സി.പി മൂസ ഇരിമ്പിളിയം
സി.പി മൂസാ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ഇരിമ്പിളിയം പ്രാദേശിക ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം ഇരിമ്പിളിയം അങ്ങാടിയിൽ ദീർഘകാലമായി കച്ചവടം നടത്തിവരികയായിരുന്നു. പ്രദേശത്തെ പ്രസ്ഥാന പ്രവർത്തനങ്ങളുടെ ചാലക ശക്തിയും മുൻനിര പ്രവർത്തകനുമായിരുന്നു. ടി.പി ശംസുദ്ദീൻ മൗലവി, പി.കെ വൈദ്യർ, സി.പി കുഞ്ഞമ്മു സാഹിബ്, ഹൈദ്രു മാസ്റ്റർ, ബീരാവുണ്ണി മാസ്റ്റർ തുടങ്ങിയ ആദ്യ കാല പ്രവർത്തകരോടൊപ്പം മൂസാ സാഹിബും പ്രസ്ഥാന രംഗത്ത് സജീവമായി നിലകൊണ്ടു.
വീടും കച്ചവടവും പള്ളിയുമെല്ലാം അടുത്തടുത്തായതിനാൽ എല്ലാ പ്രാസ്ഥാനിക പരിപാടികളിലും മൂസാ സാഹിബിന്റെ സാന്നിധ്യമുണ്ടാവും. വീടിന്റെ തൊട്ടടുത്തുള്ള മസ്ജിദിന്റെ മേൽനോട്ടവും ദൈനം ദിന കാര്യനിർവഹണവും തന്റെ ബാധ്യതയായി ഏറ്റെടുത്തു. ജനസേവന പ്രവർത്തനങ്ങളിലും സജീവമായി. ആറാം ക്ലാസ് വരെ മാത്രം സ്കൂൾ വിദ്യാഭ്യാസം നേടിയ മൂസാ സാഹിബ് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിശ്രമ സമയങ്ങളിൽ ഖുർആൻ ഓതിപ്പഠിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പിൽക്കാലത്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതോടെ വായനയും പഠനവും സജീവമാക്കി. രോഗം മൂർഛിക്കുന്നത് വരെയും തഫ്ഹീമുൽ ഖുർആൻ സ്ഥിരമായി വായിച്ചിരുന്നു. കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിലും ശ്രദ്ധ ചെലുത്തി.
ഹാജി സാഹിബിന്റെ കാലം മുതൽ ഇരിമ്പിളിയത്ത് തുടക്കമിട്ട പ്രസ്ഥാനത്തിന്റെ ആദ്യ തലമുറയിലെ അവസാനത്തെ കണ്ണിയാണ് മൂസാ സാഹിബിന്റെ മരണത്തോടെ അറ്റു പോയത്.
ഭാര്യ: ബിയ്യുട്ടി. മക്കൾ: സാജിദ, മുഹമ്മദ് ഷാഫി.
ജമാഅത്ത് അംഗമായ മുഹമ്മദ് ഷാഫി സജീവ പ്രവർത്തകനും മികച്ച പ്രഭാഷകനുമാണ്.
Comments