Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

അറബ് വസന്ത വിപ്ലവങ്ങൾക്ക് 12 വർഷം

എഡിറ്റർ

അറബ് വസന്ത വിപ്ലവങ്ങൾക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയാവുകയാണ്. തുനീഷ്യയിൽനിന്ന്  ഈജിപ്തിലേക്കും ലിബിയയിലേക്കും യമനിലേക്കും സിറിയയിലേക്കും അത് പടർന്നു. അതിന്റെ പുതു തരംഗങ്ങൾ ലബ്നാനിലും അൾജീരിയയിലും ഇറാഖിലും മറ്റു അറബ് നാടുകളിലും ചലനങ്ങളുണ്ടാക്കി. അതിന്റെ നിഷേധാത്മകമോ ക്രിയാത്മകമോ ആയ പ്രത്യാഘാതങ്ങളിലും സ്വാധീനങ്ങളിലുമാണ് അറബ് ലോകം ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത്. അറബ് സമൂഹങ്ങൾക്ക് അന്തസ്സും അഭിമാനവും സുരക്ഷിതത്വവും മനുഷ്യാവകാശങ്ങളും ലഭ്യമാവുമെന്നതിന്റെ വല്ല പ്രതീക്ഷയും ചക്രവാളത്തിൽ കാണാനുണ്ടോ? പ്രതിവിപ്ലവത്തിന്റെ സ്വേഛാധിപത്യ ശക്തികൾ അധികാരത്തിൽ തിരിച്ചെത്തുകയും സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തത് വിപ്ലവത്തിന്റെ രണ്ടാം തരംഗത്തിന് വഴിയൊരുക്കുമോ? 
അറബ് കോളമിസ്റ്റ് ഖാസിം ഖസ്വീർ പങ്കുവെച്ച ആശങ്കകളാണിവ. നിലവിലെ സാഹചര്യത്തിൽ ഇവക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ പ്രസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ കഴിയുമെന്ന് തോന്നുന്നില്ല. മേഖല പശ്ചിമേഷ്യ ആയതു കൊണ്ട് ഇസ്്ലാമും മുസ്്ലിം ചരിത്രവും കേന്ദ്ര സ്ഥാനത്ത് തന്നെയുണ്ടാവും എക്കാലത്തും. ഇസ്്ലാമിനെ ഒരു ബദൽ നാഗരികതയായി എങ്ങനെ സമർപ്പിക്കാനാവും എന്ന വിഷയത്തിൽ ഇപ്പോൾ പല തലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇതിന്റെ ഭാഗമാണ്. അങ്കാറയിലെ സെന്റർ ഫോർ ഇസ്്ലാമിക് തോട്ട്, പ്രഫ. മുഹമ്മദ് ഗൊർമീസിന്റെ നേതൃത്വത്തിൽ വിഷയത്തിന്റെ പല ഭാഗങ്ങളും പുതിയ രീതിയിൽ വിശകലനം ചെയ്യുന്ന ഒരു സെമിനാർ ഈയിടെ സംഘടിപ്പിച്ചിരുന്നു. മൗറിത്താനിയൻ ചിന്തകൻ മുഖ്താർ ശൻഖീത്വിയുടെ അവതരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുസ്്ലിം ചരിത്രത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മികച്ച ഒരു കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്. 'ഇസ്്ലാമിക നാഗരികതയിലെ ഭരണഘടനാ പ്രതിസന്ധി - മഹാദുരന്തം മുതൽ അറബ് വസന്തം വരെ' എന്നാണ് അറബിയിലുള്ള ആ പുസ്തകത്തിന്റെ പേര്. ഖിലാഫത്തുർ റാശിദയെ തകർത്ത് ഉമവികൾ രാജഭരണം സ്ഥാപിച്ചതാണ് ഇസ്്ലാമിക ചരിത്രത്തിലെ 'മഹാദുരന്ത'മായി അദ്ദേഹം കാണുന്നത്. ഇസ്്ലാമിക ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയ, സാംസ്കാരിക, നാഗരിക അപചയത്തിനും അതുമായി ബന്ധമുണ്ടാകാതെ തരമില്ല. മുസ്്ലിം ചരിത്രത്തിലെ അത്തരം അപചയങ്ങളെല്ലാം ഉമവി അട്ടിമറിയുടെ ആവർത്തനമാണ്. അറബ് വസന്ത വിപ്ലവങ്ങൾക്കെതിരെ പ്രതിവിപ്ലവ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
   ഇതാണ് ചരിത്രത്തിലുടനീളം ഇസ്്ലാമിക നാഗരികതയിൽ 'ഭരണഘടനാ പ്രതിസന്ധി' (അസിമ്മ ദസ്തൂരിയ്യ) സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ശൻഖീത്വി പറയുന്നു. ഇസ്്ലാമിക നാഗരികതയെ പോലെ ജനാധിപത്യ മൂല്യങ്ങളെയും മൗലികാവകാശങ്ങളെയും ഉയർത്തിപ്പിടിച്ച മറ്റൊരു നാഗരികതയും ഉണ്ടായിട്ടില്ല. പക്ഷേ, മുസ്്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ രംഗം തീർത്തും വിപരീതമായ ചിത്രമാണ് നമുക്ക് നൽകുന്നത്. അവിടങ്ങളിൽ സ്വേഛാധിപത്യം അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു. തത്ത്വവും പ്രയോഗവും തമ്മിലുള്ള ഈ വൈരുധ്യമാണ് 'ഭരണഘടനാ പ്രതിസന്ധി'. ഇത് എന്തുകൊണ്ട് എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ഭരണാധികാരി എത്രമാത്രം തെമ്മാടിയും സ്വേഛാധിപതിയുമാണെങ്കിലും അയാളെ നിലനിർത്തേണ്ടത് 'മതബാധ്യത'യാണ് എന്ന വികല ചിന്തയാണ് അതിലൊന്ന്. നൂറ്റാണ്ടുകളായി തുടർന്നു വന്ന അത്തരം വികല ധാരണകളെ പിഴുതെറിയാൻ അറബ് വസന്തത്തിന് കഴിഞ്ഞുവെന്നും അതിനാൽ നിരാശപ്പെടേണ്ടതില്ലെന്നും ശൻഖീത്വി സമർഥിക്കുമ്പോൾ നമുക്കും അത് സമ്മതമായിത്തീരും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി