ഓർമിച്ചാലെന്താ....?
ഞങ്ങളുടെ പൊതുസ്ഥലത്തിപ്പോൾ
വിലക്കിന്റെ അറിയിപ്പു നാട്ടിയിരിക്കുന്നു.
അതിനാൽ സ്നേഹം പങ്കിട്ടിരുന്നവരോടൊപ്പം
സല്ലപിച്ചിരിക്കാനാവുന്നില്ല,
അങ്ങനെയാണ് ഞാനിപ്പോൾ
കുട്ടിക്കാലം തേടി ഇറങ്ങിപ്പോവുന്നത്.
അവിടെ മതിൽകെട്ടുകളോ
മുള്ളുവേലികളോ ഇല്ലായിരുന്നു,
മുഖങ്ങൾക്കിടയിൽ
സംശയങ്ങളും ഭയാശങ്കകളും.
അന്നത്തെ രാത്രികൾ
എത്ര ശാന്തമായിരുന്നു,
ഗാഢമായ ഉറക്കിൽ വന്ന്
മനോഹരമായ സ്വപ്്നങ്ങൾ കൊണ്ട്
മാലാഖമാർ പൊതിയും.
ഇന്നലത്തെ രാത്രിയുറക്കിലേക്ക്
ഒരു ബുൾഡോസർ കിതച്ചുവന്നത്
നിങ്ങൾ അറിഞ്ഞില്ലായിരിക്കും
സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞാണ്
അത് പിൻവാങ്ങിയത്
പുറത്തെ ഓരോ ഇലയനക്കവും
എന്നെ അസ്വസ്ഥപ്പെടുത്തുന്നു,
പ്രതിഷേധിക്കാൻ പോലുമറിയാത്ത
എന്നെ എന്തിനാണ് ഭീതി പിന്തുടരുന്നത്?
ശരിയാ, രോഹിത് വെമുലയെ
ഞാൻ ഓർത്തിരുന്നു, നജീബിനെയും
എനിക്കൊന്ന് ഓർമിച്ചാലെന്താ,
ജീവിക്കാനുള്ള ആഗ്രഹങ്ങളിൽ നിന്നും
അവരെ പിടിച്ചു പുറത്തെറിഞ്ഞുകളഞ്ഞത്.
ഞങ്ങൾ ഒരുമിച്ചായിരുന്നു,
വയലുകളിൽ പന്തുതട്ടിയത്
ചൂണ്ടയെറിഞ്ഞ് മീൻപിടിച്ചത്
പൊതിച്ചോറ് പങ്കിട്ടെടുത്തത്.
അപ്പോൾ മറവിക്കു മീതെ ഓർമകൾ
ചിറകുവിടർത്തുന്നതാണല്ലേ കുറ്റം?
ഞാൻ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയോ
ഒച്ചവെച്ച് വിമർശിച്ചിരുന്നോ?
ഇല്ല, ഒരിക്കലുമില്ല
എന്നിട്ടും ഞാൻ കുറ്റങ്ങളിൽ പങ്കാളി,
എങ്കിൽ പിന്നെയെന്തിനു കാത്തിരിക്കണം.
വിസ്്മൃതിയുടെ കയങ്ങളിൽ നിന്നും
സത്യങ്ങളെ പുറത്തെടുക്കട്ടെ,
അവരെ അവരാക്കിത്തീർത്ത വസ്തുതകൾ.
അപ്പോൾ പിന്നെ വർത്തമാന കാലത്തെ
പ്രതിഷേധ വേദിയിൽ നമുക്ക് കണ്ടുമുട്ടാനാവും.
l
Comments