Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

കെ. ഹമീദ് മാസ്റ്റര്‍, നടുവണ്ണൂര്‍

ടി. അബൂബക്കര്‍, നടുവണ്ണൂര്‍

നടുവണ്ണൂരിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് കെ. ഹമീദ് മാസ്റ്ററുടെ വിയോഗം. പുരോഗമന പ്രസ്ഥാനങ്ങള്‍ നടുവണ്ണൂരിന്റെ മണ്ണില്‍ ചുവടുറപ്പിക്കാത്ത കാലത്താണ് ഹമീദ് മാസ്റ്റര്‍ റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി പുറത്തിറങ്ങുന്നത്. അന്ധവിശ്വാസങ്ങളും സ്ത്രീ വിദ്യാഭ്യാസ വിരുദ്ധതയുമൊക്കെ ചേര്‍ന്ന നടുവണ്ണൂരിലെ യാഥാസ്ഥിതിക സമൂഹത്തെ മാറ്റിപ്പണിയാനുള്ള നിയോഗമേറ്റെടുക്കുകയായിരുന്നു തുടര്‍ന്ന് അദ്ദേഹം.
നടുവണ്ണൂരിലെ മദ്‌റസ ഞങ്ങളുടെയെല്ലാം മദ്‌റസയായിരുന്നു. ഖത്വീബും ഉസ്താദുമായിരുന്ന കുഞ്ഞീദു മുസ്‌ല്യാര്‍ ഞങ്ങളുടെയെല്ലാം ഉസ്താദുമായിരുന്നു. പിതൃതുല്യമായ സ്‌നേഹമായിരുന്നു അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയത്.
ചെറുപ്പത്തിന്റെ തിളപ്പിലും ഉസ്താദുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടാതിരിക്കാനുള്ള വിവേകം കാണിച്ചു എന്നതായിരുന്നു ഹമീദ് മാസ്റ്ററുടെ നേതൃശേഷി. അതുകൊണ്ട് യാഥാസ്ഥിതിക ചിന്തകളെ ചെറുക്കാന്‍ രൂപവത്കരിച്ച ഇസ്ലാമിക് കള്‍ചറല്‍ ആന്റ് എജുക്കേഷനല്‍ സൊസൈറ്റി പ്രാര്‍ഥനയോടെ ഉദ്ഘാടനം ചെയ്തത് കുഞ്ഞീദു മുസ്‌ല്യാര്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് നിര്‍ജീവമായെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറയായത് ഈ സൊസൈറ്റിയാണ്.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ സംരംഭം അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ ആയിരുന്നു. പ്രവര്‍ത്തകരുടെ എണ്ണം പത്തില്‍ താഴെ മാത്രമായിരുന്നെങ്കിലും 60-ലധികം വിദ്യാര്‍ഥികള്‍ മദ്‌റസയില്‍ പഠിക്കാനെത്തി. മദ്‌റസയിലേക്ക് വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം രക്ഷിതാക്കളുമായി ഹമീദ് മാസ്റ്റര്‍ക്കുണ്ടായിരുന്ന ആത്മബന്ധമായിരുന്നു. പില്‍ക്കാലത്ത് സാമ്പത്തിക ക്ലേശം കാരണം മദ്‌റസ അടച്ചുപൂട്ടാന്‍ സമ്മര്‍ദമുണ്ടായെങ്കിലും അതിന് സമ്മതിക്കാതെ  മാസ്റ്റര്‍ ഉറച്ചു നിന്നു.
ക്ലാസുകളും തറാവീഹും, സംഘടിത സകാത്തുമെല്ലാം നിര്‍വഹിക്കപ്പെട്ടത് പ്രവര്‍ത്തകരില്‍ പലരുടെയും വീടുകളിലായിരുന്നു. പള്ളി പണിയുക എന്നത് അനിവാര്യമായിത്തീര്‍ന്ന ഈ ഘട്ടത്തില്‍ ഹമീദ് മാസ്റ്ററാണ് ആ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഹല്‍ഖ വിഭജിക്കപ്പെടുന്നതിനു മുമ്പ് ദീര്‍ഘകാലം  ഹല്‍ഖയുടെ നാസിമും പള്ളിക്കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഇതേ ഘട്ടത്തില്‍ത്തന്നെയാണ് ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും. പ്രവര്‍ത്തന ബാഹുല്യങ്ങളുടെ ക്ലേശങ്ങളെല്ലാം അദ്ദേഹം സ്വയം സഹിച്ചു. സ്വകാര്യ ദുഃഖങ്ങള്‍ ആരെയും അറിയിച്ചില്ല. വയ്യാതാവുന്നതു വരെ രോഗങ്ങളെ അവഗണിച്ചു.
അറബി അധ്യാപകനായി പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. ഉയര്‍ന്ന വ്യക്തിത്വവും, വലുപ്പച്ചെറുപ്പമില്ലാതെ ചേര്‍ത്തുപിടിക്കാനുള്ള കഴിവും അദ്ദേഹത്തെ പ്രിയങ്കരനായ അധ്യാപകനാക്കി.
പ്രശ്‌നങ്ങളില്‍ അദ്ദേഹം നീതിമാനായ മധ്യസ്ഥനായിരുന്നു. മകന്‍ ജസീമിന്റെ ആകസ്മിക നിര്യാണത്തില്‍ തകര്‍ന്നുപോ
കുമായിരുന്ന സ്വന്തം കുടുംബത്തെ മനോദാര്‍ഢ്യം കൊണ്ടും വിശ്വാസത്തിന്റെ കരുത്തുകൊണ്ടുമാണ്  അദ്ദേഹം തിരിച്ചുപി
ടിച്ചത്. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും  നാട്ടിലെ ഇതര മഹല്ലുകളുമായി അദ്ദേഹം ശക്തമായ മൈത്രീ ബന്ധം സ്ഥാപിച്ചു. കാര്‍ഷിക രംഗത്തും സജീവമായിരുന്നു.

 

സെയ്ദ് മുഹമ്മദ് മൗലവി

കഴിഞ്ഞ നവംബര്‍ ഒന്നിന് നമ്മെ വിട്ടുപിരിഞ്ഞ അടിമാലി കാര്‍കുന്‍ ഹല്‍ഖാ നാസിമായിരുന്ന സെയ്ദ് മുഹമ്മദ് മൗലവി സാധാരണക്കാരെ ചേര്‍ത്തുപിടിക്കുകയും അവരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത മാതൃകാ വ്യക്തിത്വമായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനോ ഉയര്‍ന്ന നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയോ ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് എത്തിച്ചേര്‍ന്ന വന്‍ ജനാവലി ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു.
കര്‍മ ഭൂമിയില്‍നിന്ന് വിയര്‍പ്പു കണങ്ങളുമായി നാഥനെ കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ച വ്യക്തിത്വം. ഹിറാ മസ്ജിദ് ഇമാം, ഹിറാ മദ്‌റസാ പ്രധാനാധ്യാപകന്‍, മാധ്യമം ഏരിയാ കോഡിനേറ്റര്‍, പ്രസ്ഥാന പ്രസിദ്ധീകരണങ്ങളുടെ ഏജന്റ് എന്നീ നിലകളിലെല്ലാം ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് തന്റെ നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയത്.
മുത്തുരിങ്ങാട് എന്ന, ഏറെ പിന്നാക്കമായ പ്രദേശത്ത് ജനിച്ചുവളര്‍ന്ന അദ്ദേഹം പില്‍ക്കാലത്ത് മാതാപിതാക്കളോടൊപ്പം അടിമാലിക്കു സമീപം പത്താം മൈല്‍ എന്ന സ്ഥലത്ത് താമസമുറപ്പിക്കുകയായിരുന്നു. വിവിധ പള്ളികളിലും മദ്‌റസകളിലും ജോലി ചെയ്തതിനു ശേഷം 1994-ല്‍ അടിമാലിയില്‍  ഹിറാ മസ്ജിദ് ആരംഭിച്ചതു മുതല്‍ തന്റെ പ്രവര്‍ത്തന കേന്ദ്രമായി അവിടം തെരഞ്ഞെടുത്തു. കഴിഞ്ഞ 28 വര്‍ഷങ്ങളില്‍ അടിമാലി ഹിറയുടെ ഓരോ പ്രവര്‍ത്തനത്തിലും അദ്ദേഹത്തിന്റെ കരസ്പര്‍ശമുണ്ടായിരുന്നു. സംഘടനാ വൃത്തത്തിനപ്പുറത്ത് പൊതു മുസ്‌ലിം സമൂഹത്തെ ഹിറാ മസ്ജിദുമായി അടുപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാവതല്ല. ഹിറാ മദ്‌റസ ആരംഭിക്കാന്‍ മുന്‍കൈയെടുത്തതിലും, ഭംഗിയായി മുന്നോട്ടുപോകാന്‍ അതിനെ പ്രാപ്തമാക്കിയതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
മാധ്യമം ഏരിയാ കോഡിനേറ്റര്‍ സംവിധാനം എന്ന് ആരംഭിച്ചോ അന്ന് മുതല്‍ ആ സ്ഥാനത്തേക്ക് മറ്റൊരു പേര് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാധ്യമം പത്രത്തിന്റെ ഉയര്‍ന്ന പദവികളിലുള്ളവര്‍ക്കെല്ലാം സുപരിചിതനായിരുന്ന സെയ്ദ് മുഹമ്മദ് മൗലവിയുടെ പരിശ്രമ ഫലമായാണ് ഏരിയയില്‍ പത്രം ഏറെ ജനകീയമായത്. അനുശോചന യോഗത്തില്‍ പങ്കെടുത്ത മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.കെ സുകുമാരന്‍ സാര്‍ പറഞ്ഞു: 'ഞാന്‍ മുമ്പ് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം മാധ്യമം വരിക്കാരനായിരുന്നു. തുടക്കക്കാലത്ത് ചില കാരണങ്ങളാല്‍ അത് നിര്‍ത്തിയെങ്കിലും അടുത്ത മാസം ഒന്നാം തീയതി മുതല്‍ വീണ്ടും വരിക്കാരനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.'
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരിക്കുമ്പോഴും ഏരിയയിലെ രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തുള്ള വ്യക്തികളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തി. എല്ലാവരോടും വളരെ വിനയത്തോടെയും സൗമ്യതയോടെയും പെരുമാറിയിരുന്ന അദ്ദേഹത്തോട് എല്ലാ വിഭാഗത്തില്‍പെട്ടവരും പ്രത്യേക അടുപ്പം സൂക്ഷിച്ചു.
മൗലവി വെള്ള വസ്ത്രം ധരിച്ച് നിറപുഞ്ചിരിയോടെയാണ് ജനങ്ങളുടെ മുന്നിലെത്താറുള്ളത്. അദ്ദേഹത്തിന്റെ ജനാസ കാണാന്‍ വേദനയോടെ എത്തിയവര്‍ക്കും അതേ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് കാണാനായി. തന്റെ ജോലിയില്‍നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും ചെലവുകള്‍ നിര്‍വഹിച്ച് ഉള്ളതില്‍ സംതൃപ്തി കണ്ടെത്തിയ വിശ്വാസി.
മൗലവിയുടെ സഹധര്‍മിണി ശരീഫ, മക്കളായ അബ്ദുല്‍ ഹസീബ്, അല്‍ത്താഫ്, അബ്ദുല്‍ ബാസിത് മരുമക്കളായ അല്‍ഫിയാ ഹസീബ്, നിഷാന അല്‍ത്താഫ് എല്ലാവരും പ്രസ്ഥാന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
എ.ആര്‍.ബി തങ്ങള്‍

 

മമ്മിക്കുട്ടി ടി.പി, ഫാത്തിമ

'അതൊന്ന് എടുത്ത് മാറ്റി എന്നെ മരണത്തിന് വിട്ടുകൊടുത്തൂടേ...' കിടക്കക്കരികിലുള്ള ഓക്സിജന്‍ സിലിണ്ടര്‍ നോക്കി ഉപ്പ പറഞ്ഞ വാക്കുകളാണിത്. മരണം എന്ന് കേട്ടാല്‍ പേടിക്കുന്ന ഇന്നത്തെ കാലത്ത് മരണത്തെ ഇത്രയധികം സ്നേഹിച്ച, ആഗ്രഹിച്ച, മറ്റൊരാളെ വേറെ കണ്ടിട്ടില്ല- സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി തെക്കേ പീടികക്കല്‍ മമ്മിക്കുട്ടി, നാട്ടുകാരുടെ സ്വന്തം മമ്മിക്ക. എന്റെ 'പ്രിയപ്പെട്ട വല്ലിപ്പ (ഉപ്പ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്).
പരന്ന വായനക്കാരനായിരുന്ന ഉപ്പാക്ക് ഖുര്‍ആനും ബൈബിളും ഒരുപോലെ വഴങ്ങുമായിരുന്നു. ആ അറിവിനു മുന്നില്‍ എല്ലാവരും മുട്ടുമടക്കും. 
ഉപ്പ പറയുംപോലെ 'ളുല്‍മില്‍നിന്ന് ഇല്‍മിലേക്കുള്ള യാത്ര'യായിരുന്നു ഉപ്പാന്റെ ജീവിതം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. എല്ലാവിധ ളുല്‍മും കൈയിലുണ്ടായിരുന്ന ഉപ്പ ആദ്യമൊന്നും നമസ്‌കാര കാര്യങ്ങളില്‍പോലും ശ്രദ്ധിക്കാറില്ലായിരുന്നു. നമസ്‌കരിക്കാന്‍ പറഞ്ഞതിന് ഉമ്മ (വല്ലിമ്മ)ക്ക് ചീത്ത കേട്ടിട്ടുണ്ട്.
പിന്നീട് എപ്പോഴോ, ബത്തേരി വഴി ഊട്ടിയിലേക്ക് പോകുന്ന ബസ് ബത്തേരിയില്‍ നിര്‍ത്തിയ സമയത്ത് ഒരു യാത്രക്കാരന്‍ ഇറങ്ങി ഫുട്പാത്തില്‍നിന്ന് നമസ്‌കരിക്കുന്നത് ഉപ്പ കാണാനിടയായി.
പടച്ചവനെ ഇത്രയധികം സ്നേഹിക്കുന്ന, സൂക്ഷിച്ചു ജീവിക്കുന്ന വ്യക്തികള്‍ ഉണ്ടോ എന്ന ചിന്ത- അതായിരുന്നു ഉപ്പയുടെ ഹിദായത്തിലേക്കുള്ള വഴിത്തിരിവ്. പിന്നീടാണ് പള്ളിയില്‍ പോകാന്‍ തുടങ്ങിയതും പടച്ചവനെ കൂടുതലായറിഞ്ഞതും. 
പള്ളിക്കണ്ടി ലത്തീഫ്ക്ക നല്‍കിയ പ്രബോധനത്തിലൂടെയും പുസ്തകത്തിലൂടെയും ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും അടുത്തറിഞ്ഞ ഉപ്പ സജീവ പ്രസ്ഥാനപ്രവര്‍ത്തകനായി മാറി.
തന്റെ ആറു മക്കളുടെയും പേരക്കുട്ടികളുടെയും പ്രിയപ്പെട്ട ഉപ്പ, കുട്ടികളോട് കൂടുമ്പോള്‍ കുട്ടിയാകും. അടുക്കളയില്‍ അടിപൊളി പാചകക്കാരന്‍, വീട്ടിലെ കാരണവര്‍, നാട്ടിലെ നിറസാന്നിധ്യം, ആശ്വാസമേകേണ്ടവര്‍ക്ക് അഭയമേകുന്നവന്‍, മക്കളുടെ പ്രിയ പിതാവ്, പ്രിയതമയുടെ കരുത്ത്, വാര്‍ധക്യത്തിലും ഫുട്ബോളിനോടും ക്രിക്കറ്റിനോടും പ്രിയം.
അത്ഭുതമായിരുന്നു ഉപ്പയുടെ ജീവിതം. മീന്‍ ഇഷ്ടവിഭവമായിരുന്ന ഉപ്പ അത് പിടിക്കാനും വാങ്ങാനുമായി ഏത് ദിക്കിലും പോകും. മക്കള്‍ക്കും മരുമക്കള്‍ക്കും എന്നും ബഹുമാനമാണ് ഉപ്പയോട്. നല്ല പേടിയായിരുന്നു. അതിലേറെ സ്നേഹവും. തമാശയും കളിയും ചിരിയും എല്ലാം ഉള്ള ഉപ്പ കാര്യത്തോടടുക്കുമ്പോള്‍ കണിശക്കാരനാണ്. 
ഒരുപാട് പേര്‍ക്ക് ആശ്വാസമായിരുന്നു ഉപ്പയും ഉപ്പയുടെ പള്ളിക്കണ്ടിയിലുള്ള വീടും. ആദര്‍ശമാറ്റത്തിന്റെ പേരിലും മറ്റും വീടുവിട്ടിറങ്ങേണ്ടിവന്ന പലര്‍ക്കും താങ്ങായിരുന്നു ഉപ്പ. അവരെ വീട്ടില്‍കൊണ്ടുവന്ന് തന്റെ മക്കളെപ്പോലെ എത്ര കാലം വേണമെങ്കിലും നോക്കും. അങ്ങനെ ചിലരുമായി ഉപ്പാന്റെ മക്കള്‍ക്ക് ഇപ്പോഴും ആത്മബന്ധമുണ്ട്.
ഉപ്പയും ഉമ്മ(വല്ലിമ്മ നഫീസ ഹജ്ജുമ്മ)യും ഒരുപാട് സംസാരിക്കുമായിരുന്നു. അവരുടേതായ ലോകത്ത് പാറിപ്പറന്നുകൊണ്ട് ചിരിച്ചും ചിന്തിച്ചും കളിച്ചും കളിയാക്കിയും പരിഭവം നടിച്ചും.. അങ്ങനെയങ്ങനെ.... ഒരുമിച്ചായിരുന്നു അവരെപ്പോഴും. ഉപ്പാക്ക് താങ്ങും തണലുമായിരുന്ന ഉമ്മയുടെ വേര്‍പാടും ഞങ്ങള്‍ക്ക് തീരാനഷ്ടമാണ്.
വാര്‍ധക്യത്തിന്റെ അവശതയിലും ഇരുവരും ഒന്നിച്ചായിരുന്നു. അസുഖ സമയത്ത് കാഴ്ചക്ക് പ്രശ്നം വന്നപ്പോള്‍ ഉപ്പാന്റെ ന്യൂസ് റീഡര്‍ ആയിരുന്നു ഉമ്മ.
നിസ്‌കാര കാര്യത്തില്‍ ഉമ്മ കണിശക്കാരിയാണ്. സുബ്ഹിന് ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് നമസ്‌കരിച്ചെന്ന് ഉറപ്പുവരുത്തും. കളിക്കിടയില്‍ പേരക്കുട്ടികളെ വിളിച്ചുവരുത്തി നമസ്‌കരിപ്പിക്കും. ആരെക്കുറിച്ചും ഒരു കുറ്റവും പറയില്ല. എല്ലാവരോടും അതിരു കവിഞ്ഞ സ്നേഹം മാത്രം.
ആര് വന്നാലും കൈകള്‍ ചേര്‍ത്തുപിടിച്ച് മണിക്കൂറുകളോളം സംസാരിക്കും ഉമ്മ; ഒരു പരിചയക്കുറവും ഇല്ലാതെ. ഇഷ്ടമായിരുന്നു ഉമ്മാക്ക്, ഒരാളെ കേട്ടിരിക്കാന്‍.
ജുവൈരിയ, സുല്‍ത്താന്‍ ബത്തേരി

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്