Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

"അധികാര  രാഷ്ട്രീയത്തിന്റെ ഹുങ്കും കൈയൂക്കും പതനവും- ഒരു ബംഗാൾ പാഠം'

പി.പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി

മേല്‍ ശീര്‍ഷകത്തില്‍ കേരളശബ്ദം പത്രാധിപ സമിതിയിലെ പ്രമുഖനായ ആര്‍. പവിത്രന്‍ 2023 ജനുവരി 16-ന്റെ (ലക്കം 2) കേരള ശബ്ദം വാരികയിലെഴുതിയ സുദീര്‍ഘ കുറിപ്പ്, വിപ്ലവ പാര്‍ട്ടിയെന്ന് മേനി നടിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് പയ്യെ പയ്യെ ദുഷിച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. കേവല ഭൗതികതയും തജ്ജന്യമായ ആര്‍ഭാടവും ആഡംബരവും വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും സംഘടനകളെയും ആന്തരികമായി കാര്‍ന്നുതിന്നുന്ന മാരകാര്‍ബുദങ്ങളാണെന്ന് തിരിച്ചറിയാന്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളില്‍ ഒരു പഴുതുമില്ലെന്നാണ് അനുഭവ സത്യം. ഇക്കാര്യം ഇടതു പക്ഷക്കാര്‍ക്ക് മാത്രം ബാധകമായ കാര്യവുമല്ല; കേവല ഭൗതികതയില്‍ മാത്രം ഊന്നിനില്‍ക്കുന്ന, ആത്മീയ സദാചാര മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത എല്ലാവര്‍ക്കും ബാധകമാണ്.
''... എന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടി യു.പി.എസ്.സി മത്സര പരീക്ഷയില്‍ മികച്ച റാങ്ക് കിട്ടിയതിനെത്തുടര്‍ന്ന് കേന്ദ്ര ആദായ നികുതി വകുപ്പില്‍ ഓഫീസര്‍ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയിലേക്കായിരുന്നു ആദ്യ നിയമനം... ഉദ്യോഗ ജീവിതം ആഹ്ലാദകരമായി മുന്നേറവെ ഒരു ദിവസം സംഘടനാ നേതാവ് കൂടിയായ ഒരു സഹപ്രവര്‍ത്തകന്‍ (അദ്ദേഹം ബംഗാളിയാണ്) ഒരാള്‍ കാണാന്‍ വന്നിരിക്കുന്നുവെന്ന് പറഞ്ഞു. സന്ദേഹത്തോടെ അയാളോടൊപ്പം റിസപ്ഷനില്‍ ചെന്നപ്പോള്‍ ബംഗാളി വേഷധാരിയായ ഒരാള്‍ കസേരയിലിരിക്കുന്നു. കണ്ടപാടെ ഒട്ടും മയമില്ലാത്ത പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു: നീ മലയാളിയാണ് അല്ലേ, അതാ ഇത്ര അഹങ്കാരം....
ഒന്നും മനസ്സിലാവാതെ പെണ്‍കുട്ടി പതറി നിന്നു.
നീ വന്നിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ. ഇതുവരെ പ്രൊധാനെ കാണാന്‍ സമയം കിട്ടിയില്ലേ? പരിഭ്രമിച്ചുപോയ പെണ്‍കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അതു മനസ്സിലാക്കിയ സഹപ്രവര്‍ത്തകര്‍ ചെറുപുഞ്ചിരിയോടെ വിശദീകരിച്ചു: 'പേടിക്കണ്ടാ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായ പ്രൊധാനാണ് ഈ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രിക്കുന്നത്. ആര് പുതുതായി വന്നാലും പ്രൊധാനെ വീട്ടില്‍ പോയി കണ്ട് അനുഗ്രഹം വാങ്ങാറുണ്ട്. പേടിക്കണ്ട, ഞാന്‍ കൂടെ വരാം.'
അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് സഹപ്രവര്‍ത്തകനുമൊത്ത് ലോക്കല്‍ നേതാവായ പ്രൊധാന്റെ (ലീഡര്‍) വീട്ടിലെത്തി. കാഴ്ചയില്‍ തന്നെ ആര്‍ഭാടം വ്യക്തമാക്കുന്ന രണ്ടു നില വീട്. പോര്‍ട്ടിക്കോവില്‍ വില കൂടിയ കാറും ടൂവീലറുകളും. ഒന്നര മണിക്കൂറോളം കഴിഞ്ഞു ഭൃത്യന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അകത്തേക്ക് ചെല്ല്.
മിടിക്കുന്ന ഹൃദയത്തോടെ സഹപ്രവര്‍ത്തകനോടൊപ്പം പെണ്‍കുട്ടി അകത്തേക്ക് കയറി. തൊഴു കൈകളോടെ പെണ്‍കുട്ടിയും സഹപ്രവര്‍ത്തകനും നിന്നു. പെണ്‍കുട്ടിയെ തറപ്പിച്ചുനോക്കി നേതാവ് ഗര്‍ജിച്ചു: 'നിനക്കിവിടത്തെ ചിട്ടവട്ടങ്ങളൊന്നും ഒരുത്തനും പറഞ്ഞുതന്നില്ലേ?' പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല. നേതാവ് തുടര്‍ന്നു: 'എല്ലാ മാസവും മൂന്നാം തീയതി എന്റെ ആള്‍ക്കാര്‍ വരും. ഇത്ര രൂപ (ഒരു തുക പറഞ്ഞു) ലെവിയായി കവറിലിട്ട് കൊടുത്തയക്കണം. അതിലൊരു വിട്ടുവീഴ്ചയും വരുത്തരുത്. മനസ്സിലായോ?' തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും ലെവി വാങ്ങിക്കൊണ്ടുപോകാന്‍ ആളെത്തിക്കൊണ്ടിരുന്നു.''
1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി മാര്‍ക്‌സിസ്റ്റ് ഭരണം നടന്നപ്പോള്‍ ബംഗാളില്‍ പാര്‍ട്ടി ദുഷിച്ചു, ക്ഷയിച്ചു, പിന്നെ തീരെ ദുര്‍ബലമായി. പവിത്രന്റെ തുടര്‍ന്നുള്ള വരികള്‍: ''.. പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് സി.പി.എം മന്ത്രിമാരായിരുന്നു. അതിലൂടെ ഭരണത്തിന്റെ സമസ്ത മേഖലകളുടെയും നിയന്ത്രണം പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ-ലോക്കല്‍ നേതാക്കളിൽ കേന്ദ്രീകരിക്കപ്പെട്ടു. ഭരണത്തിന്റെ ഗുണഭോക്താക്കള്‍ അവരായി മാറി. അണികള്‍ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടു. അക്രമവും കൊലകളും ധാരാളമായി നടന്നു; രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, ഭരണത്തില്‍ പങ്കാളികളായിരുന്ന ഘടക കക്ഷികളും ഒതുക്കപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അവരുടെ സീറ്റുകള്‍ വെട്ടിക്കുറക്കപ്പെട്ടു. 85 ശതമാനത്തിലേറെ സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. വരുതിയില്‍ നില്‍ക്കാത്ത പല കക്ഷികളെയും ഇല്ലായ്മ ചെയ്യാനും പുറത്താക്കാനും തന്ത്രങ്ങള്‍ പയറ്റി. രാഷ്ട്രീയ പാര്‍ട്ടികളുടെ അസ്തിത്വം ഇല്ലാതാക്കുംവിധം സീറ്റുകള്‍ പിടിച്ചെടുത്തതിന് പുറമെ, അത് വാപൊത്തി, അനുസരിക്കാത്തവരെ കുലംകുത്തികളും പിതൃശൂന്യരുമാക്കുകയും ചെയ്തു.
ജ്യോതിബസുവിന്റെ കാലത്താണ് ഇന്ത്യയില്‍ നക്‌സലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത്. ധാരാളം പേര്‍ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. നൂറുകണക്കിന് യുവാക്കള്‍ നിത്യരോഗികളായി. ഒരു അന്തര്‍ദേശീയ മനുഷ്യാവകാശ സമിതി വസ്തുതാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആണികള്‍ തറച്ച പലകകള്‍ കൊണ്ടായിരുന്നു മര്‍ദിച്ചിരുന്നത്. അവശിഷ്ടങ്ങൾ ഇല്ലാതാക്കാന്‍ ഉപ്പിട്ടായിരുന്നു മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്.
ഭരണത്തിന്റെ അവസാന ടേം ആയപ്പോഴേക്കും ഒരുതരം അരാജകാവസ്ഥ എല്ലാ രംഗങ്ങളിലും നടമാടി. ഇന്ത്യയിലെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളില്‍ ഒന്നായി ബംഗാള്‍ മാറി.
കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായി കൊട്ടിഘോഷിക്കപ്പെട്ടിരുന്ന  ജ്യോതിബസു നക്ഷത്ര ഹോട്ടല്‍ വ്യവസായിയായിരുന്ന മകന്‍ ഛന്ദന്‍ ബസുവിനൊപ്പം അതിസമ്പന്നര്‍ വസിച്ചിരുന്ന സാള്‍ട്ട് ലേക്കിലായിരുന്നു താമസിച്ചിരുന്നത്. ഇത് വിമര്‍ശന വിധേയമായെങ്കിലും ബസു തരിമ്പും വിലകല്‍പിച്ചില്ല.
33 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ഭരണത്തുടര്‍ച്ചയുടെ ആറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരള നേതൃത്വം കണ്ണ് തുറന്ന് കാണേണ്ടതുണ്ട്. അധികാര ഗര്‍വും ഹുങ്കും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും മര്യാദയില്ലാത്ത പദപ്രയോഗവുമൊക്കെ പുനര്‍വിചിന്തനത്തിന് വിധേയമാക്കണം. മാളികമുകളേറിയാല്‍ പിന്നെ ഒരിക്കലും താഴേക്കിറങ്ങി വന്നു നിലത്തു കാല് കുത്തേണ്ടിവരില്ലായെന്ന് ധരിച്ചു കളയരുത്; വിനയവും ക്ഷമയും എളിമയുമൊക്കെ നല്ല സ്വഭാവങ്ങളാണെന്ന് നേതാക്കള്‍ ആദ്യം മനസ്സിലാക്കണം. പിന്നെ അണികളെയും പഠിപ്പിക്കണം.''

 

 

വിവാദം അബദ്ധം മറച്ചു പിടിക്കാൻ

'കലോത്സവ വേദിയിലെ ഇസ്ലാമോ ഫോബിയ' എന്ന ശീർഷകത്തിൽ (3285) വന്ന കുറിപ്പ് വായിച്ചു.
ഇടതുപക്ഷം പ്രതിക്കൂട്ടിലായി വിയർത്തുപോകുമായിരുന്ന ഒരു വലിയ പിശകിനെ മറ്റൊരു വിവാദം ഉയർത്തി  തടയിടുകയാണ്  സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട കോലാഹലങ്ങളിൽ ആത്യന്തികമായി സംഭവിച്ചത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പീഡിത വിഭാഗങ്ങൾ തങ്ങളോടൊപ്പം നിലയുറപ്പിക്കണമെന്ന് പറയുന്ന ഒരു പാർട്ടിയുടെ സർക്കാരും പോഷക സംഘടനകളും സജീവമായ ഒരു പരിപാടിയിൽ സംഘ് പരിവാർ അജണ്ട തിരുകിക്കയറ്റിയ സംഭവം, ഫാഷിസത്തിന്റെ സാംസ്‌കാരിക കടന്നു കയറ്റത്തിൽ ഇടതുപക്ഷത്തിന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതായിരുന്നിട്ടും  വിവാദം മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നതിൽ അവർ  വിജയിച്ചു.
ഇസ്മാഈൽ പതിയാരക്കര

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി