Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

പാഠങ്ങളോടുള്ള സമീപനം

കെ. ഇൽയാസ് മൗലവി

പാഠങ്ങളെ (Texts) ആണ് നസ്സ്വ്് /നുസ്വൂസ്വ് എന്നു പറയുന്നത്. ഖുർആനിക സൂക്തങ്ങളും ഹദീസുകളുമാണ് നസ്സ്വുകൊണ്ട് ഉദ്ദേശ്യം. ഇവ രണ്ടു വിധമുണ്ട്: ഫുഖഹാക്കൾ സാങ്കേതികമായി അവയെ ‘ഖത്വ്ഇയ്യുദ്ദലാല’ (قَطْعِيُّ الدَّلَالَةِ) എന്നും ‘ളന്നിയ്യുദ്ദലാല’ (ظَنِّيُّ الدَّلَالَةِ) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

എന്താണ് ഖത്വ്ഇയ്യുദ്ദലാല?
ഒരു പദത്തിന് ഒരേയൊരർഥമല്ലാതെ മറ്റൊന്നിനും സാധ്യതയില്ലാത്തവ.  അതാണ് ഖത്വ്ഇയ്യുദ്ദലാല. ആശയക്കുഴപ്പമോ അവ്യക്തതകളോ സംശയങ്ങളോ ഇല്ലാത്ത വിധം ഖണ്ഡിതവും ഒന്നിലധികം അർഥങ്ങൾക്ക് പഴുതില്ലാത്തതുമാണ് (ഖുർആൻ/സുന്നത്ത് പദങ്ങൾക്കും വാചകങ്ങൾക്കും) ഖത്വ്ഇയ്യായ നസ്സ്വുകൾ. ഈ ഖുർആനിക സൂക്തം ഉദാഹരണം: “പരേതന് മക്കളുണ്ടെങ്കിൽ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക’’ (അന്നിസാഅ് 11). ഇവിടെ 1/6 (السُّدُسُ) എന്നതിന്റെ അർഥം ഏവർക്കും വ്യക്തമാണ്. ആറിലൊന്നിന് മറ്റൊരു വ്യാഖ്യാനവും സാധ്യമല്ല. അതു പോലെ, ‘വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക’ (അന്നൂർ 2) എന്ന ഖുർആനിക സൂക്തം. ഈ ആയത്തിൽ നൂറടി എന്നത് 99-ഉം അല്ല 101-ഉം അല്ല. ആ എണ്ണം കൃത്യമാണ്. ഇങ്ങനെയുള്ളവ ഖുർആനിലും സുന്നത്തിലും വളരെ കുറച്ചേ ഉള്ളൂ എന്നതാണ് യാഥാർഥ്യം.
ഇത്തരം നസ്സ്വുകൾ വ്യാഖ്യാനിക്കാനോ പരിഷ്കരിക്കാനോ യാതൊരു പഴുതും ഇല്ല. കാരണം, അവയുടെ യുക്തി കണ്ടെത്തുക മനുഷ്യ ബുദ്ധിക്കതീതമാണ്. എന്തുകൊണ്ടാണ് അല്ലാഹു ഈ എണ്ണം തന്നെ പറഞ്ഞത് എന്നത് ചിന്തിച്ചു കണ്ടെത്തുക സാധ്യമല്ല. ഇവയെ വ്യാഖ്യാനിക്കുക / പരിഷ്കരിക്കുക എന്നു പറഞ്ഞാൽ അല്ലാഹുവിനെക്കാൾ അറിവാളനാവലാണ്. അല്ലാഹുവിന്റെ വചനങ്ങൾ കാലഹരണപ്പെട്ടു എന്നു പറയുന്നതിനു തുല്യമാണത്. മാത്രമല്ല, അവ അതവതരിച്ച കാലത്തേക്കു മാത്രമുള്ളതാണ്, ഇക്കാലത്ത് അവ പ്രസക്തമോ അനുയോജ്യമോ അല്ല എന്ന് ഒരു മുസ്്ലിം വിശ്വസിച്ചാൽ ഇസ്്ലാമിൽ നിന്ന് പുറത്തുപോകുന്നതിന് തുല്യമാണത്.

എന്താണ് ളന്നിയ്യുദ്ദലാല?
അതുകൊണ്ടുദ്ദേശ്യം വ്യാഖ്യാന പഴുതുള്ളത്, ഒന്നിലധികം ആശയം ഉൾക്കൊള്ളുന്നത്, പല വ്യാഖ്യാനങ്ങൾക്കും സാധ്യതയുള്ളത് എന്നൊക്കെയാണ്. അഥവാ, ഉദ്ദേശ്യം ഇന്നതാണ് എന്ന് ഖണ്ഡിതമായി പറയാൻ സാധിക്കാത്തത്. ഉദാഹരണം ഈ ഖുർആനിക വാക്യം: അല്ലാഹു പറഞ്ഞു: “കളവ് നടത്തിയവന്റെയും നടത്തിയവളുടെയും കൈകൾ മുറിക്കുക’’ (അൽമാഇദ 38). ഇവിടെ കൈ  (الْيَدُ) എന്നതിന്റെ താൽപര്യം എന്താണ്? ആയത്തിൽ എവിടെ മുറിക്കണം എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. അതിനാൽ തന്നെ മുൻകൈയാകാം, മുട്ടുവരെയുള്ളതാകാം, അതുമല്ലെങ്കിൽ  കക്ഷം വരെയാകാം. എല്ലാറ്റിനും കൈ എന്ന് പറയും. ഇവിടെ ഏതാണ് ഉദ്ദേശ്യം എന്ന് നിർണയിക്കാൻ വേറെ വിശദീകരണം കൂടിയേ തീരൂ. അത് സുന്നത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യ പദാർഥങ്ങൾ വിശദീകരിക്കവെ അല്ലാഹു പറഞ്ഞു: “ശവം, രക്തം, പന്നിയിറച്ചി.... നിങ്ങൾക്ക് നാം നിഷിദ്ധമാക്കിയിരിക്കുന്നു.” ഇവിടെ ശവം (മൈത്തത്ത്) എന്നതുകൊണ്ട്‌ എല്ലാ ശവങ്ങളും ഉദ്ദേശ്യമാകാം, അതാണ് അടിസ്ഥാന വിധിയും. സാമാന്യ പ്രയോഗങ്ങളെ പരിമിതപ്പെടുത്തുന്ന മറ്റു തെളിവുകളൊാന്നും വരാത്തിടത്തോളം അതിനെ സാമാന്യ അർഥത്തിൽ തന്നെ എടുക്കുക എന്നതാണ് നിയമം. എന്നാൽ, ഇവിടെ ഈ പൊതു നിയമത്തിന് അപവാദങ്ങൾ സ്ഥിരപ്പെട്ടിരിക്കുന്നു. അതിനാൽ എല്ലാ ശവങ്ങളും ഉദ്ദേശ്യമല്ല, മത്സ്യവും വെട്ടുകിളിയും പോലെ ചിലത് ആ പൊതു നിയമത്തിൽനിന്ന് ഒഴിവാണ്.
വിധികൾ നിർധാരണവുമായി ബന്ധപ്പെട്ട് പരിശോധിച്ചാൽ ഖുർആൻ ആയത്തുകളിൽ സിംഹഭാഗവും ഈ തരത്തിലുള്ളതാണെന്നു കാണാൻ കഴിയും. ഇവയെപ്പറ്റി ളന്നിയ്യ് (ظَنِّيّ ) എന്നു പറയുന്നത് ആയത്തിന്റെ ആശയത്തിലും പദത്തിന്റെ അർഥത്തിലും വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാധ്യതയും സാധുതയും ഉള്ളതിനാലാണ്. വിധികളുടെ കാര്യത്തിൽ ഖുർആൻ ആയത്തുകളിൽ മിക്കതും ഈ ഗണത്തിൽ പെട്ടവയാണ്. തന്റെ ആയത്തുകളെക്കുറിച്ച് പഠിക്കാനും, അതിന്റെ സാരാംശങ്ങളെ സംബന്ധിച്ചും പൊരുളിനെ സംബന്ധിച്ചും ചിന്തിക്കാനും കാലദേശ വ്യത്യാസമനുസരിച്ച് അതിന്റെ പ്രയോഗവൽക്കരണം സാധ്യമാകാനും വേണ്ടിയാണ് അല്ലാഹു അവയെ വ്യാഖ്യാന സാധ്യതയുള്ള ഘടനയിൽ ആക്കിയത്.  ആശയം സ്പഷ്ടവും ഖണ്ഡിതവുമായ രൂപത്തിലായിരുന്നുവെങ്കിൽ അതൊന്നും സാധ്യമാകില്ലായിരുന്നു. കർമശാസ്ത്ര മദ്ഹബുകൾക്കിടയിൽ കാണപ്പെടുന്ന മിക്ക അഭിപ്രായ വ്യത്യാസങ്ങളുടെയും ഒരു കാരണം ഇത്തരം നസ്സ്വുകൾ വ്യാഖ്യാനിക്കുന്നേടത്തുണ്ടായ വീക്ഷണ വൈജാത്യങ്ങളാണെന്ന് കാണാം.
റാശിദുൽ ഗന്നൂശി 'ഇസ്്ലാമിക രാഷ്ട്രത്തിലെ പൗരസ്വാതന്ത്ര്യം' എന്ന തന്റെ  പുസ്തകത്തിൽ എഴുതുന്നു: “ഇസ്്ലാമിലെ നസ്സ്വ്് എന്നു പറഞ്ഞാൽ ഖുർആനിലും സുന്നത്തിലും ഉള്ളടങ്ങിയ ദൈവിക നിയമ വ്യവസ്ഥയാണ്. അതിന്റെ മീതെ മറ്റൊരു നിയമ വ്യവസ്ഥയില്ല, അധികാര ഘടനയുമില്ല. ഇസ്്ലാമിക സമൂഹം സ്ഥാപിതമായിരിക്കുന്നത് അതിന്മേലാണ്. സമാജത്തിന്റെയും രാഷ്ട്രത്തിന്റെയും നാഗരികതയുടെയുമൊക്കെ അടിത്തറയാണത്. ഇസ്്ലാമിക ഭരണക്രമത്തിന്റെ തത്ത്വശാസ്ത്രവും മൂല്യവ്യവസ്ഥയും ഭരണവ്യവസ്ഥയും ലക്ഷ്യങ്ങളുമൊക്കെ രൂപപ്പെടുന്ന സ്രോതസ്സും മറ്റൊന്നല്ല. അല്ലാഹുവാണ് പരമാധികാരി. അവനല്ലാത്തതെല്ലാം ഭരിക്കപ്പെടേണ്ടതും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. ഈ നസ്സ്വിനെയാണ് ശരീഅത്തിന്റെ മാറാത്ത അടിസ്ഥാനം എന്നു പറയുന്നത്. കാലാകാലങ്ങളിലുണ്ടാകുന്ന പണ്ഡിതന്മാരുടെ ഗവേഷണങ്ങളും കണ്ടെത്തലുകളും (ഇജ്തിഹാദും ഫിഖ്ഹും) നസ്സ്വിന്റെ ഭാഗമല്ല.
അപ്പോൾ ദൈവത്താൽ നൽകപ്പെടുന്ന നസ്സ്വ്്/പ്രമാണം ആണ് ഇസ്്ലാമിക സമൂഹ രൂപവത്കരണത്തിന്റെ യഥാർഥ അടിസ്ഥാനം. നസ്സ്വ്  ഇല്ലാതെ ഈ സമൂഹത്തിന് നിലനിൽപില്ല എന്നും പറയാം. ആ സമൂഹത്തിന് നിയമാനുസൃതത്വം നൽകുന്നതും നസ്സ്വ്് തന്നെയായിരിക്കും. പിൽക്കാലത്ത് ഇസ്്ലാമിക സമൂഹങ്ങളിൽ ഒട്ടേറെ ഭിന്നതകളും പിളർപ്പുകളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരിക്കലും നസ്സ്വിനെ മറികടക്കുന്ന നിലയിലേക്ക് വഷളായിരുന്നില്ല. ആ പരിധി കടന്നുപോയിരുന്നെങ്കിൽ ഈ സമൂഹം നശിക്കുമായിരുന്നു. നസ്സ്വ് വ്യക്തമായി പറയാത്ത വിഷയങ്ങളിൽ തുടക്കം മുതലേ സമൂഹത്തിൽ ഭിന്നത ഉടലെടുത്തുകൊണ്ടിരുന്നപ്പോഴും അതിന്റെ നിലനിൽപിന്റെ ആധാരമായി വർത്തിച്ചുകൊണ്ടിരുന്നതും അതേ നസ്സ്വു തന്നെയായിരുന്നു.
വഹ്‌യിൽ ഉള്ളടങ്ങിയ നിയമ നിർദേശങ്ങളാണ് മനുഷ്യൻ നിരുപാധികം അനുസരിക്കാൻ ബാധ്യസ്ഥനായിത്തീരുന്നത്. മറ്റുള്ളതൊക്കെയും അഭിപ്രായങ്ങളാണ്. ഇവ രണ്ടും വേർതിരിച്ചു മനസ്സിലാക്കിയേ മതിയാവൂ. നസ്സ്വ് സ്ഥിരപ്പെട്ടാൽ പിന്നെ ഇജ്തിഹാദ് (അന്വേഷണം) ഇല്ല എന്ന് പൂർവകാല പണ്ഡിതന്മാരൊക്കെ ഏകോപിച്ചു പറഞ്ഞിട്ടുള്ളതാണ്.
അധികാരമേൽക്കുമ്പോൾ ഇസ്്ലാമിലെ ഭരണാധികാരികൾ തങ്ങളുടെ ഭരണം നസ്സ്വിന് വിധേയമായിരിക്കുമെന്നും അതിൽനിന്ന് തങ്ങൾ പുറത്തുകടന്നാൽ ജനം തന്നെ തങ്ങളെ തിരുത്താൻ മുന്നിട്ടിറങ്ങണമെന്നും പറയുമായിരുന്നു.
ഓരോ മുസ്്ലിമിനും അറിയാമായിരുന്നു ദൈവേഛ ഉൾച്ചേർന്നുകിടക്കുന്നത് മനുഷ്യനിലല്ല, ഇസ്്ലാമിക ശരീഅത്തിലാണെന്ന്. അതിനോട് പൊരുത്തപ്പെടുന്നത് സത്യവും പൊരുത്തപ്പെടാത്തത് അസത്യവുമാണ്.'' l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി