ദൈവം ഏകനാണ്
സർവ ചരാചരങ്ങളെയും സൃഷ്ടിച്ച ശക്തിയാണ് ദൈവമെന്നതിനാൽ ആ ശക്തി ഏകനാവുക എന്നതും സ്വാഭാവികമാണ്. കാരണം, കാര്യങ്ങള്‍ വ്യവസ്ഥാപിതമായി നടക്കണമെങ്കില്‍ ഏതൊരു സംവിധാനത്തിനും ഏക നേതൃത്വം അനിവാര്യമാണ്. കുടുംബത്തിന് 'ഒരു നാഥന്‍', സ്ഥാപനത്തിന് 'ഒരു മാനേജര്‍', പാര്‍ട്ടിക്ക് 'ഒരു പ്രസിഡന്റ് ', രാജ്യത്തിന് 'ഒരു പ്രധാനമന്ത്രി' എന്നതൊക്കെ അനിവാര്യതയാണ്. എങ്കിൽ ലോകത്തിന് 'ഒരു രക്ഷിതാവ് 'എന്നതും ഒരനിവാര്യതയാണ്. ഇത് മനുഷ്യന്റെ ബുദ്ധിയുടെ വിധിയാണ്.
വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിയൊന്നാം അധ്യായത്തിലെ ഇരുപത്തിരണ്ടാം വാക്യത്തില്‍ ഈ വസ്തുത ബോധ്യപ്പെടുത്താന്‍ പറഞ്ഞ ഉദാഹരണം ഒരുപാട് ചിന്താർഹമാണ്: ''ആകാശഭൂമികളില്‍ സ്രഷ്ടാവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് ദൈവം. സിംഹാസനത്തിന് അധിപനാണവന്‍.''
അപ്പോൾ പിന്നെ മത സമുദായങ്ങൾ പറയുന്ന ദൈവങ്ങളോ? അവ മനുഷ്യന്റെ സൃഷ്ടികളാണ്. അത് എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു പ്രകൃതിദുരന്തത്തെ നിരീക്ഷിച്ചാൽ മതി. കാരണം, ഒരു സുനാമിയോ ഭൂകമ്പമോ മറ്റേതെങ്കിലും പ്രകൃതിദുരന്തമോ ഉണ്ടായാൽ അതെങ്ങനെ, മനുഷ്യനെയടക്കം മറ്റു ചരാചരങ്ങളെ നശിപ്പിക്കുന്നുവോ അതുപോലെ 'ദൈവങ്ങളെ'യും നശിപ്പിക്കുന്നു. പുരാവസ്തു ഗവേഷകർ നശിച്ചുപോയ ജനസമൂഹങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് അവരുടെ 'ദൈവാവശിഷ്ടങ്ങളും' കണ്ടെടുക്കാറുണ്ട്. അതിനർഥം, അവയെ സൃഷ്ടിച്ചത് ആ ജനതയാണ്. ആ ജനത നശിച്ചപ്പോൾ ദൈവങ്ങളും നശിച്ചു!
മനുഷ്യനെ സൃഷ്ടിച്ച യഥാർഥ ദൈവവും മനുഷ്യൻ സൃഷ്ടിച്ച ദൈവ സങ്കൽപങ്ങളുമുണ്ട് എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കിത്തരുന്നത്. മനുഷ്യനെയടക്കം സകല ചരാചരങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവത്തിന് നാശമില്ല; മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങൾക്ക് പക്ഷേ, നാശമുണ്ട്. മാത്രമല്ല, സ്രഷ്ടാവായ ദൈവത്തിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. എന്നാൽ, എല്ലാ സൃഷ്ടികൾക്കും സ്രഷ്ടാവിനെ ആശ്രയിക്കണം. വിശുദ്ധ ഖുർആൻ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ രണ്ടാം വാക്യത്തിൽ ഇപ്രകാരം കാണാം: "ദൈവം ആരെയും ആശ്രയിക്കാത്തവനാണ്; ഏവരാലും ആശ്രയിക്കപ്പെടുന്നവനും."
മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങൾക്ക് ആരാധകരും വരുമാനവുമില്ലെങ്കിൽ നിലനിൽപില്ല. എന്നാൽ, മനുഷ്യനെ സൃഷ്ടിച്ച യഥാർഥ ദൈവത്തിന് ആരുടെയും സഹായം ആവശ്യമില്ല. കാരണം, സ്രഷ്ടാവായ ദൈവം സർവ ശക്തനും പരമാധികാരിയുമാണ്. 'പരമാധികാരി' എന്ന് പറഞ്ഞാൽ തന്നെ അതിനർഥം ഏകൻ എന്നു കൂടിയാണ്. എന്തുകൊണ്ടെന്നാൽ, അതേ പരമാധികാരമുള്ള മറ്റൊന്നുണ്ടായാൽ പിന്നെ പരമാധികാരിയാവുകയില്ല. പരമാധികാരിയല്ലാത്തത് ദൈവമാവുകയുമില്ല. ഖുർആൻ ഇരുപത്തിയഞ്ചാം അധ്യായം രണ്ട്, മൂന്ന് വാക്യങ്ങളിൽ പറയുന്നു:
"സകല വസ്തുക്കളെയും അവൻ സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങൾ അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവ തന്നെ സൃഷ്ടിക്കപ്പെടുന്നവയുമാണ്. തങ്ങൾക്കു തന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നിനും കഴിവില്ല." സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും പുനരുജ്ജീവിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ശക്തിയാണ് ദൈവം എന്ന് ചുരുക്കം.
സൃഷ്ടി -സ്ഥിതി -സംഹാരത്തിെന്റ ഉടമസ്ഥനായ യഥാർഥ ദൈവത്തിന് അറബി ഭാഷയിൽ 'അല്ലാഹു' എന്നു പറയുന്നു. യഥാർഥ ദൈവം എന്നർഥം വരുന്ന 'അൽ- ഇലാഹ് ' എന്നതിൽ നിന്നാണ് അല്ലാഹു എന്ന നാമം വന്നത്. അതിന് സമാനമായ ഇംഗ്ലീഷ് പദം The GOD എന്നാണ്. GOD എന്ന പദത്തിലെ മൂന്ന് അക്ഷരങ്ങളും യഥാക്രമം സൃഷ്ടി -സ്ഥിതി -സംഹാരത്തെ (Generator- Organiser - Destroyer) യാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പറയപ്പെടാറുണ്ട്.
ചുരുക്കത്തിൽ,സൃഷ്ടി -സ്ഥിതി - സംഹാരത്തിന്റെ ഉടമസ്ഥനായ ശക്തിയേതോ അതാണ് യഥാർഥ ദൈവം. മറ്റുള്ളതെല്ലാം സൃഷ്ടികൾ മാത്രമാണ്; ദൈവങ്ങളല്ല.
ഇമാം റാസി തന്റെ തഫ്സീറുൽ കബീറിൽ ജഅ്ഫർ സാദിഖ് എന്ന പണ്ഡിതനും ഒരു യുക്തിവാദിയും തമ്മിൽ നടന്ന സംഭാഷണം ഉദ്ധരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: ജഅ്ഫർ സാദിഖ്: "താങ്കൾ എപ്പോഴെങ്കിലും കടലിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?"
യുക്തിവാദി :"ഓ, പലവട്ടം."
"കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും ഭീകരതയും എപ്പോഴെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?"
"ഉണ്ട്... ഒരിക്കൽ ഭയങ്കരമായൊരു കൊടുങ്കാറ്റുണ്ടായി. തിരമാലകൾ ആഞ്ഞടിച്ചു. കപ്പൽ തകർന്നു. കപ്പിത്താനും ജോലിക്കാരുമെല്ലാം കടലിൽ മുങ്ങി മരിച്ചു. കപ്പലിന്റെ വലിയൊരു പലകയിൽ പിടി കിട്ടിയതുകൊണ്ട് എനിക്ക് മുങ്ങിപ്പോകാതെ കിടക്കാൻ സാധിച്ചു. പിന്നീട് തിരമാലകൾ എന്നെയും ആ പലകയെയും എങ്ങോട്ടോ കൊണ്ടുപോവുകയും ഒടുവിൽ ഒരു കരയിൽ അടുപ്പിക്കുകയും ചെയ്തു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു."
"ആദ്യം താങ്കളുടെ ആശ്രയം കപ്പിത്താനും കപ്പൽ ജോലിക്കാരുമായിരുന്നു. അവർ മുങ്ങി മരിച്ചപ്പോൾ പിന്നീട് വെറുമൊരു പലക മാത്രമായി. ആ പലക താങ്കളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഞാനൊന്നു ചോദിക്കട്ടെ സുഹൃത്തേ, ആ പലകയും താങ്കൾക്ക് കിട്ടിയില്ലായിരുന്നെങ്കിൽ, എന്നാൽ ഇനി നശിക്കട്ടെ എന്നു കരുതി വെറുതെ കിടക്കുകയാണോ, അല്ല രക്ഷപ്പെടണേ എന്ന് പ്രത്യാശിക്കുകയാണോ ചെയ്യുക?"
"രക്ഷപ്പെടണേ എന്ന് പ്രത്യാശിക്കും."
"ആരുടെ സഹായത്തിൻമേലാണ് താങ്കൾ പ്രത്യാശ പുലർത്തുക?''
യുക്തിവാദി നിശ്ശബ്ദനായി. അപ്പോൾ ജഅ്ഫർ സാദിഖ്: "ഈ സന്ദിഗ്ധ ഘട്ടത്തിൽ താങ്കൾ പ്രത്യാശ പുലർത്തുന്നത് താങ്കളുടെ സ്രഷ്ടാവിലായിരിക്കും. അവനാണ് മുങ്ങിച്ചാകാൻ വിടാതെ താങ്കളെ രക്ഷിച്ചതും." l
Comments