഫ് ഗോഡും ചർച്ച് ഓഫ് ഗോഡും അമേരിക്ക തന്നെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചവയാണ്. അഹിംസ പ്രഘോഷിക്കുന്ന ബുദ്ധ മതാനുയായികളായ ശ്രീലങ്കയിലെ സിംഹള ഭീകരർ തമിഴ് വംശജരെയും, മ്യാൻമറിലെ ബുദ്ധിസ്റ്റുകൾ മുസ്്ലിംകളെയും വംശീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് ഭരണകൂട പിന്തുണയോടെയാണ്. തായ്‌ലന്റിൽ എഴുപതുകളിൽ കമ്യൂണിസ്റ്റുകാരെ കൊന്നുകൊണ്ടായിരുന്നു ബുദ്ധിസ്റ്റുകൾ ഭീകരത നടപ്പാക്കിയതെങ്കിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ അത് തായ്ലന്റിന്റെ തെക്കു ഭാഗത്തെ മലായ് മുസ്്ലിം ജനവിഭാഗത്തിനെതിരെയുള്ള ആക്രമണത്തിലൂടെയായിരുന്നു. നോർവേയിൽ 2011 ജൂലൈ 22-ന് നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വലതുപക്ഷ ക്രിസ്ത്യൻ വൈറ്റ് സൂപ്പർമാസിസ്റ്റു ഭീകര സംഘടനകളായിരുന്നു. ഇന്ത്യയിലെ ഭരണകൂട പിന്തുണയോടെയുള്ള ഹിന്ദുത്വ ഭീകരത ഇന്ത്യാ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയോളം വളർന്നിരിക്കുന്നു.
ആധുനിക ലോകത്ത് ഭിന്ന മത-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽനിന്ന് ജന്മംകൊണ്ട ഭീകരവാദം അതിന്റെ ദംഷ്ട്രങ്ങൾ ഏതെണ്ടെല്ലാ ഭൂഖണ്ഡങ്ങളിലും പടർത്തിയിരിക്കുന്നുവെന്നതാണ് വസ്തുത. ലോകത്തെ എല്ലാ പ്രബല രാജ്യങ്ങളിലെയും നികുതിപ്പണം ഉപയോഗിച്ചു സംവിധാനിക്കപ്പെട്ടതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒട്ടു മിക്ക ചാര സംഘടനകളുടെയും ലക്ഷ്യങ്ങളിലും പ്രവർത്തനങ്ങളിലും മുഖ്യമായത് തന്നെ, അവരവർ ബദ്ധ ശത്രുവായി കരുതുന്ന രാജ്യങ്ങളിൽ ഗൂഢമായ ഭീകര പ്രവർത്തനങ്ങൾ നടത്തി അതിനെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ബ്രിട്ടന്റെ ഭാഗമായ അയർലന്റിന്റെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന I.R.A, സ്വതന്ത്ര ബസ്കാക്ക് വേണ്ടി നിലകൊള്ളുന്ന സ്പെയിനിലെ ഇ.ടി.എ , സ്പെയിനിലെ തന്നെ കാറ്റലോൺ പ്രദേശത്തിന്റെ വിമോചനത്തിനു വേണ്ടി നിലകൊള്ളുന്ന കാറ്റലോൺ ലിബറേഷൻ ഫ്രന്റ്, സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെയും വലതുപക്ഷ ക്രിസ്ത്യൻ തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകൾ, നേപ്പാളിലെയും വടക്കു കിഴക്കൻ ഇന്ത്യയിലെയും മാവോയിസ്റ്റ് ഗ്രൂപ്പുകൾ, ഇന്ത്യയിലെ വിവിധ പേരുകളിലുള്ള സംഘ് പരിവാർ സംഘടനകൾ, ശ്രീലങ്കയിലെ L.T.T.E, ജപ്പാനിലെ റെഡ് ആർമി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ആധുനിക ഭീകരവാദത്തിന്റെ വേരുകൾ കിടക്കുന്നതു തന്നെ, കൊളോണിയൽ യുദ്ധം തുറന്നുകാണിച്ച ബ്രിട്ടന്റെ സൈനിക അപര്യാപ്തതയെ ഫീനിയൻസ് മുതലെടുക്കാൻ കാണിച്ച ധൈര്യത്തിലാണ് . 1708-ലെ ഐറിഷ് കലാപം, ബ്രിട്ടീഷ് സാമ്രാജ്യത്വം അഭിമുഖീകരിച്ച പ്രതിസന്ധികളും പ്രയാസങ്ങളും മുതലെടുത്ത് അയർലന്റുകാർ സംഘടിപ്പിച്ചതായിരുന്നു. ആധുനിക ഭീകര-വാദ പ്രവർത്തനങ്ങൾക്കുള്ള വിദേശ സഹായം ആരംഭിക്കുന്നത് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഫീനിയൻ ഭീകരവാദത്തിന് അമേരിക്കൻ ഭരണകൂടം നൽകിയ തുറന്ന പിന്തുണയോടെയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ രോഷം ആളിക്കത്തിക്കാൻ, അമേരിക്കയിൽ ഫണ്ട് സ്വരൂപിക്കാൻ അനുമതി നൽകുക മാത്രമല്ല യു.എസ് ഭരണകൂടം ചെയ്തിരുന്നത്. മറിച്ച്, ബ്രിട്ടീഷ് ഷിപ്പിംഗിന് പ്രയാസങ്ങൾ സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യംവെച്ചുകൊണ്ട് അമേരിക്കൻ കടൽതീരങ്ങളിൽ സബ്മറൈൻ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ വരെ, ബ്രിട്ടൻ ഫീനിയൻ ഭീകരവാദികൾ എന്നു വിളിക്കുന്നവർക്ക് അമേരിക്ക ചെയ്തുകൊടുക്കുകയുണ്ടായി. ആ കാലത്തെ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനും ഇതിൽനിന്ന് ഒഴിവായിരുന്നില്ല. ലോകത്തിന്റെ ഭിന്ന ഭാഗങ്ങളിൽ കോളനിവത്കരിച്ച രാജ്യങ്ങളിലെ ജനങ്ങളോട് കാണിച്ച നിഷ്ഠുര ചെയ്തികൾക്ക് പുറമെ, ശത്രുരാജ്യങ്ങളിൽ അവർ എത്രത്തോളം ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെന്ന വസ്തുത, നെപ്പോളിയൻ മൂന്നാമനെ വധിക്കാൻ ശ്രമിച്ചപ്പോൾ ഒറിസിൻ ഉപയോഗിച്ച ബോംബ് ബർമിംഗ്ഹാമിലായിരുന്നു നിർമിച്ചിട്ടുണ്ടായിരുന്നത് എന്നതിൽനിന്ന് മനസ്സിലാക്കാൻ കഴിയും. റഷ്യയിൽ ജനിച്ചു പിന്നീട് അമേരിക്കക്കാരിയായിത്തീർന്ന ചരിത്രകാരി അന്ന ഗീഫ്്മാൻ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തുടങ്ങി റഷ്യൻ വിപ്ലവ കാലം വരെ റഷ്യയിൽ നടമാടിയ വിപ്ലവ ഭീകരതയെ കുറിച്ചു തന്റെ Thou Shalt Kill, Revolutionary Terrorism In Russia എന്ന പുസ്തകത്തിൽ പറയുന്നു: “പഴങ്ങൾ പോലും ഭയാനകമാണെന്ന് കരുതി ആളുകൾ ജാഗ്രത പാലിക്കാൻ തുടങ്ങി, ഗ്രാനൈറ്റ് പോലെ കടുപ്പമുള്ള എന്റെ ഒരു സുഹൃത്ത് മാതളനാരങ്ങയെ ഭയപ്പെടുന്നു. കുരയ്ക്കാനും കുലുക്കാനും തയ്യാറായിരുന്ന പോലീസുകാർ ഇപ്പോൾ ഓറഞ്ച് കണ്ടാൽ വിറയ്ക്കുന്നു."
ഇസ്്ലാമിന് മുമ്പുള്ള പേർഷ്യൻ, ഗ്രീക്ക്, റോമൻ യുദ്ധങ്ങൾ, ഇസ്്ലാമിന് ശേഷമുള്ള കുരിശു യുദ്ധങ്ങൾ, പതിനേഴ്, പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിലെ പാശ്ചാത്യ അധിനിവേശം തുടങ്ങി അവയോരോന്നും ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് നഷ്ടപ്പെടുത്തിയത്.
ഒന്നും രണ്ടും ലോക യുദ്ധങ്ങളിലും യൂറോപ്യൻ അധിനിവേശ യുദ്ധങ്ങളിലും അധിനിവേശ ശക്തികൾ തമ്മിലുള്ള യുദ്ധങ്ങളിലും കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ദാരുണമായ കഥ പറയേണ്ടതില്ല! പതിനായിരങ്ങൾ കൂട്ടക്കൊലകൾക്കിരയായ കലിംഗ യുദ്ധം നടന്നത് മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പ് ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലായിരുന്നു. എന്നാൽ, മുഹമ്മദ് നബി(സ)യുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ഭാഗത്തുനിന്ന് ഇത്രയും ജീവഹാനിയും സ്വത്തുക്കളും നഷ്‌ടപ്പെടാൻ കാരണമായ ഒറ്റ യുദ്ധവും ഉണ്ടായിട്ടില്ല. l
(തുടരും )
Comments