Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

ഉത്കണ്ഠ നിങ്ങളെ  തളര്‍ത്തുന്നുവോ?

ഫാത്വിമ കോയക്കുട്ടി

അല്‍പമെങ്കിലും ഉത്കണ്ഠ കൂടാതെ മനുഷ്യജീവിതം സാധ്യമല്ല. നല്ല ചിന്താശേഷിയുള്ള മനുഷ്യന്‍ തന്നെയാവും കൂടുതലും ഇതിന് ഇരയാകുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും ഉത്കണ്ഠപ്പെടുന്നവരുണ്ട്. അതൊരു ശീലമാക്കിയവരും ധാരാളം. പാരമ്പര്യത്തിനും വളരുന്ന ചുറ്റുപാടുകള്‍ക്കും ഇതില്‍ നല്ലൊരു പങ്കുണ്ട്. ഗര്‍ഭിണിയായ അമ്മയുടെ അമിതോല്‍ക്കണ്ഠ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും എന്നാണ് ശാസ്ത്രമതം.
ഉത്കണ്ഠയും ഭയവും സാധാരണ എല്ലാ മനുഷ്യരിലും ഉണ്ടാവും. വൈകാരികമായ ഈ അനുഭവം നമ്മിലോരോരുത്തരിലും പല വിധത്തിലാണെന്ന് മാത്രം. ഉത്കണ്ഠയും ഭയവും രണ്ടാണെങ്കിലും ഇവ പര്യായങ്ങള്‍ പോലെ പ്രയോഗിക്കാറുണ്ട്. ഉത്കണ്ഠയെന്നാല്‍ അവ്യക്തമായ കാരണങ്ങളാല്‍ നമ്മിലനുഭവപ്പെടുന്ന അസ്വസ്ഥതയാണ്. ഭയത്തിനാവട്ടെ വ്യക്തമായ കാരണമുണ്ടാവും. ഭയവും ഉത്കണ്ഠയും അനുഭവത്തില്‍ ഒരുപോലെ ആയിരിക്കും. അതിനാലാണ് ഈ പദങ്ങള്‍ ഒരേപോലെ പ്രയോഗിക്കുന്നത്. ഉത്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ, ഈ അവസ്ഥ പെട്ടെന്ന് വരികയും പോവുകയും ചെയ്യാം. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഉത്കണ്ഠ രോഗമായി നീണ്ടുനിന്നേക്കാം. ഉത്കണ്ഠ ഒരു മുന്‍കരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവര്‍ ഇവര്‍ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനക ലോകത്തിലായിരിക്കും ജീവിക്കുക.
ജീവികളുടെ സുരക്ഷിതത്വത്തിന് മുന്‍കരുതലെടുക്കാന്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ഒരു വികാരമാണ് ഉത്കണ്ഠ. ഇത് നമ്മെ കര്‍മോത്സുകരാക്കുന്നു. ഈ വികാരം ജീവിതാന്ത്യം വരെ നിലനില്‍ക്കുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് ആ വൈകാരികാനുഭവത്തെ മനസ്സിലാക്കാന്‍ കഴിയണം.
ഉത്കണ്ഠ അതിരു കടന്നാലും അപകടമാണ്. അത് സാധാരണ ജീവിതത്തിന് തടസ്സമായാല്‍ ചികിത്സ തേടണം. ഉത്കണ്ഠയുടെ തോത് കൂടിയാല്‍ ചില ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാകും. കൈകാല്‍ തണുപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉറക്കക്കുറവ് പോലെ.
പല അവസ്ഥകളിലും ഒരു വ്യക്തിക്ക് ഉത്കണ്ഠ വരാം. ഒരു സംഘം ആളുകളെ അഭിമുഖീകരിക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതല്‍ ഉത്കണ്ഠ. അതിലും കുറവുള്ള ഉത്കണ്ഠയായിരിക്കും ഒരു പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ ഉണ്ടാവുക. അതിലും കുറഞ്ഞ ഉത്കണ്ഠയായിരിക്കും അപരിചിതനായ പുരുഷന്മാരോട് സംസാരിക്കുമ്പോള്‍ തോന്നുക. അതിലും കുറവ് ഉത്കണ്ഠ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇരിക്കുമ്പോഴായിരിക്കും തോന്നുന്നത്. ഇങ്ങനെയുള്ള അവസ്ഥകള്‍ മനസ്സിലാക്കി അതിനെതിരെ പൊരുതി ജയിക്കാന്‍ ഫലപ്രദമായ മനശ്ശാസ്ത്ര ടെക്‌നിക്കുകളും ഔഷധങ്ങളും നിലവിലുണ്ട്.
എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍, അയാളുടെ സാമൂഹിക ബന്ധങ്ങള്‍, തൊഴില്‍ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്കണ്ഠ വളര്‍ന്ന് വഷളാകുമ്പോള്‍ അതിനെ ഉത്കണ്ഠാ രോഗം, അഥവാ Anxiety Disorder എന്നാണ് പറയുക. ഒരാള്‍ക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു എന്നു മനസ്സിലാക്കാം. ചിലര്‍ക്ക് ഉത്കണ്ഠ മാത്രമേ ഉണ്ടാകാറുള്ളൂ. മറ്റു ചിലര്‍ക്ക് ഇതിനോടൊപ്പം വിഷാദവും ഉണ്ടാകാം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അമിതമായ ഉത്കണ്ഠ മൂലം ആശയവിനിമയം നടത്താന്‍ കഴിയാതെ വരുന്നു. അവസരോചിതം കാര്യങ്ങള്‍ ചെയ്യാനോ പറയാനോ കഴിയാതെവരുന്നു. വേണ്ട സമയത്ത് ഒരു കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനും അത്തരക്കാര്‍ക്ക് കഴിയില്ല.
സാമൂഹിക ഉത്കണ്ഠയുള്ള ഇത്തരം വ്യക്തികളുടെ മനസ്സില്‍ വല്ലാത്തൊരു സംഘര്‍ഷമാണ് ഉടലെടുക്കുക. താനൊരു കഴിവില്ലാത്ത വ്യക്തിയാണ്, താനെങ്ങനെ ജീവിക്കും ഭാവിയില്‍ തുടങ്ങിയ തരത്തിലുള്ള വ്യാകുലതകള്‍ പെരുകും. ഇത് അവന്റെ/അവളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനും  ജോലിചെയ്ത് ജീവിക്കാന്‍ കഴിവില്ലാത്ത ആളാക്കി മാറ്റാനും സാധ്യതയുണ്ട്.  വിവാഹ ജീവിതത്തിലും ഇതുമൂലം പൊരുത്തക്കേടുകള്‍ സംഭവിക്കാനിടയുണ്ട്.
സാമൂഹിക ഉത്കണ്ഠയുള്ള വ്യക്തികള്‍, മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന് എപ്പോഴും ആകുലപ്പെട്ടുകൊണ്ടിരിക്കും. ഇത്തരക്കാര്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കും. സാമൂഹിക ഉത്കണ്ഠാരോഗം സമൂഹത്തില്‍ അഞ്ച് ശതമാനം മുതല്‍ പത്തുശതമാനം വരെ ആളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നത് നാഡീ വ്യൂഹങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന(ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ്) രാസവസ്തുക്കളാണ്. രാസവസ്തുക്കളുടെ കുറവുമൂലമാണ് അമിതമായ ഉത്കണ്ഠ ഉണ്ടാകുന്നത്. ഉത്കണ്ഠയെ അഭിമുഖീകരിക്കാനുള്ള കഴിവ് പലര്‍ക്കും പലവിധത്തിലാണ്. ഒരു വ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് മനസ്സിലാക്കണം. ഈ അസ്വസ്ഥതകള്‍ ചിലപ്പോള്‍ ദുഃഖത്തിലേക്കും നയിച്ചേക്കാം. തൈറോയ്ഡ് ഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനം, കോര്‍ട്ടിക്കോ സ്റ്റിറോയിഡ്‌സ്, കൊക്കെയിന്‍ പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമോ ഉത്കണ്ഠാ രോഗം വരാറുണ്ട്. രോഗലക്ഷണങ്ങളെ വിലയിരുത്തിയാണ് രോഗനിര്‍ണയം നടത്തുക.
ഉത്കണ്ഠയില്‍ നിന്നും വിഷാദത്തില്‍നിന്നും സത്യവിശ്വാസികള്‍ക്ക് എങ്ങനെ മുക്തരാകാം? പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമുള്ള ചില നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാം:
1. പ്രയാസങ്ങളും ക്ലേശങ്ങളും നേരിടുമ്പോള്‍ അല്ലാഹുവിനുള്ള ആരാധനകളിലേര്‍പ്പെട്ടും അവനെ അനുസ്മരിച്ചും  വഴിപ്പെട്ടും അവനോടടുക്കുക.
2. കഴിഞ്ഞ കാലത്തെപ്പറ്റി വിസ്മൃതിയിലാവുക; കഴിഞ്ഞ കാലത്തെ ഓര്‍മകളുടെ അനുസ്മരണച്ചടങ്ങുകള്‍ ദുഃഖമേഘങ്ങളെ തെളിച്ചുകൊണ്ടുവരുന്ന മഴക്കാറ്റുകളത്രെ. അവ വേദനകളുടെ തീമഴ വര്‍ഷിക്കും. അതിനാല്‍ മറക്കൂ; കഴിഞ്ഞതൊക്കെയും.
3. ഭാവിയോ; അതു വരാനനുവദിക്കുക, വരുന്നതിനു മുമ്പ് അതേ കുറിച്ച് ആശങ്കപ്പെടരുത്. അദൃശ്യലോകത്തെ കാര്യങ്ങളില്‍ പെട്ടതാണ് ഭാവി. അതേക്കുറിച്ച ആശങ്കാജനകമായ പ്രവചനങ്ങളിലും പ്രതീക്ഷകളിലും ഭയപ്പാടുകളിലും വിശ്വസിച്ച് അവശനാവരുത്. ജീവിതം ഇന്നിന്റെ അതിര്‍ത്തിയില്‍, വര്‍ത്തമാനത്തിന്റെ പ്രതലത്തില്‍ നോക്കിയാല്‍ കണ്ണെത്തുന്ന സമയമാനത്തില്‍ ജീവിക്കുക.
''ഈ ലോകത്തെ സംബന്ധിച്ച ദീര്‍ഘകാല പ്രത്യാശകളെക്കുറിച്ച് ജാഗ്രത പാലിക്കുക. അത് ഒരാളെ (പരലോകത്തെപ്പറ്റി) വിസ്മൃതിയിലകപ്പെടുത്തുന്നു'' (ഖു. 28:39).
അന്ധവിശ്വാസങ്ങളിലും കിംവദന്തികളിലും വിശ്വസിക്കാതിരിക്കുക.
''ചാരിവെച്ച മരത്തടി പോലെയാണവര്‍. ഓരോ ശബ്ദവും തങ്ങള്‍ക്കെതിരെയാണ് വരുന്നതെന്ന് അവര്‍ വിചാരിക്കും'' (63:4).
മഹാപ്രളയത്തെ സംബന്ധിച്ച ആശങ്കകളും ആകാംക്ഷകളുമായി ജീവിതകാലമത്രയും മനോരോഗികളായി കഴിയുന്ന കുറേ മനുഷ്യരെ നമുക്കു ചുറ്റും കാണാം. ദുരന്തോന്മുഖമായ മനസ്സാണ് അവര്‍ക്കുള്ളത്. ഭൂമിയിലെ സകല നന്മകളും അവര്‍ തിന്മയായി കാണുന്നു. സര്‍വ ദുഃഖങ്ങളുടെയും വിരാമബിന്ദു ആ മഹാപ്രളയമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഭൂമിയിലെ അപ്പവും വീഞ്ഞും വേദനയോടെയാണ് അവര്‍ കഴിക്കുന്നത്. സ്വര്‍ഗരാജ്യത്ത് നേരത്തെയെത്താനായി ആത്മാഹുതി ചെയ്തവരും അക്കൂട്ടരിലുണ്ട്. മനുഷ്യമനസ്സുകളിലേക്ക് അവര്‍ പടര്‍ത്തുന്നത് വേദനയും ആകുലതയും ആശങ്കയും ദുഃഖവും അസ്വസ്ഥതയും പൊറുതികേടും മാത്രമാണ്. മനുഷ്യരെ ജീവനോടെ ചുട്ടുകൊല്ലുന്നതിനെക്കാള്‍ വലിയ ക്രൂരതയാണിത്. അവര്‍ ജീവിക്കുന്നുമില്ല, മരിക്കുന്നുമില്ല.
'.... അവര്‍ക്കു മരണം വിധിക്കപ്പെടുന്നതല്ല. എങ്കില്‍, അവര്‍ക്കു മരിക്കാമായിരുന്നു....' (35: 36).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്