Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

ദുഃഖത്തിന്റെ ഇരുട്ടു മുറികളില്‍  വിശ്വാസത്തിന്റെ നിലാവ് പരക്കുമ്പോള്‍

സമീര്‍ വടുതല

'ഓരത്ത് നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. സുഖാനുഭവങ്ങളില്‍ അവന്‍ സന്തുഷ്ടനാകും. മറിച്ചായാലോ, തിരിഞ്ഞു കളയും. അവന് ഇരുലോകവും നഷ്ടപ്പെട്ടു' (ഖുര്‍ആന്‍ 22:11).
* * *
നമ്മുടെ ജീവിതാനുഭവങ്ങള്‍ പലതരം പഴങ്ങളെ പോലെയാണ്. ചിലതിന് മധുരം, ചിലതിന് കയ്പ്, ചിലതിനു പുളിപ്പ്, ഇനിയും ചിലതിന് ചവര്‍പ്പ് എന്നിങ്ങനെ... ഈ എല്ലാ രുചി ഭേദങ്ങളും സ്വാഗതം ചെയ്യപ്പെടണം. 'എനിക്ക് പൂക്കള്‍ മാത്രം മതി, മുള്ളുകള്‍ ഒന്നും വേണ്ട' എന്ന നിലപാട് ജീവിതത്തില്‍ പറ്റില്ല. സുഖ-ദുഃഖങ്ങളെ സമചിത്തതയോടെ സ്വീകരിക്കലാണ് വിവേകം. രണ്ടും വരുന്നത് സ്രഷ്ടാവായ നാഥനില്‍ നിന്നാണല്ലോ.
രോഗങ്ങളും ദുരിതങ്ങളും ഉറ്റവരുടെ വേര്‍പാടുകളും മനുഷ്യനെ ദുഃഖത്തിന്റെ പരകോടിയിലെത്തിക്കും. 'രോഗപീഡകളുടെ മുകളില്‍ മരണം പരുന്തിനെപ്പോലെ വട്ടമിട്ട് പറക്കുന്നു' എന്നെഴുതിയത് എം.ടി.യാണ്. എന്നാല്‍ രോഗത്തെ, തിരിച്ചറിവുകള്‍ പകരുകയും തിരുത്തുകയും ചെയ്യുന്ന ഗുരുനാഥനായും കാണാവുന്നതാണ്. 'രോഗമാണ് എന്റെ ചെറ്റയായ അഹങ്കാരത്തെ ഉടച്ചു കളഞ്ഞത്' എന്ന് കെ.പി അപ്പന്‍ പറയുന്നുണ്ട്. രോഗം പാപങ്ങളുടെ പ്രായശ്ചിത്തമാണെന്ന് നിരീക്ഷിച്ചത് ഇബ്‌നുല്‍ ജൗസിയാണ്. ഓര്‍ത്തുനോക്കിയാല്‍, രോഗവും മരണവും ഒരുപോലെ സുന്ദരമാണെന്ന്, ക്ഷയരോഗിയായിരുന്ന ഹെന്റി ഡേവിഡ് തോറോ പറയുന്നു.
വാസ്തവത്തില്‍, ദുഃഖാനുഭവങ്ങള്‍ നെല്ലിക്ക പോലെയാണെന്ന് പറയാം. ആദ്യം കയ്ക്കുമെങ്കിലും പിന്നെ, നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുകയും പരുക്കന്‍ പ്രതലങ്ങളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളുടെ മധുരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവണം ഇമാം റാസി, 'ദുഃഖത്തില്‍ ഞാന്‍ സന്തോഷം കാണുന്നു, ദിവസങ്ങള്‍ കഴിഞ്ഞാല്‍ അത് നമുക്ക് സന്തോഷം നല്‍കും' എന്ന് പറഞ്ഞത്. ദുഃഖങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പറന്നെത്തുമെന്നും എന്നാല്‍ പതിയെ നടന്നാണ് മടങ്ങുകയെന്നും ഇബ്‌നുല്‍ ജൗസി വിശദീകരിക്കുന്നു.

വിജയമന്ത്രം
'സ്വബ്ര്‍' അഥവാ ക്ഷമയും സഹനവും ആദര്‍ശസ്ഥൈര്യവുമാണ് പരീക്ഷണങ്ങളില്‍ വിശ്വാസിയുടെ വിജയമന്ത്രം. 'ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ സ്വബ്‌റുള്ളവരെ ശുഭവാര്‍ത്ത അറിയിക്കുക' (ഖുര്‍ആന്‍ 2:155). അതിനാല്‍, തിക്താനുഭവങ്ങളെ സഹനത്താല്‍ അഭിവാദ്യം ചെയ്യണം. സഹനമില്ലാത്തവന്‍ അതീവ ദുര്‍ബലവിശ്വാസിയാണെന്ന്  ജുനൈദുല്‍ ബഗ്ദാദി. ശരീരത്തില്‍ ശിരസ്സിനുള്ള സ്ഥാനമാണ് ജീവിത വിജയത്തില്‍ സഹനത്തിനുള്ളതെന്ന് അലിയ്യുബ്‌നു അബീത്വാലിബ്. സഹനമില്ലാത്തവന്‍, ചെറുകാറ്റില്‍ പോലും ഇളകിയാടുന്ന ഇലകളെപ്പോലെ ആയിത്തീരുമെന്ന് ഇമാം റാസി.

തിരിച്ചറിവുകള്‍
നാല് തിരിച്ചറിവുകളാല്‍ ഏതു ദുരന്തമുഖത്തും വിശ്വാസിയുടെ ഹൃദയം പ്രശാന്തമാകും. അപ്പോള്‍ ദുഃഖത്തിന്റെ ഇരുട്ടുമുറികളില്‍ വിശ്വാസത്തിന്റെ നറുനിലാവ് പരക്കും. ഒന്ന്, എല്ലാം അറിയുന്നവനും കൃപാലുവുമായ തന്റെ നാഥനില്‍നിന്നുള്ള വിധിയാണിതെന്ന ബോധ്യം. 'പറയുക: അല്ലാഹു ഞങ്ങള്‍ക്ക്  വിധിച്ചതല്ലാത്തതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ!' (ഖുര്‍ആന്‍ 9:51).
രണ്ട്, തന്നെ ബാധിച്ച ഈ വിഷമം (ഭൗതിക സുഖങ്ങളില്‍ ചില പരിക്കുകളേല്‍പിക്കുമെന്നല്ലാതെ) തന്റെ മതവിശ്വാസത്തെ ബാധിക്കുന്നതല്ലെന്ന സന്തോഷം. മൂന്ന്, ഇതിനെക്കാള്‍ വലുതാകാമായിരുന്ന ഒരു ദുരന്തത്തില്‍ നിന്ന് നാഥന്‍ തന്നെ രക്ഷപ്പെടുത്തിയതായിരിക്കാമെന്ന ആശ്വാസം. നാല്, തന്റെ കൊച്ചുകൊച്ചു ദുഃഖങ്ങള്‍ക്ക് പോലും നാഥന്‍ പകരവും പ്രതിഫലവും നല്‍കുമെന്ന ഉറപ്പ്. ഒരു നബിമൊഴിഇങ്ങനെയാണ്: 'വിശ്വാസിയെ ബാധിക്കുന്ന ഓരോ ദുഃഖവും ഓരോ വ്യാകുലതയും ഓരോ രോഗവും ഓരോ ക്ലേശവും; മുള്ളുകൊള്ളുന്നതുപോലും, അല്ലാഹു അവന്റെ പാപങ്ങളില്‍ ഓരോന്ന് പൊറുത്തു കൊടുക്കാന്‍ ഇടയാക്കുന്നു.'
രോഗങ്ങള്‍ മൂലമോ മറ്റു പരീക്ഷണങ്ങള്‍ മൂലമോ വിശ്വാസി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നത്, അല്ലാഹുവിന്റെ ഒരു അനുഗ്രഹമാകാം. അതുവഴി താനുമായി അവന്‍ അടുപ്പം വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കുന്നതാകാം. ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്: 'സുകൃതങ്ങള്‍ ധാരാളമുള്ളവരെപ്പോലെ സ്വര്‍ഗത്തില്‍ എത്തിച്ചേരേണ്ട ഒരാള്‍, വേണ്ടത്ര കര്‍മങ്ങളില്ലാതെ മരണത്തോടടുക്കുമ്പോള്‍ നാഥന്‍ അയാള്‍ക്ക് രോഗങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്നു. അതിലൂടെ പുണ്യങ്ങള്‍ നേടി അയാള്‍ സ്വര്‍ഗസ്ഥനാകുന്നു..'

ദുഃഖം വെളിച്ചമാകുമ്പോള്‍...
ഓമനിച്ചു വളര്‍ത്തിയ സ്വന്തം മകന്‍ നാശത്തിലേക്കും ദൈവശിക്ഷയിലേക്കും നിപതിക്കുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടിവരുന്ന ഒരു പിതാവിന്റെ ഹൃദയവ്യഥ എത്രയാകാം? അപകടമുഖത്ത് നില്‍ക്കുമ്പോഴും ധിക്കാരം പറഞ്ഞ് ദുരന്തത്തിലേക്ക് എടുത്തുചാടുന്ന ആ മകന്റെ മാനസികാവസ്ഥ എന്താകാം? നബിശ്രേഷ്ഠനായ നൂഹിന്റെ ദുഃഖാനുഭവമാണിത്. ദൈവശിക്ഷ പ്രളയമായി ഭൂമിയെ വിഴുങ്ങവേ, ആ പിതാവും പുത്രനും മരണത്തിന്റെ മുനമ്പില്‍ നിന്ന് സംസാരിക്കുകയായിരുന്നു... ഒരാള്‍ ദൈവരക്ഷയുടെ നൗകയിലും മറ്റേയാള്‍ ദൈവശിക്ഷയുടെ പ്രളയജലത്തിലും. പക്ഷേ, ആ സംഭാഷണം മുഴുമിക്കും മുമ്പേ, ദൈവവിധി അവര്‍ക്കിടയില്‍ തിരമാലയുടെ രൂപത്തില്‍ തിരശ്ശീലയിട്ടു. പിന്നെയും നൂഹിന്റെ പിതൃവാത്സല്യം മകന് വേണ്ടി ദൈവത്തോട് തര്‍ക്കിച്ചുകൊണ്ടേയിരുന്നു; ഒടുവില്‍, നാഥന്‍ യാഥാര്‍ഥ്യബോധത്തിന്റെ വെളിച്ചം പകരുന്നത് വരെ (ഖുര്‍ആന്‍ 11: 42-47). ഈ വെളിച്ചം പകരലില്‍ വിശ്വാസിയുടെ ഹൃദയം, സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തമാകുന്നു...
ഇസ്രാഈല്‍ മക്കളുടെ കുലപതിയായ യഅ്ഖൂബ് നബിക്കും പുത്രനഷ്ടത്തിന്റെ കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവന്നു. പ്രിയപുത്രനായ യൂസുഫിന്റെ തിരോധാനത്താല്‍ ആ പിതൃഹൃദയം തേങ്ങിക്കൊണ്ടിരുന്നു. മക്കള്‍ കൈവിട്ടുപോകുന്ന മാതാപിതാക്കളുടെ മനോവേദനയളക്കാന്‍ മാപിനികളില്ലല്ലോ. കഠിന ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ യഅ്ഖൂബ് നബിയുടെ ജീവിതത്തെ മൂടിനിന്നു. അദ്ദേഹം വിതുമ്പിക്കൊണ്ടിരുന്നു: 'ഹാ! യൂസുഫിന്റെ കാര്യം എത്ര കഷ്ടമാണ്! വ്യസനത്താല്‍ അദ്ദേഹത്തിന്റെ ഇരു കണ്ണുകളും വിളറി വെളുത്തുപോയി. അദ്ദേഹം അതീവ ദുഃഖിതനായി...' (ഖുര്‍ആന്‍ 12:84). എന്നാല്‍, യഅ്ഖൂബ് ഒട്ടും നിരാശനായില്ല. ദുഃഖങ്ങളില്‍ എങ്ങോട്ട് തിരിയണമെന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. യഅ്ഖൂബ് ഏകനാഥനായ ദൈവത്തില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. വിരഹ ദുഃഖങ്ങള്‍ക്കിടയിലും ദിവ്യകാരുണ്യത്തെ പറ്റി സംസാരിച്ചുകൊണ്ടിരുന്നു: 'എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ആവലാതിപ്പെടുന്നത്... 'മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും കുറിച്ച് വിവരങ്ങള്‍ അന്വേഷിക്കൂ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. വിശ്വാസമില്ലാത്ത ആളുകളല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടുകയില്ല.' (ഖുര്‍ആന്‍ 12: 86,87).
കഠിന ദുഃഖത്തിന്റെ കനല്‍പഥങ്ങള്‍ താണ്ടിയ മറ്റൊരു ദൈവദൂതനായിരുന്നു അയ്യൂബ് (അ).  നിരപരാധിയുടെ ദുഃഖാനുഭവത്തിന്റെ നിത്യപ്രതീകമായി അദ്ദേഹം അറിയപ്പെട്ടു. നഷ്ടപ്പെടലുകളുടെ തോരാത്ത പെരുമഴയായിരുന്നു ആ ജീവിതത്തില്‍. സന്താനങ്ങള്‍, സമ്പാദ്യങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ആരോഗ്യം, സൗഹൃദങ്ങള്‍... എന്നിങ്ങനെ. ഒടുവില്‍, ദൈവത്താല്‍ വെറുക്കപ്പെട്ടവന്‍ എന്ന പഴി കൂടി കേട്ടപ്പോള്‍ ആ വിശ്വാസഹൃദയം വെന്തു നീറി. എന്നാല്‍, എല്ലാ ദുരിതപര്‍വങ്ങളെയും അതിശയകരമായ സഹനം കൊണ്ട് അയ്യൂബ് മറികടന്നു. ദൈവത്തിന്റെ ഗുഡ് ബുക്കില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഇടം നേടിയെടുത്തു.... 'അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. എത്ര നല്ല ദാസന്‍! അല്ലാഹുവിനോട് വളരെ ആഭിമുഖ്യമുള്ളവനത്രെ  അദ്ദേഹം' (ഖുര്‍ആന്‍ 38: 41-44).
മറ്റനേകം ദൈവദൂതന്മാരും അവരുടെ അനുചരന്മാരും കഠിന ദുഃഖങ്ങളാല്‍ പ്രകമ്പനം കൊള്ളിക്കപ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ മൂസാ (അ) യെപ്പോലെ, 'എന്റെ ജനമേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതന്‍ ആണെന്നറിഞ്ഞിരിക്കെ നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ പ്രയാസപ്പെടുത്തുന്നത്' എന്ന് ചോദിക്കാന്‍ മാത്രം അവര്‍ പിടിച്ചുലക്കപ്പെട്ടു (ഖുര്‍ആന്‍ 61:5). കന്യാമര്‍യത്തെപ്പോലെ, 'ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മ പോലും മാഞ്ഞു പോയിരുന്നെങ്കില്‍' എന്ന് പ്രലപിക്കാന്‍ മാത്രം സാത്വിക ജീവിതങ്ങള്‍ പരീക്ഷിക്കപ്പെട്ടു (ഖുര്‍ആന്‍ 19:23).
'ദുഃഖം എന്റെ കൂട്ടുകാരനാണെ'ന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) പറയാറുണ്ടായിരുന്നു. ദുഃഖാനുഭവങ്ങള്‍ ആത്മസുഹൃത്തിനെപ്പോലെ ആ ജീവിതത്തെ നിരന്തരം സന്ദര്‍ശിച്ചുകൊണ്ടേയിരുന്നു. അനാഥത്വത്തിന്റെ തീരാദുഃഖത്തിലേക്ക് പിറന്നുവീണ നബിയുടെ ബാല്യം, മാതാവുള്‍പ്പെടെയുള്ളവരുടെ വേര്‍പാടിന്റെ വേദനകളാല്‍ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു. പിന്നീട് തന്റെ ആണ്‍മക്കള്‍ ഓരോരുത്തരായി കുഞ്ഞുനാളിലേ വിട പറഞ്ഞപ്പോള്‍ അവിടുന്ന് വീണ്ടും കഠിന ദുഃഖത്തിന്റെ കൈപ്പുനീര്‍ കുടിച്ചു. 'മുഹമ്മദ് വേരറ്റവനായി' എന്നാര്‍ത്തു വിളിച്ച് തന്റെ മക്കളുടെ മരണം പോലും ശത്രുക്കള്‍ ആഘോഷമാക്കിയപ്പോള്‍ നബിഹൃദയം എത്ര വേദനിച്ചിരിക്കണം! എന്നാല്‍ ചെറുപ്പത്തിലനുഭവിച്ച ആഘാതങ്ങള്‍, പില്‍ക്കാലത്ത് അനന്തമായ കാരുണ്യമായി മാറുന്ന അതിശയമാണ് നബിയുടെ വ്യക്തിത്വമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രവാചകാനുയായികള്‍ ദുഃഖ വാര്‍ത്തകള്‍ വിനിമയം ചെയ്യുമ്പോള്‍ പോലും വിശ്വാസത്തിന്റെ കുലീനത ഉയര്‍ത്തിപ്പിടിച്ചു. ആ സമയങ്ങളില്‍ അവര്‍ പറയാറുണ്ടായിരുന്നത്, ദുരന്തസൂചക വാക്യങ്ങളായിരുന്നില്ല. 'ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് മടങ്ങുന്നവരുമാണ്' എന്നായിരുന്നു. അത്, വിശ്വാസത്തിന്റെ കരുത്തുകൊണ്ട്, കൈവിട്ട് പോകാവുന്ന ജീവിതത്തെ തിരിച്ചുപിടിക്കല്‍ കൂടിയായിരുന്നു. ഉമ്മുസുലൈമിന്റെ ഒരു ദുഃഖാനുഭവത്തില്‍, അവര്‍ പങ്കുവെച്ച വാക്കുകള്‍ പ്രസിദ്ധമാണ്. ഭര്‍ത്താവ് യാത്ര പോയപ്പോള്‍ അസുഖബാധിതനായിരുന്ന കുട്ടി, അദ്ദേഹം മടങ്ങിയെത്തുമ്പോള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, ഈ വിവരം അറിയിക്കാനായി ഭര്‍ത്താവായ അബൂത്വല്‍ഹയോട് അവര്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു: 'ഒരു വീട്ടുകാര്‍ മറ്റൊരു വീട്ടുകാരോട് ഒരു വസ്തു വായ്പ വാങ്ങി. ഉടമസ്ഥര്‍ അത് മടക്കി ചോദിച്ചപ്പോള്‍ അവര്‍ കൊടുക്കാന്‍ കൂട്ടാക്കുന്നില്ല... ഇതേപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?' അബൂത്വല്‍ഹ പറഞ്ഞു: 'അവരത് ചെയ്യാന്‍ പാടില്ല.' അപ്പോള്‍ ഉമ്മുസുലൈമിന്റെ വാക്കുകളിങ്ങനെ: 'താങ്കളുടെ മകന്‍ അല്ലാഹു തന്ന വായ്പാവസ്തുവായിരുന്നു. അവനെ അല്ലാഹു തിരിച്ചെടുത്തിരിക്കുന്നു.'
ദുഃഖാനുഭവങ്ങളുടെ തല്‍സമയ പ്രതികരണങ്ങളില്‍ നബിതിരുമേനി മനുഷ്യസഹജമായ വികാരങ്ങളെ നിഷേധിച്ചില്ല. നിരോധിച്ചുമില്ല. എന്നാല്‍, ദൈവഹിത പ്രകാരം നിയന്ത്രിച്ചു. സഹനത്താലും സംയമനത്താലും മറികടന്നു. പ്രിയപുത്രന്‍ ഇബ്‌റാഹീം പരലോകം പ്രാപിച്ചപ്പോള്‍ അവിടുന്ന് ഗദ്ഗദകണ്ഠനായി പ്രതിവചിച്ചത് ഇങ്ങനെ: 'കണ്ണ് നിറയുന്നുണ്ട്. ഖല്‍ബ് പിടയുന്നുണ്ട്. എന്നാല്‍, നമ്മുടെ നാഥന് അഹിതകരമായ ഒന്നും നാം പറയില്ല. ഓ ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്.'
ഇ.വി. അബ്ദു നിരീക്ഷിച്ചതു പോലെ, ഇവിടെ വെളിച്ചം ദുഃഖമാവുകയല്ല, ദുഃഖം വെളിച്ചമായി മാറുകയാണ്...! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്