Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

ദൈവമുണ്ട്; ദൈവങ്ങളോ?

ജി.കെ എടത്തനാട്ടുകര

യഥാർഥ ദൈവം സ്രഷ്ടാവും 'ദൈവങ്ങൾ' സൃഷ്ടികളുമാണ്. ഈ സത്യം തിരിച്ചറിയലാണ് ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വീക്ഷണങ്ങൾ മനുഷ്യ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
അതു കൊണ്ടുതന്നെ, ആരാണ് യഥാർഥ ദൈവം എന്ന കാര്യം മനുഷ്യർക്കിടയിൽ ഒരു തർക്ക വിഷയമാണ്.
ഒരു യുക്തിവാദിയാവുന്നതിനു മുമ്പ് 'ദൈവങ്ങളിൽ' വിശ്വസിച്ചത് കേട്ടറിവിലൂടെയാണ്. യുക്തിക്കോ ബുദ്ധിക്കോ ഒരു  പങ്കുമില്ലാത്ത ഭക്തിയായിരുന്നു അത്.  ദൈവികം എന്ന് വിശ്വസിച്ചു പോരുന്ന വേദപ്രമാണങ്ങൾക്ക് പോലും ആ ഭക്തിയിൽ പങ്കുണ്ടായിരുന്നില്ല. വിശ്വാസം അന്ധമായിരുന്നു എന്നർഥം.
ആരാണ് യഥാർഥ ദൈവം? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്, ആരായിരിക്കണം മനുഷ്യന്റെ ദൈവം എന്ന ചോദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടാവണ്ടേ? കാരണം, മനുഷ്യൻ ഈ പ്രകൃതിയിൽ മറ്റു ജീവികളെ അപേക്ഷിച്ച് ധാരാളം പ്രത്യേകതകളുള്ള ഒരു വിഭാഗമാണ്. ആകാശത്തേക്ക് തലയുയർത്തി, ഭൂമിയിൽ നടക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനെക്കാൾ താഴെയുള്ളതൊന്നിനും മനുഷ്യന്റെ ദൈവമാകാൻ കഴിയില്ല. അവക്കൊന്നും അതിനുള്ള യോഗ്യത ഉണ്ടാവുകയില്ല.
മനുഷ്യന്റെ ആരാധ്യനും വഴികാട്ടിയും സംരക്ഷകനുമാവണം ദൈവം എന്ന കാര്യം പൊതു അംഗീകാരമുള്ളതാണ്. അതിനാൽ, മനുഷ്യന്റെ ദൈവം മനുഷ്യനെക്കാൾ ഉന്നതമായതും ശ്രേഷ്ഠമായതുമാവണം. മനുഷ്യന്റെ മുമ്പിൽ തന്നെക്കാൾ ഉന്നതമായ, ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?
മനുഷ്യനെപ്പോലെ ഭൂമിയിൽ ആധിപത്യം സ്ഥാപിച്ച മറ്റൊരു സൃഷ്ടിയുമില്ല. കടൽ ജീവികൾക്ക് കരയിൽ ആധിപത്യം സ്ഥാപിക്കാൻ സാധ്യമാകുന്നില്ല. കരയിലെ ജീവികൾക്ക് കടലിൽ ആധിപത്യത്തിനും കഴിയുന്നില്ല. എന്നാൽ, നാട്ടിലെ മനുഷ്യന്റെ കാര്യമോ? നാട്ടിൽ മാത്രമല്ല, കാട്ടിലും കടലിലും ആകാശത്തു വരെ വെട്ടിപ്പിടിത്തം നടത്താൻ പോന്നവനാണ് മനുഷ്യൻ. തന്നെക്കാൾ വലിയ ആനയെയും തിമിംഗലത്തെയും വരെ മനുഷ്യൻ കീഴടക്കുന്നു. എല്ലാ അർഥത്തിലും ഭൂമിയിലെ 'കേമൻ' മനുഷ്യനാണ്. അപ്പോൾ പിന്നെ മനുഷ്യനെക്കാൾ ഉന്നതമായ തെന്താണ്? അങ്ങനെ ഒന്നിന്റെ സാധ്യതയില്ലേ?
ഏതൊന്നിനും മുകളിലൊന്നുണ്ടാവുക സ്വാഭാവികമാണ്. ഗ്രന്ഥത്തിനൊരു ഗ്രന്ഥകർത്താവ്, മേശക്കൊരു ആശാരി, കുടത്തിനൊരു കുശവൻ, ശിൽപത്തിനൊരു ശിൽപി. എങ്കിൽ സൃഷ്ടികൾക്കൊരു സ്രഷ്ടാവ് സ്വാഭാവികമല്ലേ? അപ്പോൾ സൃഷ്ടികളുടെ മുകളിലുള്ളത്, മനുഷ്യനെക്കാൾ ഉന്നതമായത് സ്രഷ്ടാവാണെന്ന് വ്യക്തം. അതിനാൽ, ആ സ്രഷ്ടാവാകണം മനുഷ്യന്റെ ദൈവം.  സൃഷ്ടികൾ ഉണ്ടാവാൻ കാരണമായ ശക്തിയേതോ അതാകണം ദൈവം. എല്ലാറ്റിന്റെയും സ്രഷ്ടാവാണ് ദൈവം എന്ന യാഥാർഥ്യമാണിവിടെ തിരിച്ചറിയപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കുറേ ചിന്തിപ്പിച്ച ഒരു നബി വചനം ഇങ്ങനെയാണ്:
"ദൈവത്തിന്റെ സൃഷ്ടികളെ കണ്ടിട്ടും ദൈവത്തിന്റെ കാര്യത്തിൽ സംശയിക്കുന്നവരുടെ കാര്യം മഹാത്ഭുതം തന്നെ. "
ശിൽപത്തെ കണ്ടിട്ടും ശിൽപിയെ നിഷേധിക്കുന്നത് അത്ഭുതമല്ലേ; ഗ്രന്ഥത്തെ കണ്ടിട്ടും ഗ്രന്ഥകർത്താവിനെ നിഷേധിക്കുന്ന പോലെ? 
രണ്ടാം അധ്യായം ഇരുപത്തിയെട്ടാം വാക്യത്തിൽ വിശുദ്ധ ഖുർആൻ "എങ്ങനെ നിങ്ങൾ ദൈവത്തെ നിഷേധിക്കും?" എന്ന് മനുഷ്യനോട് ചോദിക്കുന്നുണ്ട്.
മാത്രമല്ല, ഖുർആൻ നിരന്തരമായി 'നിങ്ങൾ ചിന്തിക്കുന്നില്ലേ?' 'നിങ്ങൾക്ക് യുക്തിയില്ലേ?' എന്നിങ്ങനെയും ചോദിക്കുന്നു. 'യുക്തിവാദ'ത്തിൽനിന്ന് 'യുക്തിബോധ'ത്തിലേക്ക് ചിന്തയെ തട്ടിയുണർത്തിയതിൽ ഈ ചോദ്യങ്ങൾക്ക് വലിയ പങ്കുണ്ട്. മനുഷ്യന്റെ യുക്തിബോധത്തിന് ദൈവാസ്തിക്യത്തെ നിഷേധിക്കാനല്ല, അംഗീകരിക്കാനാണ് കഴിയുക. കണ്ട ഒന്നിൽ നിന്ന് കാണാത്ത ഒന്നിനെ അനുമാനിക്കാനുള്ള കഴിവാണല്ലോ യുക്തി. പുക കണ്ടാലറിയാം എവിടെയോ തീ ഉണ്ടായിട്ടുണ്ടെന്ന്. മേശ കണ്ടാലറിയാം അതിന്റെ പിന്നിൽ ഒരു ആശാരിയുടെ കരവിരുതുണ്ടെന്ന്. ശിൽപം കണ്ടാലറിയാം അതിെന്റ പിന്നിലൊരു ശിൽപിയുണ്ടെന്ന്. സ്വാഭാവികമായും, സൃഷ്ടികളെ കണ്ടാൽ അതിന്റെ പിന്നിലൊരു സ്രഷ്ടാവുണ്ടെന്നറിയാൻ മനുഷ്യന് കഴിയും. ഇതാണ് മനുഷ്യന്റെ പല സവിശേഷതകളിലൊന്ന്. ഇങ്ങനെയുള്ള സവിശേഷ യുക്തിബോധത്തിെന്റ 'ഉടമ'യായ മനുഷ്യൻ യുക്തിവാദത്തിന്റെ 'അടിമ' യാകുന്നതോടെ വസ്തുതകൾ തിരിച്ചറിയപ്പെടാതാകും. അങ്ങനെ വരുമ്പോഴാണ് ജീവിതത്തിന്റെ ദിശ നഷ്ടപ്പെടുന്നതും അർഥം ചോരുന്നതും. യുക്തിവാദികളായ പല മഹാന്മാരും ജീവിതത്തിലെ നിർണായകമായ ചില ഘട്ടങ്ങളിൽ ഈ നിസ്സഹായത പ്രകടിപ്പിച്ചതായി കാണാം.
യഥാർഥ ദൈവത്തെ അറിയാനുള്ള മറ്റൊരു വഴി, ദൈവികം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്ന വേദഗ്രന്ഥങ്ങളാണ്. അവയിൽ ദൈവത്തെപ്പറ്റി എന്തു പറയുന്നു എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. ദൈവത്തെ സംബന്ധിച്ച് യുക്തി ബോധ്യപ്പെടുത്തുന്നതെന്താണോ അതു തന്നെയാണ് വേദഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ചില ഉദാഹരണങ്ങൾ നോക്കാം:
ഋഗ്വേദം, പത്താം മണ്ഡലം നൂറ്റി ഇരുപത്തി ഒന്നാം സൂക്തം, ഒന്നാം ഋക്കിൽ പറയുന്നു:
"സൃഷ്ടികൾക്ക് മുമ്പ് ഹിരണ്യഗർഭനായ ഈശ്വരൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഭൂമി മുതൽ പ്രകാശലോകം വരെയുള്ള എല്ലാം അവൻ സൃഷ്ടിച്ചു. സുഖസ്വരൂപനായ അവനെ ഞങ്ങൾ ഉപാസിക്കുന്നു. അവനെ മാത്രമേ ഞങ്ങൾ ഉപാസിക്കുന്നൊള്ളൂ."
ബൈബിൾ പഴയ നിയമം, യശയ്യാവ് പുസ്തകം, നാൽപത്തഞ്ച് പതിനെട്ടിൽ ദൈവത്തെ സംബന്ധിച്ച് പറയുന്നു:
"ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിച്ചെയ്യുന്നു. അവൻ തന്നെ ദൈവം, അവൻ ഭൂമിയെ നിർമിച്ചുണ്ടാക്കി. അതിനെ ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിർമിച്ചത്. പാർപ്പിന്നത്രെ അത് നിർമിച്ചത്."
ഖുർആനിൽ ആറാം അധ്യായം എഴുപത്തിമൂന്നാം വാക്യത്തിൽ ദൈവത്തെപ്പറ്റി പറയുന്നു:
"സത്യസമേതം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവൻ(അല്ലാഹു)."
ഇവിടെ വ്യക്തമാവുന്നത്, ഋഗ്വേദത്തിൽ പറയുന്ന ഹിരണ്യഗർഭനായ ഈശ്വരനും ബൈബിളിൽ പറയുന്ന യഹോവയാം ദൈവവും ഖുർആനിൽ പറയുന്ന അല്ലാഹുവും വേറെ വേറെ ദൈവങ്ങളല്ല, സ്രഷ്ടാവായ യഥാർഥ ദൈവത്തെ സംബന്ധിച്ച് വിവിധ ഭാഷകളിലെ പ്രയോഗങ്ങളാണെന്നാണ്.
മത സമുദായങ്ങൾ പ്രതിനിധാനം ചെയ്യുന്ന ദൈവങ്ങളും വേദങ്ങൾ പറയുന്ന യഥാർഥ ദൈവവും വേറെത്തന്നെയാണ്  എന്ന യാഥാർഥ്യമാണ് ഇത് തെളിയിക്കുന്നത്. വിശുദ്ധ ഖുർആനും മുഹമ്മദ് നബിയും മനുഷ്യരെ ക്ഷണിക്കുന്നത് പുതിയൊരു ദൈവത്തിലേക്കല്ല; എന്നെന്നും ഉണ്ടായിട്ടുള്ള യഥാർഥ ദൈവത്തിലേക്കാണ് എന്നർഥം.
l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി