Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

അനിൽ ആന്റണി "സുരക്ഷിത' ഇടം തേടുകയാണോ?

ബശീർ ഉളിയിൽ

ശരാശരിയിലും താഴെ നിലവാരമുള്ള രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും നിഗൂഢമായ ഒരു തരം 'നയതന്ത്രജ്ഞത' പ്രകടിപ്പിച്ചുകൊണ്ട് അവസരങ്ങളെ അതിവിദഗ്ധമായി തനിക്ക് അനുകൂലമാക്കാൻ കഴിയുന്ന അസാധാരണ പാടവമുള്ള ആളാണ് എ.കെ ആന്റണി എന്ന് ആന്റണിയുടെ മനഃശാസ്ത്രം അപഗ്രഥനം ചെയ്തുകൊണ്ട് രണ്ടു പതിറ്റാണ്ട് മുമ്പ് പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ് ഡേവിഡ് നിരീക്ഷിച്ചിരുന്നു. "തന്നിൽ സ്ഥാപിക്കപ്പെട്ട സാങ്കൽപിക വ്യക്തിത്വത്തിന്റെയും അപാര നേതൃഗുണങ്ങളുടെയും വലിയ പുറംതോടിനുള്ളിൽ ചെറിയ ആന്റണി ഒതുക്കപ്പെട്ടപ്പോൾ ഈ പുറംതോടിനോളം വളരാനുള്ള ശ്രമത്തിൽ ആന്റണി എന്നും മുഖ്യധാരയിൽനിന്ന് മാറിനിൽക്കാനാണ് ശ്രമിച്ചിരുന്നത്. ആ മാറിനിൽപ്പിന്റെ അസാധാരണത്വം സൃഷ്‌ടിക്കുന്ന വിവാദങ്ങളിലൂടെ വിവാദ നായകനായി ഒരു പുതിയ നേതാവിന്റെ പ്രതിഛായ സൃഷ്ടിക്കാൻ ആന്റണി എന്നും ശ്രമിച്ചിരുന്നു” ('ആന്റണിയുടെ മനസ്സ് വായിക്കുമ്പോൾ' - ഡോ. കെ.എസ് ഡേവിഡ് - വാരാദ്യ മാധ്യമം 22/3/2002).
സന്ദിഗ്ധ ഘട്ടങ്ങളിലെ മൗനം, പാർട്ടിക്ക് തന്നെ പ്രതിസന്ധികൾ സൃഷ്‌ടിക്കും വിധമുള്ള അനവസര  വാചാലത, നിഗൂഢമായ നയതന്ത്രജ്ഞത എന്നിവയാൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ അമ്പതാണ്ടുകൾ  നിറഞ്ഞുനിന്ന രാഷ്ട്രീയ വിസ്മയമാണ് എ.കെ ആന്റണി എന്നതാണ് ഈ മനഃശാസ്ത്ര വിശകലനത്തിന്റെ ചുരുക്കം. ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ മാർക് ആന്റണിയെപ്പോലെ 'കരുണാകരൻ ഈസ് ആൻ ഓണറബിൾ മാൻ' എന്ന് ഇടയ്ക്കിടെ പറഞ്ഞു, കേരള രാഷ്ട്രീയത്തിലെ കൗശലക്കാരനായ ‘ലീഡർ’ കെ. കരുണാകരനെപ്പോലും ഒതുക്കുകയും 'സംശുദ്ധ രാഷ്ട്രീയ' ത്തിന്റെ ഗ്രൂപ്പുണ്ടാക്കി ഏറെ ദൂരം സഞ്ചരിച്ച ശേഷം 'തനിക്ക് ഗ്രൂപ്പില്ല' എന്ന് പറഞ്ഞു കൂടക്കൂടിയവരെ വഴിയാധാരമാക്കുകയും ചെയ്ത കൗടില്യൻ എന്നും ആന്റണി 'പുകഴ്ത്തപ്പെട്ടിട്ടുണ്ട്'.
പൗരത്വ നിഷേധം,  കര്‍ഷക പ്രക്ഷോഭം, പശുഭീകരത, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ആന്റണിയുടെ മിണ്ടായ്മ, അർഥത്തെ ഗർഭം ധരിച്ച മൗനമായി വാഴ്ത്തപ്പെട്ടു. കൃത്യമായ ഇടവേളകളിൽ 'അവസരോചിതം'  ആന്റണി പക്ഷേ, മൗനം ഭഞ്ജിക്കാറുണ്ട്. അവയൊക്കെയും പലപ്പോഴും സംഘ് പരിവാറിന് ഇന്ധനമാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് മുമ്പ്, 1993-ൽ മത്തായി മാഞ്ഞൂരാൻ അനുസ്മരണ പ്രഭാഷണത്തിലാണ് ആന്റണിയുടെ 'ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ വിശ്വാസം ആർജിക്കണം' എന്ന കനപ്പെട്ട മൗനഭഞ്ജനം നടന്നത്. അന്ന് അദ്ദേഹം കേന്ദ്ര സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. കൃത്യം പത്ത് വർഷം കഴിഞ്ഞു, 2003-ൽ മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിൽ  'സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍ സര്‍ക്കാരില്‍ സമ്മർദം ചെലുത്തി എന്തും നേടാമെന്ന ന്യൂനപക്ഷ സമുദായത്തിന്റെ ധാരണ മാറ്റണ'മെന്ന് മുഖ്യമന്ത്രിയായ ആന്റണി കർക്കശമായി ഒരിക്കൽ കൂടി മൗനം മുറിച്ചു. പിന്നെയും പത്ത് വർഷം കഴിഞ്ഞു കേന്ദ്ര പ്രതിരോധ മന്ത്രിയായ ഘട്ടത്തിൽ പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഹിന്ദുത്വയെ തുണക്കുന്ന മൂന്നാമത്തെ ഭഞ്ജനം. അധികാര രാഷ്ട്രീയത്തിൽ അര നൂറ്റാണ്ട് 'വിജയകരമായി' പൂർത്തിയാക്കിയ ശേഷം ഇനിയൊരിക്കലും അവസരം ലഭിക്കുകയില്ലെന്നുറപ്പിച്ച് സജീവ രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞ് അനന്തപുരിയിൽ  ഗൃഹസ്ഥനായ വേളയിൽ നിലപാടിൽ മാറ്റമുണ്ടാവുമെന്ന് വിശ്വസിച്ചവരെ അമ്പരപ്പിച്ചിച്ചുകൊണ്ട് ‘നാലാമത്തെ പത്തി’ലും നേരത്തെ സെറ്റ് ചെയ്തു വെച്ച അലാറം മുഴങ്ങി. 'ചന്ദനക്കുറി തൊടുന്നവരെ മൃദു ഹിന്ദുത്വം പറഞ്ഞു കോൺഗ്രസ് മാറ്റിനിർത്തരുത് -എ.കെ ആന്റണി' (മലയാള മനോരമ 30/12/2022). ഒടുവിലത്തെ ഈ മൗനഭഞ്ജനത്തിനു ശേഷം ആന്റണി ഒരിക്കൽ കൂടി മാധ്യമ ശ്രദ്ധയിൽ വരുന്നത് സീമന്ത പുത്രൻ സ്വന്തം പാർട്ടിയുടെ പോസ്റ്റിലേക്ക് ‘ഡിജിറ്റൽ സെൽഫ് ഗോൾ’ അടിച്ചപ്പോൾ പാലിച്ച ഭീകരമൗനത്തിന്റെ പേരിലാണ്.  
വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാനായി 'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടന്നു വിയർക്കുന്ന വേളയിലാണ്, ഗുജറാത്ത് കലാപത്തിലെ മോദിപ്പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്്വഴക്കമാണെന്നും, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബി.ബി.സി നടത്തിയിരിക്കുന്നതെന്നും അനിൽ ആന്റണി എന്ന കോൺഗ്രസ്സിന്റെ  സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൽ കൺവീനർ ട്വീറ്റ് ചെയ്തത്. അനിൽ ഈ പദവിയിലെത്തുന്നത് അമേരിക്കയിൽനിന്ന്  ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യയിലെ ഒരേയൊരു ചെറുപ്പക്കാരനായതുകൊണ്ടോ, കെ.എസ്‌.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തിയതു കൊണ്ടോ അല്ല, മറിച്ച് എക്കാലത്തും മക്കൾ  രാഷ്ട്രീയത്തിനെതിരെ നിലകൊണ്ട എ.കെ ആന്റണിയുടെ സീമന്ത പുത്രൻ ആയതു കൊണ്ട് മാത്രമാണ് എന്നതാണ് അതിലെ  ഐറണി. 2019 ജനുവരിയിൽ ദൽഹിയിൽ നടത്തിയ പുനഃസംഘടനാ ചർച്ചകൾക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. അനിൽ ആന്റണിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ പുത്രൻ ഫൈസൽ പട്ടേലും ചേർന്നാണ്, ബി.ജെ.പി തൂത്തുവാരിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഡിജിറ്റൽ നേതൃത്വം നൽകിയത്! ഡോക്യുമെന്ററി  പ്രദർശനം 'രാജ്യത്തിനു ദോഷകരമായ നശീകരണത്തിന്റെ ആഖ്യാനമാണെന്നും നിഷേധാത്മക പ്രവർത്തനങ്ങളെ കാലം ചവറ്റുകൊട്ടയിൽ തള്ളുമെന്നും' പറഞ്ഞാണ് അനിൽ ട്വീറ്റ് ചെയ്യുകയും കോൺഗ്രസ്സിൽനിന്ന് രാജിവെക്കുകയും ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ച് പോസ്റ്റൊന്നും കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് 'കുറച്ചു നാളായി താൻ ഫേസ്‌ബുക്കിൽ സജീവമായിരുന്നില്ല' എന്നായിരുന്നു മറുപടി! ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാലോ നെറ്റിയിൽ തിലകം ഇട്ടാലോ ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല എന്ന് ഒരു മാസം മുമ്പ് പ്രസ്താവനയിറക്കിയ ആന്റണി, ''വിഘടനവാദികളായ ഒരു വിദേശ മാധ്യമസ്ഥാപനത്തിന്റെ  കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവർ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനതയോട്  മാപ്പ് പറയേണ്ടി വരുമെന്ന്" ട്വീറ്റ് ചെയ്ത സ്വപുത്രനെ  തിരുത്താതിരിക്കുമ്പോഴാണ്, സ്വതവേ മൗനിയായ ആന്റണി വല്ലപ്പോഴും അത് ഭഞ്ജിക്കുന്നത് സംഘ് പരിവാറിന് വേണ്ടി മാത്രമാണെന്നും ഇത്തരം ഉപദേശികളാണ് കോൺഗ്രസ്സിന്റെ 'മൃദുഹിന്ദുത്വ' നയത്തിന് കാരണഭൂതരെന്നുമുള്ള  വാദത്തിൽ കഴമ്പുണ്ടെന്ന് സംശയിക്കേണ്ടി വരുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ന്യൂനപക്ഷവുമായി അടുത്തുനിൽക്കുന്ന പാർട്ടിയെന്ന പ്രതിഛായ മൂലമാണെന്ന എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി ‘കണ്ടെത്തി'യിരുന്നു. ലിബറൽ ജനാധിപത്യ ക്രമത്തിന്റെ സത്ത മതനിരപേക്ഷതയാണെന്നു പറഞ്ഞ നെഹ്റുവിനെ തിരുത്തിക്കൊണ്ട്, 80 ശതമാനത്തോളം ഹിന്ദുക്കളുള്ള രാജ്യത്ത് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കണമെന്ന ഉപദേശികളുടെ സുവിശേഷം തള്ളിക്കളയാത്തിടത്തോളം കാലം ഹിന്ദുത്വയുടെ കോൺഗ്രസ് മുക്ത ഭാരതം ഒരു യാഥാർഥ്യമാവുക തന്നെ ചെയ്യും.
അന്താരാഷ്‌ട്ര മാധ്യമങ്ങൾക്ക്  ഇന്ത്യയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ അധികാരമില്ലെന്ന് അനിൽ കെ. ആന്റണി പറയുന്നത് ഉള്ളിൽ തട്ടിയാണെങ്കിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ  ബിരുദാനന്തര ബിരുദംകൊണ്ട് വലിയ ലോകവിവരമൊന്നും ലഭിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അതല്ലെങ്കിൽ 'ദോഷൈക ദൃക്കുകളായ രാഷ്ട്രീയ നിരീക്ഷകർ' അഭിപ്രായപ്പെടുന്നതു പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ  'വിവാദ' പ്രസ്താവനകളിറക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ പിതാവ് പ്രയോഗിച്ച  അടവുകളുടെ മെയ്്വഴക്കമാണ് മകന്‍ പരിശീലിക്കുന്നത് എന്ന് പറയേണ്ടി വരും.  കോണ്‍ഗ്രസ്സിന്റെ ഐ.ടി സെല്ലില്‍ ഉറങ്ങിപ്പോയേക്കാവുന്ന മകനെ തന്റെ സമ്പൂര്‍ണ രാഷ്ട്രീയ വിരമിക്കലിനു മുമ്പ് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ചുവടുകളായാണ് ഇപ്പോഴത്തെ നീക്കത്തെ ചിലർ കാണുന്നത്. ഡിജിറ്റൽ സെൽ എന്ന സെൻസേഷണൽ വകുപ്പിന്റെ നേതൃത്വമേറ്റെടുത്ത് നാല് വർഷത്തെ 'വിദഗ്്ധ' രാഷ്ട്രീയ പരിശീലനം നടത്തി 'സുരക്ഷിത' ഇടം തേടി പോകാനുള്ള ഒരുക്കത്തിലാണ് അനിൽ എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശരീരഭാഷ  വിളിച്ചുപറയുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി