പുതിയ വര്‍ഷം
ആകാശം വെറുതെ കരയില്ല
ഭൂമിയും
കരയോടടുത്തുള്ള കടലിനാവും
കുറേയേറെ പറയാനുണ്ടാവുക
ഒരു ചില്ലയില്‍ നിന്ന്
മറ്റൊന്നിലേക്ക്
മാറി മാറിക്കളിക്കുന്ന
കിളിയുടെ സ്വരങ്ങള്‍ക്ക്
വിശപ്പിന്റെ വിളികള്‍ക്കപ്പുറം
ആസ്വാദനത്തിന്റെ
സ്വാദു കൂടിക്കലര്‍ന്നിട്ടുണ്ടാവും
വെറുതെയെന്ന്
നിനക്കുന്ന സായാഹ്നങ്ങളിലാവും
ജീവിതത്തിലെ
അതിശയങ്ങള്‍
പിറന്നിട്ടുണ്ടാവുക
കയറിത്തീര്‍ന്നപ്പോഴാവും
ചിലപ്പോള്‍
നിരര്‍ഥകത ബോധ്യപ്പെട്ടിട്ടുണ്ടാവുക
മടങ്ങിവരാനെടുക്കുന്ന
നേരത്തിന്
കയറ്റത്തിന്റെ ദൈര്‍ഘ്യം
കാണണമെന്നില്ല
അക്ഷമരാവാതിരിക്കുകയാണ്
വേണ്ടത്
കമ്പുകളൊടിഞ്ഞേ
മരം വീഴുകയുള്ളൂ
എന്നൊന്നും നിനക്കേണ്ടതില്ല
ഒരു ചെറു കാറ്റ് മതിയാവും
വേരോടെ പിഴുതെറിയപ്പെടാന്‍
ഇന്നലെയുടെ അതിശയങ്ങള്‍
അതിശയങ്ങള്‍ മാത്രമാണ്
ഇന്നവകളില്ലാത്തിടത്തോളം
പഴയ പ്രതാപം
പൊയ്ക്കിനാവുകള്‍ മാത്രമാണ്
വന്ന വഴിയെ പോകാനാണെങ്കില്‍
വരാതിരിക്കുകയാണുചിതം
പോക്കുവരവുകളുടെയധികാരി
ഒരൊറ്റൊരുത്തനാണെങ്കിലും
കൈനിറയെ കൊണ്ടുപോകുന്നതിന്
ചോദിക്കലും പറയലും
വേണ്ടായിരുന്നു
എന്നിട്ടും
ശൂന്യ ഹസ്തങ്ങളോടെ
ഇറങ്ങിപ്പോകേണ്ടി വരുന്നവര്‍
ഹതഭാഗ്യര്‍ തന്നെയാണ്
ഒഴിഞ്ഞു പോകുന്നിടം
മറ്റൊരാള്‍ വന്ന്
നിറക്കുമായിരിക്കും
അതിനെക്കുറിച്ചല്ല
ആധിയുണ്ടാവേണ്ടത്
പോകുന്നിടത്തുള്ള
ഇരിപ്പിടത്തെക്കുറിച്ചാണ്
അസ്വസ്ഥതകള്‍ക്ക്
പണി നല്‍കാനാവുമെങ്കില്‍
നല്ലതാണ്
അല്ലെങ്കില്‍ അവയുമൊരു
ബാധ്യതയാണ്
ഇറങ്ങിപ്പോക്കിന്റെ
നേരത്തുതിര്‍ക്കാനാവുന്ന
പുഞ്ചിരിക്ക്
അനുഭവിച്ചതിന്റെയും
അനുഭവിക്കാന്‍ പോകുന്നതിന്റെയും
ശുഭ സൂചനകളുണ്ട്
പയ്യെപ്പയ്യെ യാഥാര്‍ഥ്യത്തിലേക്ക്
നീങ്ങി വരാനായെങ്കില്‍
സാര്‍ഥകമാക്കിത്തിരിച്ചു ചെല്ലാം
ആദിയിലുണ്ടായ
അഭയ സ്ഥാനത്തിലേക്ക്
അനിര്‍വചനീയതയുടെ
പൂന്തോപ്പിലേക്ക്.
Comments