Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

ഭൂകമ്പങ്ങളുടെ രാഷ്ട്രീയം

എഡിറ്റർ

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലും ഉണ്ടായിരിക്കുന്നത്. തുർക്കിയയിലെ പത്ത് പ്രവിശ്യകളെയെങ്കിലും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇതെഴുതുമ്പോൾ മരണ സംഖ്യ പതിനൊന്നായിരം കവിഞ്ഞിട്ടുണ്ട്. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനങ്ങളും ഏറെ ദുഷ്കരമായി. തുർക്കിയ സ്ഥിതി ചെയ്യുന്ന അനറ്റോളിയൻ മേഖല ഭൂകമ്പ സാധ്യത വളരെക്കൂടുതലുള്ള പ്രദേശമാണ്. മുമ്പ് നിരവധി ഭൂകമ്പങ്ങൾക്ക് മേഖല സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. മുപ്പത് കൊല്ലം കൂടുമ്പോൾ ഒരു ഭൂകമ്പം എന്നതാണത്രെ കണക്ക്. 1999-ൽ ഉണ്ടായ അതിശക്തമായ മർമറ/ ഇസ്്മീത്ത് / ഗോൽജുക് ഭൂകമ്പം തുർക്കിയയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതാൻ കാരണമാവുകയുണ്ടായി. അന്ന് റിക്ടർ സ്കെയ്ലിൽ 7.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. മരണപ്പെട്ടത് പതിനേഴായിരം പേർ. 23,000 പേർക്ക് പരിക്കേറ്റു. മൂന്ന് ലക്ഷത്തോളം വീടുകൾ തകർന്നു; അര ലക്ഷത്തോളം തൊഴിൽ സ്ഥാപനങ്ങളും. പതിനാറ് ദശലക്ഷം പേർ 1999-ലെ ഭൂകമ്പ കെടുതികൾക്കിരയായിയെന്ന് പിന്നീട് റിപ്പോർട്ട് വന്നു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിൽ ഭരണകൂടം അമ്പേ പരാജയപ്പെട്ടു. ദുരന്ത ബാധിത പ്രദേശങ്ങളിൽ എത്തിപ്പെടാൻ തന്നെ ദിവസങ്ങളെടുത്തു. ഇതിനെതിരെ ഉയർന്ന വ്യാപകമായ ജനരോഷമാണ്, തുർക്കിയ രാഷ്ട്രീയത്തിൽ 2001-ൽ മാത്രം ജൻമം കൊണ്ട റജബ് ത്വയ്യിബ് ഉർദുഗാന്റെ അക് പാർട്ടിയെ അടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചത് എന്ന നിരീക്ഷണമുണ്ട്. ഇപ്പോൾ തുർക്കിയ പ്രസിഡന്റായ  ഉർദുഗാൻ അതേ പരീക്ഷണ ഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും ഉർദുഗാൻ ഗവൺമെന്റ് പരാജയപ്പെട്ടാൽ  മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കാൻ മറ്റൊന്നും വേണ്ട. സിറിയൻ അഭയാർഥി പ്രശ്നം, കറൻസിയായ  ലീറയുടെ മൂല്യത്തകർച്ച എന്നിവയോടൊപ്പം പ്രതിപക്ഷം അതൊരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കൊണ്ടു വരാതിരിക്കില്ല. പക്ഷേ, പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്ന തരത്തിൽ വളരെ ചടുലമായി ഗവൺമെന്റ് മെഷിനറിയെ ചലിപ്പിക്കാനും രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താനും ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
വടക്കൻ സിറിയയിലും ഭൂകമ്പം സൃഷ്ടിച്ചിരിക്കുന്നത് സങ്കീർണമായ രാഷ്ട്രീയ പ്രതിസന്ധികളാണ്. തുർക്കിയ അതിന്റെ ദേശസുരക്ഷയുടെ ഭാഗമായി കൈവശം വെക്കുന്നതോ സിറിയൻ പ്രതിപക്ഷ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ളതോ ആയ സിറിയൻ പ്രദേശങ്ങളാണ് കാര്യമായും ഭൂകമ്പത്തിനിരയായത്. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സിറിയൻ ഏകാധിപതി ബശ്ശാറുൽ അസദിന്റെ സേനക്ക് പ്രവേശനമനുവദിച്ചാൽ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് തുർക്കിയക്കും സിറിയൻ പ്രതിപക്ഷത്തിനും നല്ല ബോധമുണ്ട്. സിറിയൻ സൈന്യത്തെ അടുപ്പിക്കാതെ തന്നെ അവർക്ക് രക്ഷാപ്രവർത്തനം സാധ്യമാവട്ടെ എന്ന് പ്രാർഥിക്കാം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി