Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

അപമാനം രാജ്യത്തിന്റെതല്ല, മോദി എന്ന വ്യക്തിയുടെതാണ്

എ. റശീദുദ്ദീൻ

നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഗൗതം അദാനിയെയും തുറന്നുകാട്ടി വിദേശ മാധ്യമങ്ങളില്‍ ഒന്നിനു പിറകെ മറ്റൊന്നായി പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ യഥാര്‍ഥത്തില്‍ എന്താണ് ലക്ഷ്യമിടുന്നത്? രണ്ട് ഭാഗങ്ങളായി പുറത്തു വിട്ട 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയില്‍ ഗുജറാത്ത് കലാപത്തെ മോദി നേര്‍ക്കുനേരെ സഹായിച്ചിട്ടുണ്ടെന്ന് ബി.ബി.സി തെളിവുകള്‍ നിരത്തുന്നത്  കാലം തെറ്റിയാണ്. ആ ഭൂതകാല അധ്യായത്തെ രാജ്യത്തെ നീതിന്യായ കോടതികള്‍ എന്നന്നേക്കുമായി അടച്ചുകഴിഞ്ഞു. ന്യൂനപക്ഷ സമൂഹങ്ങളെ ഇന്ത്യയില്‍ ആസൂത്രിതമായി വേട്ടയാടുന്നുണ്ടെന്ന രണ്ടാം ഭാഗത്തിലെ കണ്ടെത്തലുകള്‍ ഗുജറാത്തില്‍ മോദി തുടക്കമിട്ട വികല മാനസികാവസ്ഥയുടെ തുടര്‍ച്ചയായതുകൊണ്ട് ഏതോ പ്രകാരത്തില്‍ ഈ ഡോക്യുമെന്ററി കാലിക പ്രസക്തമാവുന്നുണ്ട്. എന്നാല്‍, മോദിയെയോ അദാനിയെയോ കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങളില്‍ ഒന്നുപോലും ഇന്ത്യയില്‍ ആര്‍ക്കും അറിയാത്തതോ പലപ്പോഴായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാത്തതോ അല്ല. നൂറ്റുക്കു നൂറ് ശതമാനവും സത്യസന്ധമാണ് ബി.ബി.സിയുടെ രണ്ട് എപ്പിസോഡുകളിലും പറഞ്ഞ കാര്യങ്ങള്‍. ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ സാമ്പത്തിക പോര്‍ട്ടല്‍ പുറത്തുവിട്ട വസ്തുതകള്‍ ഇന്ത്യക്കകത്ത് നേരത്തെ ചൂണ്ടിക്കാട്ടിയ പരണ്‍ജോയി ഗുഹാ താക്കൂര്‍ത്തക്കെതിരെ, അദാനി കമ്പനി കൊടുത്ത മാനനഷ്ട കേസ് ഇപ്പോഴും നടക്കുന്നുമുണ്ട്. അദാനി 1000 കോടി നികുതി വെട്ടിച്ചതിനെ കുറിച്ചും മോദി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത് 500 കോടി ലാഭമുണ്ടാക്കി കൊടുത്തതിനെ കുറിച്ചും താക്കൂര്‍ത്ത തയാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് അദാനി കമ്പനി ഗുജറാത്തില്‍ മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്തത്.
1.108 ട്രില്യണ്‍ രൂപയുടെ ആസ്തിയുള്ള ഗൗതം അദാനിയുടെ നികുതി വെട്ടിപ്പിന്റെ ആഴമാണ് ഹിന്‍ഡൻബര്‍ഗ് റിപ്പോര്‍ട്ട് തുറന്നുകാട്ടിയത്. മൗറീഷ്യസ് പോലുള്ള കള്ളപ്പണ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ കടലാസു കമ്പനികര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അദാനി ഗ്രൂപ്പിന്റെ രീതി. തുടര്‍ന്ന്, ഈ കമ്പനികളുമായി ശതകോടികളുടെ ബിസിനസ് നടത്തുന്നുവെന്ന് വ്യാജ രേഖകളുണ്ടാക്കി ഇന്ത്യയിലെ തന്റെ കമ്പനികളുടെ ഷെയർ വാല്യു പെരുപ്പിച്ചു കാട്ടും. നികുതി വെട്ടിപ്പിന്റെ, കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പുതിയ രീതികളാണിത്. താക്കൂര്‍ത്ത അതിന്റെ വളരെ ചെറിയ ഒരു അംശമേ ചൂണ്ടിക്കാണിച്ചിരുന്നുള്ളൂ. രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ അദാനിയുടെ തൊഴുത്തിലേക്ക് ആട്ടിത്തെളിച്ചതാണ് കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തെ ചിത്രം. എല്‍.ഐ.സിക്കു മാത്രം 23,500 കോടി നഷ്ടം വന്നതായാണ് കണക്ക്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുകളെ ഇന്ത്യയില്‍ ഏതാണ്ട് ഒറ്റക്കെന്നവണ്ണം സ്‌പോണ്‍സര്‍ ചെയ്യുന്ന അദാനി ഇതുപോലൊരു കള്ളപ്പണ, നികുതി വെട്ടിപ്പ് കേസില്‍ കുടുങ്ങുമ്പോള്‍ ഏതോ അര്‍ഥത്തില്‍ നരേന്ദ്ര മോദിക്കുള്ള പ്രഹരം കൂടിയായാണ് അത് മാറുന്നത്. ഒന്നുകില്‍ അത് മോദിയെ സംബന്ധിച്ചേടത്തോളം വ്യക്തിപരമാണ്, അതല്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കപ്പെട്ടതിലൂടെ മോദി ഭരണകൂടത്തിനേല്‍ക്കുന്ന തിരിച്ചടിയാണ്. വരാനിരിക്കുന്ന ഫോബ്‌സ് റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും വലിയ ധനികന്‍ എന്ന ബഹുമതി അദാനിയെ തേടിയെത്താനിരിക്കെയാണ് അദ്ദേഹം നാണക്കേടിന്റെ കാണാക്കയങ്ങളിലേക്ക് നിലതെറ്റി വീണത്.
മോദിയും അദ്ദേഹത്തിന്റെ വലം കൈകളിലൊന്നുമാണ് അന്താരാഷ്ട്ര മീഡിയയില്‍ വിചാരണ ചെയ്യപ്പെട്ടത്. കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു സംഭവ വികാസങ്ങളെയും വിശകലനം ചെയ്യുന്നിടത്ത് തെറ്റു പറ്റിയാല്‍ ഇപ്പോഴുള്ളതിനെക്കാളും മോശപ്പെട്ട സാഹചര്യങ്ങളിലേക്കാണ് ഇന്ത്യ എത്തിച്ചേരാന്‍ പോകുന്നത്. ഇന്ത്യയെന്നാല്‍ മോദിയും അദാനിയുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കിത് രാജ്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന, കൊളോണിയല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമായാണ് മോദിയുടെ ആരാധകര്‍ ബി.ബി.സിയുടെ ഡോക്യുമെന്ററികളെ കാണുന്നത്. എന്നാല്‍, ഒരു നിമിഷം ശാന്തമായി ആലോചിക്കുക: ഇന്ത്യയെയോ മോദിയെയോ ഇപ്പോള്‍ ലക്ഷ്യം വെക്കേണ്ട അത്യാവശ്യം ആര്‍ക്കാണുള്ളത്? നരേന്ദ്ര മോദി 'വിശ്വഗുരു' ആണെന്നും മറ്റും ബി.ജെ.പിക്കാര്‍ക്ക് ബഡായി പറയാന്‍ കൊള്ളാമെന്നല്ലാതെ അത്തരമൊരു നിലവാരത്തിലേക്ക് അദ്ദേഹം ഇനിയും ഉയര്‍ന്നിട്ടില്ല. കോവിഡും പശുവിറച്ചി കൊലപാതകങ്ങളും പൗരത്വ നിയമവുമൊക്കെ വിദേശ മാധ്യമങ്ങള്‍ മോദിക്കെതിരെ പലതവണ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ചക്കെടുത്തിട്ടുണ്ട്. 2019 മെയ് മാസം അദ്ദേഹത്തിന്റെ മുഖചിത്രത്തിന് 'ഇന്ത്യയെ വെട്ടിമുറിക്കുന്ന പ്രധാനി' (India's Divider in Chief) എന്ന തലക്കെട്ട് നല്‍കാന്‍ ടൈം വാരിക തയാറായതോര്‍ക്കുക (Time, May 20, 2019). ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂനിയനുമൊക്കെ യാത്രാ വിലക്ക് പ്രഖ്യാപിച്ച, അനഭിമതനായ  വ്യക്തിയായിരുന്നു മോദി. ഇന്ത്യ എന്ന മഹത്തായ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ചുമതല ഏല്‍ക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഈ വിലക്ക് ഇല്ലാതായത്.
ഗുജറാത്ത് വംശഹത്യയുടെ ആസൂത്രകനെന്ന മോദിയുടെ പഴയ പ്രതിഛായ അന്താരാഷ്ട്ര രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നു തന്നെയാണ് ബി.ബി.സി ഡോക്യുമെന്ററി ഒരര്‍ഥത്തില്‍ ഓർമിപ്പിച്ചത്. പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ബി.ജെ.പി അവരുടെ അന്താരാഷ്ട്ര ഘടകങ്ങളെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിച്ച റാലികള്‍ മോദിയെ 'വിശ്വഗുരു'വാക്കി മാറ്റിയിരുന്നുവെങ്കിലും രേഖകളില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നര്‍ഥം.   ജി-20 അധ്യക്ഷനായതിനു ശേഷം തന്റെ ആഗോള പ്രതിഛായ മെച്ചപ്പെടുത്താനുള്ള ചില നീക്കങ്ങളിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. അപ്പോഴാണ് ബി.ബി.സി മോദിയെ കുറിച്ച യഥാര്‍ഥ ചിത്രം ലോകത്തെ ഓർമപ്പെടുത്തുന്നത്. തന്റെ പാപപങ്കിലമായ ഭൂതകാല ചെയ്തികള്‍ക്കേറ്റ അനിവാര്യമായ തിരിച്ചടി എന്നതിലപ്പുറം ഇതിനെ രാജ്യവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ജി-20 കൂട്ടായ്മയില്‍ മോദി അധ്യക്ഷനായത് ഒരു വ്യക്തി എന്ന നിലയിലല്ല, മറിച്ച് ഇന്ത്യക്കുള്ള അംഗീകാരമായിട്ടാണ്. ഓരോ രാജ്യവും മാറിമാറി ജി-20 കൂട്ടായ്മയെ നയിക്കേണ്ടതുകൊണ്ടാണ് അതിന്റെ അധ്യക്ഷ പദവി ഊഴമനുസരിച്ച് ഇത്തവണ ഇന്ത്യക്ക് ലഭിച്ചത്. അതിനെ ഒരു ഏണിയായി കണ്ട് ലോക നേതാവ് ചമയാനുള്ള മോദിയുടെ ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം വേണ്ടെന്നു വെക്കാന്‍ ബി.ബി.സിയുടെ ഈ റിപ്പോര്‍ട്ട് ഒരു നിമിത്തമായി എന്നേയുള്ളൂ.
യഥാര്‍ഥത്തില്‍ ഇന്ത്യ നാണം കെടുന്നത് ഗുജറാത്ത് വംശഹത്യയെ രഹസ്യമായും പരസ്യമായും ഇപ്പോഴും ആഘോഷിക്കുന്നതുകൊണ്ടാണ്. അതിലെ പ്രതികളെ രക്ഷപ്പെടുത്താനായി ഭരണകൂടം എല്ലാവിധ കള്ളക്കളികളും നടത്തുന്നതു കൊണ്ടാണ്. ഇന്ത്യയിലെ മാധ്യമങ്ങളും നീതിപീഠങ്ങളുമൊക്കെ സമീപ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ രാജ്യത്തിന്റെ പ്രതിഛായ കുത്തനെ ഇടിയാന്‍ വഴിയൊരുക്കുന്നത്. മോദിക്കെതിരെയുള്ള കേസുകള്‍ സാങ്കേതികമായ ന്യായങ്ങളുപയോഗിച്ച് തള്ളുകയും എന്നിട്ട് തെളിവുകള്‍ ഹാജരാക്കാന്‍ ശ്രമിച്ചവരെ പിടിച്ച് ജയിലില്‍ ഇടുകയുമൊക്കെ ചെയ്യുന്നത് ലോകം വീക്ഷിക്കുന്നുണ്ടെന്നാണ് ബി.ബി.സി ഡോക്യുമെന്ററി ഓർമപ്പെടുത്തുന്നത്. ഇന്ത്യയുടെ നീതിവാഴ്ചയും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ അന്താരാഷ്ട്ര റേറ്റിംഗ് വേദികളില്‍ കുത്തനെ താഴേക്ക് വരുന്നതില്‍ ഒരു പരിഭവവുമില്ലാത്ത മോദി സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തിന്റെ യശ്ശസ് ഇടിച്ചുതാഴ്ത്തുന്നതിന് മുഖ്യ കാരണക്കാരായി മാറുന്നത്. 
അന്താരാഷ്ട്ര തലത്തില്‍ ഇങ്ങനെയൊരു ആസൂത്രിത കടന്നാക്രമണംകൊണ്ട് ഇപ്പോള്‍ ആര്‍ക്കാണ് നേട്ടമുണ്ടാവുകയെന്നത് വ്യക്തമല്ല. എന്നാല്‍, മോദി വീഴുമ്പോഴും അദാനി തകരുമ്പോഴും ഇന്ത്യക്കകത്ത് വളരെ കൃത്യമായി തന്നെ അതിന് ഗുണഭോക്താക്കളുമുണ്ട്. രണ്ട് ദിനോസറുകളുടെ പാര്‍ക്കില്‍ മൂന്നാമതൊന്ന് വിരിഞ്ഞുണ്ടാവാന്‍ പോകുന്നുവെന്നാണ്, മോദിയെ ഇന്ത്യക്കകത്തു നിന്നാണ് ലക്ഷ്യം വെച്ചതെങ്കില്‍ അത് അര്‍ഥമാക്കുന്നത്. ബി.ബി.സിയിലൂടെ മോദിയെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ അപ്പുറത്ത് അദാനിയെ കൂടി തകര്‍ത്താലേ മതിയാവൂ എന്ന് ആരോ നല്ലതുപോലെ ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നും പറയാനാവും, അഥവാ ഈ രണ്ട് റിപ്പോര്‍ട്ടുകളും ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമാണെങ്കില്‍. രണ്ടും ഒരുമിച്ചു സംഭവിച്ചതാണോ അതോ യാദൃഛികമാണോ എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. അദാനിയുടെ മാര്‍ക്കറ്റ് നിലംപതിച്ചു തുടങ്ങിയപ്പോള്‍ വീഴുന്ന കൊമ്പനെ ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകള്‍ കൂട്ടത്തോടെ താങ്ങി നിര്‍ത്തിയത് ശ്രദ്ധിക്കുക. അദാനിയുടെ ഓഹരികള്‍ വളരെ കൃത്യമായ ഒരു പൊതു ധാരണയുടെയോ അല്ലെങ്കില്‍ മുകളില്‍ നിന്നുള്ള ഉത്തരവിന്റെയോ അടിസ്ഥാനത്തിലെന്ന വണ്ണം ഈ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുകയാണുണ്ടായത്. തത്ത്വത്തില്‍ രാജ്യത്തിന്റെ പൊതു ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് ഒരു സ്വകാര്യ മുതലാളിയെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്തത്.
അദാനിക്കെതിരെയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ടാണ് തയാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. മോദിക്കെതിരെയുള്ളതാകട്ടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ബി.ബി.സിയുടെ കൈയിലുണ്ടായിരുന്ന, പലപ്പോഴും അവര്‍ തന്നെ പുറത്തുവിട്ട വാര്‍ത്തകളുടെ സംഗ്രഹരൂപവുമാണ്. ഇന്ത്യക്കകത്ത് എന്നും ഈ വംശഹത്യയെ ആഘോഷിച്ച സംഘ് പരിവാര്‍ പക്ഷേ, രാജ്യത്തിന് വെളിയില്‍ മോദിയുടെ 'ഹിന്ദു വിരാട് പുരുഷ്' ഇമേജിനെ വല്ലാതെയൊന്നും പൊലിപ്പിച്ചു കാട്ടാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കകത്ത് ഈ ഡോക്യുമെന്ററി മോദിയുടെ യഥാര്‍ഥ പ്രതിഛായ കൂടുതല്‍ ആളുകളിലേക്കെത്താന്‍ സഹായിക്കുമെന്നും അത് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വിദ്വേഷ പ്രചാരണത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതാണ് നിലവില്‍ ഇന്ത്യക്കകത്ത് സംഭവിക്കുന്നതും. എന്നാല്‍, രാജ്യത്തിന് വെളിയില്‍ അതങ്ങനെയാവരുതെന്നും മോദിയും കേന്ദ്ര സര്‍ക്കാറും ആഗ്രഹിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ ബി.ബി.സിയില്‍ എന്തുകൊണ്ട് ഇത് പ്രത്യക്ഷപ്പെടാനിടയായി എന്ന ചോദ്യം കുറെക്കൂടി പ്രസക്തമായി മാറുന്നു.
അകത്തുള്ളവര്‍ തന്നെയാവും ഈ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ എന്നാണ് സാധ്യതകളുടെ ലോകത്ത് ബാക്കിയാവുന്ന സാമാന്യ ബുദ്ധിയുടെ ഏറ്റവും വലിയ ഉത്തരം. മോദിയോടും അദാനിയോടും വിരോധമുള്ള ബിസിനസ് താല്‍പര്യങ്ങളുടെ സാധ്യതയാണ് ഇതിലൊന്ന്. അതിന്റെ രണ്ടറ്റങ്ങളും ഒരുപോലെ കൂട്ടിമുട്ടിക്കുക എളുപ്പമല്ലാത്തതു കൊണ്ടും, ഹിന്‍ഡന്‍ബര്‍ഗ് അന്വേഷിച്ചു തുടങ്ങിയാല്‍ ഇന്ത്യയിലെ ഒരു ബിസിനസ് സംരംഭവും മേല്‍പ്പടി തട്ടിപ്പുകള്‍ക്കപ്പുറത്ത് രാജ്യത്തിന്റെ നികുതി നിയമങ്ങള്‍ക്ക് വിധേയമല്ലാത്തതുകൊണ്ടും ബിസിനസ് പകപോക്കലിന്റെ സാധ്യത അങ്ങേയറ്റം ദുര്‍ബലമാകുന്നുണ്ട്. പിന്നെയുള്ളത് രാഷ്ട്രീയ എതിരാളികളാണ്.  ഭാരത് ജോഡോ യാത്രയുമായി ഇന്ത്യ മുഴുവന്‍ നടന്നുതീര്‍ത്ത രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇപ്പോള്‍ എന്തിനത് ചെയ്യണം! കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഭാരത് േജാഡോ യാത്രയെ ഒരിക്കലും ബി.ബി.സി നീക്കവുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ കഴിയില്ല. മാത്രമല്ല, മോദിയുടെ യഥാര്‍ഥ 'വിപണന മൂല്യാങ്കം' ശുദ്ധ വര്‍ഗീയതയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ സമീപകാല ഇന്ത്യയിലെ അതിശക്തമായ രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിരുന്നു ഭാരത് ജോഡോ യാത്ര. അതിലെവിടെയും രാഹുല്‍ ഗുജറാത്ത് കലാപം എടുത്തു പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക. 
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിയമപരമോ ധാർമികമോ ആയ ഒരു നീക്കവും ഈ റിപ്പോര്‍ട്ടിലൂടെ ഇന്നത്തെ ഇന്ത്യയില്‍ നേടിയെടുക്കാനില്ല. നരേന്ദ്ര മോദിക്കെതിരെയുള്ള തെളിവുകള്‍ ഇതിനെക്കാളും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ പോലും ഒടുവില്‍ സുപീം കോടതിയില്‍ തോറ്റു പിന്‍വാങ്ങിയതാണ് നിലവിലുള്ള ചിത്രം. മോദിക്കെതിരെ ഇനിയൊരു കേസു കൊടുക്കാനുള്ള സാധ്യതകളെ സുപ്രീം കോടതി അടച്ചുകളയുകയും ചെയ്തിട്ടുണ്ട്. മോദി ഭക്തരായി മാറിക്കഴിഞ്ഞ ഇന്ത്യക്കാരില്‍ ചെറിയൊരു ശതമാനത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഈ ഡോക്യുമെന്ററികളിലൂടെ കഴിയുമെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷേ അറിയുക, ബി.ബി.സി പറഞ്ഞ അതേ കാര്യങ്ങള്‍ നേട്ടമായി അംഗീകരിച്ചു തന്നെയാണ് മോദിയെ രാജ്യം ഇത്രയും കാലം പിന്തുണച്ചത്. ഇവ പൊതു സമൂഹത്തില്‍ ഒരു കാമ്പയിനിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യാന്‍ പോകുന്നതും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി