Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

ഭീകരവാദത്തിന്റെ വേരും വളവും

പി.പി അബ്ദുർറസാഖ്

മുഖ്യധാരാ ചരിത്രമെന്നത് പലപ്പോഴും ന്യായ യുക്തമായ ചോദ്യങ്ങൾ പോലും ഉയരാൻ അനുവദിക്കാതെ  സാമ്രാജ്യത്വ ശക്തികൾ തന്നെ പടച്ചുവിടുന്ന ഒന്നാണ്. സാമൂഹിക മാധ്യമങ്ങൾ വികസിച്ച ഈ ആധുനിക കാലത്ത്  പോലും ആഗോള രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾക്ക് അമേരിക്കൻ  സാമ്രാജ്യത്വം നൽകുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ആഖ്യാനമോ വിശദീകരണമോ സാധ്യമാണോ? അവരുടെ പരാജയപ്പെടുന്ന ഓപ്പറേഷനുകൾക്ക് അവർ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായ ഏതെങ്കിലും ഭാഷ്യം പൊതു സ്വീകാര്യത നേടുമോ?  ഇല്ലെന്നതാണ് വാസ്തവം.  അമേരിക്ക ബിൻ ലാദിനെ വധിച്ചു ആരും കാണാതെ കടലിൽ താഴ്ത്തി!  അയ്മൻ സവാഹിരിയെ അദ്ദേഹം ഒളിച്ചിരിക്കുന്ന വീടിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഡ്രോൺ വിക്ഷേപിച്ചു കൊന്നു!!  ഈ ആഖ്യാനത്തെ കുറിച്ച് മുഖ്യ ധാരയിലുള്ള ആരെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉയർത്തിയോ? അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ‘ശക്തി’യെയും ‘അതിസൂക്ഷ്‌മ’വും ‘കൃത്യ’വുമായ ഓപ്പറേഷനൽ കേപ്പബിലിറ്റിയെയും  ‘കാര്യക്ഷമത’യെയും സംബന്ധിച്ച്  ലോകത്തെ ഇടക്കിടെ ബോധ്യപ്പെടുത്തുന്നതിന്റെ  ഭാഗമായി മുമ്പെങ്ങോ മരിച്ചെന്ന് ഉറപ്പു വരുത്തിയ ശത്രുവിനെ വീണ്ടും ‘കൊന്ന’താണോ എന്ന് ഏതെങ്കിലും മാധ്യമങ്ങൾ, പശ്ചാത്തലവും വാർത്തയിലെ മിസ്സിംഗ് ലിങ്കുകളുമൊക്കെ കണക്കിലെടുത്ത്  എന്തെങ്കിലും ചോദ്യങ്ങൾ ഉയർത്തിയോ?  ഇങ്ങനെ തന്നെയാണ് ദേശീയ സംഭവ വികാസങ്ങളിൽ  തദ്ദേശീയ ഭരണ കൂടങ്ങൾ നൽകുന്ന ഭാഷ്യങ്ങളും.
സാമ്രാജ്യത്വവും തദ്ദേശീയ ഭരണ കൂടങ്ങളും നടത്തുന്നതും, നേരത്തെ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യത്വങ്ങൾ പിന്നാമ്പുറങ്ങളിൽ നടത്തിയതുമായ ഉപജാപങ്ങൾ മറച്ചുപിടിക്കാൻ വേണ്ടി ചമക്കുന്ന കഥകളാണ് നമ്മൾ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ചരിത്രമായി പഠിക്കുന്നത് എന്ന് സാരം. നുണയെയും തമസ്കരണത്തെയും വ്യാജ പ്രചാരണങ്ങളെയും രാഷ്ട്രീയ ആയുധവും നയതന്ത്ര പാടവവുമായി കാണുകയും അതിൽ ധാർമികമായ ഒരു അതിർവരമ്പും ദീക്ഷിക്കാതിരിക്കുകയും, അത്തരം വിഷയങ്ങളിൽ ദൈവത്തിന് മുന്നിൽ ഉത്തരം പറയേണ്ടിവരുമെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ചരിത്രരചനയും അവരുടെ സങ്കുചിത താൽപര്യങ്ങൾക്കനുസരിച്ചുള്ള നുണകളുടെ കൂമ്പാരമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
‘ഭീകരവാദം’  സംബന്ധിച്ച വിവക്ഷ ഓരോ രാജ്യത്തിനും ജനസമൂഹത്തിനും ഓരോന്നാണ്. അതിന് ആഗോളതലത്തിൽ  പൊതു സ്വീകാര്യമായ ഒരു നിർവചനം ഇനിയും നൽകപ്പെട്ടിട്ടില്ല. ഒരു സമൂഹത്തിന്റെ വിമോചനപ്പോരാളികളെ അധിനിവേശ ശക്തികൾ ഭീകരവാദികളായാണ് ചിത്രീകരിക്കുക. ഏകാധിപതികളും സ്വേഛാധിപതികളും ഭരിക്കുന്ന നാടുകളിലെ ജനാധിപത്യ പോരാളികളെ  അതത് നാടുകളിലെ  സ്വേഛാധിപത്യ ഭരണകൂടങ്ങൾ ഭീകരവാദികളായി വിശേഷിപ്പിക്കും.
സെപ്റ്റംബർ പതിനൊന്ന് സംഭവത്തിനു ശേഷം പാശ്ചാത്യ- അമേരിക്കൻ ഭാഷയിൽ കൃത്യമായ മത- രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ ഒരു  അർഥകൽപന ‘ഭീകരവാദ’ ത്തിന് നൽകപ്പെടുന്നതായി കാണാം. ശത്രുക്കൾ ഇസ്്ലാമിനെയും മുസ്്ലിംകളെയും അപകീർത്തിപ്പെടുത്താൻ വേണ്ടി നിർമിച്ച പദാവലികൾ അതേപടി പ്രയോഗിക്കരുതെന്നത് ഖുർആനിക ശാസനയാണ്.  ഈ അർഥത്തിൽ മുസ്്ലിംകളിൽ ഭീകരവാദം ഇല്ലെന്നും കടുത്ത പീഡനങ്ങൾക്കും മർദനങ്ങൾക്കും വിധേയമാകേണ്ടിവരുന്ന അവരിലെ വളരെ ചെറിയ ന്യൂനപക്ഷം രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിനനുസരിച്ചു, കവിഞ്ഞാൽ വെറും പ്രതികരണവാദികൾ (Reactionists) ആയിട്ടാണ് മാറുന്നതെന്നും മനസ്സിലാക്കാം.  ഒരു ചെറിയ ന്യൂനപക്ഷത്തിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിലും, ഈ പ്രതികരണ വാദം ധാർമികമായി ശരിയാണോ തെറ്റാണോ, തെറ്റാണെങ്കിൽ എന്തു കൊണ്ടാണ് അത് തെറ്റാകുന്നത്, ഏത് സാഹചര്യത്തിലാണ് അത് സാധുവാകുക തുടങ്ങിയ കാര്യങ്ങൾ മറ്റൊരു പഠനത്തിന്റെ വിഷയമാണ്.
വിശാലമായ അർഥത്തിൽ, ‘രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് ഭരണകൂട സംവിധാനങ്ങളോ ഭരണകൂട ബാഹ്യശക്തികളോ സംഘടിതമായോ അല്ലാതെയോ അക്രമത്തെയും  ഹിംസയെയും ഉപയോഗിക്കുന്നതാണ് ഭീകരവാദം’ എന്ന് നിർവചിക്കാം.  ഭീകരവാദം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും അരാജകാവസ്ഥയും, അത് കാരണമായുണ്ടാകുന്ന സാമൂഹിക ശൈഥില്യവും, അത് ജി.ഡി.പിയിലും നിക്ഷേപാവസരങ്ങളിലും കയറ്റുമതിയിലും ഉണ്ടാക്കുന്ന ഗണനീയമായ കുറവും, പുറമെ ജീവ-ധനാദികളിലുണ്ടാക്കുന്ന നഷ്ടവും മറ്റെല്ലാ കുറ്റകൃത്യങ്ങളും ഒന്നിച്ചു ചേർന്നാലുണ്ടാകുന്നതിനെക്കാൾ കൂടുതലായിരിക്കും. ഒരു ഭരണകൂടത്തിനും ഊഹങ്ങളെയും  നിഗമനങ്ങളെയും മാത്രം ആശ്രയിച്ചു  ഭരണകൂട ബാഹ്യമായ ഭീകരതയെ പരാജയപ്പെടുത്താൻ സാധിക്കില്ല.  ഭരണാധികാരികളും ഭരണകൂടങ്ങളുടെ നയ സമീപനങ്ങൾക്ക് രൂപം നൽകുന്നവരും ലോകത്തുടനീളം വളർന്നുകൊണ്ടിരിക്കുന്ന ഈ ഭീഷണിയെ ഉന്മൂലനം ചെയ്യാനാവശ്യമായ ഉപാധികൾ വികസിപ്പിച്ചെടുക്കുന്നതിലും രാജ്യതന്ത്രജ്ഞത കാണിക്കേണ്ടതുണ്ട്.  മറ്റെല്ലാ സാമൂഹിക കുറ്റകൃത്യങ്ങളും ആർത്തി, ദാരിദ്ര്യം, വിദ്യാഭ്യാസ രാഹിത്യം, തൊഴിലില്ലായ്മ പോലുള്ള സാഹചര്യങ്ങളിൽനിന്നാണ് ഉറവകൊള്ളുന്നതെങ്കിൽ ഭീകരവാദത്തിന്റെ വിഷലിപ്ത വിത്ത് പൊട്ടിമുളക്കുന്നത് മത-രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്നാണ്. കഴിഞ്ഞ കാലത്തിന്റെ തടവറയിൽ കിടക്കാൻ വിധിക്കപ്പെട്ട ഒരു ജനതക്ക് അധിനിവേശം, അടിച്ചമർത്തൽ, അതിക്രമം, രാഷ്ട്രീയ അവകാശങ്ങളുടെയും പൗര സ്വാതന്ത്ര്യത്തിന്റെയും നിഷേധം തുടങ്ങിയ വേദനയേറിയ വർത്തമാന കാല അനുഭവങ്ങളുടെ തുടർച്ച കൂടി നേരിടേണ്ടി വരികയും, ആ അനുഭവങ്ങളെ പങ്കുവെക്കാനുള്ള സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യം അവരെ വീർപ്പ് മുട്ടിക്കുകയും ചെയ്യുമ്പോൾ ഭരണകൂട ബാഹ്യ ഭീകരവാദത്തിന്റെ ജന്മത്തിനും വളർച്ചക്കും സഹായകമാവുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.  ഈ വസ്തുത  ഭരണകൂടങ്ങൾക്ക് ഭീകരതയെ തടയുന്നതിനാവശ്യമായ ഉൾക്കാഴ്ച നൽകും.  ഒരു കാര്യം ഭരണകൂടങ്ങൾ മനസ്സിലാക്കിയേ തീരൂ: നിരപരാധികളെ കൊല്ലുകയും ജയിലിലടക്കുകയും അവർക്ക് അംഗ വൈകല്യം വരുത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരത, ഭരണകൂട ബാഹ്യ ഭീകരതയെ കുറക്കാനല്ല, പെരുക്കാൻ മാത്രമേ സഹായകമാവൂ.
9/11-നെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട, ഭീകരതക്കെതിരെയുള്ള ആഗോള യുദ്ധത്തിന്റെ എതിർഭാഗത്ത് എല്ലായിടങ്ങളിലും കാണാൻ സാധിക്കുക മുസ്്ലിംകളെയും ഇസ്്ലാമിനെയുമാണ്.  ഈ യുദ്ധത്തിന്റെ ഭാഗമായി   പട്ടാപ്പകൽ കൊലയും കൊള്ളയും നടത്തുന്ന പാശ്ചാത്യ ഭീകരശക്തികൾ മുസ്്ലിം ലോകം കണ്ണടച്ചു ഇരുട്ടാക്കിയതുകൊണ്ട് ഇല്ലാതാകില്ല. ‘ഭീകരത’ എന്നത് അവർ ഇസ്‌ലാമിനെയും മുസ്്ലിംകളെയും മാത്രം ലേബൽ ചെയ്യുന്നതിനു വേണ്ടി നീക്കിവെച്ച സംജ്ഞയാണ്. പ്രചണ്ഡമായ മീഡിയാ പ്രോപഗണ്ടയും നിക്ഷിപ്ത താൽപര്യക്കാരായ അധികാരശക്തികൾ ഉടമപ്പെടുത്തുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ആഗോള കാമ്പയിനും നടക്കുന്നു. ഇസ്്ലാമിന്റെ സാന്നിധ്യമാണ് പ്രശ്നത്തിന്റെ മൂല കാരണമെന്നും, ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്്ലിംകളാണ് മറ്റു ജനവിഭാഗങ്ങളുമായി ഏറ്റു മുട്ടിക്കൊണ്ടിരിക്കുന്നതെന്നും  സാധാരണക്കാരെ  തെറ്റിദ്ധരിപ്പിക്കാൻ ഇത് ഇടയാക്കുന്നു.
ഏതൊരു നിരീക്ഷകനും സംഗതി വളരെ കൃത്യവും വ്യക്തവുമാണ്: ഇതര മത- മതേതര ദർശനങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഇസ്്ലാമും മുസ്്ലിംകളും ആഗോള സാന്നിധ്യമുള്ള ദർശനവും ജനവിഭാഗവുമാണ്. ലോകത്ത് പ്രാക്ടീസ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മതവും ദർശനവും ഇസ്‌ലാമാണ്.  ഏറ്റവും കൂടുതൽ വളർന്നു കൊണ്ടിരിക്കുന്നതും അതുതന്നെ. അസത്യം നിരവധിയും സത്യം ഏകവുമാണ്. സത്യം ഏതെങ്കിലും വ്യക്തിയുടെയോ ഗോത്രത്തിന്റെയോ രാജ്യത്തിന്റെയോ നാമത്തിലാവുകയോ അവയിൽ മാത്രം പരിമിതപ്പെടുന്നതാവുകയോ ചെയ്യുക സംഭവ്യമല്ല. മനുഷ്യന്റെ ഭൂമിയിലെ ജീവിതാവശ്യങ്ങൾക്കാവശ്യമായ സകല ഭൗതിക സംവിധാനങ്ങളും ഒരുക്കിയ പ്രപഞ്ച സ്രഷ്ടാവും സംവിധായകനുമായ ഏക പരാശക്തി കാണിച്ചു തന്ന ജീവിതവഴിയാണിത്. അതാകട്ടെ മനുഷ്യ പ്രകൃതിയുടെ താളവുമാണ്.  അതാണ് എല്ലാ വേദങ്ങളിലും പറയപ്പെട്ട ജീവിതവ്യവസ്ഥയാകുന്ന ഇസ്്ലാം.
ഇതു തന്നെയായിരുന്നു എല്ലാ പ്രവാചകന്മാരും തങ്ങൾ അഭിമുഖീകരിച്ച ജനതതികളെ പഠിപ്പിച്ചതും. ഈ ഏക സത്യത്തിനെതിരെ അസത്യത്തിന്റെ സകല ദുശ്ശക്തികളും  ചേർന്ന് നടത്തുന്ന യുദ്ധത്തിന്റെ കാഹളമൂത്ത് നേരത്തെ തന്നെ നടന്നതാണ്. അതിന്റെ കുളമ്പടി ശബ്ദമാണ് ലോകം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന‘ഇസ്്ലാമിക ഭീകരത’യെ കുറിച്ച് ആരും സ്വാഭാവികമായും ചിന്തിക്കുകയും ചോദിക്കുകയും ആശങ്കിക്കുകയും ചെയ്തു പോകും. ഏറക്കുറെ ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഉത്ഭവിച്ച രാഷ്ട്രീയ-സാമൂഹിക പ്രതിഭാസമാണ്‌  മുസ്്ലിം പ്രതികരണ വാദ സംഘടനകൾ.  നേരത്തെ യൂറോപ്യൻ അധിനിവേശങ്ങൾക്കെതിരെ സമരം ചെയ്ത പാരമ്പര്യം അവർക്കുണ്ടായിരുന്നു.  അതുകൊണ്ടു കൂടിയാണ് മുസ്്ലിം സാന്നിധ്യം തീരെ ഇല്ലാതിരുന്ന അമേരിക്കൻ- ആസ്‌ത്രേലിയൻ ഭൂഖണ്ഡങ്ങളിൽ വംശീയ ‘ശുദ്ധീകരണം’ നടത്തിയതു പോലെ, സജീവ മുസ്്ലിം സാന്നിധ്യം ഉണ്ടായിരുന്ന ഏഷ്യൻ- ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യൻ അധിനിവേശ ശക്തികൾക്ക് വംശീയ ‘ശുദ്ധീകരണം’ സാധിക്കാതെ പോയതും. ഇസ്്ലാമിനെയും മുസ്്ലിംകളെയും സംബന്ധിച്ചേടത്തോളം ഭീകരത അവർക്ക് അന്യമാണ്. ഭീകര സംഘങ്ങൾ സാമ്രാജ്യത്വ സൃഷ്ടിയുമാണ്. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും താറടിച്ചു കാണിക്കാനും തേജോ വധം ചെയ്യാനും, അവയെ അടിച്ചമർത്താനുള്ള ന്യായം ചമക്കാനുമാണ്‌,   ഇത്തരം ഭീകര പ്രസ്ഥാനങ്ങൾക്ക് അവർ ജന്മം നൽകുന്നത്.  ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നതിന് മുമ്പ്, ആരാണ് യഥാർഥത്തിൽ ഭീകരവാദത്തിന്റെ ഉപ ജ്ഞാതാക്കളെന്നും, ചരിത്രപരമായി ഭീകരവാദം ആരുടെ സംഭാവനയാണെന്നും, അതിന്റെ വേരുകൾ എവിടെയാ ണെന്നും ആഴത്തിലും പരപ്പിലും സംഗ്രഹിക്കേണ്ടതുണ്ട്. l
(തുടരും )

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി