ഖുര്‍ആന്‍ പ്രബോധനം ചെയ്ത പ്രസ്ഥാനം
ഈസാ നബി(അ)ക്കു ശേഷം അന്ത്യപ്രവാചകന്‍ നിയുക്തനാകുന്നത് 'ഇഖ്‌റഅ്' (വായിക്കുക) എന്ന ദിവ്യബോധനത്തിലൂടെയാണ്. തുടര്‍ന്ന് ഖുര്‍ആനിന്റെ അടിത്തറയിലാണ് ഇസ്‌ലാമിന്റെ ആദര്‍ശസൗധം പടുത്തുയര്‍ത്തുന്നത്. പ്രായോഗിക ഇസ്‌ലാമിക സമൂഹവും വ്യക്തിയും സാക്ഷാത്കരിക്കപ്പെടുന്നതും ഖുര്‍ആനിലൂടെ തന്നെ. ഖുര്‍ആനില്‍നിന്ന് അന്യമായ ഇസ്‌ലാമിക പ്രബോധനമില്ല, നവോത്ഥാനവുമില്ല. ദീനിന്റെ പ്രബോധനമാകട്ടെ, പ്രയോഗമാകട്ടെ ഖുര്‍ആനിലധിഷ്ഠിതമല്ലെങ്കില്‍ അപൂര്‍ണവും വികലവുമായിരിക്കും. ചരിത്രത്തില്‍ ഇതിന് നിരവധി സാക്ഷ്യങ്ങളുണ്ട്.
നവോത്ഥാന പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഈ യാഥാര്‍ഥ്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചിരിക്കുന്നു. ഖുര്‍ആനില്‍നിന്ന് തുടങ്ങി ഖുര്‍ആനിലൂടെ സഞ്ചരിച്ചുകൊണ്ടേ ഇസ്‌ലാമിക നവോത്ഥാനം സാധ്യമാകൂ എന്നാണതിന്റെ കാഴ്ചപ്പാട്. ജമാഅത്തിന്റെ ലക്ഷ്യവാക്യമായ 'ഇഖാമത്തുദ്ദീന്‍' (ധര്‍മസംസ്ഥാപനം) ഖുര്‍ആനില്‍നിന്ന് സ്വീകരിച്ചിട്ടുള്ളതാണ് (42:13). 'നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകവര്യന്മാര്‍ക്കെല്ലാം നിയമിച്ചുകൊടുത്ത ദീന്‍ നിങ്ങള്‍ (മുസ്‌ലിംകള്‍)ക്കും നിയമിച്ചുതന്നിരിക്കുകയാണെന്നും നിങ്ങള്‍ ഭിന്നിക്കാതെ ആ ധര്‍മം സംസ്ഥാപിക്കണമെന്നുമാ'ണല്ലോ പ്രസ്തുത സൂക്തം ഉദ്‌ഘോഷിക്കുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന ആ ധര്‍മം സ്ഥാപിക്കുന്നതിന് ഖുര്‍ആന്‍ പഠനം അനുപേക്ഷണീയമാകുന്നു. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്റെ പഠനവും പ്രചാരണവും ജമാഅത്ത് അതിന്റെ മുഖ്യ ദൗത്യമായി ഏറ്റെടുത്തിട്ടുള്ളതാണ്. സമൂഹത്തെ മൊത്തത്തിലും സ്വന്തം പ്രവര്‍ത്തകരെ പ്രത്യേകിച്ചും ഖുര്‍ആനിലേക്കടുപ്പിക്കാന്‍ ജമാഅത്ത് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആനും സുന്നത്തും, പ്രവാചകനില്‍നിന്നും സ്വഹാബത്തില്‍നിന്നും നേരിട്ട് പഠിച്ചു പകര്‍ത്തുകയായിരുന്നു ആദ്യ നൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍. അതായിരുന്നു ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സുവര്‍ണദശ. കാലാന്തരത്തില്‍ സമൂഹം വികസിച്ചു. ജീവിത സാഹചര്യങ്ങള്‍ പരിവര്‍ത്തിതമായി. ആവശ്യങ്ങള്‍ വര്‍ധിച്ചു. പുതിയ പുതിയ നൈതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമായും ഇസ്‌ലാമിക ശരീഅത്തിലും മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോഴൊക്കെ ഖുര്‍ആനിലും സുന്നത്തിലും അവഗാഹമുള്ള ധിഷണാശാലികളായ പൂര്‍വസൂരികള്‍ ആ പ്രമാണങ്ങളെ ആധാരമാക്കി നടത്തിയ ഗവേഷണ- നിരീക്ഷണങ്ങളിലൂടെ ഇസ്‌ലാമിനെ കാലോചിതമായി വ്യാഖ്യാനിച്ചു വികസിപ്പിച്ചുകൊണ്ടിരുന്നു. പുതുചിന്തകളുടെയും കണ്ടെത്തലുകളുടെയും വെളിച്ചത്തില്‍ കര്‍മശാസ്ത്രത്തിന്റെ -ഫിഖ്ഹിന്റെ- കാലിക പ്രയോഗക്രമങ്ങള്‍ ക്രോഡീകൃതമായി. ഇസ്‌ലാമിക വിജ്ഞാനമണ്ഡലത്തിന് ലഭിച്ച മഹത്തായ സംഭാവനകളാണ് ആ ഗ്രന്ഥങ്ങള്‍. പ്രബോധനത്തെയും പ്രയോഗത്തെയും കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാംവണ്ണം രൂപപ്പെടുത്തുന്നതിനുള്ള മാതൃകയും മാര്‍ഗദീപവുമാണവ. പക്ഷേ, മുജ്തഹിദുകളായ മദ്ഹബീ പണ്ഡിതന്മാര്‍ എത്തിയിടത്തുനിന്ന് മുന്നോട്ടുപോകാന്‍ അവരുടെ പിന്‍ഗാമികള്‍ കൂട്ടാക്കിയില്ല. അവര്‍ ആചാര്യന്മാരുടെ അക്ഷരങ്ങള്‍ ഉരുക്കഴിക്കുന്നതില്‍ ചടഞ്ഞുകൂടി. അതിന് അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. ക്രമേണ മദ്ഹബുകള്‍ക്കതീതമായി ഖുര്‍ആനിലേക്കും സുന്നത്തിലേക്കും നോക്കുന്നത് ആശാസ്യമല്ലെന്ന് സിദ്ധാന്തിക്കാനും തുടങ്ങി. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കിയത്. ഇജ്തിഹാദ്-ദീനീവിഷയങ്ങളിലുള്ള ഗവേഷണം- വിലക്കപ്പെട്ടു. ദീനീവിജ്ഞാന മേഖല മുരടിച്ചു. പുതിയ ലോകങ്ങളില്‍നിന്നും കാലങ്ങളില്‍നിന്നും ഇസ്‌ലാമിക പ്രത്യയശാസ്ത്രം ബഹുദൂരം അകന്നുപോയി. മുസ്‌ലിം ഉമ്മത്തിന്റെ മൗലിക വിജ്ഞാന സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും അവഗണിക്കപ്പെട്ടു. ആ വിടവിലേക്ക് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുവന്നത് സ്വാഭാവികം. കാലക്രമത്തില്‍ മനുഷ്യനെ സമ്പൂര്‍ണമായി ഉള്‍ക്കാള്ളുന്ന സാര്‍വജനീനവും നിത്യനൂതനവും ദൈവപ്രോക്തവുമായ ജീവിതക്രമമാണ് ദീനുല്‍ ഇസ്‌ലാം എന്ന യാഥാര്‍ഥ്യമേ സാമാന്യജനങ്ങള്‍ക്ക് അന്യമായി. അവരുടെ ദീന്‍ ഏതാനും അനുഷ്ഠാനങ്ങളുടെയും പൂര്‍വികരായ പുണ്യാത്മാക്കളുമായി ബന്ധപ്പെട്ട അനാചാരങ്ങളുടെയും സമാഹാരമായിത്തീര്‍ന്നു.
ഇതിനിടയില്‍ ഇസ്‌ലാമിക ദര്‍ശനത്തെ യഥാവിധി ഉള്‍ക്കൊള്ളുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സംഘങ്ങളും പ്രസ്ഥാനങ്ങളും അങ്ങിങ്ങ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്തിന്റെ ദീനിയായ ദുരവസ്ഥക്ക് അറുതിവരുത്തി അവരുടെ യഥാര്‍ഥ നിലപാടിലേക്ക് പുനരാനയിക്കാന്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കഠിനാധ്വാനം ചെയ്തു. യഹൂദ-ക്രൈസ്തവ മതങ്ങളില്‍ സംഭവിച്ചതുപോലെ ദീനിന്റെ മൗലിക ദര്‍ശനങ്ങളും പ്രമാണങ്ങളും പൂര്‍ണമായി വിസ്മൃതമാവുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യാതെ സുരക്ഷിതമായി നിലനിന്നത് അവരുടെ മഹത്തായ പരിശ്രമഫലമാകുന്നു. എങ്കിലും ഉമ്മത്തിന്റെ പൊതുവായ അധോഗതി അഭംഗുരം തുടര്‍ന്നു.
മുസ്‌ലിം ഉമ്മത്തിന്റെ നവോത്ഥാനം തുടങ്ങേണ്ടത് അതിന്റെ ഗതകാല ഉത്ഥാനം തുടങ്ങിയത് എവിടെനിന്നാണോ അവിടെനിന്നാണ്; ഖുര്‍ആനില്‍നിന്ന്. ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രചാരണമാണ് ഇസ്‌ലാമിക പ്രബോധനം. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചും പഠിപ്പിച്ചുമാണ് പ്രവാചകന്‍ ജനങ്ങളെ ഉണര്‍ത്തിയതും സംസ്‌കരിച്ചതും. പ്രവാചകന്റെ പിന്‍ഗാമികളായ പ്രബോധകരും പിന്തുടരേണ്ടത് ആ രീതിതന്നെ. ആദര്‍ശപരമായ ബോധവത്കരണത്തിനും ജീവിത സംസ്‌കരണത്തിനും ഏറ്റവും വിശിഷ്ടമായ മാധ്യമം ഖുര്‍ആനാണ്.
ജമാഅത്തെ ഇസ്‌ലാമി നിലവില്‍വരുന്നതിനു മുമ്പുതന്നെ, മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി പരിഷ്‌കരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. അനിസ്‌ലാമിക ആശയങ്ങളെയും ആചാരങ്ങളെയും രൂക്ഷമായി ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രഭാഷണങ്ങളും ഖണ്ഡന ലേഖനങ്ങളും വാദപ്രതിവാദങ്ങളുമൊക്കെയായിരുന്നു അതിനവലംബിക്കപ്പെട്ട മാര്‍ഗങ്ങള്‍. ചിന്താശേഷിയും പുരോഗമനേഛയുമുള്ള കുറേയാളുകളെ അതുവഴി ബോധവത്കരിക്കാന്‍ കഴിഞ്ഞു. യാഥാസ്ഥിതിക പുരോഹിതരില്‍ വിശ്വാസമര്‍പ്പിച്ചുകഴിയുന്ന പാമരജനങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ ഈ മാര്‍ഗങ്ങള്‍ പര്യാപ്തമായിരുന്നില്ല. തങ്ങളാദരിക്കുന്ന ആചാരങ്ങള്‍ക്കും ആചാര്യന്മാര്‍ക്കുമെതിരെയുള്ള ആക്ഷേപശകാരങ്ങള്‍ പൊതുജനത്തെ പ്രകോപിതരാക്കുകയായിരുന്നു. പ്രതിലോമശക്തികളുമായി കൂടുതല്‍ അടുക്കാനും കരുത്തു പകരാനും അവര്‍ പ്രേരിതരാവുകയും ചെയ്തു. തര്‍ക്കവിതര്‍ക്കങ്ങളാല്‍ സമുദായാന്തരീക്ഷം കലുഷവും ചിലപ്പോള്‍ സംഘര്‍ഷഭരിതവുമായി. കാഫിര്‍, മുശ്‌രിക്, മുബ്തദിഅ് ഫത്‌വ നിര്‍ലോഭം ഇറങ്ങിക്കൊണ്ടിരുന്നു. കുടുംബങ്ങളില്‍നിന്ന് അംഗങ്ങള്‍ ബഹിഷ്‌കൃതരായി. വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തപ്പെട്ടു. ഇതിനിടയില്‍ പൂര്‍വകാലം മുതലേ നിലനിന്നിരുന്ന നമസ്‌കാരത്തിലെ കൈകെട്ട്, സ്വുബ്ഹിലെ ഖുനൂത്ത്, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം തുടങ്ങിയ ചില ശാഖാപരമായ തര്‍ക്കങ്ങളില്‍ ഉല്‍പതിഷ്ണുക്കളെ തളച്ചിടാനും യാഥാസ്ഥിതികര്‍ക്ക് കഴിഞ്ഞു. 'പുത്തന്‍ പ്രസ്ഥാനക്കാര്‍' മുന്നോട്ടുവെക്കുന്ന എന്തിനെയും യാഥാസ്ഥിതികര്‍ എതിര്‍ത്തു. അക്കൂട്ടത്തില്‍, ആദ്യകാലത്ത് ആര്‍ക്കും കാര്യമായ എതിര്‍പ്പില്ലാതിരുന്ന ഖുത്വ്ബ പരിഭാഷയും സ്ത്രീ പള്ളിപ്രവേശവും അവര്‍ക്ക് ബിദ്അത്തുകളുടെ പട്ടികയിലുള്‍പ്പെടുത്തേണ്ടിവന്നു. ഇന്ന് അത് അവര്‍ക്കുതന്നെ വിനയായിത്തീര്‍ന്നിരിക്കുകയാണ്. പള്ളികള്‍ക്കടുത്ത് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ് പണിയേണ്ടിവരുന്നു. അതിനടുത്ത് സ്ഥാപിക്കുന്ന 'സ്ത്രീകളുടെ നമസ്‌കാരസ്ഥലം' എന്നെഴുതിയ ബോര്‍ഡില്‍ ബ്രാക്കറ്റില്‍ 'പള്ളിയല്ല' എന്ന് പ്രത്യേകം കുറിക്കാനും നിര്‍ബന്ധിതരാകുന്നു! വാശിയും വൈരാഗ്യവും വളര്‍ത്തുന്ന പ്രകോപനപരമായ സംസ്‌കരണരീതിയുടെ അനന്തരഫലമാണിത്.
പ്രകോപനം സൃഷ്ടിക്കാത്ത, വികാരം വ്രണപ്പെടുത്താത്ത സമാധാനപരവും ഗുണകാംക്ഷാപൂര്‍ണവുമായ ബോധവത്കരണമാണ് ആരോഗ്യകരവും ഉചിതവുമായ സമുദായ സംസ്‌കരണമാര്‍ഗമായി ജമാഅത്തെ ഇസ്‌ലാമി കണ്ടത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുന്നവര്‍ അത് തെറ്റാണെന്നറിഞ്ഞുകൊണ്ടല്ല കൊണ്ടുനടക്കുന്നത്. അവരുടെ ദൃഷ്ടിയില്‍ അതൊക്കെ സത്യവിശ്വാസവും സല്‍ക്കര്‍മവുമാണ്. സ്വയം മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും മൗലികമായ ഇസ്‌ലാമികധര്‍മങ്ങള്‍ പാലിക്കുകയും ചെയ്യുന്നവരെ ശിര്‍ക്കുപരമായ ചില ആചാരങ്ങളുടെ പേരില്‍ മുശ്‌രിക്കുകളെന്ന് മുദ്രകുത്തുന്നത് ഭീമാബദ്ധമാകുന്നു. അത് അവരെ പ്രകോപിതരാക്കുകയും പരിഷ്‌കരണസംരംഭങ്ങളെ ഏതു വിധേനയും എതിര്‍ത്തു തോല്‍പിക്കാന്‍ ധൃഷ്ടരാക്കുകയും ചെയ്യുന്നു. ദീനീ സംസ്‌കരണാശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ യാഥാസ്ഥിതിക നേതൃത്വം ഉന്നയിക്കുന്ന അതിവിചിത്രവും ബാലിശവുമായ വിമര്‍ശനങ്ങള്‍ കേട്ടാല്‍ അക്കാര്യം ബോധ്യമാകും. അവരെ അന്ധമായി അനുകരിക്കുന്ന സാമാന്യജനം അതൊക്കെ അപ്പടി ഉള്‍ക്കൊള്ളുകയാണ്.
ആളുകളുടെ ഇസ്‌ലാമിനെയും ഈമാനിനെയും പൂര്‍ണമായി അംഗീകരിച്ചുകൊണ്ടും വികാരങ്ങളെ മാനിച്ചുകൊണ്ടും സമാധാനപരമായ ദീനീപ്രബോധനത്തിലൂടെ മനഃപരിവര്‍ത്തനം സൃഷ്ടിക്കുകയാണ് ശരിയായ സമുദായ സംസ്‌കരണ മാര്‍ഗം. ഏതെങ്കിലും ചില അനാചാരങ്ങള്‍ക്കെതിരെയല്ല; മൊത്തം ജാഹിലിയ്യത്തിനെതിരെയാണ് സമരം ചെയ്യേണ്ടത്. ജാഹിലിയ്യത്ത് ക്ഷയിക്കുന്ന മുറക്ക് അല്ലെങ്കില്‍ യഥാര്‍ഥ ഇസ്‌ലാം തെളിഞ്ഞുവരുന്ന മുറക്ക്, ജാഹിലിയ്യത്തും അതിന്റെ ഭാഗമായ അന്ധവിശ്വാസങ്ങളും മങ്ങിക്കൊണ്ടും മാഞ്ഞുകൊണ്ടുമിരിക്കും. ജാഹിലിയ്യത്തിനെ നിസ്‌തേജമാക്കാനും യഥാര്‍ഥ ഇസ്‌ലാമിനെ തേജോമയമാക്കാനും സമരം ചെയ്യേണ്ടത് ഖുര്‍ആന്‍ കൊണ്ടാണ്. ഖുര്‍ആന്‍ കൊണ്ട് ജിഹാദ് ചെയ്യാനാണ് അല്ലാഹുവിന്റെ കല്‍പന(അല്‍ഫുര്‍ഖാന്‍ 52). ഖുര്‍ആന്‍ പഠിച്ച് ജാഹിലീ ആശയങ്ങളെയും ആചാരങ്ങളെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ കൊണ്ടുള്ള സമരം. ഈ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലേ ഖുര്‍ആന്‍ പഠനവും പ്രചാരണവും അതിന്റെ പ്രഥമവും പ്രധാനവുമായ ദൗത്യമായി പരിഗണിച്ചത്. സമുദായത്തെ പൊതുവിലും സ്വന്തം പ്രവര്‍ത്തകരെ വിശേഷിച്ചും വിശുദ്ധ ഖുര്‍ആനിലേക്കടുപ്പിക്കാന്‍ അത് വൈവിധ്യമാര്‍ന്ന പരിപാടികളാവിഷ്‌കരിച്ചു. ജമാഅത്തിന്റെ കാഴ്ചപ്പാട് ശരിയാണെന്നും പരിപാടി ഫലപ്രദമാണെന്നും ചരിത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആന്‍ ക്ലാസ്സുകള്‍
ദീനീപ്രബോധനം ഖുര്‍ആനില്‍നിന്ന് തുടങ്ങുകയും പരിപാടികള്‍ ഖുര്‍ആനിലധിഷ്ഠിതമാക്കുകയും ചെയ്യുക എന്നതാണ് ജമാഅത്ത് സ്വീകരിച്ച പ്രവര്‍ത്തനരീതി. ആദര്‍ശങ്ങള്‍ പ്രഖ്യാപിച്ച് അതിന് ഖുര്‍ആനില്‍നിന്ന് തെളിവു കണ്ടെത്തുന്നതില്‍നിന്ന് വ്യത്യസ്തമാണ് ഖുര്‍ആന്‍ പഠിച്ച് അതില്‍നിന്ന് ലഭ്യമാകുന്ന ആശയാദര്‍ശങ്ങളില്‍ നിലകൊള്ളുന്നത്.
ജമാഅത്ത് തുടക്കം മുതലേ അതിന്റെ പ്രാദേശിക വൃത്തങ്ങളുടെ വാരാന്ത യോഗം മുതല്‍ അഖിലേന്ത്യാ സമ്മേളനങ്ങള്‍ വരെ ആരംഭിക്കുന്നത് ഖുര്‍ആന്‍ ദര്‍സോടു കൂടിയാണ്. ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനു മുമ്പ് കേരളത്തില്‍ ദീനീസമ്മേളനങ്ങളില്‍ ഇങ്ങനെയൊരു സമ്പ്രദായമുണ്ടായിരുന്നില്ല. അക്കാലത്ത് അതൊരാവശ്യമായി കരുതപ്പെട്ടിരുന്നുമില്ല. ദീനീസമ്മേളനങ്ങളും വഅ്‌ളുകളും മറ്റു സ്ഥാപനങ്ങളും സംരംഭങ്ങളുമെല്ലാം തുടങ്ങിയിരുന്നത് ഗാനാലാപനത്തിലൂടെയും മാല-മൗലിദ് പാരായണം, സ്വലാത്ത്, ദിക്ര്‍-ദുആ തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെയുമായിരുന്നു. ദുആഇനു മുമ്പുള്ള ന്ധഅല്‍ ഫാതിഹത്സ ആയിരുന്നു ഖുര്‍ആനുള്ള പരിഗണന. ഫാതിഹ സൂറയും ഖുര്‍ആിലെ അവസാന മൂന്ന് സൂറകളും ഉരുവിടുകയാണിത്. ഈ പശ്ചാത്തലത്തിലാണ് സമ്മേളനങ്ങള്‍ ഖുര്‍ആന്‍ ക്ലാസ് കൊണ്ട് തുടങ്ങുന്ന സമ്പ്രദായം ജമാഅത്ത് കൊണ്ടുവന്നത്. പാമരജനങ്ങള്‍ മാത്രമല്ല പണ്ഡിതന്മാരും, ഖുര്‍ആനും സുന്നത്തുമായിരുന്നില്ല ദീനീവിജ്ഞാനത്തിന്റെ സ്രോതസ്സായി അക്കാലത്ത് അവലംബിച്ചിരുന്നത്. ഖുര്‍ആന്‍ മുസ്വ്ഹഫില്‍ നോക്കി അര്‍ഥമറിയാതെ വായിക്കാനും ഫാതിഹയും ഏതാനും ചെറിയ സൂറകളും കാണാപ്പാഠം ഉരുവിടാനും പഠിച്ചാല്‍ സാധാരണ ഖുര്‍ആന്‍ വിദ്യാഭ്യാസമായി. അനന്തരം കുറച്ച് അറബി വ്യാകരണവും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനും പഠിച്ചാല്‍ നല്ല മതപണ്ഡിതനാ യി. അതിനു മുകളില്‍ മഹല്ലി, തുഹ്ഫ തുടങ്ങിയ ഗ്രന്ഥങ്ങള്‍ കൂടി ഓതിയാല്‍ മഹാ പണ്ഡിതനും. പിന്നെ വേണമെങ്കില്‍ ബലാഗ (ഭാഷാലങ്കാരം), മന്‍ത്വിഖ് (ന്യായശാസ്ത്രം), തസ്വവ്വുഫ് (സൂഫിസം) മുതലായ വിഷയങ്ങളും ബറകത്തിനു വേണ്ടി ഏതെങ്കിലും തഫ്‌സീറും ഓതാം. ബറകത്തിനു വേണ്ടി എന്നു പറഞ്ഞത് വെറുതെയല്ല. കേരളീയര്‍ ശാഫിഈ മദ്ഹബുകാരാണ്. മദ്ഹബിന്റെ മുഖല്ലിദുകള്‍ (അനുകര്‍ത്താക്കള്‍) ദീനീ തത്ത്വങ്ങളും വിധിവിലക്കുകളും സ്വീകരിക്കേണ്ടതും പകര്‍ത്തേണ്ടതും മദ്ഹബിന്റെ ഇമാമുകളില്‍നിന്നും മദ്ഹബീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നുമാകുന്നു. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നേരിട്ട് ഒന്നും പഠിക്കേണ്ടതില്ല. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ദീനീതത്ത്വങ്ങളും നിയമങ്ങളും നിര്‍ധാരണം ചെയ്യേണ്ടത് മുജ്തഹിദുകളായ ഇമാമുകളാകുന്നു. ഇജ്തിഹാദിന്റെ കവാടമാകട്ടെ ഹിജ്‌റ നാലാം നൂറ്റാണ്ടില്‍തന്നെ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ പണ്ഡിതന്മാര്‍ ഖുര്‍ആനിന്റെ അര്‍ഥവും വ്യാഖ്യാനവും പഠിക്കുന്നത് ബറകത്തിനു വേണ്ടിതന്നെ. ഈ നിലപാടിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോള്‍ ദേശീയതലത്തില്‍ ചൂടുപിടിച്ച് വിവാദമായ മുത്ത്വലാഖ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. പക്ഷേ, പഴയ ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ തടവുകാര്‍ അതിനു തയാറല്ല. മുസ്‌ലിം വ്യക്തിനിയമം മൊത്തത്തില്‍ തന്നെ ഭീഷണിക്ക് വിധേയമാകുന്നുവെന്നതാണിതിന്റെ ഫലം.
വാരാന്ത യോഗങ്ങളില്‍ ആധികാരികമായി ഖുര്‍ആന്‍ ക്ലാസ് നടത്താന്‍ പ്രാപ്തരായ പ്രവര്‍ത്തകരില്ലാത്ത ഘടകങ്ങളില്‍ ലഭ്യമായ ഖുര്‍ആന്‍ പരിഭാഷ വായിച്ചെങ്കിലും പഠനം നടക്കണമെന്നായിരുന്നു പ്രസ്ഥാന നിര്‍ദേശം. സൃഷ്ടിപരമായ മറ്റേതു പരിഷ്‌കരണവുമെന്നപോലെ ആദ്യഘട്ടത്തില്‍ ഇതും വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. ന്ധകിത്താബുത്സകളോതാത്ത പാമരജനങ്ങളെ ഖുര്‍ആനിന്റെ അര്‍ഥം പഠിപ്പിക്കുന്നത് അവര്‍ ന്ധവഴികേടി'ലാകാന്‍ കാരണമാകുമെന്നാക്ഷേപിക്കപ്പെട്ടു. ന്ധഖുര്‍ആന്‍ ഗ്ലാസ്സിലാക്കുന്നുത്സ എന്നായിരുന്നു പരിഹാസം. അതൊന്നും വകവെക്കാതെ ഖുര്‍ആന്‍ ക്ലാസ്സുകളുമായി ജമാഅത്ത് മുന്നോട്ടുപോയി. സംഘടനാ പ്രവര്‍ത്തകരിലും അനുഭാവികളിലും ഖുര്‍ആന്‍ പഠനതാല്‍പര്യം നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരുന്നു. സംഘടനാ ബന്ധമില്ലാത്ത ഉദ്ബുദ്ധരിലേക്കും അഭ്യസ്തവിദ്യരിലേക്കും സാവകാശം അത് വ്യാപിച്ചു. സാധ്യമാകുന്നിടത്തൊക്കെ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളുകള്‍ക്ക് രൂപം നല്‍കി. നഗരങ്ങളില്‍ ഫ്രൈഡേ ക്ലബ് എന്ന പേരിലും പഠനകൂട്ടായ്മകളുണ്ടായി. വിജ്ഞാനതാല്‍പര്യവും സാംസ്‌കാരികാവബോധവുമുള്ള എല്ലാ വിഭാഗങ്ങളിലും പെട്ട ബിസിനസ്സുകാരും പ്രഫഷണലുകളും ഉദ്യോഗസ്ഥരുമൊക്കെ അതില്‍ പങ്കെടുത്തുവന്നു. ഖുര്‍ആന്‍ പഠനവും ഇസ്‌ലാമിക വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ഈ സംരംഭങ്ങളുടെയെല്ലാം മുഖ്യ അജണ്ട. ഈദൃശ പരിപാടികള്‍ പൊതുസമൂഹത്തെ ഖുര്‍ആന്‍ പഠനത്തിന്റെ ആവശ്യകതയിലേക്ക് ഉണര്‍ത്തിക്കൊണ്ടിരുന്നു. സാധാരണക്കാരിലും അഭ്യസ്തവിദ്യരിലുമെല്ലാം ഖുര്‍ആനിനോട് ആഭിമുഖ്യം വളര്‍ന്നു. ഇതര സംഘടനകളും ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം അംഗീകരിച്ചു.
പ്രസിദ്ധീകരണങ്ങള്‍
ഇസ്‌ലാമിക പ്രസ്ഥാനം രംഗപ്രവേശം ചെയ്ത കാലത്ത് ഖുര്‍ആന്‍ അനറബി ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത് ഹറാമാണെന്നായിരുന്നു കേരളീയ മുസ്‌ലിം സമുദായത്തിന്റെ ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന യാഥാസ്ഥിതിക മതനേതൃത്വത്തിന്റെ വിധി. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്, അമാനുഷികമാണ്, അലൗകികമാണ്. അത് മറ്റൊരു ഭാഷയിലാക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല, അതിനു ശ്രമിക്കാന്‍ പാടില്ല, അതിന്റെ ആവശ്യവുമില്ല. മതവിധികളറിയാന്‍ പൂര്‍വികര്‍ ക്രോഡീകരിച്ചുവെച്ച ഫിഖ്ഹ് പഠിച്ചാല്‍ മതി. ഖുര്‍ആന്‍ പരിഭാഷയിലേര്‍പ്പെട്ട മര്‍ഹൂം സി.എന്‍ അഹ്മദ് മൗലവിയെപ്പോലുള്ള ഉത്പതിഷ്ണു പണ്ഡിതന്മാര്‍ രൂക്ഷമായി ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഖുര്‍ആന്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുരുതരമായ പാതകമായിരുന്നു. ആനുകാലികങ്ങള്‍ ചെറുതും വലുതുമായ അശുദ്ധികളുള്ളവരും മുഅ്മിനും കാഫിറും മുസ്‌ലിഹും മുഫ്‌സിദും എല്ലാം കൈകാര്യം ചെയ്യുന്നതാണല്ലോ. അതില്‍ ഖുര്‍ആന്‍ ചേര്‍ക്കുന്നത് ഖുര്‍ആനിനെ അശുദ്ധമാക്കലും അവമതിക്കലും കൂടിയാകുന്നു. അക്കാലത്തെ ഇസ്‌ലാമിക ആനുകാലികങ്ങളുടെ ഉള്ളടക്കത്തില്‍ ഖുര്‍ആന്‍ ഒരു വിഷയമായിരുന്നില്ല; അവയെല്ലാം പ്രസിദ്ധീകരിച്ചിരുന്നത് അമുസ്‌ലിംകള്‍ വായിക്കാത്ത അറബി മലയാള ലിപിയിലായിരുന്നിട്ടും.
ഇവ്വിഷയകമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് സുഭദ്രവും സുതാര്യവുമാണ്. അറബി ഭാഷയില്‍ അവതീര്‍ണമായ ഖുര്‍ആന്‍ ദൈവികവും അലൗകികവും അതിമാനുഷികവുമാണെന്നത് ശരിതന്നെ. അതേ ഗുണങ്ങളോടെ അത് മറ്റൊരു ഭാഷയില്‍ പുനരാവിഷ്‌കരിക്കുക സാധ്യമല്ല. പക്ഷേ അലൗകികത എന്ന ഒരു ഗുണം മാത്രമല്ല ഖുര്‍ആനിനുള്ളത്. അലൗകികവും അചുംബിതവുമായിരിക്കുക എന്നതല്ല അതിന്റെ അവതരണലക്ഷ്യവും. മനുഷ്യര്‍ക്കു വേി അല്ലാഹു അവതരിപ്പിച്ചുതന്ന സന്മാര്‍ഗദര്‍ശകഗ്രന്ഥം എന്നതാണ് ഖുര്‍ആന്റെ ഏറ്റവും മുഖ്യവും മഹത്തരവുമായ ഗുണം. അത് പഠിച്ചറിയാനും അനുസരിക്കാനും ഓരോ വിശ്വാസിയും അനുശാസിക്കപ്പെട്ടിരിക്കുന്നു. അത് പഠിക്കലും പ്രചരിപ്പിക്കലും ദീനീ പ്രബോധകരുടെ ബാധ്യതയാണ്. അനായാസം പഠിക്കാനും പഠിപ്പിക്കാനും ഉതകുംവണ്ണം അതിലെ വചനങ്ങള്‍ ലളിതമാക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഖുര്‍ആന്‍ തന്നെ സുവ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഈ കല്‍പന നടപ്പിലാക്കാന്‍ ഖുര്‍ആന്‍ വചനങ്ങളുടെ ആശയാദര്‍ശങ്ങളും ഉപദേശനിര്‍ദേശങ്ങളും വിധിവിലക്കുകളുമെല്ലാം അനറബികള്‍ക്കു വേണ്ടി അവരുടെ ഭാഷകളില്‍ തര്‍ജമ ചെയ്യേണ്ടത് അനിവാര്യമാകുന്നു. പരിഭാഷപ്പെടുത്തുന്നതുകൊണ്ട് അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ച സാക്ഷാല്‍ ഖുര്‍ആനിന്റെ മഹത്വത്തിനോ അലൗകികതക്കോ ഒരു കോട്ടവും തട്ടുന്നില്ല. ലോകത്തിലെ സകല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയാലും സാക്ഷാല്‍ ഖുര്‍ആന്‍ അന്യൂനം നിലനില്‍ക്കും, അല്ലാഹു നിലനിര്‍ത്തും. ആധുനികലോകത്ത് ഏതാണ്ട് എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടിട്ടും ഖുര്‍ആന്‍ വള്ളിപുള്ളി മാറാതെ അതിന്റെ ആദിമവിശുദ്ധിയിലും തനിമയിലും തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതര ഭാഷകളിലേക്ക് തര്‍ജമ ചെയ്യാതെ സൂക്ഷിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ഖുര്‍ആനെ ആദരിക്കുകയല്ല; അതില്‍നിന്ന് സന്മാര്‍ഗം സ്വീകരിക്കുന്നത് തടസ്സപ്പെടുത്തുക വഴി അനാദരിക്കുകയും അതിന്റെ അവതരണലക്ഷ്യത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. തയ്ച്ചുകിട്ടിയ വസ്ത്രം ധരിച്ചാല്‍ അതില്‍ ശരീരത്തിലെ വിയര്‍പ്പ് പറ്റും, പൊടിപടലങ്ങള്‍ പുരളും എന്നു ഭയപ്പെട്ട് മടക്കി പെട്ടിയില്‍ സൂക്ഷിച്ച് നഗ്നനായി നടക്കുന്നതുപോലെയാണിത്. വായന വിലക്കുക എന്നത് ഒരു ഗ്രന്ഥത്തോട് കാണിക്കുന്ന ഏറ്റവും വലിയ അവമതിയാണ്.
വെടിപ്പില്ലാത്തവരും മുസ്‌ലിംകളല്ലാത്തവരും സ്പര്‍ശിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുകൂടാ എന്നു പറയുന്നതും ഇതുപോലെത്തന്നെ. അച്ചടിരൂപത്തിലുള്ളതായാലും ശ്രാവ്യരൂപത്തിലുള്ളതായാലും ഖുര്‍ആന്റെ പൊതു പ്രചാരണത്തില്‍ അത് അവഗണിക്കപ്പെടാനും അവമതിക്കപ്പെടാനുമുള്ള സാധ്യത നിഷേധിക്കാവതല്ല. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് സശ്രദ്ധം കേള്‍ക്കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. ശ്രോതാക്കളില്‍ ശ്രദ്ധിക്കാത്തവരും അവഗണിക്കുന്നവരും പരിഹസിക്കുന്നവരുമൊക്കെ ഉണ്ടാവാം. ആ സാധ്യത പരിഗണിച്ച് പരസ്യമായ ഖുര്‍ആന്‍ പാരായണം പാടില്ലെന്നു പറയാനൊക്കുമോ? അങ്ങനെ ചെയ്താല്‍ ഗുരുതരമായ രണ്ട് ദോഷങ്ങളാണുണ്ടാവുക. ഒന്ന്, മനുഷ്യര്‍ പഠിച്ചും പഠിപ്പിച്ചും സ്വയം സന്മാര്‍ഗം കണ്ടെത്തുകയും സഹജീവികളെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ഖുര്‍ആനിന്റെ അവതരണലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിശ്വാസിയില്‍ അര്‍പ്പിതമായ അതിപ്രധാനമായ ഉത്തരവാദിത്തത്തിന്റെ ലംഘനം. അതുമൂലം, ഖുര്‍ആന്‍ അറിയുകയും അനുസരിക്കുകയും ചെയ്യേണ്ട അനേകര്‍ക്ക് അതറിയാനും അനുസരിക്കാനും അവസരം നിഷേധിക്കപ്പെടുന്നു. രണ്ട്, അവഗണനയും അവമതിപ്പും ഭയപ്പെട്ട് ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്നതില്‍നിന്ന് വിശ്വാസികള്‍ പിന്മാറുമ്പോള്‍ ഖുര്‍ആന്റെ ശത്രുക്കള്‍ക്ക് അവരുടെ ലക്ഷ്യം അനായാസം നേടാന്‍ അവസരം സൃഷ്ടിക്കപ്പെടുന്നു. സ്വന്തം വക്താക്കള്‍ക്കും വാഹകര്‍ക്കും വരെ അര്‍ഥമറിഞ്ഞുകൂടാത്ത ഒരു ഗ്രന്ഥത്തെക്കുറിച്ച് അപവാദങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കാന്‍ ഏറെ എളുപ്പമാണല്ലോ.
ഈ കാഴ്ചപ്പാടിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഖപത്രമായ പ്രബോധനം പാക്ഷികം ഖുര്‍ആനിനെ സമീപിച്ചത്. പ്രബോധനത്തിന്റെ ഉള്ളടക്കത്തില്‍ ഖുര്‍ആന്‍ പ്രബോധനത്തിന് പ്രമുഖ സ്ഥാനം നല്‍കി. പണം കൊടുത്ത് പത്രം വാങ്ങി വായിക്കുന്നവര്‍ അതിലെ ഉള്ളടക്കത്തെ പൊതുവിലും ഖുര്‍ആനിനെ വിശേഷിച്ചും മാനിക്കും. അവഗണിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന അപൂര്‍വം ചിലരുണ്ടാവാം. അത് അവരുടെ കുറ്റം. അത്തരം അപവാദങ്ങളെ പേടിച്ച് ഖുര്‍ആന്‍ പഠിക്കാനാഗ്രഹിക്കുന്ന അനേകായിരം ആളുകള്‍ക്ക് അത് വിലക്കുന്നത് കുറ്റകരമായ മൗഢ്യമാണ്. ഖുര്‍ആനിനെ അവഹേളിക്കാന്‍ മനഃപൂര്‍വം തീരുമാനിച്ചവര്‍ക്ക് അറബിയിലുള്ള മൂല മുസ്വ്ഹഫും വാങ്ങിക്കൊണ്ടുവന്ന് പിച്ചിച്ചീന്താവുന്നതാണ്. പണ്ടുകാലത്ത് മാത്രമല്ല, ഇക്കാലത്തും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുമ്പോഴും അല്ലാത്തപ്പോഴും പിച്ചിച്ചീന്താറുള്ളതും ചവിട്ടിമെതിക്കാറുള്ളതും ഖുര്‍ആന്‍ പരിഭാഷകളല്ല; മൂല ഖുര്‍ആന്‍ തന്നെയാണ്. എന്നുവെച്ച് മുസ്വ്ഹഫ് അച്ചടിക്കാതിരിക്കാനൊക്കുമോ? മുസ്‌ലിംകളും അമുസ്‌ലിംകളുമായ വായനക്കാര്‍ക്ക് ദൈവിക സന്ദേശം വായിച്ചു മനസ്സിലാക്കാനുതകുന്ന വിധത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ മൂലവും പരിഭാഷയും വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന സ്ഥിരം പംക്തിയാണ് വിഭാവനം ചെയ്യപ്പെട്ടത്. ഓരോ ലക്കത്തിലും അത്തരം ഒരു പംക്തി സ്വയം തയാറാക്കി പ്രസിദ്ധീകരിക്കുന്നതിന് പ്രബോധനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പരിമിതികളുണ്ടായിരുന്നു. അതിനേക്കാള്‍ ഉചിതമാവുക ജമാഅത്തിന്റെ സ്ഥാപക പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഉര്‍ദു ഭാഷയില്‍ രചിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതായിരിക്കുമെന്ന് പ്രബോധനം കരുതി. 1951 ജനുവരിയിലാണ് (പുസ്തകം 11 ലക്കം 9) തഫ്ഹീമുല്‍ ഖുര്‍ആന്‍ തുടക്കം മുതല്‍ പ്രബോധനം പാക്ഷികത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1998 ഡിസംബര്‍ 19-ന് (പുസ്തകം 55, ലക്കം 27) ഒടുവിലെ സൂറയായ ന്ധഅന്നാസ്ത്സ അവസാനിക്കുന്നതുവരെ ഈ പരമ്പര തുടര്‍ന്നു. 41 വര്‍ഷം 11 മാസം 19 ദിവസം. തഫ്ഹീമിന്റെ ആദ്യ വാള്യങ്ങള്‍ പ്രബോധനത്തില്‍ വിവര്‍ത്തനം ചെയ്തത് ആദ്യകാല പത്രാധിപന്മാരായിരുന്ന ടി. മുഹമ്മദ് സാഹിബും ടി.കെ അബ്ദുല്ല സാഹിബും പിന്നെ ടി. ഇസ്ഹാഖലി മൗലവിയും കെ. അബ്ദുല്ല ഹസന്‍ സാഹിബുമാണ്. മൂന്നു മുതല്‍ ആറു വരെ വാള്യങ്ങള്‍ വിവര്‍ത്തനം ചെയ്തത് ടി.കെ ഉബൈദ് ആണ്. തഫ്ഹീം വിവര്‍ത്തനത്തിന്റെ നീണ്ടകാലയളവില്‍ പ്രബോധനത്തിന് പല പരിണാമങ്ങളുണ്ടായി. 1964-ല്‍ ദ്വൈവാരിക വാരികയായി വികസിച്ചു. മാസിക വേറെയും ആരംഭിച്ചു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രബോധനം നിരോധിക്കപ്പെട്ടു.
1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോള്‍ വാരികയും മാസികയും പുനരാരംഭിച്ചു. 1986-ല്‍ മാസിക നിര്‍ത്തല്‍ ചെയ്തു. വാരിക പുസ്തകരൂപത്തിലാക്കി. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രബോധനം വീണ്ടും നിരോധിക്കപ്പെട്ടു. 1994-ല്‍ വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. ഈ പരിണാമങ്ങളിലെല്ലാം തഫ്ഹീമുല്‍ ഖുര്‍ആന്‍ പംക്തി പ്രബോധനത്തോടൊപ്പമുണ്ടായിരുന്നു. 1964-ല്‍ മാസിക തുടങ്ങിയപ്പോള്‍ തഫ്ഹീം പംക്തി മാസികയിലേക്ക് മാറ്റപ്പെട്ടു. 1988-ല്‍ മാസിക നിര്‍ത്തലാക്കിയ ശേഷം തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പര വാരികയില്‍ തുടര്‍ന്നു. അടിയന്തരാവസ്ഥയില്‍ പ്രബോധനം നിരോധിക്കപ്പെട്ട കാലത്ത് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ബോധനം മാസിക ആരംഭിച്ചു. അതിലും തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പരയുണ്ടായിരുന്നു. 1992-ല്‍ നിരോധിക്കപ്പെട്ടപ്പോള്‍ വാരികയായി പ്രസിദ്ധീകരിക്കപ്പെട്ട ബോധനത്തിലും തഫ്ഹീം പംക്തി മുടങ്ങാതെ തുടര്‍ന്നു.
കേരള മുസ്‌ലിം ചരിത്രത്തില്‍, മലയാള ലിപിയില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ ദീനീ ആനുകാലികമാണ് പ്രബോധനം. സ്ഥിരം പംക്തിയിലൂടെ വിശുദ്ധ ഖുര്‍ആന്‍ ആദ്യന്തം പരിഭാഷയും വ്യാഖ്യാനവും വായനക്കാരുടെ കൈകളിലെത്തിച്ച കേരളത്തിലെ ഏക ഇസ്‌ലാമിക പ്രസിദ്ധീകരണവും പ്രബോധനമാണ്. പ്രബോധനത്തിന്റെ ഈ നടപടി കേരളീയ സമൂഹത്തില്‍ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ അദ്വിതീയമായ പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം വായനക്കാര്‍ക്ക് ഖുര്‍ആന്‍ പഠിക്കാനും താല്‍പര്യമുള്ള അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഖുര്‍ആനെ പരിചയപ്പെടാനും അത് ഏറെ സഹായകമായി. പ്രബോധനത്തിലെ തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പര വായനക്കാരില്‍ സൃഷ്ടിച്ച ഖുര്‍ആന്‍ പഠനതാല്‍പര്യം വാസ്തവത്തില്‍ പ്രബോധനം പ്രതീക്ഷിച്ചതിലേറെ വലുതായിരുന്നു. തഫ്ഹീം പരമ്പര അവസാനിച്ചപ്പോള്‍ അവരില്‍നിന്നുണ്ടായ പ്രതികരണം അത് വ്യക്തമാക്കുകയുണ്ടായി. പ്രബോധനത്തില്‍ മറ്റൊരു ഖുര്‍ആന്‍ പഠനപംക്തി ആരംഭിക്കണമെന്ന അനുവാചകരില്‍നിന്നുയര്‍ന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് 1999 ജനുവരിയില്‍ 'ഖുര്‍ആന്‍ ബോധനം' എന്ന പുതിയ ഖുര്‍ആന്‍ പഠനപംക്തി ആരംഭിച്ചത്. ഖുര്‍ആന്‍ സൂക്തങ്ങളുടെ ലളിതമായ ആശയവിവര്‍ത്തനത്തോടൊപ്പം പ്രാഥമിക മദ്‌റസകളില്‍നിന്നും മറ്റും അറബി അക്ഷരജ്ഞാനം നേടിയവര്‍ക്ക് ഉപകരിക്കുമാറ് പദാനുപദ തര്‍ജമയും ആവശ്യമായ വ്യാഖ്യാനക്കുറിപ്പുകളും ചേര്‍ന്നതാണ് ന്ധഖുര്‍ആന്‍ ബോധനംത്സ. ടി.കെ ഉബൈദ് തയാറാക്കുന്ന ഈ പഠനപംക്തി ഇപ്പോള്‍ സൂറഃ അല്‍ഫുര്‍ഖാനില്‍ എത്തിയിരിക്കുന്നു. വായനക്കാര്‍ 'ഖുര്‍ആന്‍ ബോധന'ത്തെയും താല്‍പര്യപൂര്‍വം സ്വീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് അത് ഏറെ സഹായകമാകുന്നതായി വിലയിരുത്തപ്പെടുന്നു.
ഖുര്‍ആന്‍ പ്രചാരണരംഗത്ത് പ്രബോധനം അര്‍പ്പിച്ച മഹത്തായ സംഭാവനകളില്‍ എടുത്തുപറയേണ്ടതാണ് പ്രബോധനം പ്രസിദ്ധീകരിച്ച രണ്ട് ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പുകള്‍. മാസികയുടെ ആഭിമുഖ്യത്തില്‍ 1970 നവംബറിലാണ് ഒന്നാമത്തെ വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങിയത്. കൂടുതല്‍ ബൃഹത്തും സമഗ്രവുമായ രണ്ടാമത്തെ വിശേഷാല്‍ പതിപ്പ് 2002 ഏപ്രിലില്‍ പുറത്തിറക്കിയത് പ്രബോധനം വാരികയാണ്. രണ്ട് ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പുകളും, രണ്ടാമത്തേത് വിശേഷിച്ചും അനുവാചകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുകയുണ്ടായി. ആനുകാലികങ്ങളുടെ വിശേഷാല്‍ പതിപ്പുകളുടെ ചരിത്രത്തില്‍ ഒരപൂര്‍വ സംഭവമായിരുന്നു 2002-ലെ വിശേഷാല്‍ പതിപ്പ്. ആവശ്യക്കാരുടെ നിര്‍ബന്ധം മാനിച്ച് ഈ വിശേഷാല്‍ പതിപ്പ് മൂന്നു തവണ അച്ചടിച്ചു വിതരണം ചെയ്യേണ്ടിവന്നു.
റമദാന്‍ കാലങ്ങളില്‍ പ്രബോധനം നടത്താറുള്ള ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയും പ്രസ്താവ്യമാകുന്നു. വിശുദ്ധ ഖുര്‍ആന്‍ കൂടുതലായി വായിക്കാനും
പഠിക്കാനും വായനക്കാരെ പ്രേരിപ്പിക്കുകയാണിതിന്റെ ലക്ഷ്യം. ഇതിന് പു
റമെ, ജമാഅത്ത് സംസ്ഥാന ഘടകം ഓരോ റമദാനി
ലും ഖുര്‍ആനിലെ നിശ്ചിത അധ്യായങ്ങള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തോടൊപ്പം പഠിക്കാന്‍ നി
ര്‍ദേശിക്കുകയും മാസാവസാനം ബഹുജന പങ്കാളിത്തത്തോടെ പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചുവരികയും ചെയ്യുന്നുണ്ട്.
ഖുര്‍ആനിക ഗ്രന്ഥങ്ങള്‍
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന തന്റെ പ്രസിദ്ധീകരണത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിത്തുടങ്ങിയത് 1942-ലായിരുന്നു. 1972-ലാണ് അതിന്റെ രചന പൂര്‍ത്തിയായത്. രചന പൂര്‍ണമാകുന്നതിനു മുമ്പുതന്നെ അതിന്റെ ആദ്യ ഭാഗങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. 1948-ലാണ് ഒന്നാം വാല്യം പുറത്തിറങ്ങിയത്. ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് അത് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാനും തുടങ്ങി. മലയാള പരിഭാഷയുടെ ഒന്നാം വാല്യം പുറത്തിറങ്ങിയത് 1972 ഡിസംബറിലാണ്. രണ്ടാം വാല്യം 1990-ലും മൂന്നാം വാല്യം 1991-ലും നാലാം വാല്യം 1993-ലും അഞ്ചാം വാല്യം 1997-ലും ആറാം വാല്യം 1998-ലും പുറത്തിറങ്ങി. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) ആണ് ഇതിന്റെ പ്രസാധകര്‍. ഓരോ വാല്യവും ഇതിനകം അനേകം പതിപ്പുകളിലായി പതിനായിരക്കണക്കിന് കോപ്പികള്‍ അച്ചടിക്കപ്പെട്ടിരിക്കുന്നു. ന്ധഖുര്‍ആന്‍ ബോധനത്സത്തിന്റെ ഇതുവരെ തയാറായ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറ അല്‍ മുഅ്മിനൂന്‍ വരെയുള്ള ഭാഗം ഏഴു വാല്യങ്ങളായി ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഒന്നാം വാല്യം 2002, രണ്ടാം വാല്യം 2009, മൂന്നാം വാല്യം 2010, നാലാം വാല്യം 2011, അഞ്ചാം വാല്യം 2012, ആറാം വാല്യം 2014, ഏഴാം വാല്യം 2016 എന്ന ക്രമത്തിലാണിത് പ്രസിദ്ധീകൃതമായത്. ഖുര്‍ആന്‍ ബോധനത്തിന്റെയും ആദ്യ ഭാഗങ്ങള്‍ പല പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് അക്ഷര കേരളത്തിനര്‍പ്പിച്ച മറ്റൊരു സംഭാവനയാണ് ഖുര്‍ആന്‍ ഭാഷ്യം. തഫ്ഹീമില്‍ ഗ്രന്ഥകാരന്‍ ഖുര്‍ആന്‍ മൂലസൂക്തങ്ങള്‍ക്ക് നല്‍കിയ ഉര്‍ദു തര്‍ജമ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് ഒറ്റ വാല്യത്തില്‍ തയാറാക്കപ്പെട്ടതാണ് ഖുര്‍ആന്‍ ഭാഷ്യം. മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ മേല്‍നോട്ടത്തില്‍ ടി.കെ ഉബൈദാണ് ഈ മൊഴിമാറ്റം നിര്‍വഹിച്ചത്. 1988-ല്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം ഇപ്പോള്‍ ഇരുപതോളം പതിപ്പുകളിലായി മുക്കാല്‍ ലക്ഷത്തോളം കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ശൈഖ് മുഹമ്മദ് കാരകുന്നും വാണിദാസ് എളയാവൂരും ചേര്‍ന്ന് തയാറാക്കിയ ഖുര്‍ആന്‍ ലളിതസാരം എന്ന സമ്പൂര്‍ണ തര്‍ജമയും ശ്രദ്ധേയമായ സംഭാവനയാണ്. 2003 ഡിസംബറില്‍ ആദ്യ പതിപ്പിറങ്ങിയ ഈ ഗ്രന്ഥം ഐ.പി.എച്ച് ഇതുവരെ പതിനാറ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 2012-ല്‍ ഈ ഗ്രന്ഥം അറബി ടെക്സ്റ്റ് ഇല്ലാതെ ഖുര്‍ആന്‍ മലയാള ഭാഷാന്തരം എന്ന പേരിലും പുറത്തിറക്കിയിട്ടുണ്ട്. ഇതിലെ അവസാനത്തെ അഞ്ച് ജുസ്അ് വാക്കര്‍ഥത്തോടു കൂടി ശൈഖ് മുഹമ്മദ് കാരകുന്നും കാടേരി മുഹമ്മദ് സാഹിബും ചേര്‍ന്ന് തയാറാക്കി വേറൊരു പുസ്തകമായും പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആനികാശയങ്ങളുടെ കാവ്യാവിഷ്‌കാരം മലയാളത്തില്‍ പ്രസിദ്ധീകരിച്ചതും ഐ.പി.എച്ചാണ്. കെ.ജി രാഘവന്‍ നായര്‍ രചിച്ച ഈ ഗ്രന്ഥത്തിന്റെ പേര് അമൃതവാണി.
തഫ്ഹീമുല്‍ ഖുര്‍ആനില്‍നിന്ന് ന്ധഅല്‍കഹ്ഫ്, ന്ധഅന്നൂര്‍ത്സ, ന്ധയാസീന്‍ത്സ, അല്‍ ഹുജുറാത്ത്ത്സ, ഫുസ്സ്വിലത്ത്ത്സ എന്നീ സൂറകളുടെ പരിഭാഷയും വ്യാഖ്യാനവും വെവ്വേറെ പുസ്തകങ്ങളായും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. അവയുടെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത് യഥാക്രമം ടി.കെ അബ്ദുല്ല, വി.കെ അലി, കെ.കെ സുഹ്‌റ, ടി.കെ ഉബൈദ് എന്നിവരാണ്.
ഇവ കൂടാതെ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സഹായകമായ കുറേ ഗ്രന്ഥങ്ങളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ: ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര (സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി), ഖുര്‍ആനെ പരിചയപ്പെടുക (സദ്‌റുദ്ദീന്‍ ഇസ്‌ലാഹി), ഖുര്‍ആനിലേക്കുള്ള പാത (ഖുര്‍റം മുറാദ്), ഖുര്‍ആന്‍ സന്ദേശസാരം (ഒ. അബ്ദുര്‍റഹ്മാന്‍), ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം (വാണിദാസ് എളയാവൂര്‍), ഖുര്‍ആന്‍ ശബ്ദകോശം (അബ്ദുല്ല മന്‍ഹാം, എം.സി അബ്ദുല്ല), ഖുര്‍ആനിലെ കഥാപാഠങ്ങള്‍ (കെ.കെ മുഹമ്മദ് മദനി).
ഡിജിറ്റല്‍വത്കൃത ഖുര്‍ആന്‍ പഠനം
ആധുനിക ഡിജിറ്റല്‍ മീഡിയയുടെ വിപുല സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളത്തില്‍ പുതിയൊരു ഖുര്‍ആന്‍ വായനക്ക് തുടക്കമിട്ടുകൊണ്ടാണ് 2008 ഒക്‌ടോബറില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പ്രഥമ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങുന്നത്. ജമാഅത്തിന്റെ കീഴിലുള്ള 'ധര്‍മധാര'യാണ് അത് തയാറാക്കിയത്. ഈ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ തവണതന്നെ ഒരു ലക്ഷം സീഡികള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. ആറു മാസത്തിനകം ഇതിന്റെ വെബ് പതിപ്പും (ംംം.വേമളവലലാ.ില)േ പുറത്തിറങ്ങി. അതോടെ തഫ്ഹീമിന്റെ മലയാള പരിഭാഷ ലോകമെങ്ങും ഇന്റര്‍നെറ്റിലൂടെ ലഭ്യമായിത്തുടങ്ങി.
2016-ല്‍ 'ഉ4 മീഡിയ'സമ്പൂര്‍ണ ഓഡിയോ ഉള്‍പ്പെടുത്തി ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് ഈ സോഫ്റ്റ്‌വെയര്‍ വികസനം നടന്നത്. രണ്ടു വര്‍ഷം നീണ്ടുനിന്ന ഈ സോഫ്റ്റ്‌വെയര്‍ രൂപകല്‍പനയില്‍ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു പുറമെ ലിനെക്‌സ്, മാക് എന്നിവ കൂടി പരിഗണിക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും മറ്റും പരിഗണിച്ച് തഫ്ഹീമിന്റെ ഓഡിയോ ഒഴിച്ചുള്ള സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ വെബ് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം തഫ്ഹീമിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകള്‍ കൂടി പുറത്തിറക്കാനുള്ള പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു.
ശൈഖ് മുഹമ്മദ് കാരകുന്നും വാണിദാസ് എളയാവൂരും ചേര്‍ന്ന് തയാറാക്കിയ ഖുര്‍ആന്‍ ലളിതസാരം എന്ന ഖുര്‍ആന്‍ തര്‍ജമയുടെ ഓഡിയോ പതിപ്പ് 'ഉ4 മീഡിയ' 2012-ല്‍ പുറത്തിറക്കുകയുണ്ടായി. പ്രശസ്ത ഖാരിഅ് മിശാരി അല്‍ അഫാസിയുടെ മൂല പാരായണവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് നൗഷാദ് ഇബ്‌റാഹീമിന്റെ തര്‍ജമ പാരായണവും ഈ ഓഡിയോ പതിപ്പിന് മാറ്റുകൂട്ടിയിട്ടുണ്ട്. ഇതിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി വിതരണം ചെയ്യപ്പെട്ടു. താമസിയാതെ ലളിതസാരത്തിന്റെ വെബ് പതിപ്പും പുറത്തിറങ്ങി (ംംം.ഹമഹശവേമമെൃമാ.ില)േ
വിദ്യാഭ്യാസ രംഗത്ത്
കേരള ജമാഅത്ത് സ്ഥാപിച്ച വിദ്യാഭ്യാസ ഏജന്‍സിയായ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തില്‍ നൂറുകണക്കിന് മദ്‌റസകളും മുപ്പതോളം ഉന്നത ദീനീ കലാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്‌റസാ പാഠ്യപദ്ധതിയിലെ മുഖ്യ വിഷയങ്ങളിലൊന്നാണ് ഖുര്‍ആന്‍ അര്‍ഥസഹിതം പഠിപ്പിക്കുക എന്നത്. മദ്‌റസകള്‍ക്കാവശ്യമായ ഖുര്‍ആന്‍ പാഠപുസ്തകങ്ങള്‍ മജ്‌ലിസ് തയാറാക്കി വിതരണം ചെയ്തുവരുന്നു. വിശദവും ആഴത്തിലുമുള്ള ഖുര്‍ആന്‍ പഠന സിലബസ് കോളേജുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ് (ചേന്ദമംഗല്ലൂര്‍), ഇസ്‌ലാമിക് ബോര്‍ഡിംഗ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ് (ചാലക്കല്‍), ഇലാഹിയാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ (തിരൂര്‍ക്കാട്) എന്നിവ ഖുര്‍ആന്‍ സവിശേഷം പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളില്‍നിന്ന് പല ബാച്ചുകള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ശാന്തപുരം അല്‍ ജാമിഅയില്‍ ആഴത്തിലുള്ള ഖുര്‍ആന്‍ പഠനവും ഗവേഷണവും ലക്ഷ്യമാക്കി വിപുലമായ അക്കാദമിക സൗകര്യങ്ങളോടെ ഖുര്‍ആന്‍ ഫാക്കല്‍റ്റി സ്ഥാപിതമായിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ പണ്ഡിതരാണ് ഇത് നയിക്കുന്നത്. ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഖുര്‍ആന്‍പഠനം പ്രത്യേക ലക്ഷ്യമാക്കി ന്ധകുല്ലിയ്യത്തുല്‍ ഖുര്‍ആനുംത്സ പ്രവര്‍ത്തിക്കുന്നു. ജമാഅത്ത് നേതാവായിരുന്ന മര്‍ഹൂം കെ. മൊയ്തു മൗലവിയാണ് ഇതിന്റെ സ്ഥാപകന്‍.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, കേരള
മുസ്‌ലിം സമൂഹത്തില്‍ വളരുന്ന ഖുര്‍ആന്‍ പഠന താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കാനും പഠിതാക്കള്‍ക്ക് ഫലപ്രദവും വ്യവസ്ഥാപിതവുമായ സംവിധാനമേര്‍പ്പെടുത്താനും 1997-ല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ആവിഷ്‌കരിച്ച പദ്ധതിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, കേരള. പഠനതാല്‍പര്യമുള്ള വ്യക്തികളെ പ്രദേശികതലത്തില്‍ സംഘടിപ്പിച്ച് ഖുര്‍ആന്‍ ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തുക, ക്ലാസ്സുകള്‍ക്കാവശ്യമായ പാഠ്യപദ്ധതിയും പഠനക്രമവും സംവിധാനിക്കുക, അധ്യാപകരെ പരിശീലിപ്പിക്കുക, അവര്‍ക്ക് കൈപ്പുസ്തകങ്ങള്‍ തയാറാക്കി നല്‍കുക, ഇടക്കിടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്തുക, ഖുര്‍ആന്‍ പ്രചാരണപരമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തന പരിപാടികള്‍.
പ്രായ ലിംഗഭേദമന്യേ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വിദ്യാസമ്പന്നര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രഫഷണലുകള്‍ക്കുമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണീ സംവിധാനം. ഖുര്‍ആന്‍ ക്ലാസ്സുകള്‍ മൂന്നു തരത്തില്‍ സംവിധാനിച്ചിരിക്കുന്നു. ഒമ്പതു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പഠിപ്പിക്കുന്നതാണ് ഒന്ന്. ഈ സ്‌കീമില്‍ ഇതിനകം നിരവധി ബാച്ചുകള്‍ ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പഠിച്ചുകഴിഞ്ഞു. അനേകം ബാച്ചുകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുത്ത സൂക്തങ്ങളും സൂറകളും ഹ്രസ്വകാല ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നതാണ് രണ്ടാമത്തേത്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുമായും നിത്യജീവിതത്തിലെ ചര്യകളുമായും ഏറെ ബന്ധപ്പെട്ട ഭാഗങ്ങളാണ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വിഭാഗത്തിലും ധാരാളം പേര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. മാസ് ക്ലാസ്സുകളാണ് മൂന്നാമത്തേത്. പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെടുന്ന ഈ ക്ലാസ്സുകളിലോരോന്നിലും 200-300 ആളുകള്‍ പങ്കെടുക്കാറുണ്ട്. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസ്. മൂന്നു വിഭാഗത്തിലുമായി 1200 ക്ലാസ്സുകള്‍ നടന്നുവരുന്നു. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകങ്ങളും സ്റ്റഡി സെന്റര്‍ നല്‍കുന്നു. വര്‍ഷാന്തം ജില്ലാ തലത്തില്‍ എഴുത്തു പരീക്ഷകളും സംസ്ഥാനതലത്തില്‍ രണ്ട് പരീക്ഷകളും നടത്തി ഫലം പ്രഖ്യാപിക്കാറുണ്ട്. എല്ലാ വിഭാഗത്തിലും വനിതകളുടെ മികച്ച പ്രാതിനിധ്യം പ്രത്യേകം പ്രസ്താവ്യമാണ്. അടിസ്ഥാന ദീനീവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വനിതകളെ ഉദ്ദേശിച്ച് 'തംഹീദുല്‍ മര്‍അ' എന്ന ഒരു പഠന പദ്ധതി 2015 മുതല്‍ ആരംഭിച്ചിട്ടു്. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ സാമാന്യ ബോധനം നല്‍കുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 225 സെന്ററുകളില്‍ 'തംഹീദുല്‍ മര്‍അ' ക്ലാസ്സുകള്‍ നടന്നുവരുന്നു.
തര്‍ത്തീല്‍
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിനി വിഭാഗമായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) പ്രവര്‍ത്തനമാരംഭിച്ച കാലത്ത് കേരളത്തിലെ സാധാരണ മുസ്‌ലിം സ്ത്രീകള്‍ ലൗകികവും മതപരവുമായ വിദ്യാഭ്യാസത്തില്‍ ഏറെ പിന്നാക്കമായിരുന്നു. ഖുര്‍ആന്‍ അര്‍ഥമറിയാതെ ഓതാനും ഏതാനും അനുഷ്ഠാന നിയമങ്ങളും പിന്നെ കുറേ മാലകള്‍ പാടാനും പഠിച്ചാല്‍ അവരുടെ സാമാന്യ മതവിദ്യാഭ്യാസം പൂര്‍ത്തിയായി. പുരുഷന്മാര്‍ സംഘടിപ്പിക്കുന്ന മത സംഘടനകളില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. സ്വയം സംഘടിക്കാന്‍ അവരെ അനുവദിച്ചിരുന്നുമില്ല. സ്ത്രീ ജനങ്ങളെ ഈ പതിതാവസ്ഥയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവരെ ഖുര്‍ആന്‍ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജി.ഐ.ഒ തീരുമാനിച്ചു. സ്ത്രീകളില്‍ വായനാശീലം വളര്‍ത്താനായിരുന്നു ജി.ഐ.ഒയുടെ ആദ്യശ്രമം. ഇതിന്റെ തുടക്കമായി മുന്നോട്ടുവെച്ച നവീനാശയമായിരുന്നു ജി.ഐ.ഒ പ്രവര്‍ത്തകരുടെ വീടുകളില്‍ ചെറിയ ഹോം ലൈബ്രറികള്‍ സ്ഥാപിക്കുക എന്നത്. പുസ്തകങ്ങള്‍ സ്വയം വായിച്ചു പഠിക്കുന്നതോടൊപ്പം സ്വന്തം കുടുംബത്തിലും അയല്‍പക്കങ്ങളിലുമുള്ള സ്ത്രീകളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. സ്ത്രീകളെ ഉദ്ബുദ്ധരാക്കാന്‍ ഈ പരിപാടി ഒട്ടൊക്കെ സഹായകമായി. വിദ്യാര്‍ഥിനികള്‍ക്കിടയില്‍, തെരഞ്ഞെടുക്കപ്പെട്ട സൂറകളുടെ അര്‍ഥവും വിശദീകരണവുമടങ്ങുന്ന കൊച്ചു പുസ്തകങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മറ്റൊരു പരിപാടി. റമദാനില്‍ പ്രത്യേക സ്റ്റഡി ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 1984-ലെ പോളിസി-പ്രോഗ്രാമില്‍ സംസ്ഥാനത്ത് വനിതകള്‍ക്കായി ആയിരം ഖുര്‍ആന്‍-ഹദീസ് പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടു. ഖുര്‍ആന്‍ ദര്‍സുകള്‍ തുടക്കം മുതലേ ജി.ഐ.ഒ യോഗങ്ങളുടെ മുഖ്യ അജണ്ടയാണ്.
ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് അയക്കുന്ന ത്രൈമാസ സര്‍ക്കുലറുകളില്‍ ഖുര്‍ആന്‍-ഹദീസ് പഠനത്തിന്റെ പ്രാധാന്യം പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. ഒപ്പം ഖുര്‍ആനില്‍നിന്ന് ഹൃദിസ്ഥമാക്കേണ്ട ഭാഗം നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യുന്നു. ജമാഅത്ത് നാടെങ്ങും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ക്ലാസ്സുകളാരംഭിച്ചപ്പോള്‍ സ്ത്രീജനങ്ങളെ ആ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുന്നതില്‍ ജി.ഐ.ഒ വഹിച്ച പങ്ക് വളരെ വലുതാണ്. സെന്റര്‍ നടത്തുന്ന ഖുര്‍ആന്‍ പരീക്ഷകളില്‍ എന്നും ഉയര്‍ന്ന റാങ്കുകള്‍ നേടുന്നത് വനിതകളാണ്. 1995 മുതല്‍ ഉയര്‍ന്ന മത-ഭൗതിക കലാലയങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഖുര്‍ആന്‍ ക്ലാസ്സുകളൊരുക്കാന്‍ ജി.ഐ.ഒ ശ്രമിച്ചുതുടങ്ങി. ഇന്നിപ്പോള്‍ പ്രഫഷണല്‍ കാമ്പസുകളിലും ഹോസ്റ്റലുകളിലുമൊക്കെ ഖുര്‍ആന്‍ പഠനവും ദീനീചര്‍ച്ചകളും സജീവമായി നടക്കുന്നുവെന്നത് ചാരിതാര്‍ഥ്യജനകമാകുന്നു.
ഇന്ത്യയില്‍ ആദ്യമായി പെണ്‍കുട്ടികളുടേതു മാത്രമായ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചത് ജി.ഐ.ഒ ആണ്. പതിമൂന്ന് മുതല്‍ 25 വരെ വയസ്സുള്ള മൂവായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്ത ഈ പരിപാടി അറിയപ്പെട്ടത് ന്ധതര്‍ത്തീല്‍ത്സ എന്നാണ്. രാജ്യത്ത് പലയിടത്തും ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ നടക്കാറുണ്ടെങ്കിലും അതിലൊന്നും സ്ത്രീകളെ പങ്കെടുപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. അതിനാല്‍ ജി.ഐ.ഒയുടെ ന്ധതര്‍ത്തീല്‍ത്സ ഏറെ പ്രസക്തവും ശ്രദ്ധേയവുമായി. പാരായണ മത്സരത്തോടൊപ്പം ഖുര്‍ആനിന്റെ ആഴത്തിലുള്ള പഠനത്തിന് പ്രചോദനമേകുന്ന ഖുര്‍ആന്‍ ക്വിസ്സും നടത്തിയിരുന്നു. 2012-ല്‍ കോഴിക്കോട്ടും 2014-ല്‍ കണ്ണൂരിലും നടന്ന സംസ്ഥാനതല ന്ധതര്‍ത്തീല്‍ത്സ ജി.ഐ.ഒവിന്റെ ചരിത്രത്തിലെ വിപ്ലവാത്മക ഏടുകളാണ്.
തന്‍ശിഅഃ
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തുടക്കം മുതലേ വിദ്യാര്‍ഥി-യുവജനങ്ങളില്‍ ഖുര്‍ആനികബോധം വളര്‍ത്താന്‍ ശ്രമിച്ചുവരുന്നു. അതിന്റെ സമ്മേളനങ്ങളിലും ക്യാമ്പുകളിലും അനുപേക്ഷണീയമായ പരിപാടിയാണ് ഖുര്‍ആന്‍ പഠനം. ആധുനികവും പരമ്പരാഗതവുമായ വിഷയങ്ങളില്‍ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന പഠന ക്യാമ്പുകളിലും നടക്കാറുള്ളത് ഖുര്‍ആനിനെയും സുന്നത്തിനെയും ആധാരമാക്കിയുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ്. യുവതലമുറയില്‍ ഖുര്‍ആനിക ചിന്തയും ദീനീ ഉദ്ബുദ്ധതയും വളര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഏറെ സഹായകമാകുന്നു.
പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എസ്.ഐ.ഒ 2016-ല്‍ പ്രത്യേകം ആവിഷ്‌കരിച്ച ഇസ്‌ലാമിക പഠന സംരംഭമാണ് തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി. പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനും സുന്നത്തും ഉള്‍പ്പെടെയുള്ള ദീനീവിജ്ഞാനീയങ്ങളില്‍ അവഗാഹം നേടാന്‍ അവസരമൊരുക്കുകയാണ് തന്‍ശിഅയുടെ ലക്ഷ്യം. അതിനുപയുക്തമായ പാഠ്യപദ്ധതിയും പഠനരീതിയും തന്‍ശിഅഃ ആവിഷ്‌കരിച്ചിരിക്കുന്നു. പഠിതാക്കളില്‍നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിച്ച് ആവശ്യമായ പുസ്തകങ്ങളടങ്ങുന്ന സ്റ്റഡി കിറ്റ് തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി നല്‍കുന്നു. വിഷയാധിഷ്ഠിത പഠന(തഫ്‌സീര്‍ മൗളൂഈ) സ്വഭാവത്തിലാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. തൗഹീദ്, ആഖിറത്ത്, രിസാലത്ത്, അഖ്‌ലാഖ്, ഖിലാഫത്ത് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന. ആഴ്ചയില്‍ ഒന്നു മുതല്‍ ഒന്നര വരെ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസ്സുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ പന്ത്രണ്ട് പ്രഫഷണല്‍ കലാലയങ്ങളില്‍ ഇതിനകം ക്ലാസ്സുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഏകീകൃത സ്വഭാവമുള്ള മൂല്യനിര്‍ണയത്തിലൂടെ പഠിതാക്കളുടെ പഠനനിലവാരം വിലയിരുത്താനും തന്‍ശിഅഃ ഉദ്ദേശിക്കുന്നു. തന്‍ശിഅഃ വെബ്‌സൈറ്റും ക്ലാസ്‌റൂം ലക്ചറുകളുമാണ് മറ്റൊരു പ്രധാന പദ്ധതി. പണിപ്പുരയിലുള്ള അത് 2017 ആദ്യപകുതിയില്‍ പഠിതാക്കള്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും ഖുര്‍ആനില്‍ അവബോധവും ദീനീതാല്‍പര്യവുമുള്ള പ്രഫഷണല്‍ യുവാക്കളുടെ സാന്നിധ്യം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ കൈകാര്യം ചെയ്യുന്ന പ്രഫഷണല്‍ മേഖലകളെ അത് ഗുണപരമായി സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
ഖുര്‍ആന്‍ പഠനം പ്രചരിപ്പിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച ബഹുമുഖമായ പരിപാടികള്‍ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ സൃഷ്ടിച്ച വിപ്ലവം അനിഷേധ്യമാണ്. മത്സരാത്മകവും ബഹളമുഖരിതവുമായ ഖണ്ഡനമണ്ഡന ന്ധവഅ്‌ളുത്സകളേക്കാളും വാദപ്രതിവാദങ്ങളേക്കാളും ഫലപ്രദമായ സമൂഹ സംസ്‌കരണ മാര്‍ഗം ശാന്തമായും ഗുണകാംക്ഷയോടെയും ജനങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കുകയാണെന്ന് അത് തെളിയിച്ചു. ജമാഅത്ത് തുടക്കം കുറിച്ച ഖുര്‍ആന്‍ ക്ലാസ് സമ്പ്രദായം പില്‍ക്കാലത്ത് ഇതര സംസ്‌കരണ പ്രസ്ഥാനങ്ങള്‍ വ്യവസ്ഥാപിതമായി പിന്തുടര്‍ന്നു. പൊതുസമൂഹത്തില്‍ ഖുര്‍ആന്‍ പഠന താല്‍പര്യം പ്രബലമായി. യാഥാസ്ഥിതിക മതനേതൃത്വം തന്നെയും ഖുര്‍ആന്‍ പഠന-പ്രചാരണ മാര്‍ഗത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഖുര്‍ആന്‍ ക്ലാസ്സിനെ പരിഹസിക്കുകയും ബഹുജനങ്ങള്‍ ഖുര്‍ആനിന്റെ അര്‍ഥം പഠിക്കുന്നതില്‍ ആപത്ത് കാണുകയും ചെയ്തിരുന്നവര്‍ പോലും ഇന്ന് സ്ത്രീജനങ്ങള്‍ക്ക് വരെ ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ പരിഭാഷകളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു.
സാധാരണക്കാര്‍ക്ക് ഖുര്‍ആനികാധ്യാപനങ്ങള്‍ പ്രാപ്യമാകുന്ന മുറക്ക് അവരുടെ ദീനീസങ്കല്‍പം വികസ്വരമാകുന്നുണ്ട്. സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്ഷയോന്മുഖമാകുന്നു. ഇസ്‌ലാം ഏതാനും അനുഷ്ഠാനമുറകളും ആചാരങ്ങളും മാത്രമല്ലെന്നും സര്‍വതലസ്പര്‍ശിയായ ജീവിത സിദ്ധാന്തമാണെന്നും സാധാരണ വിശ്വാസികള്‍ വരെ മനസ്സിലാക്കുന്നു. അതവരുടെ ജീവിത വീക്ഷണത്തെയും വിശകലനത്തെയും സ്വാധീനിക്കുന്നു. പഴയകാല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ പ്രതിബദ്ധമായി രൂപംകൊണ്ട സംഘങ്ങളും, സമുദായ സംസ്‌കരണത്തിലും ശാക്തീകരണത്തിലും ഊന്നിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെ നേരായ പാതയിലൂടെ -സ്വിറാത്തുന്‍ മുസ്തഖീം- മുന്നോട്ടു ത്വരിപ്പിക്കുന്ന ശരിയായ ഇന്ധനം ഖുര്‍ആനാണ്. അതിനോടുള്ള സമീപനത്തെ ആശ്രയിച്ചിരിക്കുന്നു ഉമ്മത്തിന്റെ ഗതിവിഗതികള്‍ എന്ന വിചാരം കേരളീയ മുസ്‌ലിം സമൂഹത്തില്‍ സജീവമായിരിക്കുന്നുവെന്നത് ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് തുടക്കം കുറിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിന് തികച്ചും ചാരിതാര്‍ഥ്യജനകമാകുന്നു.
Comments