Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

ഭരണഘടനാ സ്ഥാപനങ്ങളുടെ ഹിന്ദുത്വ ദാസ്യം

യാസീൻ വാണിയക്കാട്

സംഘ് പരിവാർ വിരുദ്ധ രാഷ്ട്രീയം ഏറെ അധ്വാനമുള്ള, വിയർപ്പിനെക്കാൾ ചോര പൊടിയുന്ന പണിയാണ്. പ്രത്യാഘാതങ്ങളുടെ ആഴവും ദുരനുഭവങ്ങളുടെ ചവർപ്പും തെല്ലൊന്നുമല്ല ജീവിതത്തെ ഗ്രസിക്കുക. എന്നാൽ, കാലം ഏറെ ആവശ്യപ്പെടുന്നതാണ് ഇത്തരം രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വളർച്ച. നഷ്ടപ്പെടലിന്റെ കണക്കുകളായിരിക്കും ഇതിൽ അണിനിരന്നവർക്ക് നിരത്താനുണ്ടാവുക. വിശിഷ്യാ, ജനാധിപത്യത്തെ താങ്ങിനിർത്താൻ ബാധ്യതപ്പെട്ട നാല് തൂണുകളും വികസിച്ചുവരുന്ന പൊതുബോധവും ഹിന്ദുത്വ സ്വേച്ഛാധിപത്യത്തിനു വേണ്ടി അധമവേല ചെയ്യുന്ന വർത്തമാന പരിതഃസ്ഥിതിയിൽ.
ഹിറ്റ്ലർ നാസി ജർമനിയുടെ അധിപനാകുമ്പോൾ നാലായിരത്തിൽപരം ചെറുതും വലുതുമായ മാധ്യമങ്ങൾ അച്ചടിയിലുണ്ടായിരുന്നുവത്രെ. നാമമാത്രമായതൊഴികെ ബാക്കിയെല്ലാം ആ സ്വേച്ഛാധിപന്റെ കണ്ണുരുട്ടലിൽ അപദാനങ്ങളുടെ അച്ചുനിരത്താൻ തുടങ്ങി. അമാന്തിച്ചുനിന്ന പലതിനെയും പണം വാരിയെറിഞ്ഞ് സ്വന്തം അധീനത്തിലാക്കി. വഴങ്ങാത്തതിനെ ഞെക്കിക്കൊല്ലാൻ കരുക്കൾ നീക്കി. ഇന്നത്തെ മോദി ഭരണകൂടവും ചരിത്രത്തുടർച്ചയുടെ അട്ടഹാസമാണ് മുഴക്കുന്നത്. നിയമനിർമാണ സഭകൾക്കും നീതിന്യായ - ഭരണനിർവഹണ സംവിധാനങ്ങൾക്കും  ഭരണകൂടചായ്്വ് പ്രകടിപ്പിക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ല.
ബാബരി മസ്ജിദ് വിധിയും, ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരന് ക്ലീൻ ചിറ്റ് കൊടുത്തതും,  സാക്കിയ ജഫ്രിയുടെയും ബിൽക്കീസ് ബാനുവിന്റെയും നീതിക്കായുള്ള കാത്തിരിപ്പും, മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റും, ഭരണഘടനാപരമായ അവകാശത്തെക്കാൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയും നീതിന്യായ സംവിധാനത്തിന്റെ പക്ഷപാതിത്വത്തിലേക്കും മുൻവിധികളിലേക്കും വിരൽ ചൂണ്ടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, പശുവിനെ ക്രൂരമായി കടത്തി എന്ന കുറ്റമാരോപിച്ച് അഞ്ചുലക്ഷം പിഴയും ജീവപര്യന്തം തടവുമെന്ന വിചിത്രവിധി പുറപ്പെടുവിച്ചത് ഗുജറാത്ത് താപി ജില്ലാ കോടതിയാണ്. മുസ്്ലിം വംശഹത്യയിൽ ആസ്വാദനം കണ്ടെത്തുന്ന, നാമമാത്രമായ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങുന്ന ക്രിമിനലുകളെ വരവേൽക്കുന്നത് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളുമാകുന്നത് ഹിന്ദുത്വ ദേശീയതയുടെ സംസ്കാരമായി മാറിയിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ എതിർ പക്ഷത്ത് നിലയുറപ്പിച്ചവരാണ് മനുവാദക്കാർ. അതിനാൽതന്നെ ഒരു പൗരന് വകവെച്ചുകൊടുക്കുന്ന മൗലികാവകാശങ്ങൾ അവരെ പ്രകോപിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും. ഒരു പരിധി വരെ ഇതിനെ മറികടക്കാനുള്ള ഉപായം, നീതിന്യായ കോടതികളിൽ മനുവാദക്കാരെ തിരുകിക്കയറ്റുക എന്നതാണ്. അതിന് തടസ്സമാണ് കൊളീജിയം സംവിധാനമെന്ന ഘടന. അത് തകർക്കാനുള്ള വ്യഗ്രതയാണ് ഇന്നീ കാണുന്ന കേന്ദ്ര-കൊളീജിയം ഏറ്റുമുട്ടലുകൾ. ജഡ്ജി നിയമനത്തിന് സവിശേഷമായ ഒരു ഘടനയുണ്ട്. നാളിതു വരെ സീനിയോറിറ്റിയും അർഹതയും പരിഗണനയായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങേണ്ട ഗതികേടിലാണ്. നീതിയല്ല, ഭരണകൂടത്തെ സുഖിപ്പിക്കുന്ന വിധിപ്രസ്താവങ്ങളാണ് ജഡ്ജിയാകാനുള്ള മാനദണ്ഡമെന്നത് ഹിന്ദുത്വകാലത്തെ അലിഖിത നിയമങ്ങളാണ്.
ജഡ്ജിമാരെ തെരഞ്ഞെടുക്കുക സുപ്രീം കോടതി കൊളീജിയത്തിന്റെ അധികാര ഘടനക്ക് അകത്താണെന്നിരിക്കെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളാണെന്നും അതിനാൽ അതിനുള്ള അവകാശം ഭരണകൂടത്തിനാണെന്നും അവകാശമുന്നയിക്കുന്ന കേന്ദ്ര നിയമമന്ത്രി നൽകുന്ന സന്ദേശം, ജുഡീഷ്യറിയെയും നീതിയെയും ഇനി മുതൽ നിർവചിക്കുക സങ്കുചിതവും രാഷ്ട്രീയവുമായ ബാഹ്യതാൽപര്യമാണെന്ന് സുതരാം വ്യക്തമാവുകയാണ്. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളെ അസാധുവാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാപരമായ അധികാരത്തോടും പരിവാറിനുള്ള തികഞ്ഞ അസഹിഷ്ണുതയാണ് ഉപരാഷ്ട്രപതി ജഗ്്ദീപ് ധൻഖറിന്റെ പ്രസ്താവനയിൽ പ്രകടമാകുന്നത്.
വലതുപക്ഷ വ്യതിയാനം സംഭവിക്കുന്ന ദേശരാഷ്ട്രങ്ങൾ ആദ്യം കൈവെക്കുക ജുഡീഷ്യറിയുടെ അധികാരങ്ങളുടെ പിടലിയിലാണ്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇസ്രായേലിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഷേധമെന്നോണം ഒരു ലക്ഷം പേരാണ് തെൽ അവീവിന്റെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കിയത്. പക്ഷേ, ഇന്ത്യയിൽ സംഭവിക്കുന്നത് ഏതാനും ജസ്റ്റിസുമാരുടെ വാക്പോര് മാത്രവും.
നീതിപക്ഷത്ത് നിലയുറപ്പിച്ചവർ ശത്രുക്കളും കാലപുരിക്കയക്കേണ്ട അസുരന്മാരുമാണ്. ഈ നിലക്ക് വിദ്യാർഥി നേതാക്കൾ, സത്യം വിളിച്ചുകൂവുന്ന ജേർണലിസ്റ്റുകൾ, ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, അനീതിയോട് മുഖം കറുപ്പിക്കുന്ന നീതിപാലകർ തുടങ്ങിയവർ ഹിന്ദുത്വ രാഷ്ട്രീയത്തിലെ നോട്ടപ്പുള്ളികളാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പരിവാറിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായിരുന്ന രാഷ്ട്രപിതാവ് ഗാന്ധിജിയെ ഉന്മൂലനം ചെയ്തു. സഞ്ജീവ് ഭട്ടിന്റെ നീണ്ട ജയിൽവാസം സംഘ് പരിവാർ ഗൂഢാലോചനയുടെ പരിണതിയാണ്.
നിങ്ങൾ അസത്യങ്ങൾ കൊണ്ട്
പൂജിച്ച ചെകുത്താൻ
എന്റെ സത്യത്തിന്റെ മാലാഖക്ക്
മുന്നിൽ മുട്ടുകുത്തും വരെ....
സഞ്ജീവ് ഭട്ട് ജയിലിൽ നിന്ന് മോദിക്കെഴുതുന്ന തുറന്ന കത്തിലെ കവിതാ ശകലങ്ങളുടെ അവസാന നാലു വരികൾ ഇപ്രകാരമാണ്. ഇതിൽ പ്രതീക്ഷയുടെ കിരണമുണ്ട്. ഇന്നും ഭാര്യയുടെ, മകളുടെ നാവിലൂടെയും ലോകത്തോട് സംവദിക്കുന്നുണ്ട് ആ നീതിമാനായ പോലീസ് ഓഫീസർ. ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയിലൂടെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അദ്ദേഹത്തിന്റെ മകൾ തോരാതെ സംസാരിക്കുന്നുണ്ട്.
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ആഗോളതലത്തിൽ മോദിയുടെ 'വ്യക്തി പ്രഭാവ'ത്തിന് മേൽ ആഞ്ഞുപതിക്കുന്ന ഇരുമ്പുകൂടമാണ്. വംശീയ കലാപത്തിന്റെ പേരിലോ കോർപറേറ്റ് ദാസ്യത്തിന്റെ പേരിലോ അല്ലാതെ മോദിയെ ഇന്ത്യൻ ചരിത്രം ഓർക്കുമെന്ന് കരുതാൻ ന്യായമില്ല. യൂട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും തിരക്കുപിടിച്ച് നീക്കം ചെയ്ത ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും ഇന്ത്യൻ സർവകലാശാലകളും തെരുവുകളും പ്രദർശനത്തിന് വെച്ചിരിക്കുകയാണ്. ഇതിന് പകരമായി 'ദ കശ്മീർ ഫയൽസ്' പ്രദർശിപ്പിക്കുമെന്നാണ് പരിവാർ ഭീഷണി. ഒരുപക്ഷേ, ഇത് ഗുണം ചെയ്തേക്കാം. തൊണ്ണൂറുകളിൽ പണ്ഡിറ്റുകളുടെ പലായനം നടക്കുമ്പോൾ കേന്ദ്രവും കശ്മീരും ആരുടെ നിയന്ത്രണത്തിൻ കീഴിലായിരുന്നു എന്ന ചർച്ച പൊതു സമൂഹം ഏറ്റെടുത്താൽ ആ പ്രദർശനവും തിരിഞ്ഞുകൊത്താനാണ് സാധ്യത.
ആർ.ബി ശ്രീകുമാറിന്റെ 'ഗുജറാത്ത്: ബിഹൈൻഡ് ദ കർട്ടൻ', ആശിഷ് ഖേതന്റെ സ്റ്റിങ് ഓപ്പറേഷൻ റിപ്പോർട്ട് 'ഓപ്പറേഷൻ കളങ്ക്', റാണ അയ്യൂബിന്റെ  'ദ ഗുജറാത്ത് ഫയൽസ്: ആൻ അനാട്ടമി ഓഫ് എ കവറപ്പ്', ടീസ്റ്റ സെറ്റൽവാദിന്റെ 'ഫൂട്ട് സോൾജ്യർ ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ, എ മെമ്മർ', അരുന്ധതി റോയിയുടെ പരശ്ശതം ലേഖനങ്ങൾ  തുടങ്ങിയവ ബലൂൺ പോലെ വീർപ്പിച്ചുവെച്ച മോദി പ്രഭാവത്തിന്റെ നെറുകയിൽ കുത്തുന്ന കാരമുള്ളുകളാണ്. അതിനാൽ, ഉന്മൂലനം ചെയ്യപ്പെടേണ്ട പട്ടികയിൽ ഇവരുടെ പേര് മുൻനിരയിലുണ്ടാകും.
ഇന്ത്യൻ നഗരങ്ങളുടെയും സൗധങ്ങളുടെയും പേരുകൾ രായ്ക്കുരാമാനം മാറ്റിയെഴുത്തിന് വിധേയമാകുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് പുരാതന ഇന്ത്യയുടെ ചരിത്രമോ അവർ പടുത്തുയർത്തിയ നഗരങ്ങളോ അവക്കു നൽകിയ പേരുകളോ ദഹിക്കുന്നില്ല. പേരിനെ നിഷ്കാസനം ചെയ്യുക വഴി പുരാതന ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഭരണകാല ചരിത്രം കൂടി നിഷ്കാസനം ചെയ്യപ്പെടുകയാണ്. മുഗൾ ഗാർഡന്റെ പേര് മായ്്ച്ച് അമൃതോദ്യാനം എന്നാക്കിയതിന് പുതിയ വർഷം സാക്ഷിയായിരിക്കുന്നു. മൈസൂരിനും ബാംഗ്ലൂരിനും ഇടയിൽ റെയിൽ സർവീസ് നടത്തുന്ന ടിപ്പുസുൽത്താൻ എക്സ്പ്രസിന്റെ പേര് റെയിൽവെ മന്ത്രാലയം വോഡയാർ എക്സ്പ്രസ് എന്നാക്കി മാറ്റിയതും ഏതാനും മാസങ്ങൾക്കു മുമ്പാണ്. ഫൈസാബാദ് അയോധ്യയായും, അലഹബാദ് പ്രയാഗ് രാജായും പേരുമാറ്റം സംഭവിച്ചിരിക്കുന്നു. അലീഗഢ് ഹരിഗഢായിരിക്കുന്നു എന്ന പ്രഖ്യാപനം ഉടനുണ്ടാകും.
ചരിത്രത്തിന്റെ അപനിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓർമകൾ വറ്റിത്തുടങ്ങുമ്പോൾ ഹിന്ദുത്വ ദേശീയത വിളമ്പിത്തരുന്നത് മാത്രമാകും ഇന്ത്യൻ ചരിത്രം. കെട്ടുകഥകൾ ചരിത്രത്തിന്റെ ഉടുപ്പണിയും. രാജ്യസ്നേഹികൾ രാജ്യദ്രോഹികളുടെ പട്ടികയിൽ അന്ത്യവിശ്രമം കൊള്ളും. യഥാർഥ രാജ്യവിരുദ്ധരും വംശീയതയിൽ നേട്ടം കൊയ്തവരും പാഠപുസ്തകങ്ങളിലേക്ക് ചേക്കേറും. നമ്മുടെ കുട്ടികൾ അത് പഠിക്കാൻ നിർബന്ധിതരാകും.
രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കുക, ഭരിക്കുക എന്ന ഹീനത്വത്തിന്റെ രാഷ്ട്രീയ രൂപമാണ് ഹിന്ദുത്വ പരിവാറിന്റെ സകല അജണ്ടകളും. ഇന്ത്യൻ നിർമിത ഫാഷിസത്തിന്റെ പ്രയാണങ്ങൾക്ക് വ്യാജങ്ങളുടെ കുതിരശക്തി പിൻബലമേകുന്നുണ്ട്. വിവിധ പ്രത്യയശാസ്ത്ര ധാരകളെ പുണരുന്നതിനിടയിലും, വെറുപ്പിന്റെ വിചാരധാരകളെ പ്രതിരോധിക്കാൻ നാമെന്നാണ് ഒന്നാവുക?  l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി