Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

മുസ്‍ലിം നേതാക്കളും ആർ.എസ്.എസും തമ്മിൽ രണ്ടാം വട്ട സംഭാഷണം

ഹസനുൽ ബന്ന

ഏതാനും പ്രമുഖ മുസ്‍ലിം വ്യക്തിത്വങ്ങളുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയെന്നോണം ഏതാനും ആർ.എസ്.എസ് നേതാക്കൾ വിവിധ മുസ്‍ലിം നേതാക്കളുമായി ഇക്കഴിഞ്ഞ ജനുവരിയിൽ രണ്ടാമതൊരു സംഭാഷണത്തിനിരുന്നു. ആദ്യവട്ട സംഭാഷണത്തിൽ പ​ങ്കെടു​ത്ത മുസ്‍ലിം വ്യക്തിത്വങ്ങളിലൊരാളായ ജാമിഅ മില്ലിയ സർവകലാശാലാ മുൻ വൈസ് ചാൻസലറും മുൻ ദൽഹി ലഫ്റ്റനന്റ് ഗവർണറുമായ നജീബ് ജംഗിന്റെ വസതിയിലായിരുന്നു രണ്ടാം വട്ട കൂടിക്കാഴ്ച.
ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാർ, നേരത്തെ ബി.ജെ.പിയുടെ സംഘടനാ ചുമതല വഹിച്ച രാം ലാൽ, കൃഷ്ണ ഗോപാൽ എന്നിവരെയാണ് രണ്ടാം വട്ട ചർച്ചക്കായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നിയോഗിച്ചത്. ഒന്നാം വട്ട ചർച്ചയിൽ പ​​​ങ്കെടുത്ത മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, പഴയകാല മാധ്യമ പ്രവർത്തകൻ ശാഹിദ് സിദ്ദീഖി, ഹോട്ടൽ വ്യവസായി സഈദ് ഷെർവാനി എന്നിവർക്ക് പുറമെ മൗലാനാ നിയാസ് അഹ്്മദ് ഫാറൂഖി (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- മഹ്്മൂദ് മദനി), മൗലാനാ ഫദ്‍ലുർറഹ്്മാൻ (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- അർശദ് മദനി) മലിക് മുഅ്തസിം ഖാൻ (ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്), പ്രഫസർ ഫർഖാൻ ഖമർ, പ്രഫസർ റൈഹാൻ അഹ്്മദ് ഖാസ്മി, സൽമാൻ ചിശ്തി, അബ്ദുസ്സുബ്ഹാൻ എന്നിവരായിരുന്നു ഇക്കുറി മുസ്‍ലിം പക്ഷത്ത് നിന്നുണ്ടായിരുന്നത്. 
ആദ്യവട്ട സംഭാഷണത്തിന്റെ തുടർച്ചയായിരുന്നതിനാൽ ചർച്ചക്ക് മുമ്പ് വിവിധ മുസ്‍ലിം നേതാക്കൾ ഇരുന്ന്, ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് പരസ്പരം ധാരണയിലെത്തിയ ശേഷമാണ് ആർ.എസ്.എസുമായുള്ള രണ്ടാംവട്ട സംഭാഷണത്തിനിരുന്നത്. ആർ.എസ്.എസിന് മുന്നിൽ വെക്കാനുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി മുസ്‍ലിം നേതാക്കൾ കൂടിയിരുന്നത് ശാഹിദ് സിദ്ദീഖിയുടെ വീട്ടിലായിരുന്നു. ഈ  യോഗത്തിൽ പ​​​ങ്കെടുത്ത ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി ലയീക് അഹ്്മദ്, ആർ.എസ്.എസ് നേതാക്കളുമായുള്ള രണ്ടാം വട്ട സംഭാഷണത്തിൽ സംബന്ധിച്ച ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ എന്നിവർ ആർ.എസ്.എസുമായുള്ള രണ്ടാം വട്ട സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു. 
ഉന്നയിക്കാൻ തീരുമാനിച്ചത് 
അടിസ്ഥാന പ്രശ്നങ്ങൾ
അടിസ്ഥാനപരമായി സമുദായം രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങൾ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന് മുന്നിൽ ഉന്നയിച്ചുവെന്ന് ലയീക് അഹ്്മദ് പറഞ്ഞു. അതേക്കുറിച്ച് ഇരു കൂട്ടരും അവരവർക്ക് പറയാനുള്ളത് പറയുകയും ​പരസ്പരം കേൾക്കുകയും ചെയ്തു. ഏതൊക്കെ വിഷയങ്ങൾ ആർ.എസ്.എസിന് മുന്നിൽ ഉന്നയിക്കണമെന്ന് മുസ്‍ലിം സംഘടനകൾ പരസ്പരം സമവായത്തിലെത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അതിന്റെ പ്രതിനിധിയായി മലിക് മുഅ്തസിം ഖാനെ അയച്ചത്. അതിനാൽ, മുസ്‍ലിം സമുദായത്തിന് എന്താണ് പറയാനുള്ളതെന്ന വളരെ കൃത്യമായ സന്ദേശം ആർ.എസ്.എസിന് വിവിധ മുസ്‍ലിം സംഘടനാ പ്രതിനിധികളടങ്ങുന്ന സംഘം നൽകി.
   ആർ.എസ്.എസിനോടുള്ള സംഭാഷണം എന്തിലായിരിക്കണമെന്ന് മുൻകൂട്ടി ചർച്ച ചെയ്ത് കൃത്യമായ ധാരണയോടു കൂടി പോയതിനാൽ മുസ്‍ലിം നേതാക്കൾക്കിടയിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടായില്ല. മുസ്‍ലിം നേതാക്കൾ ഉന്നയിച്ച ചില പ്രശ്നങ്ങൾ അംഗീകരിക്കുന്നതിൽ ആർ.എസ്.എസ് നേതാക്കൾ വൈമനസ്യം പ്രകടിപ്പിച്ചു. ആർ.എസ്.എസ് മുഖപത്രങ്ങളായ പാഞ്ചജന്യത്തിലും ഓർഗനൈസറിലും വന്ന  മോഹൻ ഭാഗവതിന്റെ വിവാദ അഭിമുഖം അതിൽപെട്ടതായിരുന്നു. ആയിരം വർഷങ്ങളായി ഹിന്ദുക്കൾ യുദ്ധത്തിലാണെന്നും തങ്ങളാണ് മുകളിൽ എന്ന തോന്നൽ മുസ്‍ലിംകൾ ഉപേക്ഷിക്കണമെന്നുമുള്ള മോഹൻ ഭാഗവതിന്റെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് മുസ്‍ലിം നേതാക്കൾ പറഞ്ഞു.
  ആർ.എസ്.എസ് മുഖപത്രങ്ങളിൽ വന്നത് ഭാഗവതിന്റെ കേവലമൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നുവെന്നും യാദൃഛികമായി സംഭവിച്ചതാണെന്നുമായിരുന്നു ആർ.എസ്.എസ് നിലപാട്.  എന്നാൽ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ ആ അഭിമുഖം യാദൃഛികമായി സംഭവിച്ചതല്ലെന്നും ബോധപൂർവം നൽകിയതാണെന്നും മുസ്‍ലിം നേതാക്കൾ വ്യക്തമാക്കി. ഈ അഭിമുഖം ജനങ്ങൾ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് എന്താണോ ആർ.എസ്.എസ് അർഥമാക്കിയത് അത് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്നും മുസ്‍ലിം നേതാക്കൾ ആർ.എസ്.എസ് വാദത്തെ ഖണ്ഡിച്ചു.
രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങൾക്കും അതുവഴിയുണ്ടാക്കുന്ന മതധ്രുവീകരണ നീക്കങ്ങൾക്കും തടയിടണം എന്ന് മുസ്‍ലിം നേതാക്കൾ ആവശ്യപ്പെട്ടു. തങ്ങളും വിദ്വേഷം ആഗ്രഹിക്കുന്നില്ലെന്ന് ആർ.എസ്.എസ് പ്രതിനിധികൾ മറുപടി നൽകിയപ്പോൾ എന്നാൽ അത്തരമൊരു ശ്രമം ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് മുസ്‍ലിം നേതാക്കൾ ചോദിച്ചു. ‘സർക്കാർ നിങ്ങളുടെതാണ്; അധികാരത്തിലിരിക്കുന്നതും നിങ്ങളുടെ ആളുകൾ.  എന്നിട്ടും വിദ്വേഷത്തിനെതിരായ സമീപനം ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ലല്ലോ? വിദ്വേഷ പ്രചാരണങ്ങൾ രാജ്യത്തുണ്ടാകരുതെന്ന് ആർ.എസ്.എസ് പറയുമ്പോൾ ആ നിലപാട് പ്രവർത്തനത്തിലും കാണിക്കണം. സർക്കാർ നടപടികളിൽ അത്  പ്രതിഫലിക്കുകയും വേണം. ഓരോ ദിവസവും വിദ്വേഷ പ്രചാരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, വായ കൊണ്ട് ഈ പറയുന്നതിൽനിന്ന് അകലെയാണ് നിങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് വ്യക്തമാണ്. ഈ വൈരുധ്യം അംഗീകരിക്കാനാവില്ല.'- മുസ്‍ലിം പ്രതിനിധികൾ വ്യക്തമാക്കി. ആർ.എസ്.എസിന് മുമ്പാകെ മുസ്‍ലിംകൾക്ക് പറയാനുള്ളത് പറയണമെങ്കിൽ സംഭാഷണം തുടരേണ്ടതുണ്ട് എന്നും അതല്ലാതെ മറ്റു വഴികളില്ലെന്നുമുള്ള നിലപാടിലാണ് മുസ്‍ലിം സംഘടനാ പ്രതിനിധികൾ എത്തിയത്. മുസ്‍ലിംകൾക്ക് പറയാനുള്ളത് അവർക്ക് മുന്നിൽ വെക്കാൻ മാത്രമല്ല, വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷവും ഭീതിയും പടർത്തുന്ന തന്ത്രങ്ങളിൽനിന്ന് പിന്മാറാൻ അവർക്ക് മേൽ സമ്മർദങ്ങളുണ്ടാക്കുക എന്ന നിലയിലും  സംഭാഷണം തുടരേണ്ടത് അനിവാര്യമാണെന്ന് ലയീക് അഹ്്മദ് കൂട്ടിച്ചേർത്തു.
പറയാനുള്ളത് പറഞ്ഞു; അവരുടെ ഭാഗവും കേട്ടു
മുസ്‍ലിംകൾക്ക് ആർ.എസ്.എസിനോട് പറയാനുള്ളത് പറയാനും അവർക്ക് തിരിച്ചു പറയാനുള്ളത് കേൾക്കാനുമായിരുന്നു ആർ.എസ്.എസ് പ്രതിനിധികളുമായുള്ള മുസ്‍ലിം പ്രതിനിധികളുടെ ചർച്ചയെന്ന് മലിക് മുഅ്തസിം ഖാൻ പറഞ്ഞു. രാജ്യത്ത് മുസ്‍ലിംകൾ നേരിടുന്ന ക്രമസമാധാന പ്രശ്നങ്ങളും ആൾക്കൂട്ടക്കൊലകളും ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ബുൾഡോസർ രാഷ്ട്രീയവും വംശഹത്യാ മുനമ്പിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതും, ഭരണ-രാഷ്​ട്രീയ തലങ്ങളിലും ചിലപ്പോൾ കോടതികൾ തന്നെയും മുസ്‍ലിംകളോട് വിവേചനം കാണിക്കുന്നതും ആർ.എസ്.എസ് പ്രതിനിധികൾക്ക് മുന്നിൽ വെച്ചു. ഇതിന്റെയെല്ലാം ഫലമായി മുസ്‍ലിംകൾക്കെതിരെ ഹിന്ദു സമുദായത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വിദ്വേഷവും മുസ്‍ലിം നേതാക്കൾ ചൂണ്ടിക്കാട്ടി. മുസ്‍ലിംകളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഭൂമി പിടിച്ചെടുക്കുന്നതും അവസാനിപ്പിക്കുക, മുസ്‍ലിം ഭവനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയുള്ള ബുൾഡോസർ രാഷ്ട്രീയത്തിന് അറുതി വരുത്തുക, നിരപരാധികളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് തടയുക, മുസ്‍ലിംകൾ​ക്കെതിരെ വംശഹത്യക്ക് ആഹ്വാനമുയർത്തുന്നവർക്കെതിരെ നടപടിയെടുക്കുക, സർക്കാർ സംവിധാനങ്ങൾ മുസ്‍ലിംകൾക്കെതിരെ കൈക്കൊള്ളുന്ന വിവേചനപൂർണവും പക്ഷപാതപരവുമായ നടപടികൾ നിർത്തുക, വിദ്വേഷ പ്രചാരണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ആർ.എസ്.എസ് നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ മുസ്‍ലിം നേതാക്കൾ ഉന്നയിച്ചു.  
അതേസമയം ദേശീയത, ഗോവധം, മുത്ത്വലാഖ് തുടങ്ങിയ വിഷയങ്ങളും മുസ്‍ലിം ഭൂരിപക്ഷമുള്ള ബസ്തികളെയും മൊഹല്ലകളെയും കുറിച്ച്  തെറ്റായ ചില ധാരണകളും ആർ.എസ്.എസ് നേതാക്കൾ മുസ്‍ലിം നേതാക്കൾക്ക് മുന്നിലും വെച്ചു.
ഹിന്ദു -മുസ്‍ലിം ബന്ധം മെച്ചപ്പെടാൻ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് പുറമെ കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ് ഗാഹ് മസ്ജിദും മുസ്‍ലിംകൾ ക്ഷേത്ര നിർമാണത്തിന് കൈമാറണമെന്നും ആർ.എസ്.എസ് നേതാക്കൾ ആവശ്യപ്പെട്ട​ു.
അവർ അവർക്ക് പറയാനുള്ളതും മുസ്‍ലിം പ്രതിനിധികൾ അവർക്ക് പറയാനുള്ളതും പറഞ്ഞതല്ലാതെ പ്രാഥമിക ഘട്ടത്തിൽ ഇരു കൂട്ടരും തമ്മിൽ ഏതെങ്കിലും പ്രത്യേക വിഷയത്തിൽ കൃത്യമായൊരു സമവായത്തിലെത്തിയിട്ടില്ല.  ഇതര സമുദായങ്ങളുമായുള്ള സഹവർത്തിത്വം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മുസ്‍ലിം സമുദായത്തിനിടയിൽ അവബോധം സൃഷ്ടിക്കാൻ മുസ്‍ലിം നേതാക്കളും ഹിന്ദു സമുദായത്തിൽ വളർന്നുവരുന്ന വിദ്വേഷം തടയാൻ ആർ.എസ്.എസ് നേതാക്കളും നീക്കങ്ങൾ നടത്തണമെന്ന അഭിപ്രായമാണ് ചർച്ചയിലുണ്ടായത്. ഇരു കൂട്ടരും തമ്മിൽ തങ്ങൾക്ക് പറയാനുള്ളത് പറയാൻ ഇത്തരത്തിൽ സംഭാഷണം ഇനിയും തുടരേണ്ടതുണ്ട് എന്ന കാര്യത്തിൽ ആർ.എസ്.എസ് പ്രതിനിധികളും മുസ്‍ലിം പ്രതിനിധികളും യോജിപ്പ് പ്രകടിപ്പിച്ചുവെന്നും മലിക് മുഅ്തസിം ഖാൻ വ്യക്തമാക്കി.
l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി