ഒരു വിയോജനക്കുറിപ്പ്
പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. പല വിഷയങ്ങളിലും റഫറൻസിന് ഉപയോഗിക്കാവുന്ന തരത്തിൽ നല്ല ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണം. എന്നാൽ പ്രബോധനം ഫെബ്രുവരി മൂന്നിന്റെ ലക്കത്തിലെ പി.കെ ജമാലിന്റെ ‘പ്രീണനത്തിന്റെ രാഷ്ട്രീയവും വിശുദ്ധ ഖുർആന്റെ പാഠങ്ങളും’ എന്ന ലേഖനത്തിൽ അനവസരത്തിലുള്ള ചില പരാമർശങ്ങൾ ഉണ്ടായി എന്ന് പറയാതെ വയ്യ. ‘മുൻപ് പാതിരാ പ്രസംഗ സദസ്സുകളിൽ വരുന്ന ഏതാനും സ്ത്രീ-പുരുഷന്മാർ മാത്രമായിരുന്നു പണ്ഡിത വേഷ ധാരികളിൽ നിന്നുള്ള ജൽപനങ്ങൾ കേട്ടിരുന്നത്’ എന്ന പരാമർശം ഈ ലേഖനത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതായിപ്പോയി.
ലേഖകൻ പരാമർശിക്കുന്ന ‘പാതിരാ പ്രസംഗങ്ങൾ’ ഒരു കാലത്ത് ഇസ്്ലാമിക സാമൂഹിക ഘടനാ മാറ്റത്തിന് വഴിവെച്ച ഒരു വലിയ മാർഗമായിരുന്നു. ഗൾഫിന്റെ പണക്കൊഴുപ്പും സ്വാധീനവുമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഒരു തലമുറ അത്തരം പാതിരാ സദസ്സുകളിൽനിന്ന് ഇസ്്ലാമിന്റെ ബാലപാഠങ്ങൾ പഠിച്ചിരുന്നു. അതുവഴി സ്വരൂപിച്ച നാണയത്തുട്ടുകൾ കൊണ്ടാണ് ഇവിടത്തെ ഭൂരിഭാഗം മത സ്ഥാപനങ്ങൾ കെട്ടിപ്പടുത്തതും പരിപാലിച്ചതും.
ഇത് പൂർവിക ചരിത്രം പരതിയാൽ ലേഖകന് ലഭിക്കാവുന്നതേയുള്ളൂ. ലേഖകൻ പറയുന്നതുപോലെ വ്യാജ കറാമത്തുകളും ശിർക്കുകളും പഠിപ്പിക്കുന്ന വേദികൾ ആയിരുന്നില്ല ഇത്തരം പാതിരാ സദസ്സുകൾ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കുന്നതിന് ഈ താളുകൾ ഉപയോഗപ്പെടുത്തിയത് ശരിയായില്ല.
അഭിമുഖം പ്രത്യാശ നൽകുന്നത്
പ്രബോധനം 3287, 3288 ലക്കങ്ങ ളിലായി ഡോ. അലി മുഹ്്യിദ്ദീൻ അൽ ഖറദാഗിയുമായി സദ്റുദ്ദീൻ വാഴക്കാട് നടത്തിയ അഭിമുഖം പല തവണ വായിക്കാൻ തോ ന്നി. ലോക മുസ്്ലിംകൾക്ക്, വിശേഷിച്ചും ഇന്ത്യൻ മുസ്്ലിം കൾക്ക് നിരാശ മാത്രം നൽ കുന്ന ഇക്കാലഘട്ടത്തിൽ ഒട്ടേറെ ആശ്വാസം നൽകുന്ന വാക്കുകളാണ് ഡോ. ഖറദാഗി പങ്കുവെച്ചത്. ഡോ. യൂസുഫുൽ ഖറദാവിയുടെ വിയോഗത്തിനു ശേഷം അദ്ദേഹം നിർവഹിച്ചിരുന്ന മഹത് ദൗത്യം ഏറ്റെടുത്ത ഡോ. ഖറദാഗി നയിക്കുന്ന പണ്ഡിത സമിതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ഇസ്്ലാമിക പ്രസ്ഥാനത്തിനും പ്രവർത്തകർക്കും വലിയ പ്രതീക്ഷ നൽകുന്നു. ‘നീ ദുഃഖിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്ന ഖുർആനിക വചനങ്ങളാണ് ഓർമവരുന്നത്. എല്ലാ വാതിലുകളും അടഞ്ഞാലും കാരുണ്യവാരിധിയായ നാഥന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കും, തീർച്ച. ഒരു നൂറ്റാണ്ടു മുമ്പ് ഒരു പള്ളി പോലും ഇല്ലാതിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് പള്ളികളുടെയും ഇസ്്ലാമിക സ്ഥാപനങ്ങളുടെയും സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ്. ഇസ്‌ലാമിനെതിരെ ഉയർന്നുവരുന്ന എതിർപ്പുകൾ ഇസ്്ലാമിക സമൂഹത്തിന്റെ ശക്തിയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന ഖറദാഗിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ വലിയ പ്രതീക്ഷ നൽകുന്നത് തന്നെയാണ്. ‘‘ഇസ്‌ലാം വിജയിക്കുക തന്നെ ചെയ്യും, സത്യം പുലർന്നു. അസത്യം തകർന്നു . അസത്യം തകരാനുള്ളതാണ് ’’ എന്ന ഖുർആൻ വചനം മുസ്്ലിം സമൂഹത്തെ മുന്നോട്ട് നയിക്കും. അഭിമുഖത്തിന്റെ അവസാനത്തിൽ ഡോ. ഖറദാഗി മുസ്്ലിം ഉമ്മത്തിന്റെ ഐക്യത്തെ കുറിച്ചും പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഊന്നിപ്പറയുന്നുണ്ട്. അഭിമുഖം പ്രസിദ്ധീകരിച്ച പ്രബോധനത്തിനും ലേഖകനും അഭിനന്ദനങ്ങൾ.
യു. മുഹമ്മദ് അലി, വളാഞ്ചേരി 9846693573
മർമത്തിൽ തൊട്ട പോലീസ് റിപ്പോർട്ട്
രാജ്യത്ത് തീവ്രവാദം വളർത്തുന്നതിൽ ഹിന്ദുത്വ സംഘടനകളുടെ വലിയ പങ്ക് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ദൽഹി യോഗത്തിൽ ഡി.ഐ.ജിമാരും ഐ.ജിമാരും പുറത്തു വിട്ട റിപ്പോർട്ട്.
രാജ്യത്ത് തീവ്രവാദം വളർത്തുന്നതിൽ മുസ്്‌ലിം സംഘടനകളുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് പരാമർശിക്കുന്നുണ്ടെങ്കിലും ഹിന്ദു സംഘടനകള്‍ക്കുള്ള പങ്കിനാണ് റിപ്പോർട്ട് ഊന്നൽ കൊടുത്തിരിക്കുന്നത്. വി.എച്ച്.പി, ബജ്‌റംഗ് ദൾ തുടങ്ങിയവ തീവ്രവാദ സംഘടനകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബാബരി മസ്ജിദ് ധ്വംസനം, ഹിന്ദു ദേശീയതയുടെ വളർച്ച, ഗോ മാംസത്തിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ, ഘർ വാപസി തുടങ്ങിയവ യുവാക്കളിൽ തീവ്രവാദ സ്വഭാവ രൂപവത്കരണത്തിൽ പങ്ക് വഹിച്ചെന്ന് റിപ്പോർട്ട് അടിവരയിടുന്നു. നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശങ്ങൾ പോലുള്ള മതവികാരം വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ സ്ഥിരമായി നടക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
തീവ്രവാദത്തെ നേരിടാൻ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്നും മതേതരവും ദേശ സ്‌നേഹികളും മിടുക്കന്മാരുമായ മുസ്്‌ലിം ചെറുപ്പക്കാരെ ഉപയോഗിച്ച് സമുദായവുമായി ഇടപഴകണമെന്നും, വിദ്യാഭ്യാസ മേഖലയിലും ജോലിയിലും സംവരണം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.ഐ.ജി, ഐ.ജിമാരുടെ വസ്തുനിഷ്ഠവും ചിന്തനീയവുമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഗൗരവാവഹമായ ശിപാർശകളും വിലയിരുത്തലുകളും, അവയുടെ അന്തസ്സത്ത ഉൾക്കൊണ്ട് സത്വര നടപടികൾ സ്വീകരിക്കാൻ അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ വംശഹത്യാ പ്രക്രിയയുമായി മുന്നോട്ട് നീങ്ങുന്ന സർക്കാർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെ.
റഹ്്മാൻ മധുരക്കുഴി
കൃത്യമായ
ദൗത്യനിർവഹണം
'പ്രീണനങ്ങളുടെ രാഷ്ട്രീയവും വിശുദ്ധ ഖുർആന്റെ പാഠങ്ങളും' എന്ന വിഷയത്തിൽ, ഖുർആനിന്റെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടു ലക്കങ്ങളിലായി പി.കെ ജമാൽ എഴുതിയ ലേഖനം, കൊട്ടാരം പണ്ഡിതരുടെയും അവരുടെ വാക്കുകൾ അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന അനുയായി വൃന്ദങ്ങളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്.
ഈയിടെ ഉത്തരേന്ത്യയിൽ ഒട്ടു മിക്ക മുസ്്ലിം സംഘടനാ അംഗങ്ങളും ആർ.എസ്.എസ്സും തമ്മിൽ പത്ര മാധ്യമങ്ങളും മീഡിയയും അറിഞ്ഞുകൊണ്ടു നടന്ന ചർച്ചയെ പോലും 'രഹസ്യ ചർച്ച'യാക്കി പ്രൊപഗണ്ട നടത്തിയതും ഇതേ 'കൊട്ടാരം പണ്ഡിതർ' ആണെന്നുള്ളതും ആകസ്മികമല്ല. സമുദായത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം കപട വേഷധാരികളെ സമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കൽ യഥാർഥ സത്യവിശ്വാസിയുടെ ബാധ്യതയായി വേണം കരുതാൻ. പി.കെ ജമാലിന്റെ ലേഖനം വളരെ കൃത്യമായി അതു നിർവഹിച്ചിരിക്കുന്നു.
അബൂ സുഹൈൽ കുറ്റ്യാടി
Comments