Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ ابْنِ عَبَّاسِ رَضِيَ اللهُ عَنْهُمَا قَالَ، كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ في دعائِهِ : ربِّ أعنِّي ولا تُعِنْ عليَّ، وانصُرني ولا تنصُرْ عليَّ، وامكُر لي ولا تَمكُر عليَّ، واهدِني ويسِّرِ الهدى لي، وانصُرني عَلَى مَنْ بَغَى عَلَيَّ، ربِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مُطيعًا، إليكَ مُخْبِتًا، إلَيْكَ أوَّاهًا مُنيبًا، ربِّ تَقَبَّلْ تَوبَتِي، وَاغسِلْ حَوبَتِي، وأَجِبْ دَعْوَتي، واهْدِ قَلْبِي، وَسَدِّدْ لِسِانِي، وَثَبِّتْ حُجَّتِي واسْلُلْ سَخِيمَةَ قَلْبي ( أَبُو دَاوُد).

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: 'എന്റെ രക്ഷിതാവേ, നീ എന്നെ സഹായിക്കണം. എന്റെ എതിരാളികളെ സഹായിക്കരുത്. എന്നെ പിന്തുണക്കണം, എന്റെ ശത്രുക്കളെ പിന്തുണക്കരുത്. എനിക്കനുകൂലമായ തന്ത്രങ്ങള്‍ നീ നടത്തണം. എനിക്കെതിരെയുള്ള തന്ത്രങ്ങള്‍ തടയണം. നീ എന്നെ നേരായ പാതയിലാക്കണം. എന്റെ നേര്‍വഴികള്‍ എനിക്ക് എളുപ്പമാക്കി തരണം. എന്നെ അക്രമിച്ചവനെതിരില്‍ നീ എന്നെ സഹായിക്കണം. എന്റെ രക്ഷിതാവേ, നീ എന്നെ നിനക്ക് കൂടുതല്‍ നന്ദി ചെയ്യുന്നവനാക്കണം. നിന്നെ അധികം സ്മരിക്കുന്നവനാക്കണം. നിന്നെ കൂടുതല്‍ ഭയപ്പെടുന്നവനാക്കണം. എപ്പോഴും നിന്നെ അനുസരിക്കുന്നവനാക്കണം. നിനക്ക് വിധേയനായവനാക്കണം. നിന്നിലേക്ക് കേഴുന്നവനും മടങ്ങുന്നവനുമാക്കണം. റബ്ബേ, എന്റെ തൗബ സ്വീകരിക്കേണമേ; എന്റെ പാപങ്ങള്‍ കഴുകേണമേ; എന്റെ വിളി കേള്‍ക്കേണമേ; എന്റെ ഹൃദയത്തെ നേരായ പാതയിലേക്ക്  നയിക്കേണമേ. എന്റെ അധരത്തെ നേരിലാക്കേണമേ. എന്റെ ദൗത്യ നിര്‍വഹണത്തിനുള്ള ന്യായങ്ങള്‍ സ്ഥാപിക്കേണമേ. എന്റെ മനസ്സിലെ ദുര്‍വിചാരങ്ങള്‍ അകറ്റേണമേ' (അബൂദാവൂദ്).


ഉടമയോട് തന്റെ  ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴാണ് അടിമ ഏറെ വിനയാന്വിതനാവേണ്ടത്. അവ നേടാനായി അവന്‍ പരമാവധി ഭക്തിയും എളിമയും പ്രകടിപ്പിക്കണം. ഒരു സത്യവിശ്വാസി തന്റെ നാഥന്റെ മുന്നില്‍ ഇപ്രകാരമാവണം: അല്ലാഹുവിന്റെ റസൂല്‍ വളരെ താഴ്മയോടെയും എളിമയോടെയുമാണ് അല്ലാഹുവിന്റെ മുന്നില്‍ കൈ നീട്ടിയിരുന്നത്. തന്റെ ആഗ്രഹങ്ങള്‍ ഓരോന്നോരോന്നായി അവന്റെ മുന്നില്‍ അവതരിപ്പിക്കും. ഇതിനായി ഏറെ ഉചിതവും സമഗ്രവുമായ വാചകങ്ങള്‍ തെരഞ്ഞെടുക്കും. ഇത്തരത്തിലുള്ള ഒരു പ്രാര്‍ഥനയാണ് ഈ ഹദീസിലുള്ളത്.
റസൂല്‍ (സ) തന്റെ ഇരുപതില്‍ പരം ആവശ്യങ്ങള്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ അക്കമിട്ട് നിരത്തുകയാണിവിടെ: 
ഒന്ന്: എന്റെ റബ്ബേ, നീ എന്നെ സഹായിക്കേണമേ. ഏറ്റവും നല്ല രീതിയില്‍ പുണ്യങ്ങള്‍ പ്രവര്‍ത്തിക്കാനും അല്ലാഹുവിനെ  തൃപ്തിപ്പെടുത്തുന്ന കര്‍മങ്ങള്‍ ചെയ്യാനുമുള്ള ആരോഗ്യം നല്‍കേണമേ എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എതിരാളികളെ നേരിടാനുള്ള കരുത്തും ശക്തിയും നല്‍കേണമേ എന്നും അര്‍ഥമാക്കാം.
രണ്ട്: എന്റെ പ്രതികൂലികളെ സഹായിക്കരുത്. ദേഹേഛ, ശൈത്വാന്‍, പിശാചുക്കള്‍ തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ എന്റെ ശത്രുക്കള്‍ക്ക് വിജയം നല്‍കി അവരെ സന്തോഷിപ്പിക്കുകയും എന്നെ ദുഃഖിപ്പിക്കുകയും  ചെയ്യരുതേ എന്നാണുദ്ദേശ്യം.
മൂന്ന്: എന്നെ പിന്തുണക്കണം. നന്മയിലൂടെ മുന്നേറാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സകലതിനെയും അതിജയിക്കാന്‍ നിന്റെ പിന്തുണ എനിക്കുണ്ടാവണമെന്ന് ആവശ്യപ്പെടുകയാണ്. ദുഷ്ട മനസ്സിനെ നേരിടാനുള്ള കരുത്താണ് ഇവിടെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. കാരണം, 'മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ' എന്ന് അല്ലാഹു  വ്യക്തമാക്കിയിട്ടുണ്ടല്ലോ. എല്ലാ തരം സഹായങ്ങളും അര്‍ഥമാവാം.
നാല്: എന്റെ ശത്രുക്കളെ തുണക്കരുത്. എന്റെ ഏതെങ്കിലും ശത്രു നിന്റെ സഹായത്തോടെ എന്നെ പരാജയപ്പെടുത്തുന്നൊരവസ്ഥ ഒരിക്കലും ഉണ്ടാക്കരുതേ എന്ന് സാരം.
അഞ്ച്: എനിക്കനുകൂലമായ തന്ത്രങ്ങള്‍ നീ നടത്തണം. ആരെങ്കിലും എനിക്കെതിരെ ചതിയും ഗൂഢ തന്ത്രങ്ങളും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മറു തന്ത്രങ്ങളും വഴികളും നീ എനിക്ക് കാണിച്ചു തരികയും, നീ തന്നെ അതിനെ പരാജയപ്പെടുത്തുകയും ചെയ്യണം.
ആറ്: എനിക്കെതിരെയുള്ള തന്ത്രങ്ങള്‍ തടയണം. അതായത്, എന്റെ ശത്രുക്കള്‍ക്ക് നീ എന്നെ കീഴ്‌പ്പെടുത്തിക്കൊടുക്കരുത്. അവരുടെ തന്ത്രങ്ങള്‍ വിജയിക്കരുത്. ശത്രുക്കളെ സ്വയം പരാജപ്പെടുത്താമെന്ന വ്യാമോഹത്താല്‍ എന്നെ നീ വഞ്ചിതനുമാക്കരുത്.
ഏഴ്: നീ എന്നെ നേരായ പാതയിലാക്കണം. ഏത് പ്രതികൂല സാഹചര്യത്തിലും എന്നെ നീ സത്യത്തിന്റെ പാതയില്‍ അടിയുറപ്പിച്ച് നിര്‍ത്തണം. നിന്നെ കണ്ടുമുട്ടുന്നതു വരെ നേര്‍വഴിയില്‍ നിന്ന് തെറ്റിക്കരുത്.
എട്ട്: എന്റെ നേര്‍വഴികള്‍ എനിക്ക് എളുപ്പമാക്കിത്തരണം. നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കാനുള്ള അവസരങ്ങള്‍ ധാരാളം തുറന്നുതരണം. അനുസരണ പാതയെ ദുര്‍ഘടമാക്കരുത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നിന്നെ ധിക്കരിക്കാനോ നിന്നോട് അനുസരണക്കേട് കാണിക്കാനോ  ഇടയാക്കരുത്.
ഒമ്പത്: എന്നെ അക്രമിച്ചവനെതിരില്‍ നീ എന്നെ സഹായിക്കണം. എന്നോട് ധിക്കാരപൂര്‍വം പെരുമാറുന്നവര്‍ക്കെതിരെ നീ എന്നെ സഹായിക്കണം. നേരത്തെ 'എന്നെ സഹായിക്കേണമേ' എന്ന പ്രാര്‍ഥനയെ ഒന്നുകൂടി പ്രത്യേകമാക്കിയതാണിവിടെ. എന്നോട് അക്രമം കാണിച്ചവരെ പരാജയപ്പെടുത്താനാണ് നിന്റെ പിന്തുണ എനിക്ക് കൂടുതല്‍ ആവശ്യമെന്ന് സൂചന.
പത്ത്: നീ എന്നെ നിനക്ക് കൂടുതല്‍ നന്ദി ചെയ്യുന്നവനാക്കണം. സന്തോഷത്തിലും സന്താപത്തിലും വാക്കാലും പ്രവൃത്തിയാലും രഹസ്യമായും പരസ്യമായും നിനക്ക് നന്ദി പ്രകടിപ്പിക്കുന്നവനാക്കണം.  എന്ന് ആദ്യം പ്രയോഗിച്ചതില്‍ നിനക്ക് മാത്രം എന്ന പരിമിതപ്പെടുത്തലുണ്ട്.
നീയാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉടമ. നീയാണവ നല്‍കുന്നവനും തടയുന്നവനും. നന്ദി പ്രകടിപ്പിക്കുന്നവരുടെ അനുഗ്രഹങ്ങളാണ് എന്നെന്നും നിലനില്‍ക്കുക.
പതിനൊന്ന്: നിന്നെ കൂടുതല്‍ സ്മരിക്കുന്നവനാക്കണം. ഏത് സാഹചര്യത്തിലും നിന്നെ ഓര്‍ക്കുന്നവനാക്കേണമേ. നിന്നെ വിസ്മരിച്ച് സ്വയം മറന്ന് ജീവിക്കുന്ന ബുദ്ധിശൂന്യരില്‍ എന്നെ നീ ഉള്‍പ്പെടുത്തരുത്. എപ്പോഴും നിന്നെ സ്മരിച്ച് സമാധാനം നേടിയെടുക്കുന്ന സൗഭാഗ്യവാന്‍മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തണം.
പന്ത്രണ്ട്: നിന്നെ കൂടുതല്‍ ഭയപ്പെടുന്നവനാക്കണം. നിന്റെ കോപത്തെയും നരകത്തെയും പേടിച്ച് തെറ്റുകളില്‍ നിന്ന് അകന്ന് ജീവിക്കുന്നവനാക്കേണമെന്നര്‍ഥം.
പതിമൂന്ന്: നിന്നെ അനുസരിക്കുന്നവനാക്കേണമേ. നിന്റെ ശാസനകള്‍ ഏതവസ്ഥയിലും പൂര്‍ണമായി അനുഗമിക്കുന്നവനാക്കണം. ധിക്കരിക്കുന്നവനും നിരാകരിക്കുന്നവനുമാക്കരുത്.
പതിനാല്: നിനക്ക് വിധേയനായവനാക്കേണമേ. നിന്റെ മഹത്വവും ഗാംഭീര്യവും മനസ്സിലാക്കി നിന്റെ മുന്നില്‍ വിനയാന്വിതം ശിരസ്സ് നമിക്കുന്നവനാക്കണം.
പതിനഞ്ച്: പരമ ഭക്തനും നിന്നിലേക്ക്  മടങ്ങുന്നവനുമാക്കണം. കൂടുതല്‍ കരയുകയും കീഴ്‌പ്പെടുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവനാണ് അവ്വാഹ് . തെറ്റുകുറ്റങ്ങള്‍ പാടെ ഒഴിവാക്കി അല്ലാഹുവിലേക്ക് സവിനയം മടങ്ങുന്നവനാണ് മുനീബ് .
പതിനാറ്: എന്റെ തൗബ സ്വീകരിക്കേണമേ. എല്ലാ നിബന്ധനകളും പാലിച്ച് തൗബ ചെയ്യാന്‍ എന്നെ സഹായിക്കണം. ആ പശ്ചാത്താപം എന്നില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യണം.
പതിനേഴ്: എന്റെ പാപങ്ങള്‍ കഴുകേണമേ. എന്റെ പാകപ്പിഴവുകളും തെറ്റുകുറ്റങ്ങളും കഴുകിക്കളയേണമേ എന്നര്‍ഥം. ഒരു തരി പാപം പോലുമില്ലാതെ വൃത്തിയാക്കണമെന്നാണ് കഴുകല്‍  എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്.
പതിനെട്ട്: എന്റെ വിളി കേള്‍ക്കേണമേ. എന്റെ മുഴുവന്‍  പ്രാര്‍ഥനകളും സ്വീകരിക്കേണമേ എന്നര്‍ഥം.
പത്തൊമ്പത്: എന്റെ ഹൃദയത്തെ നേരായ പാതയിലേക്ക് നയിക്കണം. നിന്നെയും സത്യത്തെയും നേര്‍മാര്‍ഗത്തെയും നന്നായി ഗ്രഹിക്കുന്ന ഹൃദയം നീ എനിക്ക് നല്‍കണം.
ഇരുപത്: എന്റെ അധരത്തെ നേരിലാക്കേണമേ. എന്റെ നാവിനെ സത്യം മാത്രം പറയുന്നതും നേരിന് മാത്രം സാക്ഷ്യം വഹിക്കുന്നതുമാക്കണം.
ഇരുപത്തൊന്ന്: എന്റെ ദൗത്യ നിര്‍വഹണത്തിനുള്ള ന്യായങ്ങള്‍ സ്ഥാപിക്കേണമേ. നീ എന്നെ ഏല്‍പ്പിച്ച ബാധ്യതകള്‍ നിര്‍വഹിച്ചതിനുള്ള  സാക്ഷ്യങ്ങള്‍ ദൃഢീകരിക്കേണമേ. പ്രബോധനം, നന്മ കല്‍പ്പിക്കുക, തിന്മ തടയുക തുടങ്ങിയ എന്റെ ദൗത്യങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ എന്റെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തണം. ഖബ്‌റില്‍ ഇരു മലക്കുകള്‍ ചോദ്യം ചെയ്യുമ്പോള്‍ വ്യക്തവും ശക്തവുമായ ന്യായങ്ങളോടെ മറുപടി പറയാന്‍ ഉതവി നല്‍കണം.
ഇരുപത്തി രണ്ട്: എന്റെ മനസ്സിലെ ദുര്‍വിചാരങ്ങള്‍ അകറ്റേണമേ. എന്റെ ഹൃദയത്തില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ ദുര്‍വിചാരങ്ങള്‍ ദൂരീകരിക്കണം. സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുള്ള ഇത്തരം ദുആകള്‍  മനഃപാഠമാക്കി പതിവായി പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്