Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

മുസ്‌ലിം ലീഗ്: വര്‍ഗീയവും  അവര്‍ഗീയവുമാവുന്നതിന്റെ രസതന്ത്രം

എ.ആര്‍

'ലോകം വലിച്ചെറിഞ്ഞ  ചെമ്പ് നാണയമാണ് കമ്യൂണിസം. കമ്യൂണിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസ്സ് വരെ ഞാനൊരു തീവ്ര കമ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ആരാധിച്ചിരുന്നവരൊക്കെ വ്യാജ കമ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളിനിന്ന് തിരിഞ്ഞു നടക്കാന്‍ പഠിച്ചത്. ഇന്നുവരെ ഞാനൊരു നല്ല കമ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്യൂണിസം ലോക നേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്യൂണിസവും മാര്‍ക്‌സിസവും എന്തെന്ന് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും.'
'കമ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ നിങ്ങള്‍ക്കറിയാമോ? എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ കമ്യൂണിസം ഉണ്ടെന്ന് കരുതി ഭരണത്തില്‍ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് കാരണം മുതലാളിത്തമാണെന്ന് ഞാന്‍ പറയും. കമ്യൂണിസത്തിലൂടെ തകര്‍ന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുകളിലില്ലേ? പോളണ്ട്, ഹങ്കറി, ഈസ്റ്റ് ജര്‍മനി, റഷ്യ. സോഷ്യലിസത്തില്‍ കെട്ടിപ്പൊക്കിയ യു.എസ്.എസ്.ആറിന്റെ ഗതി എന്തായി? പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പുരോഗമിച്ചപ്പോഴും പോളണ്ട് മാത്രം പുരോഗമിച്ചില്ല. എന്തുകൊണ്ട്? ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാര്‍ കൂടുതലും തൊഴില്‍ തേടി പോകുന്നത് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. റുമേനിയയില്‍ പട്ടിണിയും തൊഴിലില്ലായ്മയും കാരണം പെണ്‍കുട്ടികള്‍ വ്യഭിചരിക്കാന്‍ വേണ്ടി ഹങ്കറി അടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്നു. കമ്യൂണിസ്റ്റുകാരുടെ ആവേശമായിരുന്ന വെനിസ്വേലയുടെയും ക്യൂബയുടെയും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? കമ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്‍ മുതല്‍ കിം ജോങ് ഉന്‍ വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികള്‍. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്‌കാസനം ചെയ്തും പദ്ധതികള്‍ നടപ്പാക്കിയ കമ്യൂണിസത്തിന്റെ വളര്‍ച്ച ചരിത്രത്തിലെ കറുത്ത ഏടാണ്.' ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ അനിഷേധ്യനായി മാറിയ ഹങ്കേറിയന്‍ സംവിധായകനാണ് ബേല താര്‍. ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സി.പി.എം നിയന്ത്രിത സംസ്ഥാന ഇടതു മുന്നണി സര്‍ക്കാറില്‍നിന്ന് ഏറ്റുവാങ്ങാനെത്തിയ ലോക പ്രശസ്തനായ ബേല മാധ്യമം ലേഖകന്‍ അനിരു അശോകനുമായി നടത്തിയ അഭിമുഖത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗമാണ് ഇവിടെ പകര്‍ത്തിയത് (മാധ്യമം ദിനപത്രം 2022 ഡിസംബര്‍ 16).
ഈ അവസരത്തില്‍ ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ പ്രത്യേക കാരണമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയിലെ അവശേഷിക്കുന്ന താത്ത്വികനുമായ എം.വി ഗോവിന്ദന്‍ മുസ്‌ലിം ലീഗിനെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്കിട നല്‍കിയിരിക്കുകയാണല്ലോ. ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്തി എല്‍.ഡി.എഫിന്റെ ഘടകമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും യു.ഡി.എഫിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പാവുമ്പോഴേക്ക്, കഴിഞ്ഞ തവണ 20-ല്‍ 19-ഉം അടിച്ചെടുത്ത യു.ഡി.എഫിനെ പിളര്‍ത്തി സി.പി.എം എം.പിമാരുടെ എണ്ണംകൂട്ടാനുള്ള നീക്കമാണെന്നുമൊക്കെ നിരീക്ഷണങ്ങളുയര്‍ന്നു. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന ഗോവിന്ദന്റെ പരാമര്‍ശമാണ് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ പല നേതാക്കളും നേരത്തെ മുസ്‌ലിം ലീഗിന്റെ നേരെ സ്വീകരിച്ച സമീപനത്തിന് വിരുദ്ധമാണ് എം.വി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്ക് നേരെ കോണ്‍ഗ്രസ്സിന് വ്യത്യസ്തമായി, മുസ്‌ലിം ലീഗില്‍നിന്നുണ്ടായ ഭിന്ന സമീപനമാണ് തന്റെ പ്രസ്താവനയുടെ പശ്ചാത്തലമെന്ന് വിശദീകരിച്ച ഗോവിന്ദന്‍ അതിനപ്പുറമുള്ള മാനങ്ങള്‍ അതിന് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകമായ സി.പി.ഐ ആവട്ടെ ഗോവിന്ദന്റെ പ്രസ്താവന അപക്വവും അനവസരത്തിലുള്ളതുമാണെന്ന് കുറ്റപ്പെടുത്തി. ഇടതു മുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും പാര്‍ട്ടിയെ പുതുതായി മുന്നണിയില്‍ ഘടകമാക്കുന്നതിനെക്കുറിച്ചോ ഒരാലോചനയും നടന്നിട്ടില്ലെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗ് എല്‍.ഡി.എഫില്‍ വന്നാല്‍ നിലവില്‍ രണ്ടാം ഘടകമായ സി.പി.ഐ മൂന്നാം സ്ഥാനത്താകുമെന്ന ഭീതിയാണ് കാനത്തിന്റെ അങ്കലാപ്പിന്റെ പിന്നിലെന്ന വിലയിരുത്തലും ഉണ്ടായി. എന്നാല്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ഇടപെടലാണ് രംഗം ഒട്ടൊക്കെ ശാന്തമാക്കിയത്. മുസ്‌ലിം ലീഗ് ഒരിക്കലും വര്‍ഗീയമായിരുന്നില്ല, ഇപ്പോഴും അല്ല; അക്കാര്യം സി.പി.എം സെക്രട്ടറി സമ്മതിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ലീഗ്. അത് വിട്ടുപോകുന്നതിനെക്കുറിച്ച ഒരാലോചനയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞതിന്റെ ചുരുക്കം.
എം.വി ഗോവിന്ദന്റെ വാക്കുകള്‍ സമകാലിക കേരള രാഷ്ട്രീയത്തില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാലും അതുയര്‍ത്തുന്ന മൗലിക പ്രശ്‌നം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അവസരവാദത്തിന്റേതാണ്. ശാസ്ത്രീയവും പ്രകൃതിപരവും അതിനാല്‍ അനിഷേധ്യവുമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിനും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിനും മിച്ച മൂല്യ സിദ്ധാന്തത്തിനും വഴങ്ങാത്ത ഒന്നുമേ പ്രപഞ്ചത്തിലില്ലെന്നും തൊഴിലാളി വര്‍ഗാധിപത്യം അനിവാര്യ യാഥാര്‍ഥ്യമാണെന്നുമൊക്കെ വലിയ വായില്‍ പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് ചിന്തകരും വിപ്ലവകാരികളും ഇപ്പോഴും ലോകത്തുണ്ട്. പക്ഷേ, ഹങ്കേറിയന്‍ സിനിമാ സംവിധായകന്‍ ചോദിച്ചതു പോലെ ലോകത്തെവിടെയെങ്കിലും ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം എന്നെങ്കിലും സ്ഥാപിതമായിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ 1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തോടെ നിലവില്‍ വരികയും 1990-കളില്‍ തിരോഭവിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാഷ്ട്രമായ യു.എസ്.എസ്.ആര്‍ പോലും മൗലിക തത്ത്വങ്ങളില്‍ നിരന്തരം വെള്ളം ചേര്‍ത്തും മായം ചേര്‍ത്തും പിടിച്ചുനിന്നതല്ലാതെ കമ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ യഥാര്‍ഥ മാതൃകയായിരുന്നില്ല. സോവിയറ്റ് യൂനിയന്റെ പതനത്തോടെ ആഗോള കമ്യൂണിസം തന്നെ അകാല ചരമമടയുകയായിരുന്നു. ചൈനയും വിയറ്റ്‌നാമും ക്യൂബയുമൊക്കെ ഇന്നും കമ്യൂണിസ്റ്റ് രാജ്യങ്ങളായി അറിയപ്പെടുന്നുവെന്നത് ശരിയാണ്. പക്ഷേ, എല്ലാം മുതലാളിത്ത പാതയിലൂടെ, ഉദാരീകരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും മാര്‍ഗേണ അതിജീവനത്തിനായി പൊരുതുന്നു. ഈ രാജ്യങ്ങളെ എത്രത്തോളം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്ന് വിളിക്കാം? അമേരിക്കന്‍ സാമ്രാജ്യത്തെ വെല്ലുവിളിക്കുന്ന ഏഷ്യന്‍ വന്‍ശക്തി എന്ന വിശേഷണം ചൈനക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ടെങ്കിലും അമേരിക്കയുടേതില്‍ നിന്ന് മൗലിക ഭിന്നത പുലര്‍ത്തുന്ന ഒരു സാമ്പത്തിക ക്രമമാണോ ചൈന കാഴ്ചവെക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടുകയേ ചെയ്യൂ. ലോക മുതലാളിമാരില്‍ പലരും ഇന്ന് ചൈനീസ് സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശതകോടീശ്വരന്മാരാണ്. തീവ്ര ദേശീയതയുടെ ഭൂമികയിലാണ് എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും നിലനില്‍പ്. കമ്യൂണിസ്റ്റ് സാര്‍വദേശീയത പഴയ സൈദ്ധാന്തികരുടെ കിതാബുകളില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു.
ഇന്ത്യയിലേക്കും കേരളത്തിലേക്കും വരുമ്പോള്‍, നിരന്തരമായ നയം മാറ്റങ്ങളിലൂടെ അതിജീവനത്തിന്റെ ദയനീയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളെയാണ് കാണാന്‍ കഴിയുക. എല്ലാറ്റിനെയും മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിക്കാന്‍ മിടുക്ക് കാട്ടിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ബൗദ്ധിക നേതൃത്വം ഇല്ലായിരുന്നുവെങ്കില്‍ സി.പി.എമ്മും ഇന്ന് ചരിത്രത്തിന്റെ ഭാഗമായേനെ. രാജ്യത്തെ അവസാനത്തെ അഭയകേന്ദ്രമായ കേരളത്തിലെ നിലപാട് മാറ്റങ്ങളെയും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. 1967-ല്‍ മുസ്‌ലിം ലീഗിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിന്റെ തലക്കു മീതെ ഭരണം പിടിച്ച ഇ.എം.എസ് പില്‍ക്കാലത്ത് പലവട്ടം ലീഗിനെ വര്‍ഗീയ മുദ്രകുത്തി തള്ളിപ്പറഞ്ഞിട്ടുണ്ട്. 1987-ല്‍ ലീഗിന്റെ ഒരു കഷണത്തെ പോലും കൂടെക്കൂട്ടാതെ, ഇന്നത്തെ മുഖ്യ ശത്രു ആരിഫ് മുഹമ്മദ് ഖാനെ കൂട്ടുപിടിച്ച് ശരീഅത്ത് വിരുദ്ധ വികാരം ഇളക്കിവിട്ട്, ഭൂരിപക്ഷ സമുദായ വോട്ടുകള്‍ സമാഹരിച്ചാണ് ഇ.എം.എസിന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നതെന്നത് അവിസ്മരണീയ സത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ പുരോഹിത സഭകളോടൊപ്പം നിന്ന പാര്‍ട്ടി പരോക്ഷമായി തള്ളിപ്പറഞ്ഞതും മുസ്‌ലിം ലീഗിനെയും അത് പ്രതിനിധാനം ചെയ്യുന്ന സമുദായത്തെയുമാണ്. അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് കേരളം ഭരിക്കുക എന്ന കോടിയേരി ബാലകൃഷ്ണന്റെ കുപ്രസിദ്ധ സൂക്തം ആരെയാണ് ഉന്നം വെച്ചത് എന്നാര്‍ക്കും തിരിയാതെയല്ലല്ലോ. എന്നിരിക്കെ മുസ്‌ലിം ലീഗ് ഒരു സുപ്രഭാതത്തില്‍ അവര്‍ഗീയവും സ്വീകാര്യവുമാവുന്നതിലെ രസതന്ത്രം കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നില്ല..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്