സംഘട്ടനമല്ല, സംവാദമാണ് സമാധാനത്തിന്റെ വഴി
പോയ വാരത്തില്‍ സമാധാന പ്രേമികള്‍ക്ക് ഒരല്‍പം ആശ്വാസം പകരുന്ന രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒന്നാമത്തേത് അങ്ങ് ദല്‍ഹിയിലും മറ്റേത് ഇങ്ങിവിടെ കൊച്ചിയിലും. ഒന്നാമത്തേതിന് ദേശീയ പ്രാധാന്യമുണ്ടെങ്കില്‍ രണ്ടാമത്തേത് മലയാളികള്‍ക്കെങ്കിലും താല്‍പര്യമുണര്‍ത്തുന്നതും പ്രതീക്ഷക്ക് വക നല്‍കുന്നതുമാണ്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി 2024-ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത അജണ്ട പ്രകാരം മുസ്്‌ലിം ന്യൂനപക്ഷത്തെ-വിശിഷ്യാ അവരിലെ പസ്മാന്ദകളെ- പാര്‍ട്ടിയോടടുപ്പിക്കാനുള്ള പരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അതേസമയം ഹിന്ദുത്വ ഭരണത്തിന്റെ യഥാര്‍ഥ പശ്ചാത്തല ശക്തിയായ ആര്‍.എസ്.എസ് നേരത്തെ തന്നെ ഇന്ദ്രേഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി മുസ്്‌ലിം കൂട്ടായ്മകളുമായും വ്യക്തികളുമായും ആശയവിനിമയവും സമ്പര്‍ക്കവും തുടര്‍ന്നുവരുന്നുമുണ്ട്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ രണ്ട് ഗ്രൂപ്പുകളില്‍ ഒന്നിന്റെ മേധാവി മഹ്്മൂദ് മദനിയുമായി ആര്‍.എസ്.എസ് നേതൃത്വം ബന്ധം സ്ഥാപിച്ചിരുന്നു. അതുപോലെ ലഖ്‌നൗ നദ്്വത്തുല്‍ ഉലമാ സ്ഥാപനത്തിലെ പ്രമുഖ പണ്ഡിതനും മൗലാനാ അബുല്‍ ഹസന്‍ നദ്‌വിയുടെ സഹോദര പുത്രനുമായ ഡോ. സല്‍മാന്‍ നദ്്വിയുമായും ബന്ധപ്പെട്ടിരുന്നു. മൗലിക സമസ്യകളിലൊന്നിലും ഒരു വിട്ടുവീഴ്ചക്കും സംഘ് പരിവാര്‍ നേതൃത്വം തയാറല്ലെന്നതാണ് മുസ്്‌ലിം പക്ഷത്തുനിന്ന് അവരോട് സംവദിക്കാന്‍ സന്നദ്ധരായവരെയെല്ലാം കുഴക്കിയ പ്രതിസന്ധി. ഏറ്റവുമൊടുവില്‍ ജനുവരി 14-ന് ദല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ വസതിയില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്്‌ലാമി ഹിന്ദ്, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നീ സംഘടനകളുടെയും ചില ശീഈ സംഘടനകളുടെയും പ്രതിനിധികളും മുന്‍ ഇലക്്ഷന്‍ കമീഷണർ എസ്.വൈ ഖുറൈശിയടക്കമുള്ള പ്രമുഖ വ്യക്തികളും ആര്‍.എസ്.എസ് പക്ഷത്ത് നിന്ന് ഇന്ദ്രേഷ് കുമാര്‍, രാം ലാല്‍, കൃഷ്ണഗോപാല്‍ മുതല്‍ പേരും സമ്മേളിച്ചു വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതാണ് ശ്രദ്ധേയമായ സംഭവം. സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് ഈയിടെ സംഘ് ജിഹ്വകളായപാഞ്ചജന്യക്കും ഓര്‍ഗനൈസറിനും നല്‍കിയ അഭിമുഖത്തില്‍, കഴിഞ്ഞ ആയിരം കൊല്ലമായി ഹിന്ദുക്കള്‍ ആഭ്യന്തര ശത്രുക്കള്‍ക്കെതിരായ യുദ്ധത്തിലാണെന്നും മുസ്്‌ലിംകള്‍ മേധാവിത്വ മനസ്സ് ഉപേക്ഷിച്ചാല്‍ അവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ വിരോധമില്ലെന്നുമൊക്കെ തുറന്നു പറഞ്ഞതും ചര്‍ച്ചാ വിഷയമായി. പക്ഷേ, ഭാഗവത് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സന്ദര്‍ഭത്തില്‍നിന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ അടർത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നുവെന്നുമുള്ള വിശദീകരണമാണ് ആര്‍.എസ്.എസ് വക്താക്കള്‍ നല്‍കിയത്. ബാബരി മസ്ജിദ് പ്രശ്‌നം കെട്ടടങ്ങിയപ്പോള്‍ കാശി, മഥുര എന്നീ സ്ഥലങ്ങളിലെ മുസ്്‌ലിം ആരാധനാലയങ്ങളുടെ മേല്‍ അവകാശവാദവുമായി ഹിന്ദുത്വ ശക്തികള്‍ രംഗത്തുവന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ വിദ്വേഷ പ്രസംഗങ്ങള്‍ കാരണമാവുന്നുണ്ടെന്ന അഭിപ്രായത്തോട് യോജിച്ച ഹിന്ദുത്വ പ്രതിനിധികള്‍ അത് നിയന്ത്രിക്കാനുള്ള ശ്രമമുണ്ടാവുമെന്ന് സൂചന നല്കി. അലസിപ്പിരിയാതെ, ചര്‍ച്ച ഇനിയും തുടരുമെന്ന ധാരണയിലണ് ഇരുപക്ഷവും പിരിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
സംഘ് പരിവാറിന് അവരുടെ ഹിന്ദുരാഷ്ട്ര നിര്‍മിതി എന്ന അന്തിമ ലക്ഷ്യത്തില്‍നിന്ന് പിന്മാറുക സാധ്യമല്ലെന്നും ഇപ്പോള്‍ കൈവന്ന അഭൂതപൂര്‍വമായ അധികാരം ഒരു കാരണവശാലും കൈയൊഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധ്യമല്ലെന്നും വ്യക്തമാണ്. ഉന്മാദ ദേശീയതയില്‍ നിലയുറപ്പിച്ച ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക് മത ന്യൂനപക്ഷത്തോടുള്ള കടുത്ത വിദ്വേഷവും ശത്രുതയുമാണ് എളുപ്പ വഴികളെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് ന്യായീകരണം കണ്ടെത്താനാണ് ആയിരം കൊല്ലത്തെ യുദ്ധത്തെക്കുറിച്ചൊക്കെ ആക്രോശിക്കേണ്ടിവരുന്നത്. എത്രതന്നെ തിക്തമാണെങ്കിലും ഇതേപ്പറ്റിയൊക്കെ തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെ വിലയിരുത്താനും ഭരണഘടനാനുസൃതമായ പ്രതിരോധത്തിന്റെ ഫലപ്രദമായ വഴികള്‍ കൂട്ടായ ആലോചനകളിലൂടെ ആവിഷ്‌കരിക്കാനും അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് മുസ്്‌ലിം നേതൃത്വം തയാറാവണം. അല്ലെങ്കില്‍ തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം സമ്പൂര്‍ണ നാശമാവും ഫലം. ഈ അടിസ്ഥാന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെ രാജ്യം അടക്കിഭരിക്കുന്ന കക്ഷികളില്‍നിന്ന് സംവാദത്തിനും സംഭാഷണങ്ങൾക്കുമുള്ള ക്ഷണം ലഭിക്കുമ്പോൾ, അവരുടെ ലക്ഷ്യം എന്തായിരുന്നാലും അനുകൂലമായി പ്രതികരിക്കുന്നതാണ് വിവേകം, ബുദ്ധി.
സമുദായ സൗഹാര്‍ദത്തിന്റെ മഹല്‍ പാരമ്പര്യം മുറുകെപ്പിടിച്ച പാരമ്പര്യമുള്ള കേരളത്തില്‍ സമീപ കാലത്തായി ദൃശ്യമാവുന്ന തദ്വിഷയകമായ വിള്ളലുകളുടെയും അപായ സൂചനകളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ എറണാകുളം ലാ മെറിഡിയന്‍ ഹോട്ടലില്‍ വിളിച്ചു ചേർക്കപ്പെട്ട ഹിന്ദു-മുസ്്‌ലിം-ക്രൈസ്തവ നേതാക്കളുടെയും മത പണ്ഡിതന്മാരുടെയും പ്രമുഖരുടെയും സംഗമം കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപ്പറേഷന്‍ (സി.സി.സി) എന്ന പൊതു വേദിക്ക് രൂപം നല്‍കിയതാണ് സ്വാഗതാര്‍ഹമായ രണ്ടാമത്തെ കാല്‍വെപ്പ്. സാമുദായികമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ച് അന്തര്‍ സമുദായ ബന്ധങ്ങളെ ഉലക്കുന്ന പ്രവണതകള്‍ സംസ്ഥാനത്ത് ശക്തിപ്രാപിക്കാന്‍ അനുവദിച്ചുകൂടെന്ന് എല്ലാവരും സമ്മതിക്കും. ഇതിനെതിരെ എല്ലാ വിഭാഗക്കാരുമായ ജനങ്ങളെ ബോധവത്കരിക്കാനും ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനും ശക്തമായ കൂട്ടായ്മക്ക് രൂപം നല്‍കാന്‍ വേണ്ടിയാണ് സാമൂഹിക പ്രതിബദ്ധത മുമ്പും തെളിയിച്ച വ്യവസായ പ്രമുഖന്‍ ഗൾഫാര്‍ പി. മുഹമ്മദലി വിവിധ മത-സാംസ്‌കാരിക കൂട്ടായ്മകളുടെ നേതാക്കളെയും പൗരപ്രമുഖരെയും ഒരേ വേദിയില്‍ അണിനിരത്തിയത്. നേരത്തെ മുസ്്‌ലിം സംഘടനകളുടെ പൊതുവേദിയായ മുസ്്‌ലിം സൗഹൃദ വേദി രൂപവത്കരണത്തിന്റെ പിന്നിലും അദ്ദേഹം ഉണ്ടായിരുന്നല്ലോ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, കേരള നദ്്വത്തുല്‍ മുജാഹിദീന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്്‌ലിം ലീഗ്, ജമാഅത്തെ ഇസ്്‌ലാമി, എം.ഇ.എസ്, എംഎസ്.എസ് തുടങ്ങിയ സംഘടനകളില്‍ പെട്ട വ്യക്തിത്വങ്ങളോടൊപ്പം ഫാദര്‍ ഡോ. ആന്റണി വടക്കേക്കര, ഫാ. ജെണ്‍സന്‍ പുത്തന്‍വീട്ടില്‍, ഫാ. ഡോ. തോമസ് വര്‍ഗീസ്, സ്വാമി അസ്പര്‍ശനാനന്ദ, സ്വാമി ഹരിപ്രസാദ്, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ പങ്കെടുത്ത സംഗമം മതമൈത്രി ഊട്ടിയുറപ്പിക്കാനും ലഹരി, അശ്ലീലം, അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍, സാമൂഹിക വിവേചനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ബോധവത്കരണം നടത്താനും കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപ്പറേഷന്‍ (സി.സി.സി) എന്ന പേരില്‍ പൊതു വേദിക്ക് രൂപം നല്‍കിയതാണ് ഇന്നത്തെ സാഹചര്യത്തില്‍ എടുത്തുപറയേണ്ട നേട്ടം. 'ഇരുളിനെ പഴിച്ചു നേരം കളയാതെ വെളിച്ചത്തിന്റെ കൈത്തിരിയെങ്കിലും കൊളുത്തുക' എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുന്ന ഈ കാല്‍വെപ്പ്, മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും മറ്റു പലതിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്ന വിഷലിപ്ത പ്രചാരണങ്ങള്‍ക്ക് തടയിടുന്നതില്‍ തെല്ലെങ്കിലും വിജയിച്ചാല്‍ അത് നിസ്സാര നേട്ടമല്ല. സാമാന്യമായി പറഞ്ഞാല്‍ മലയാളി മനസ്സ് സമാധാനവും സൗഹൃദവും സദാചാരവുമാണ് ആഗ്രഹിക്കുന്നത്. അവരുടെ പിന്തുണയും സഹകരണവും ഈ കൂട്ടായ്മക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പുലരുന്ന ഓരോ പ്രഭാതത്തിലും ക്രൂരമായ കൊലപാതകങ്ങളുടെയും കോടികളുടെ തട്ടിപ്പിന്റെയും അറപ്പുളവാക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെയും ലഹരിയുടെ അപ്രതിഹത വ്യാ പനത്തിന്റെയും വാര്‍ത്തകള്‍ വാ യിക്കാനും കേള്‍ക്കാനും വിധിക്ക പ്പെട്ട പ്രബുദ്ധ കേരളം ഇനി എ ങ്ങോട്ട് എന്ന് ചിന്തിക്കേണ്ട സാഹ ചര്യത്തില്‍ ശുഭപ്രതീക്ഷയുടെ നേ രിയ സ്ഫുലിംഗമെങ്കിലും കാണാനാവുന്നത് ആശ്വാസകരമാണ്; പ്രത്യാശാജനകവും. l
Comments