പ്രഭാഷണത്തിന്റെ വൈലിത്തറ തിരമാല
വൈലിത്തറ എന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പാനൂര്‍ എന്ന ചെറിയ തീരദേശ ഗ്രാമത്തിലെ ഒരു വീട്ടുപേരായിരുന്നുവെങ്കിൽ മലബാറുകാർക്ക് അതൊരു മനുഷ്യന്റെ പേരായിരുന്നു. വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (1930-2023) അറിയപ്പെട്ടിരുന്നത് വൈലിത്തറ എന്ന ആ വീട്ടുപേരിലായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ജനങ്ങളുടെ മനസ്സിൽ അത്രക്ക് ആഴത്തിൽ പതിഞ്ഞ നാമമായിരുന്നു അത്. മൗലവിയുടെ നാടായ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ സാംസ്‌കാരിക സമ്മേളനത്തിൽ പതിനെട്ടുകാരനായ മുഹമ്മദിന്റെ പ്രസംഗം വേദിയുടെ ശ്രദ്ധ ആകർഷിച്ചു. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമി പ്രസംഗം കഴിഞ്ഞപ്പോൾ മുഹമ്മദിന്റെ കൈ പിടിച്ച് ‘വണ്ടര്‍ഫുള്‍ മാന്‍’ എന്ന് പറഞ്ഞ് സ്നേഹം ചൊരിഞ്ഞു. തന്റെ താമസസ്ഥലത്തിന് സമീപം അലയടിക്കുന്ന അറബിക്കടലിന്റെ തിരമാലകൾ പോലെ സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ ആ സ്വരം അലമാലകൾ തീർത്തു. തനി തിരുവിതാംകൂർ ഭാഷ കേരളത്തിലുടനീളം മുഴങ്ങി.
വേഷം കൊണ്ടും വാക്ചാതുരി കൊണ്ടും ഭാഷാ മികവ് കൊണ്ടും മതപ്രഭാഷണ വേദികളുടെ പരമ്പരാഗത രീതികൾ മാറ്റി തന്റെതായ ഇടമൊരുക്കുകയായിരുന്നു വൈലിത്തറ. ആവേശത്തിരമാല ഉയർത്തുന്ന വാചകമടികൾക്ക് പകരം ചിട്ടയായ പ്രയോഗങ്ങളിലൂടെ താൻ സംസാരിക്കുന്ന വിഷയങ്ങൾ കൃത്യമായും സദസ്സിന് പകർന്നു നൽകി. ചരിത്രവും സമകാലിക സംഭവങ്ങളും ചേർത്തു പറഞ്ഞുള്ള സഞ്ചാരമായിരുന്നു ഓരോ പ്രഭാഷണവും. അക്കാലത്ത് മത പ്രഭാഷകരിൽനിന്ന് അപൂര്‍വമായി മാത്രം കേട്ടിരുന്ന ഇംഗ്ലീഷ് പ്രയോഗങ്ങൾ വൈലിത്തറയുടെ നാവിൻ തുമ്പിൽനിന്ന് നിരന്തരം പെയ്തിറങ്ങി.
തെക്കൻ കേരളത്തിലാണ് പിറന്നതെങ്കിലും വേദികളധികവും ഉത്തര കേരളത്തിൽ, വിശേഷിച്ച് മലബാറിൽ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ വേദികളിൽ നിറയുമ്പോഴും എല്ലാറ്റിനും തന്റെതായ രീതികളുണ്ടായിരുന്നു. രാഷ്ട്രീയ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായി നല്ലയടുപ്പം സൂക്ഷിക്കുമ്പോഴും തന്റെ നിലപാടുകളിൽനിന്ന് ഒട്ടും പിറകോട്ട് പോയില്ല. ആരോഗ്യ നില വല്ലാതങ്ങ് പ്രയാസപ്പെടുത്തിയപ്പോഴും വൈലിത്തറ തന്റെ നിലപാടുകളുമായി പാനൂരിലെ കുടുംബവീട്ടിലെ പരിമിത സൗകര്യങ്ങളിൽ തൃപ്തനായി കഴിഞ്ഞു. അവിടെ സന്ദര്‍ശകരില്ലാത്ത സമയം കുറവായിരുന്നു. ആരു വന്നാലും തന്റെ തനത് പൊട്ടിച്ചിരിയോടെ സ്വീകരിച്ച് അടുത്തിരുത്തും. അതിഥികളെ സ്വീകരിക്കാനായി ഇരിപ്പിടത്തിനരികിൽ കുപ്പികളിൽ മധുരം നിറച്ച് വെച്ചിട്ടുണ്ടാവും. അത് സ്വീകരിക്കൽ സന്ദര്‍ശകന് നിര്‍ബന്ധമാണ്. ആരെങ്കിലും തെല്ല് മടി ഭാവിച്ചാൽ പിന്നെ മധുരത്തിനൊപ്പം ലഭിക്കുക ശകാരമാണ്. ആര്‍ക്കും ഇവിടേക്ക് വരാമായിരുന്നു. എല്ലാവര്‍ക്കും ചിരിയും വര്‍ത്തമാനവും മധുരവും, മടങ്ങുമ്പോൾ നിറയെ പ്രാര്‍ഥനകളും. l
Comments