കേരളീയ സമൂഹ രൂപവത്കരണവും മുസ്‌ലിം പ്രതിനിധാനവും
കേരള മുസ്‌ലിം ചരിത്രവും സംസ്‌കാര പാരമ്പര്യങ്ങളും ഇന്ന് അക്കാദമിക രംഗത്തും അനൗപചാരിക പഠനരംഗത്തും സവിശേഷ പ്രാധാന്യത്തോടെ വിഷയീഭവിക്കുന്ന ഒരു പ്രത്യേക വിജ്ഞാന മേഖലയാണ്. സ്വന്തം ഈടുവെപ്പുകളെയും അനന്യമായ ചരിത്ര പാരമ്പര്യങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍ ഓരോ സമുദായങ്ങളെ സംബന്ധിച്ചും ഇന്നേറെ പ്രാധാന്യമുള്ളതു തന്നെയാണ്. ഏതൊരു സമൂഹത്തെ സംബന്ധിച്ചും സ്വന്തം വേരുകളുടെ പ്രാബല്യം തിരിച്ചറിയാനും വര്‍ത്തമാനത്തിലെയും ഭാവിയിലെയും നിലനില്‍പിന് ഉതകും വിധം ആ വേരുകളില്‍ നിന്ന് ഊര്‍ജവും പോഷകവും സ്വീകരിക്കാനുമാണ് ചരിത്ര പഠനം സഹായിക്കുന്നത്.
സമ്പന്നമായ ചരിത്ര പാരമ്പര്യം
തീര്‍ച്ചയായും വളരെ സമ്പന്നമായ ഒരു ചരിത്രവും പൈതൃകവും കേരളീയ മുസ്‌ലിംകള്‍ക്കുണ്ട്. കേരളീയ സമൂഹ രൂപവത്കരണത്തിലും സംസ്‌കാര രൂപവത്കരണത്തിലും സവിശേഷമായ സംഭാവനകളര്‍പ്പിക്കാനും മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധ കാലങ്ങളില്‍ നിലനിന്ന പരമ്പരാഗതവും ആധുനികവുമായ അധികാര സംവിധാനങ്ങളുടെയും രാഷ്ട്രീയ ഘടനകളുടെയും മാനവികമായ ഉള്ളടക്കം നിര്‍ണയിക്കുന്നതിലും സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിലും മുസ്‌ലിം സമൂഹത്തിന് സവിശേഷമായ പങ്കാളിത്തവുമുണ്ട്. കേരളത്തില്‍ രൂപപ്പെട്ടു വന്ന അധിനിവേശ വിരുദ്ധ രാഷ്ട്രീയത്തിന്റെയും വിമോചനാത്മകമായ സാമൂഹിക നിര്‍വഹണങ്ങളുടെയും ആവിര്‍ഭാവത്തിലും വികാസത്തിലും നേതൃപരമായ പങ്ക് വഹിക്കാന്‍ സാധിച്ച സവിശേഷ സ്ഥാനവും മുസ്‌ലിംകള്‍ക്ക് സ്വന്തമാണ്. അതുകൊണ്ടുതന്നെ കേരളീയ മുസ്‌ലിംകളെ സംബന്ധിച്ച ചരിത്ര പഠനമെന്നാല്‍ അത് വര്‍ത്തമാന ദുരന്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒളിയിടമോ ഭൂതകാല വിഭൂതികളുടെ കേവല വീരസ്യമോ അല്ല. പ്രത്യുത, ഇന്ന് വികസിച്ചുവന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിമോചന മൂല്യങ്ങളുടെയും മാനവിക പരിഗണനകളുടെയും പുരോഗമനോന്മുഖമായ സകല ആശയങ്ങളുടെയും പ്രവണതകളുടെയും പ്രാഗ്‌സ്വരൂപം കേരളീയ മുസ്‌ലിം ചരിത്രത്തിലും സാമൂഹിക വിനിമയങ്ങളിലും കൂടി വേരുകളാഴ്ത്തിയിട്ടുണ്ടെന്ന തിരിച്ചറിവ് കൂടിയാണ്.
കേരളീയ മുസ്‌ലിം സമൂഹത്തെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിമോചനാത്മകമായ സാമൂഹിക സാംസ്‌കാരിക ഉള്ളടക്കങ്ങളോടെയും മതകീയമായ അനന്യ വിശുദ്ധിയോടെയും നിലനിര്‍ത്തുന്നതില്‍ പാരമ്പര്യ ഉലമാക്കള്‍ സവിശേഷമായ പങ്ക് വഹിച്ചിട്ടു്. പാരമ്പര്യ പണ്ഡിതന്മാരും അവര്‍ നയിച്ചിരുന്ന മുസ്‌ലിം സമൂഹവും ആധുനിക പൂര്‍വ സമൂഹത്തില്‍ പ്രതിനിധാനം ചെയ്യപ്പെട്ടതും, കേരളീയ പൊതു മണ്ഡലത്തിന്റെ രൂപവത്കരണത്തില്‍ ഈ പ്രതിനിധാനം പങ്ക് വഹിച്ചതും എപ്രകാരമാണെന്ന് അന്വേഷിക്കുന്നതിനും ഈ സന്ദര്‍ഭത്തില്‍ സാംഗത്യമുണ്ട്.
പൊതുമണ്ഡലം അഥവാ പൊതു സ്ഥാനം ആധുനിക പൂര്‍വ ഘട്ടത്തില്‍
കേരളീയ പൊതു മണ്ഡലം എന്ന ഒരു പൊതു സ്ഥാനം രൂപപ്പെടുന്നതിന് മുമ്പുള്ള കേരളീയ മുസ്‌ലിംകളുടെ മറ്റു സമൂഹങ്ങളുമായുള്ള സാമൂഹിക വിനിമയങ്ങളും സഹവര്‍ത്തനവും എപ്രകാരമായിരുന്നുവെന്ന് അന്വേഷിക്കുമ്പോള്‍, തീര്‍ച്ചയായും 'പൊതു മണ്ഡലം' എന്ന ആധുനിക പൊതുസ്ഥാനം രൂപപ്പെടുന്നതില്‍ കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതം വഹിച്ച പങ്ക് നിര്‍ധാരണം ചെയ്യാനാവും. ഇസ്‌ലാമിക വിശ്വാസവും ലോക ബോധവും തന്നെയാണ് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ ആധാരം. ഉള്ളടക്കത്തിലും പ്രയോഗതലത്തിലും തന്നെ അതിന് വിമോചനാത്മകമായ മാനങ്ങളുണ്ട്. ഈ വിമോചനാത്മക മാനങ്ങളോടെ, തനതായ വിശ്വാസ സംസ്‌കാരങ്ങളോടെ മുസ്‌ലിം ജീവിതത്തെ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും ഉലമാക്കളാണ് നേതൃപരമായ പങ്ക് വഹിച്ചത് എന്ന് കാണാന്‍ കഴിയും.
കേരളത്തില്‍ ജീവിച്ചുകൊണ്ടിരുന്ന വിവിധ ജാതി ഗോത്രസമൂഹങ്ങളുമായുള്ള കേരളീയ മുസ്‌ലിംകളുടെ സഹവര്‍ത്തനത്തിന്റെയും, ഇവിടെ നിലനിന്നിരുന്ന പരമ്പരാഗത നാട്ടുരാജ്യ അധികാര സംവിധാനങ്ങളുമായുള്ള അധികാര ബന്ധങ്ങളുടെയും ചരിത്രം അവലോകനം ചെയ്യുമ്പോള്‍ കേരള സമൂഹ രൂപവത്കരണങ്ങളുടെ ഭാഗമായി ഒരു പൊതു മണ്ഡലം രൂപപ്പെടുന്നതില്‍ മുസ്‌ലിം സാമൂഹിക ജീവിതവും ഇസ്‌ലാമിക ലോക വീക്ഷണവും എങ്ങനെ സ്വാധീനിച്ചുവെന്ന് തീര്‍ച്ചയായും നമുക്ക് കണ്ടെത്താനാവും. ആധുനികമായ ആശയങ്ങളും നവോത്ഥാന മൂല്യങ്ങളും ജനസമൂഹങ്ങളുടെ ആശയങ്ങളെയും ജീവിതത്തെയും സ്വാധീനിക്കുന്നതിനു മുമ്പ് തന്നെ മാനവിക സാഹോദര്യവും സഹവര്‍ത്തിത്വവും പൊതു സാമൂഹിക മൂല്യങ്ങളും പുലരുന്ന സാമൂഹിക വിനിമയങ്ങള്‍ കേരളത്തിലെ പരമ്പരാഗത ജാതി സമൂഹങ്ങളുമായുള്ള സമ്പര്‍ക്കങ്ങളില്‍ നിലനിര്‍ത്തിയവരാണ് മുസ്‌ലിംകള്‍.
ജാതി ഘടനയുടെ നിര്‍മൂലനവും ശേഷിക്കുന്ന ജാതി ബോധവും
ഏതാണ്ട് ഇരുപതാം നൂറ്റാണ്ട് പകുതി വരെ ജാതീയമായ ഉച്ചനീചത്വങ്ങളാല്‍ അടഞ്ഞ ഒരു സാമൂഹിക ഘടനയായിരുന്നു കേരളത്തിന്റേത്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും കൊളോണിയല്‍ ആധുനികതയുടെ ഭാഗമായ വിദ്യാഭ്യാസ പദ്ധതികളില്‍ നിന്ന് പ്രയോജനം സിദ്ധിച്ചും ആധുനിക നവോത്ഥാന ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടും വിവിധ മത-ജാതി സമൂഹങ്ങളില്‍ രുപപ്പെട്ടുവന്ന സാമൂഹികവും രാഷ്ട്രീയവുമായ ഉണര്‍വുകളാണ് ജാതി ഘടനയുടെ ബാഹ്യമായ അധികാരത്തെ കേരളീയ സമൂഹ ജീവിതത്തില്‍ നിന്ന് പിഴുതെടുക്കാന്‍ പ്രേരണയായത്. ഇക്കാര്യത്തില്‍ വിവിധ മത-ജാതി സമൂഹങ്ങള്‍ സ്വയം ആധുനികവത്കരിക്കാന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായിരുന്നു ജാതീയ സ്വത്വസ്ഥാനങ്ങളില്‍നിന്ന് മനുഷ്യപദവിയിലേക്കുള്ള അവരുടെ വളര്‍ച്ച. ആദ്യഘട്ടത്തില്‍ ജാതി നല്‍കിയ അധഃകൃതാവസ്ഥയില്‍ നിന്നുള്ള വിമോചനമെന്നോണമാണ് വിവിധ മത-ജാതി സമൂഹങ്ങളില്‍ ഇത് പ്രവര്‍ത്തനക്ഷമമായതെങ്കിലും പിന്നീട് ജാതി തന്നെ സ്വത്വാഭിമാന സ്ഥാനമാകുന്ന പരിണതിയാണ് ആധുനികവത്കരിക്കപ്പെട്ട ജാതി സമൂഹങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇന്ന് സാമൂഹിക പദവിയും സാമ്പത്തിക സുസ്ഥിതിയും അധികാര പങ്കാളിത്തവുമെല്ലാം ആര്‍ജിച്ച് ജനാധിപത്യത്തില്‍ പങ്കാളികളാകാന്‍ ഒരു പരിധിവരെ അത്തരം ജാതി സമൂഹങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ആന്തരികമായി ജാതിയും ജാത്യാഭിമാനവും പേറുന്ന ശ്രേണീകൃതമായ ജാതിബോധമുള്ള ആധുനികവത്കരിക്കപ്പെട്ട പരിഷ്‌കൃത ജാതികളായി അവക്ക് രൂപഭേദം സംഭവിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഉള്ളടക്കത്തില്‍ ഇപ്പോഴും ജാതി ഭേദങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത. ആധുനികതയുടെയും ആധുനികാനന്തര ആശയങ്ങളുടെയും സ്വാധീനം ഒരു മൂല്യബോധമായി സാര്‍വത്രികമായി പ്രവര്‍ത്തന ക്ഷമമായിട്ടില്ല എന്നതാണ് ഇതിനു കാരണം. മാനവിക സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അനുഭാവപൂര്‍ണമായ ഒരു ജീവിത വീക്ഷണം അധിക ജാതിസമൂഹങ്ങളെയും സ്വാധീനിക്കുന്നില്ല എന്നതാണ് നവോത്ഥാന വിപ്ലവങ്ങള്‍ക്കുശേഷവും കേരളീയ ജാതി സമൂഹങ്ങളിലെ വലിയൊരു ദുര്യോഗം എന്നു കാണാം.
മുസ്‌ലിം സാമൂഹിക ബന്ധങ്ങളും ജാത്യതീത പൊതു സ്ഥാനവും
ആധുനിക പൂര്‍വഘട്ടത്തിലെ സാമൂഹിക ജീവിതവും ശ്രേണീകൃതമായ ജാതി സംവിധാനങ്ങളും സ്വന്തം മാനവിക വീക്ഷണത്തിന്റെയും ലോകബോധത്തിന്റെയും സവിശേഷ പ്രകൃതത്താല്‍ അതിവര്‍ത്തിച്ച് മനുഷ്യബന്ധങ്ങളെ വിവേചനമേതുമില്ലാതെ പരിഗണിച്ച കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക വിനിമയങ്ങള്‍ ഇത്തരുണത്തില്‍ അവലോകനം ചെയ്യുന്നതില്‍ സാംഗത്യമുണ്ട്.
ചരിത്രത്തില്‍ അറേബ്യന്‍ സമൂഹങ്ങളുമായുള്ള സമുദ്രവ്യാപാര ബന്ധങ്ങള്‍ വഴിയാണ് ദക്ഷിണേന്ത്യയിലെ ഇസ്‌ലാമിന്റെ പ്രചാരം എന്നു കാണാന്‍ കഴിയും. അറബികള്‍ക്ക് വാണിജ്യവിഭവങ്ങള്‍ ശേഖരിക്കാന്‍ ഏതാനും മാസങ്ങള്‍ കേരളത്തില്‍ തങ്ങേണ്ടതുള്ളതിനാല്‍ കേരളീയ തുറമുഖ തീരങ്ങളിലും ഉള്‍നാടന്‍ വാണിജ്യകേന്ദ്രങ്ങളിലും അധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട അധിവാസ കേന്ദ്രങ്ങളിലെ വാസത്തിനിടക്ക് തദ്ദേശീയ സമൂഹങ്ങളു മായി പല നിലയില്‍ സമ്പര്‍ക്കപ്പെട്ട വര്‍ത്തകരായ അറബികളുമായുള്ള വിനിമയങ്ങളാണ് അധഃകൃത ജാതികള്‍ക്ക് ജാതിക്കപ്പുറമുള്ള ഒരു മാനവിക സ്ഥാനവും പരിഗണനയും നല്‍കിത്തുടങ്ങിയത്. കച്ചവടക്കാരായ അറബിമുസ്‌ലിംകളുടെ ജാതിസമൂഹങ്ങളുമായുള്ള ഈ സാമൂഹിക ബന്ധങ്ങള്‍ വഴി ഇസ്‌ലാം പ്രചരിക്കുകയും അധഃകൃത ജാതികളില്‍ നിന്നുള്ള പലര്‍ക്കും അത് മനുഷ്യപദവി ആര്‍ജിക്കാനുള്ള മാര്‍ഗമാവുകയും പിന്നീടത് അറബിമുസ്‌ലിംകളുമായുള്ള വിവാഹം വഴി കുടുംബബന്ധം തന്നെയായി മാറുകയും അങ്ങനെ ഒരു സങ്കര സമൂഹം ഇവിടെ രൂപപ്പെടുകയും ചെയ്തു. മാപ്പിളമുസ്‌ലിംകള്‍ എന്നുള്ള നാമകരണങ്ങളിലൂടെ അറിയപ്പെടുന്ന കേരളീയ മുസ്‌ലിംകളുടെ ആവിര്‍ഭാവം ഇപ്രകാരമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ അക്കാലത്ത് ജാതി സമൂഹങ്ങള്‍ക്ക് ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്നും ശ്രേണീകൃതമായ സാമൂഹിക ഘടനയില്‍നിന്നും അധഃകൃതാവസ്ഥയില്‍ നിന്നും വിമോചിക്കപ്പെടാനുള്ള മൗലികമായ മാര്‍ഗം ഇസ്‌ലാംസ്വീകരണമായിരുന്നു. അതുകൊണ്ടു തന്നെ മുസ്‌ലിമാവുക എന്നതു തന്നെ പൊതു സ്ഥാനത്തോടെ മനുഷ്യപദവി കൈകവരിക്കുക എന്നതു കൂടിയായിരുന്നു. മാത്രമല്ല, സമുദ്രവ്യാപാരത്തിലെ കച്ചവടക്കാരും ഇടനിലക്കാരുമെല്ലാമായി പ്രവര്‍ത്തിച്ച് കേരളീയ നാട്ടുരാജ്യ സമ്പദ്ഘടനകളെ പല നിലയില്‍ പോഷിപ്പിച്ച സവിശേഷ വിഭാഗമായിരുന്നു മുസ്‌ലിംകളെന്നതിനാല്‍(അറബിമുസ്‌ലിംകളും പ്രാദേശിക മുസ്‌ലിംകളും) നാട്ടുരാജ്യ അധികാര സംവിധാനങ്ങളും അവരെ പ്രത്യേകമായി പരിഗണിച്ചു. ഈ പരിഗണന വിശ്വാസാചാരങ്ങളുടെ അനന്യത സംരക്ഷിച്ചും ആചരിച്ചും സമാന്തരമായ ഒരു സാമൂഹിക ജീവിതം നയിക്കാന്‍ മുസ്‌ലിംകള്‍ക്ക് സൗകര്യമൊരുക്കി.
ഇസ്‌ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പാലിക്കാനും നടപ്പാക്കാനും സാമൂതിരി രാജാവ് സംവിധാനങ്ങള്‍ ചെയ്തിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കുക. മാത്രമല്ല, മുസ്‌ലിംകളുടെ ജീവിതത്തെ ബാധിക്കുന്ന ഒട്ടെല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഖാദിമാരുടെയും പണ്ഡിതന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂതിരി രാജാക്കന്മാര്‍ എല്ലാ പശ്ചാത്തലങ്ങളും ഒരുക്കിയിരുന്നു. കേരളത്തില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന മറ്റു നാട്ടുരാജ്യവ്യവസ്ഥകളും സാമൂതിരിയുടെ ഈ നിലപാട് പൊതുവായി പിന്‍പറ്റുകയുണ്ടായി. അതുകൊണ്ടു തന്നെ മുസ്‌ലിംകളെ സംബന്ധിച്ച്, അവിശ്വാസികളാണ് ഭരിക്കുന്നതെങ്കിലും ഇസ്‌ലാമികമായ സ്വത്വവും അനന്യതയും സംരക്ഷിച്ചുള്ള സാമൂഹിക ജീവിതത്തിനും വ്യക്തിജീവിതത്തിനും സൗകര്യമൊരുക്കുന്ന ഈ നാട്ടുരാജ്യ വ്യവസ്ഥകളെ ദാറുല്‍ ഇസ്‌ലാമിന്റെ പരിധിയില്‍ തന്നെ പരിഗണിക്കാനാണ് കേരളീയ ഉലമാക്കള്‍ താല്‍പര്യപ്പെട്ടത്. കേരളത്തിലെ പ്രമുഖ സ്വൂഫീ ഉലമാക്കളാല്‍ രചിക്കപ്പെട്ട അധിനിവേശ വിരുദ്ധ സാഹിത്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള തഹ്‌രീദ്, തുഹ്ഫത്തുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുഈന്‍, അല്‍ ഖുത്വ്ബത്തുല്‍ ജിഹാദിയ്യഃ പോലുള്ള ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാല്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന കേരളീയ നാട്ടുരാജ്യ വ്യവസ്ഥയോടുള്ള ഉലമാക്കളുടെയും ജനങ്ങളുടെയും സവിശേഷമായ കൂറും പ്രതിബദ്ധതയും സുവ്യക്തമായി കാണാം. ഒരു വേള അസ്ഥിരതയും അരാജകത്വവുമില്ലാത്ത, സുരക്ഷയും നീതിയുമുള്ള ഈ നാട്ടുരാജ്യ വ്യവസ്ഥകളുടെ പുനരുജ്ജീവനം തന്നെയായിരുന്നു കോളനി വിരുദ്ധ സാഹിത്യങ്ങളായി രൂപപ്പെട്ട ഈ സാഹിത്യങ്ങളുടെയെല്ലാം രാഷ്ട്രീയ ലക്ഷ്യം എന്നത് സവിശേഷവും ശ്രദ്ധേയവുമാണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ രാഷ്ട്രീയമായ അര്‍ഥത്തിലും നീതിപൂര്‍വം നാട്ടുരാജ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നാട്ടുരാജ്യ വ്യവസ്ഥകളുടെ പൊതു താല്‍പര്യങ്ങളോട് താദാത്മ്യപ്പെടുന്ന സമീപനമാണ് മുസ്‌ലിംകളും അവരെ നയിച്ചിരുന്ന ഉലമാക്കളും സ്വീകരിച്ചിരുന്നത് എന്നു കാണാം.
പൊതു മണ്ഡലത്തിന്റെ രൂപവത്കരണവും ഇസ്‌ലാമിക വ്യാപനവും
ഇനി, മുസ്‌ലിംകള്‍ ഇതര സമൂഹങ്ങളുമായുള്ള സാമൂഹിക വിനിമയങ്ങളില്‍ പാലിച്ച അനുഭാവപൂര്‍ണമായ അപരോന്മുഖത്വം എപ്രകാരമാണ് ആധുനിക പൂര്‍വ ഘട്ടത്തില്‍ ജാതിസമൂഹങ്ങള്‍ക്ക് പൊതുമണ്ഡലവും പൊതു സ്ഥാനവും ഒരുക്കിക്കൊടുത്തത് എന്ന കാര്യം പരിശോധിക്കാം:
സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു മുസ്‌ലിംകളില്‍ അധിക പേരും എന്നതിനാല്‍ തീരദേശങ്ങളിലാണ് മുസ്‌ലിംകള്‍ അധികമായി അധിവസിച്ചിരുന്നത്. തീരപ്രദേശങ്ങളിലെ മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍ മേല്‍ജാതികളാല്‍ അവമതിക്കപ്പെട്ട് അധഃസ്ഥിതത്വം പേറി പ്രാന്തവത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്ന മുക്കുവജനതയെ അനുഭാവ പൂര്‍വം പരിഗണിച്ചവരായിരുന്നു മുസ്‌ലിംകള്‍. മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ സവിശേഷതകളെ നേരിട്ട് തൊട്ടറിഞ്ഞ മുക്കുവജനത തങ്ങളുടെ സാമൂഹിക സ്ഥാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്. ഇസ്‌ലാം സ്വീകരിക്കാതെ തല്‍സ്ഥിതി തുടര്‍ന്ന മുക്കുവരും, മുസ്‌ലിംകളുമായുള്ള സമ്പര്‍ക്കങ്ങളില്‍ യാതൊരു വിധ വിവേചനവും കൂടാതെ പരിഗണിക്കപ്പെട്ടവര്‍ തന്നെയായിരുന്നു. ഇങ്ങനെ ഉള്‍നാടുകളില്‍ വസിച്ചിരുന്ന ഇതര അധഃകൃത ജാതികളെപ്പോലെ മറഞ്ഞും, പ്രാന്തങ്ങളിലും ഓരങ്ങളിലും ഒളിച്ചും ജീവിക്കേണ്ട ഗതികേട് തീരദേശങ്ങളിലെ മുക്കുവ ജനതക്കില്ലായിരുന്നുവെന്ന് കാണാം. ഇങ്ങനെ അധഃകൃതര്‍ക്ക് തങ്ങളുടെ മനുഷ്യപദവിയെ തിരിച്ചറിഞ്ഞ് സാമൂഹിക വിനിമയങ്ങളില്‍ വ്യാപൃതരാവാന്‍ ജാതികോയ്മയുടെ സ്വാധീനമില്ലാത്ത പൊതു മണ്ഡലങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് മുസ്‌ലിം അധിവാസ കേന്ദ്രങ്ങളിലും സാമൂഹിക വിനിമയങ്ങളിലുമാണെന്ന് കാണാം. മുക്കുവരുടെ മുസ്‌ലിം സമൂഹത്തോടുള്ള ഈ അനുഭാവം കൂടി പരിഗണിച്ചാണ് സാമൂതിരി രാജാവ്, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മുസ്‌ലിംകളുടെ മുന്‍കൈയോടെ നടന്നിരുന്ന നാവിക മുന്നേറ്റങ്ങളെ പ്രബലപ്പെടുത്താന്‍ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും മുസ്‌ലിമാവണമെന്ന ആജ്ഞ പുറപ്പെടുവിച്ചത് എന്നു കാണാം. വാസ്തവത്തില്‍ പില്‍ക്കാലത്ത് മുക്കുവ കുടുംബങ്ങളുടെ സാര്‍വത്രികമായ ഇസ്‌ലാമാശ്ലേഷത്തെ ഇത് ഗണ്യമായി സ്വാധീനിച്ചു.
സമുദ്രവ്യാപാരത്തില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ട് പില്‍ക്കാലത്ത് ഉള്‍നാടുകളിലേക്ക് ചേക്കാറാനും കൃഷി പോലുള്ള തൊഴില്‍ മേഖലകളിലേക്ക് മാറാനും മുസ്‌ലിംകള്‍ നിര്‍ബന്ധിതരാവുകയുണ്ടായി. ഇതോടെ അധഃകൃത ജാതികള്‍ക്ക് മുസ്‌ലിംകളുമായി കൂടുതല്‍ സമ്പര്‍ക്കങ്ങള്‍ക്ക് അവസരം കൈവരികയും തങ്ങളുടെ ജാതിക്കു പുറത്തുള്ള സാമൂഹിക സ്ഥാനമുള്ള മുസ്‌ലിംകളുടെ പരിഗണനകളും ബന്ധങ്ങളും മനുഷ്യപദവിയിലേക്കുള്ള അവരുടെ ഉയര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്തു. ജാതിയില്‍ നിന്ന് പുറത്തുകടന്ന് സ്വതന്ത്രമാകണമെങ്കില്‍ അക്കാലത്ത് മതം മാറ്റമല്ലാതെ മറ്റു വഴികളില്ലായിരുന്നു. സെക്യുലറിസത്തിന്റെയോ മറ്റ് ആധുനിക ആശയങ്ങളുടെയോ സ്വാധീനമുള്ള, സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുള്ള ഒരു പൊതു മണ്ഡലം അന്ന് നിലവിലില്ലായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ മുസ്‌ലിമാവുക എന്നതു തന്നെയായിരുന്നു മനുഷ്യപദവിയാര്‍ജിക്കാനും ജാതിയില്‍നിന്ന് പുറത്തു കടക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അധഃകൃത സമൂഹങ്ങളുടെ ഈ മതം മാറ്റവും അതോടെ സാമൂഹിക പദവിയില്‍ വരുന്ന പൊതു സ്ഥാനവും ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്ന സവര്‍ണ ജന്മിത്വ ശക്തികളുടെ പ്രതികരണങ്ങളും പ്രതികാര നടപടികളുമാണ് പില്‍ക്കാലത്ത് പല പ്രാദേശിക കലാപങ്ങളുടെയും മൂലകാരണമായതെന്നു കാണാം.
ടിപ്പുവിന്റെ പരിഷ്‌കാരങ്ങളും പില്‍ക്കാല പരിണതികളും
ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അധഃകൃത സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ദുരാചാരങ്ങളില്‍നിന്ന് അവരെ വിമോചിപ്പിക്കുന്നതും ഒരു പക്ഷേ, ആധുനിക സമൂഹത്തില്‍ സംഭവിച്ചതിനോട് സമാനമായ സാമൂഹിക സ്ഥാനം അവര്‍ക്ക് അനുവദിക്കുന്നതുമായ നിരവധി ഭരണ നടപടികള്‍ സംഭവിച്ചുവെങ്കിലും ടിപ്പുവിന്റെ പതനത്തോടെ ജന്മിത്വനാടുവാഴിത്ത വ്യവസ്ഥ പൂര്‍വാധികം പ്രാബല്യത്തോടെ പുനഃസംവിധാനിക്കാന്‍ കൊളോണിയല്‍ ഭരണകൂടം എല്ലാ ഒത്താശയും ചെയ്തതിനാല്‍ പൊതു സമൂഹരൂപവത്കരണ പ്രക്രിയ താല്‍ക്കാലികമായി നിലച്ചുപോവുകയും സവര്‍ണ ജാതിതാല്‍പര്യങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള അധികാര ക്രമം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. അതോടെ അധഃകൃത ജാതികളുടെ മനുഷ്യപദവിയിലേക്കുള്ള വിമോചനത്തെ നിര്‍ണയിക്കുന്നതില്‍ ആദ്യഘട്ടത്തിലേതുപോലെ തന്നെ പില്‍ക്കാലത്തും മതപരിവര്‍ത്തനമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. സാമൂഹിക സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഈ മതംമാറ്റം ഇസ്‌ലാമിലേക്ക് മാത്രമല്ലായിരുന്നുവെന്നും, ക്രിസ്തുമതത്തിലേക്കും ജൂതമതത്തിലേക്കും പരിവര്‍ത്തിക്കപ്പെട്ടാലും ജാതീയ ഘടനയില്‍നിന്ന് പുറത്തുകടന്ന് സാമൂഹിക സ്ഥാനം മെച്ചപ്പെടുത്താമെന്നതും സാധ്യതകളായിരുന്നു. ഒരു വേള ആചാരപരമായ ചില കാരണങ്ങളാല്‍ ജാതിഭ്രഷ്ടരാകുന്ന ചിലര്‍ക്ക് സാമൂഹിക ബഹിഷ്‌കരണം മറികടക്കണമെങ്കില്‍ ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ല. ഈ അനുകൂല സാഹചര്യങ്ങള്‍ ഇസ്‌ലാമിക വ്യാപനത്തില്‍ സ്വാധീനം ചെലുത്തിയതായി കാണാം. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസവും മനുഷ്യത്വപരമായ സാമൂഹിക വിനിമയങ്ങളും സാംസ്‌കാരിക ബന്ധങ്ങളും സവര്‍ണ-അവര്‍ണ ഭേദമന്യേ സര്‍വരെയും ആകര്‍ഷിക്കുന്നതുകൂടിയായിരുന്നു.
അധഃകൃതത്വ നിര്‍മൂലനം
അധഃകൃത ജാതികളില്‍നിന്ന് ഇസ്‌ലാം ആശ്ലേഷിച്ചവരുടെ ശരീര ഭാഷയിലും ആചാര രീതികളിലും സാമൂഹിക ബന്ധങ്ങളിലും സവര്‍ണ വിധേയത്വം പ്രകടമാക്കുന്ന പ്രവണതകള്‍ കാണപ്പെട്ടപ്പോള്‍ മുസ്‌ലിം ജീവിതത്തില്‍നിന്ന് അവ പാടേ വിപാടനം ചെയ്യാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളും അദ്ദേഹത്തിന്റെ പുത്രനായ ഫസല്‍ പൂക്കോയ തങ്ങളും പരിശ്രമിച്ചിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്. അധഃകൃത ജാതികളോട് വളരെ അനുഭാവ പൂര്‍വമായാണ് അവര്‍ ഇടപഴകിയത്. സവര്‍ണ ജാതികളോടാവട്ടെ സൗഹാര്‍ദപൂര്‍ണമായും ഇടപഴകി. നിലനില്‍ക്കുന്ന ജാതീയമായ സാമൂഹിക വ്യവസ്ഥയില്‍നിന്ന് വിശ്വാസാചാര മാറ്റങ്ങളിലൂടെ സ്വതന്ത്രരാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കിയവരാണ് ഉലമാക്കള്‍.
ചുരുക്കത്തില്‍, മുസ്‌ലിംകളുമായുള്ള സമ്പര്‍ക്കങ്ങളും സാമൂഹിക വിനിമയങ്ങളുമാണ് അധഃകൃത സമൂഹങ്ങളെ, വിശിഷ്യാ ആധുനിക പൂര്‍വഘട്ടത്തില്‍ സ്വാതന്ത്ര്യത്തിലേക്കും മനുഷ്യപദവിയിലേക്കും നയിച്ചത് എന്നു കാണാന്‍ കഴിയും. മനുഷ്യകുലത്തെ വിവേചനങ്ങളേതുമില്ലാതെ ഒരു പിതാവിന്റെയും മാതാവിന്റെയും സന്തതി പരമ്പരകളായി അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുസ്‌ലിംകള്‍ പരിശീലിപ്പിക്കപ്പെട്ടത് അവരെ നയിച്ചിരുന്ന ഉലമാക്കള്‍ വഴിയായിരുന്നു. സാമുദായികതയെയോ വംശീയതയെയോ പ്രതിനിധാനം ചെയ്യാതെ ഏകോദര സാഹോദര്യവും ഉലൂഹിയ്യത്തിലെ ഏകത്വവും ആത്മസംസ്‌കരണപരമായ മൂല്യങ്ങളുമാണ് അവര്‍ മതഗ്രന്ഥങ്ങളില്‍ നിന്ന് സ്വാംശീകരിച്ച് പ്രതിനിധാനം ചെയ്തതും പ്രബോധനം ചെയ്തതും. മത, സാമുദായിക, ജാതി സമൂഹങ്ങളുമായുള്ള സാമൂഹിക വിനിമയങ്ങളില്‍ വിവേചനമേതുമില്ലാത്ത സമീപനമാണ് അവര്‍ വെച്ചുപുലര്‍ത്തിയത്. നാട്ടുരാജ്യ അധികാര വ്യവസ്ഥ അസ്ഥിരതയിലും നിലനില്‍പ് ഭീഷണിയിലുമായപ്പോള്‍ അതിനു കാരണക്കാരായ കൊളോണിയല്‍ ശക്തികളോട് ശക്തമായി ചെറുത്തുനിന്ന് നാടിനെ സംരക്ഷിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും മതകീയ ബാധ്യത തന്നെയായി സിദ്ധാന്തവത്കരിച്ചാണ് ഈ ഉലമാക്കളും അവര്‍ നയിച്ചിരുന്ന മുസ്‌ലിം സമുദായവും ഇവിടത്തെ രാഷ്ട്രീയ അധികാര വ്യവസ്ഥയോട് ഒപ്പംനിന്നത്. ആധുനിക നവോത്ഥാന പ്രവണതകളുടെ ഭാഗമായി വളര്‍ന്നുവന്ന പൊതു മണ്ഡലവും പൊതു സ്ഥാനവും ആധുനിക പൂര്‍വകാലത്ത് തന്നെ സ്വന്തം സാമൂഹിക നിര്‍വഹണങ്ങളിലും സാമുദായിക ബന്ധങ്ങളിലും കാത്തുപോന്ന്, സ്വന്തം പ്രതിനിധാനത്തിലൂടെ അധഃസ്ഥിത സമൂഹങ്ങളുടെ മനുഷ്യപദവിയിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തിയ സവിശേഷതയും കേരളീയ മുസ്‌ലിംകള്‍ക്ക് സ്വന്തമാണ്. ഉയര്‍ന്ന മാനവിക ബോധത്തിനും വിശാലമായ സാമൂഹിക വീക്ഷണത്തിനും കേരളീയ മുസ്‌ലിംകളെ പാകപ്പെടുത്തിയത് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തുന്ന വിശ്വാസവും സംസ്‌കാരവും തന്നെയാണ്.
റഫറന്‍സ്:
* Thahrid Ahlil Iman Ala Jihadi Abadati Sulban: Zainudheen Maqdoom 1(Translated By: Dr. K.M. Mohammed
* Against Lord and State Religion and Peasant Uprisings in Malabar 1836-1921: K.N.Panikkar
* തുഹ്ഫത്തുല്‍ മുജാഹിദീന്‍: ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം
* ഫത്ഹുല്‍ മുബീന്‍: ഖാദി മുഹമ്മദ്; പരിഭാഷ: പ്രഫ: മങ്കട അബ്ദുല്‍ അസീസ്
* സാമൂതിരിക്കു വേണ്ടി ഒരു സമരാഹ്വാനം: ഖാദി മുഹമ്മദ്, പരിഭാഷ: ഡോ. സക്കീര്‍ ഹുസൈന്‍
* മണ്‍സൂണ്‍ ഇസ്‌ലാം: സെബാസ്റ്റ്യന്‍ ആര്‍ പ്രാംഗെ
Comments