Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

ആ ഭിന്നത വൈവിധ്യമാണ്; ശത്രുത ഉല്‍പാദിപ്പിക്കലല്ല

 ഡോ. യൂസുഫുല്‍ ഖറദാവി

ആരാധനകള്‍ മുതല്‍ ഭൗതിക വ്യവഹാരങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ ശാഖാപരമായവ ഒട്ടേറെയുണ്ട്. ഇവയിലെല്ലാം ആളുകള്‍ ഒരൊറ്റ രീതിയേ പിന്‍പറ്റാവൂ എന്ന് ശഠിക്കുന്നവര്‍ തീര്‍ത്തും അസംഭവ്യമായതിന്റെ പിന്നാലെ പായുകയാണ്. ഭിന്നത ഇല്ലാതാക്കാന്‍ വേണ്ടിയാണ് അവരുടെ ഓട്ടം. പക്ഷേ, അത് ഭിന്നതയുടെ വൃത്തം വലുതാക്കുകയേ ഉള്ളൂ. അത്തരക്കാരെ അല്‍പബുദ്ധികള്‍ എന്ന് കരുതേണ്ടി വരും. കാരണം, ഇസ്‌ലാമിന്റെ മൗലികാടിത്തറകള്‍ക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുയരുക അനിവാര്യം തന്നെയാണ്.
എന്തുകൊണ്ട് അനിവാര്യമായി എന്ന് ചോദിച്ചാല്‍, ദീനിന്റെ പ്രകൃതവും ഭാഷയുടെ പ്രകൃതവും മനുഷ്യന്റെ പ്രകൃതവും പ്രപഞ്ച ഘടനയുടെയും ജീവിതത്തിന്റെയും പ്രകൃതവും അത് ആവശ്യപ്പെടുന്നു എന്നാണ് ഉത്തരം. ഓരോന്നും പരിശോധിക്കാം:

ദീനിന്റെ പ്രകൃതം
ഇസ്‌ലാമിലെ വിധികള്‍ രണ്ട് തരത്തിലാണ്. അവയില്‍ പ്രമാണപാഠം (നസ്സ്വ്) കൊണ്ട് സ്ഥിരപ്പെട്ടവയുണ്ട്; പ്രമാണപാഠം മൗനം പാലിച്ചവയുമുണ്ട്. പ്രമാണ പാഠങ്ങളില്‍ തന്നെ ചിലത് ഖണ്ഡിതമായവ (മുഹ്കമാത്ത്) യാണ്; ചിലത് വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ളവയും (മുതശാബിഹാത്ത്). മനുഷ്യബുദ്ധി അന്വേഷണത്തിലും നിയമനിര്‍ധാരണത്തിലും ഏര്‍പ്പെടാന്‍ വേണ്ടിയാണ് വ്യാഖ്യാനത്തിന് പഴുതുള്ള പരാമര്‍ശങ്ങള്‍ പ്രമാണപാഠങ്ങളില്‍ വന്നിട്ടുള്ളത്. വിശ്വാസം മുറുകെ പിടിച്ച്, സത്യത്തില്‍ അടിയുറച്ചു നിന്ന് അന്വേഷണ ഗവേഷണങ്ങളുമായി മനുഷ്യന്‍ മുന്നോട്ട് പോകണം. ഈയൊരു പരീക്ഷണമാണ് മനുഷ്യ സൃഷ്ടിപ്പിന് പിന്നിലുള്ളതെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (അല്‍ ഇന്‍സാന്‍ 2).
അല്ലാഹു വിചാരിച്ചിരുന്നുവെങ്കില്‍ ഈ ദീനിന് ഒരൊറ്റ മുഖവും രൂപവും നല്‍കാമായിരുന്നു. അഭിപ്രായ ഭിന്നതക്കും അന്വേഷണത്തിനും ഇടം കൊടുക്കാതിരിക്കാമായിരുന്നു; ആ നിര്‍ണിത ചട്ടക്കൂടില്‍നിന്ന് ആരെങ്കിലും മുടിയിഴ വ്യതിചലിച്ചാല്‍ സത്യനിഷേധിയാവുന്ന വിധത്തില്‍. പക്ഷേ, അല്ലാഹു അങ്ങനെ ചെയ്തില്ല. ദീനിന്റെയും മനുഷ്യന്റെയും ഭാഷയുടെയുമൊക്കെ പ്രകൃതത്തിനനുസരിച്ച് ഘടന സംവിധാനിക്കുകയാണ് ചെയ്തത്. തന്റെ അടിയാറുകള്‍ക്ക് അല്ലാഹു ഇടുക്കത്തിന് പകരം വിശാലത നല്‍കുകയാണ്.
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ വിശ്വാസികള്‍ ഒരു കാര്യത്തിലും, അത് അടിസ്ഥാന കാര്യമാവട്ടെ ശാഖാപരമായ കാര്യമാവട്ടെ, യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഒന്നിച്ചു തന്നെ നില്‍ക്കുമായിരുന്നു. മറ്റൊരു വ്യാഖ്യാനത്തിനും വിശദീകരണത്തിനും ഇടം നല്‍കാത്തവിധം സുവ്യക്തമായ (മുഹ്കം) രീതിയില്‍ മാത്രം പ്രമാണപാഠങ്ങള്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നല്ലോ. എന്നാല്‍, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ സുവ്യക്തമായ വിധികളും (അവയാണ് കൂടുതലും) വ്യാഖ്യാന സാധ്യതയുള്ളവയും (അവ കുറച്ചേയുള്ളൂ) ഉണ്ട്. അത് ഒരു നിലക്ക് നോക്കിയാല്‍ പരീക്ഷണവും മറ്റൊരു നിലക്ക് നോക്കിയാല്‍ മനുഷ്യന്റെ അന്വേഷണ ബുദ്ധിയെ മൂര്‍ച്ചപ്പെടുത്തലുമാണ്. ഹൃദയത്തില്‍ വക്രതയുള്ളവര്‍ വ്യാഖ്യാന സാധ്യതയുള്ള, സംശയാസ്പദമായ കാര്യങ്ങളുടെ പിറകെയായിരിക്കും എന്ന് ഖുര്‍ആന്‍ (ആലു ഇംറാന്‍ 7) പറഞ്ഞതില്‍നിന്ന്, അതൊരു പരീക്ഷണമാണെന്ന് വ്യക്തം.
ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും ഗ്രഹിച്ചെടുക്കുന്നതിലും മാത്രമല്ല, അതിന്റെ പാരായണത്തി(ഖിറാഅത്ത്)ല്‍ തന്നെ വ്യത്യസ്തതകള്‍ ഉണ്ടല്ലോ. ഖുര്‍ആന് ഏഴ് (പത്തെന്ന് പറയുന്നവരും ഉണ്ട്) പാരായണ രീതികളുണ്ട്. അവയെല്ലാം മുസ്‌ലിം സമൂഹം അംഗീകരിച്ചതുമാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ അതിലൊരു പ്രശ്‌നവും കാണുന്നില്ല. കാരണം, അവയെല്ലാം പ്രവാചകന്‍ വഴി തന്നെ സ്ഥിരപ്പെട്ടു വന്നിട്ടുള്ളതാണ്. ഇബ്‌നു മസ്ഊദ് (റ) പറയുന്നതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഒരാള്‍ ഒരു ഖുര്‍ആനിക സൂക്തം ഓതുന്നതായി ഞാന്‍ കേട്ടു. എന്നാല്‍, ആ ആയത്ത് റസൂല്‍ മറ്റൊരു രീതിയില്‍ ഓതുന്നതാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഞാന്‍ അയാളെയും കൂട്ടി തിരുസന്നിധിയിലെത്തി ഇക്കാര്യം അറിയിച്ചു. അപ്പോള്‍ റസൂലിന്റെ മുഖത്ത് അനിഷ്ടം പ്രകടമായി. അവിടുന്ന് പറഞ്ഞു: ''നിങ്ങള്‍ രണ്ടാള്‍ ഓതിയതും നല്ല നിലയില്‍തന്നെ. ഛിദ്രത വന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭിന്നിച്ച് ഛിദ്രമായതാണ് നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിക്കാനുള്ള കാരണം'' (തഫ്‌സീര്‍, ഫദാഇലുല്‍ ഖുര്‍ആന്‍ എന്നീ അധ്യായങ്ങളില്‍ ബുഖാരി ഈ ഹദീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്). ഹിശാമുബ്‌നു ഹകീമിനെതിരെ ഇതേ തരത്തിലുള്ള പരാതിയുമായി ഉമറുബ്‌നുല്‍ ഖത്ത്വാബും നബി(സ)യെ സമീപിച്ചിരുന്നു. ഇരുവരുടെയും പാരായണം കേട്ടപ്പോള്‍ നബി(സ) പറഞ്ഞത്, 'ഇങ്ങനെയാണ് ഇത് എനിക്ക് അവതരിച്ചിട്ടുള്ളത്' എന്നായിരുന്നു. ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി അല്ലാമാ ഇബ്‌നുല്‍ വസീര്‍ എഴുതുന്നു:
''നബി നിരോധിച്ചതും മുന്നറിയിപ്പ് നല്‍കിയതും ശത്രുത (തആദി) ഉള്‍ച്ചേര്‍ന്ന ഭിന്നതയാണ്. ശത്രുത ഇല്ലാത്ത ഭിന്നതയെ അംഗീകരിക്കുകയും ചെയ്തു. പാരായണ വ്യത്യാസത്തെപ്പറ്റി ഇബ്‌നു മസ്ഊദ് പരാതിപ്പെട്ടപ്പോള്‍, 'രണ്ടാളും നന്നായി ചെയ്തു' എന്നാണല്ലോ നബി പറഞ്ഞത്. അപ്പോള്‍ നന്മയുള്ള അഭിപ്രായ ഭിന്നത, താക്കീത് ചെയ്യപ്പെട്ട അഭിപ്രായ ഭിന്നത എന്നിങ്ങനെ രണ്ട് തരമുണ്ട്. വെറുപ്പും ശത്രുതയും കള്ളാരോപണങ്ങളും നിറഞ്ഞ, പരസ്പര ബന്ധങ്ങള്‍ ശിഥിലമാക്കുന്ന, ഇസ് ലാമിനെ ദുര്‍ബലപ്പെടുത്തുന്ന ഭിന്നതയെക്കുറിച്ചാണ് താക്കീത് നല്‍കിയിട്ടുള്ളത്. ഒരാള്‍ തന്റെ അറിവ് വെച്ച് കാര്യങ്ങള്‍ ചെയ്തു, മറ്റൊരാള്‍ ചെയ്തതിനെ എതിര്‍ക്കാനോ അയാളെ തള്ളിപ്പറയാനോ പോയില്ല, എങ്കില്‍ അതാണ് നന്മയുള്ള ഭിന്നത.''

ഭാഷയുടെ പ്രകൃതം
ദീനിന്റെ പ്രമാണങ്ങള്‍ അറബി ഭാഷയിലുള്ള ഖുര്‍ആനും നബിചര്യയുമാണല്ലോ. അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ ഈ രണ്ട് സ്രോതസ്സുകളിലേക്ക് മടങ്ങുകയല്ലാതെ, സ്വന്തമായ രീതികള്‍ സ്വീകരിക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ അഹ്‌സാബ് 36). അറബിയിലായതു കൊണ്ട് ഖുര്‍ആനിലെയും ഹദീസിലെയും വാക്യങ്ങള്‍ക്കും വാക്കുകള്‍ക്കും ആ ഭാഷയിലെ തന്നെ മറ്റു ടെക്‌സ്റ്റുകള്‍ക്കുള്ള വിവരണവും വ്യാഖ്യാന സാധ്യതയും നിലനില്‍ക്കും. ചില വാക്കുകള്‍ക്ക് ഒന്നിലധികം അര്‍ഥങ്ങളുണ്ടാകും. ചില പ്രയോഗങ്ങള്‍ യഥാതഥമായിരിക്കും, ചിലത് ആലങ്കാരികമായിരിക്കും. ചിലേടത്ത് പദത്തിന്റെ ഭാഷാര്‍ഥമെന്തോ അത് തന്നെയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. ചിലേടത്ത് ആശയാര്‍ഥമായിരിക്കും. ചിലത് പൊതുവായിപ്പറഞ്ഞതും ചിലത് പ്രത്യേകമായി പറഞ്ഞതുമായിരിക്കും. ഉപാധികളുള്ളതും ഇല്ലാത്തതുമായ പ്രയോഗങ്ങളുണ്ടായിരിക്കും. ചിലതിന്റെ തെളിവുകള്‍ ഖണ്ഡിതമായിരിക്കും. ചിലതിന് വ്യാഖ്യാന സാധ്യതകളുണ്ടാവും. ഒരു അഭിപ്രായത്തിന് മറ്റു അഭിപ്രായങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടാവും. സൈദ് മുന്‍ഗണന നല്‍കിയ അഭിപ്രായത്തിനാവില്ല അംറ് മുന്‍ഗണന നല്‍കിയിട്ടുണ്ടാവുക.
ഉദാഹരണത്തിന്, ഈ സൂക്തമെടുക്കാം:
''വിശ്വസിച്ചവരേ, നമസ്‌കാരത്തിനൊരുങ്ങിയാല്‍ മുഖങ്ങളും, മുട്ടുവരെ കൈകളും കഴുകേണ്ടതാകുന്നു. ശിരസ്സുകള്‍ കൈകൊണ്ട് തടവുകയും വേണം. ഞെരിയാണി വരെ കാലുകളും കഴുകേണ്ടതാകുന്നു. ജനാബത്ത് ഉള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധിയാവുക. നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരികയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക.  അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചുതരാനുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (അല്‍മാഇദ 6).
ഈ സൂക്തത്തെ സംബന്ധിച്ച് എത്രയധികം ഭിന്നാഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്! മേല്‍ സൂക്തത്തില്‍, നാല് അവയവങ്ങള്‍ കഴുകുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ആ ക്രമത്തില്‍ തന്നെ ചെയ്യേണ്ടത് നിര്‍ബന്ധമാണോ, അല്ലേ? 'ശിരസ്സുകള്‍ തടവണം' എന്ന പ്രയോഗത്തില്‍ 'റുഊസ്' എന്ന വാക്കിനോട് 'ബ' ചേര്‍ന്നിട്ടുണ്ട്. ചേര്‍ത്ത് തടവണം എന്നാണോ, ഒരുഭാഗം തടവിയാല്‍ മതി എന്നാണോ അര്‍ഥം? അല്ലെങ്കില്‍ അധികമായി ചേര്‍ത്ത 'ബ' മാത്രമാണോ അത്? 'സ്ത്രീകളെ സ്പര്‍ശിച്ചാല്‍' എന്ന് പറയുന്നുണ്ട്. അതുകൊണ്ടുദ്ദേശ്യം തൊലി തൊലിയെ സ്പര്‍ശിക്കലാണോ, അതോ ഇബ്‌നു അബ്ബാസ് പറയുന്ന പ്രകാരം ലൈംഗിക ബന്ധത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണോ അത്? 'സ്വഈദ്' എന്നതു കൊണ്ടുദ്ദേശിക്കുന്നത് എന്താണ്? പൊടിമണ്ണാണോ, മണ്ണ് എന്ന വര്‍ഗത്തില്‍ പെടുത്താവുന്ന എല്ലാമാണോ? 'കൈകളും മുഖവും തടവുക' എന്ന് പറഞ്ഞിടത്ത് കൈപത്തികള്‍ തടവുക മാത്രമാണോ ഉദ്ദേശ്യം? അല്ലെങ്കില്‍, വുദുവിലേത് പോലെ മുട്ടറ്റം വരെ തടവണോ? 'വെള്ളം കിട്ടിയില്ലെങ്കില്‍' എന്ന് പറയുന്നത് തീരെ വെള്ളം ഇല്ലാത്ത അവസ്ഥയെക്കുറിച്ചാണോ? കുടിക്കാനും പാകം ചെയ്യാനും അത്യാവശ്യം വെള്ളം മാത്രമാണുള്ളതെങ്കില്‍ ഈ പ്രയോഗത്തിന്റെ പരിധിയില്‍ അത് പെടുമോ? ഇങ്ങനെ പലതരം അര്‍ഥസാധ്യതകള്‍ ആ സൂക്തത്തിലെ ചില പ്രയോഗങ്ങള്‍ക്കും വാക്കുകള്‍ക്കുമുണ്ട്. ഇമാമീങ്ങള്‍ പല അര്‍ഥങ്ങളിലാണ് അവയെ മനസ്സിലാക്കിയിട്ടുള്ളതും.

മനുഷ്യന്റെ പ്രകൃതം
ഭിന്ന സ്വഭാവത്തോടെയും അഭിരുചികളോടെയുമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മനുഷ്യന്നും അയാളുടെതായ സ്വതന്ത്ര വ്യക്തിത്വമുണ്ട്. ഓരോരുത്തരുടെയും ചിന്ത സവിശേഷമാണ്. ബാഹ്യപ്രകൃതിയിലും ആന്തരിക പ്രകൃതിയിലും ആ വേറിട്ടുനില്‍പ്പ് കാണാം. ഒരാളുടെ മുഖം പോലെ മറ്റൊരാളുടെ മുഖമില്ല. രണ്ടാള്‍ക്ക് ഒരേ കൈരേഖകള്‍ ഉണ്ടാവുക സാധ്യമല്ല. അഭിരുചിയിലും ചിന്താരീതികളിലുമൊക്കെ ഈ അദ്വിതീയതയുണ്ട്. ഒരാള്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നതിലും നിലപാടുകള്‍ രുപവത്കരിക്കുന്നതിലും കര്‍മപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലുമെല്ലാം ഈ വ്യത്യാസം കാണാം.
ആയതിനാല്‍ എല്ലാ മനുഷ്യരെയും അവരിലെ ഭിന്നതകളെയും വ്യത്യാസങ്ങളെയും കളഞ്ഞ്, ഫോട്ടോകോപ്പികളാക്കി ഒരേ മൂശയില്‍ വാര്‍ക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. അത് അസാധ്യമാണ്. അല്ലാഹു സംവിധാനിച്ച മനുഷ്യപ്രകൃതത്തിന് വിരുദ്ധമാണ്. ഇനിയത് സാധിച്ചാല്‍ തന്നെയും മനുഷ്യപ്രകൃതത്തിന് വിരുദ്ധമാണെന്നതിനാല്‍ ഒരു പ്രയോജനവും ചെയ്യില്ല; അതിന്റെ ഭവിഷ്യത്തുകളൊക്കെ അനുഭവിക്കേണ്ടതായും വരും.
അപ്പോഴിത് വൈവിധ്യമുണ്ടാക്കുന്ന വ്യത്യസ്തതകളാണ്. അതിനെ ഭിന്നവിരുദ്ധം എന്ന അര്‍ഥത്തിലല്ല എടുക്കേണ്ടത്. വൈവിധ്യം എപ്പോഴും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉറവിടമാണ്. സൃഷ്ടി വൈവിധ്യം മികച്ചൊരു ദൈവിക ദൃഷ്ടാന്തവുമാണല്ലോ. ''ആകാശ ഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും ജ്ഞാനമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.'' (അര്‍റൂം 22)
കാരക്ക, മറ്റു പഴവര്‍ഗങ്ങള്‍ എല്ലാം രുചിയില്‍ വ്യത്യസ്തം. സാദൃശ്യമുള്ളതും, എന്നാല്‍ വ്യതിരിക്തമായ സവിശേഷതകളുള്ളതുമായ ഒലിവ്, മുന്തിരി, ഉറുമാന്‍. ഇങ്ങനെ ധാന്യങ്ങളും പഴവര്‍ഗങ്ങളുമായി എന്തെല്ലാം വൈവിധ്യങ്ങള്‍. എന്നാല്‍, 'എല്ലാറ്റിനെയും ഒരേ വെള്ളമാകുന്നു നനക്കുന്നത്. എന്നാല്‍, രുചിയില്‍ ഓരോന്നിനോരോന്ന് വിശിഷ്ടമാക്കുകയും ചെയ്യുന്നു' (അര്‍റഅ്ദ് 4).
ഇങ്ങനെയാണ് മനുഷ്യന്റെ സൃഷ്ടിപ്പും; വൈവിധ്യങ്ങളോടെ, വ്യത്യസ്തതകളോടെ.
മനുഷ്യരില്‍ ചിലര്‍ കടുപ്പക്കാരായിരിക്കും. ചിലര്‍ എളുപ്പമാക്കുന്നവരും. അവരില്‍ പ്രമാണങ്ങളെ അക്ഷര വായന നടത്തുന്നവരുണ്ട്; അവയുടെ ചൈതന്യവും ആന്തരാര്‍ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. ചിലര്‍ എല്ലാവരുമായും ഇടപെടുന്ന, തുറന്ന പ്രകൃതമുള്ളവരായിരിക്കും. മറ്റു ചിലര്‍ ഉള്‍വലിഞ്ഞ് അന്തര്‍മുഖരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ വൈവിധ്യം മനുഷ്യരുടെ അഭിരുചികളെയും നിലപാടുകളെയും പ്രവൃത്തികളെയും സ്വാധീനിക്കും. ഫിഖ്ഹിലും രാഷ്ട്രീയത്തിലും ദൈനംദിന ഇടപാടുകളിലും അത് പ്രകടമാവും.
സ്വഹാബികളെത്തന്നെയെടുക്കാം. പ്രമുഖ സ്വഹാബികളായ അബ്ദുല്ലാഹിബ്‌നു ഉമറും അബ്ദുല്ലാഹിബ്‌നു അബ്ബാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നോക്കുക. ഇബ്‌നു ഉമര്‍ വുദു എടുക്കുമ്പോള്‍ കണ്ണിന്റെ അകം വരെ കഴുകിയിരുന്നു. ഏത് സ്ത്രീയെ സ്പര്‍ശിച്ചാലും വുദു മുറിഞ്ഞതായും കണക്കാക്കിയിരുന്നു. ഈ അഭിപ്രായമായിരുന്നില്ല ഇബ്‌നു അബ്ബാസിന്. ഹജ്ജ് വേളയില്‍ മുഹസ്സ്വബില്‍ ഇറങ്ങുക (തഹ്‌സ്വീബ്) എന്നത് ഇബ്‌നു ഉമറിനെ സംബന്ധിച്ചേടത്തോളം ഒരു നബിചര്യയാണ്. നബി അവിടെ ഇറങ്ങിയത്, അതിനെ പിന്തുടരേണ്ട ഒരു ശരീഅ നിര്‍ദേശമാക്കാന്‍ വേണ്ടിയായിരുന്നില്ല എന്നതാണ് ഇബ്‌നു അബ്ബാസിന്റെ നിലപാട്. ഹജറുല്‍ അസ്‌വദ് തൊടാനും ചുംബിക്കാനും ഇബ്‌നു ഉമര്‍ തിക്കിത്തിരക്കുമായിരുന്നുവെന്നും അത് കാരണം അദ്ദേഹത്തിന് മുറിവ് പറ്റി ചോര ഒലിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇബ്‌നു അബ്ബാസ് ആകട്ടെ തിക്കിത്തിരക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. 'നമ്മള്‍ ശല്യം ചെയ്യാന്‍ പാടില്ല; നമുക്ക് ശല്യമുണ്ടാവുകയുമരുത്' എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം.
ഇവര്‍ക്കും മുമ്പുള്ള തലമുറയിലെ മഹാന്മാരായ അബൂബക്ര്‍ സ്വിദ്ദീഖിന്റെയും ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെയും നിലപാടുകള്‍ നോക്കൂ. അബൂബക്ര്‍ സ്വിദ്ദീഖിന്റെ നിലപാടുകളില്‍ കാരുണ്യവും സൗമ്യതയുമാണ് കാണാനാവുക; ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെതില്‍, ശക്തിപ്രകടനവും കാര്‍ക്കശ്യവും. ബദ്‌റിലെ ശത്രുതടവുകാരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന ചോദ്യം വന്നപ്പോള്‍ രണ്ട് പേരും വ്യത്യസ്ത നിലപാടുകാരായിരുന്നു. അവരെ മോചനദ്രവ്യം നല്‍കി വിട്ടയക്കണമെന്ന് അബൂബക്ര്‍; വധിക്കണമെന്ന് ഉമറും. നബി തിരുമേനി അബൂബക്ര്‍ സ്വിദ്ദീഖിന്റെ നിലപാടിനോടൊപ്പമായിരുന്നു. അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തു: 'ചിലയാളുകളുടെ ഹൃദയങ്ങളെ അല്ലാഹു സൗമ്യമാക്കും. അങ്ങനെ അവര്‍ മനുഷ്യരില്‍ ഏറ്റവും സൗമ്യരായിത്തീരും. ചിലരുടെ ഹൃദയങ്ങളെ അവന്‍ പാറപോലെ കര്‍ക്കശമാക്കും. അബൂബക്‌റേ, താങ്കള്‍ ഇബ്‌റാഹീം നബിയെപ്പോലെയാണ്. അദ്ദേഹം പറഞ്ഞുവല്ലോ: 'എന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എന്നില്‍ പെട്ടവനാകുന്നു. ആരെങ്കിലും എനിക്കെതിരായ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയം, നീ മാപ്പരുളുന്നവനും ദയാപരനുമല്ലോ' (ഇബ്‌റാഹീം 36). അല്ലെങ്കില്‍ താങ്കള്‍ ഈസാ നബിയെപ്പോലെയാണ്. അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: 'നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ' (അല്‍മാഇദ 118). ഉമറേ, താങ്കള്‍ മൂസാ നബിയെപ്പോലെയാണ്. അദ്ദേഹം പറഞ്ഞു: 'നാഥാ, (ഫറോവയുടെയും പ്രമാണിമാരുടെയും) സമ്പത്ത് നീ നശിപ്പിച്ചു കളയേണമേ. ഇനി, നോവുന്ന ശിക്ഷയെ കാണും വരെ വിശ്വസിക്കാതിരിക്കും വണ്ണം അവരുടെ ഹൃദയങ്ങളെ കടുപ്പിക്കേണമേ' (യൂനുസ് 88). അല്ലെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിച്ച നൂഹ് നബിയെപ്പോലെ: 'നാഥാ, ഈ നിഷേധികളിലാരെയും ഭൂമിയില്‍ വസിക്കാന്‍ വിടരുതേ' (നൂഹ് 26).1
ഇങ്ങനെയാണ് മനുഷ്യപ്രകൃതം. ഒന്നിനൊന്ന് വ്യത്യസ്തം. അതിനനുസരിച്ച് അവരുടെ നിലപാടുകളും മാറും. അത് സഹോദരന്മാരായിരുന്നാലും ശരി. മൂസാനബിയും ഹാറൂന്‍ നബിയും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളെപ്പറ്റി ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ടല്ലോ. സ്വഹാബിമാരില്‍ ഹസന്‍-ഹുസൈന്‍ സഹോദരന്മാരുടെ വ്യത്യസ്ത നിലപാടുകള്‍ മറ്റൊരു ഉദാഹരണം.

പ്രപഞ്ചത്തിന്റെ പ്രകൃതം
പ്രപഞ്ചത്തിന്റെ വളരെ ചെറിയ ഒരംശത്തിലാണ് നാം മനുഷ്യരുടെ അധിവാസം. ആ ഭൂമിയില്‍ തന്നെ ചുവന്നതും കറുത്തതുമായ പലതരം പര്‍വതങ്ങള്‍, ചെടികള്‍, പഴവര്‍ഗങ്ങള്‍. മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും പല വര്‍ണങ്ങള്‍. ഇതിലൊക്കെ ജ്ഞാനികള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ടെന്ന് ഖുര്‍ആന്‍ (ഫാത്വിര്‍ 27, 28).
ഇവിടെ പറയുന്ന ഭിന്നപ്രകൃതവും വൈവിധ്യവുമൊന്നും വിപരീതങ്ങളോ വൈരുധ്യങ്ങളോ അല്ല. നാം എപ്പോഴും പറയാറുള്ളതു പോലെ, വര്‍ഗ-വര്‍ണ വൈപുല്യമാണ്. അതുകൊണ്ടാണ് ഖുര്‍ആനില്‍ 'വര്‍ണവൈവിധ്യം' (മുഖ്തലിഫുന്‍ അല്‍വാനുഹു) എന്ന പ്രയോഗം ഒന്നിലധികം അധ്യായങ്ങളില്‍ ആവര്‍ത്തിച്ചുവരുന്നത്. പ്രപഞ്ച സൃഷ്ടിപ്പില്‍ താളപ്പിഴയോ വൈരുധ്യമോ കാണുക സാധ്യമല്ലെന്നും ഖുര്‍ആന്‍ പറയുന്നുണ്ട് (അല്‍മുല്‍ക് 3).
പ്രപഞ്ചം പോലെത്തന്നെ നമ്മുടെ ജീവിതവും സ്ഥലം, കാലം തുടങ്ങി എണ്ണമറ്റ കാരണങ്ങളാല്‍ വൈവിധ്യ പൂര്‍ണവും വ്യത്യസ്തവുമായിരിക്കുന്നു. 
1. തഫ്‌സീര്‍ ഇബ്‌നു കസീറില്‍ ഉദ്ധരിച്ചത് 2/325.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്