Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

അടാട്ടില്‍ മൂസാ സാഹിബ് ജനസേവനത്തിന്റെ ആള്‍ രൂപം

ശൈഖ് മുഹമ്മദ് കാരകുന്ന് 

കര്‍മോത്സുകതയുടെ കാണപ്പെടുന്ന ആള്‍രൂപമായിരുന്ന അടാട്ടില്‍ മൂസാ സാഹിബ് നമ്മോട് വിട പറഞ്ഞു. 2022 ഡിസംബര്‍ 10,11 തീയതികളില്‍ ശാന്തപുരത്ത് നടന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനം കഴിഞ്ഞ് പിരിയുമ്പോഴാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. യാത്ര പറയലിന്റേതും പ്രാര്‍ഥനയുടേതുമായിരുന്നു ആ അവസാന കൂടിക്കാഴ്ച. അത്യസാധാരണമായ ആത്മബലത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്ന മനുഷ്യരോട് അദ്ദേഹം അതിരുകളില്ലാത്ത കാരുണ്യം കാണിച്ചു. സ്‌നേഹ വാത്സല്യം കൊണ്ട് അവരെ പൊതിഞ്ഞു. അവരെ പരിചരിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം മെലിഞ്ഞ ശരീരവും ഉയര്‍ന്ന ഇഛാശക്തിയുമുള്ള മൂസാ സാഹിബിനെ സദാ കര്‍മ നിരതനാക്കി.
തന്നെക്കുറിച്ച് ആലോചിക്കുന്നതിന്റെ അനേകമിരട്ടി മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചു. അവരുടെ ദുഃഖങ്ങളും വേദനകളും തന്റെ ആത്മാവില്‍ അലിയിച്ചു ചേര്‍ത്തു. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധനായി.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജീവിതങ്ങള്‍ക്ക് അഭയം നല്‍കുന്ന മഞ്ചേരിക്കടുത്ത പാണ്ടിക്കാട് 'സല്‍വാ' കേന്ദ്രത്തിന്റെ  സ്ഥാപനത്തിലും നടത്തിപ്പിലും അദ്ദേഹം വഹിച്ച പങ്ക് അനല്‍പമാണ്. രോഗം ശരീരത്തെ കാര്‍ന്ന് തിന്നുകൊണ്ടിരുന്നപ്പോഴും തന്റെ അവശതയും അനാരോഗ്യവും അവഗണിച്ച് അതിന്റെ എല്ലാ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഐഡിയല്‍ റിലീഫ് വിംഗിന്റെ ഏറെ ധീരനും അതീവ സാഹസികനുമായ കര്‍മയോഗിയായിരുന്നു മൂസാ സാഹിബ്. രൂപവത്കരണ കാലം തൊട്ട് സംസ്ഥാന ഗവേണിംഗ് ബോഡി അംഗമായിരുന്നു. അതുകൊണ്ടു തന്നെ ദുരന്തഭൂമികളില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ രക്ഷകനും അപകടങ്ങളിലേക്ക് വഴുതിവീഴുന്ന നിസ്സഹായരായ മനുഷ്യരുടെ കാവലാളുമായിരുന്നു അദ്ദേഹം.
ആ കര്‍മയോഗിയുടെ സേവനം കേരളത്തിന് പുറത്തേക്കും പരന്നൊഴുകി. അസമിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ചേര്‍ത്തുപിടിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ക്ക് ആശ്വാസം പകരാനുമായി ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ദിവസങ്ങളോളം അവിടെ ചെലവഴിച്ചു.
'അസാധ്യം' എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. ഏത് സേവന മേഖലയിലും ആരുണ്ട് എന്ന് ചോദിക്കുമ്പോഴേക്കും മൂസാ സാഹിബിന്റെ മറുപടി വന്നിരിക്കും: 'ഞാനുണ്ട്.' ഒഴികഴിവ് പറയാനോ മാറി നില്‍ക്കാനോ അദ്ദേഹത്തിന് കഴിയില്ല.  നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ മൂസാ സാഹിബ് പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യമായി മാറും. കര്‍മയോഗി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. രോഗം കാരണം അവശനായിരുന്നപ്പോഴും സേവനത്തോട് വിടപറയാന്‍ അടാട്ടില്‍ ഒരുക്കമായിരുന്നില്ല. സാധ്യതയുടെ അവസാനത്തെ അംശലേശവും നന്മയുടെ വഴിയില്‍ ചെലവിടണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെയും അതിന്റെ വിവിധ സ്ഥാപനങ്ങളുടെയും സമ്മേളനങ്ങള്‍ക്ക് സംവിധാനമൊരുക്കുന്നതില്‍ മൂസാ സാഹിബ് വഹിച്ച പങ്ക് അനല്‍പമാണ്. 1998-ല്‍ മലപ്പുറം ജില്ലയിലെ  കൂരിയാട് പാടത്ത് ഹിറാ നഗറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിര്‍മാണച്ചുമതല അദ്ദേഹത്തിനായിരുന്നു. മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി മാറിനില്‍ക്കുന്ന പ്രകൃതമേ  അദ്ദേഹത്തിനുണ്ടായിരുന്നില്ല. ജോലിക്കാരോടൊപ്പം അവരില്‍ ഒരുവനായി, എല്ലാറ്റിലും പങ്കാളിയായി നിലകൊണ്ട അദ്ദേഹത്തിന്റെ മികവുറ്റ സംഘാടന പാടവം സമ്മേളന പന്തലിനെ തികവുറ്റതും മനോഹരവുമാക്കി. അങ്ങനെ എത്രയെത്ര സമ്മേളന പന്തലുകളും സംവിധാനങ്ങളും ആ പ്രസ്ഥാന പ്രവര്‍ത്തകന്റെ കര്‍മ സാന്നിധ്യത്തിന് സാക്ഷിയായിട്ടുണ്ട്.
മൂസാ സാഹിബിന് സമ്മേളനം എന്നും ആവേശമായിരുന്നു. തന്റെ സേവന മുദ്രകള്‍ അവിടെ പതിയണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കാം പ്രപഞ്ചനാഥനായ അല്ലാഹു അദ്ദേഹത്തിന്റെ  മരണം, ശാന്തപുരത്തെ സമ്മേളനത്തില്‍ പങ്കാളിയായ ശേഷമാവട്ടെയെന്ന് തീരുമാനിച്ചത്. സമ്മേളനം കഴിഞ്ഞു മൂന്നാം നാളാണല്ലോ അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. രോഗത്തിനടിപ്പെട്ട് അങ്ങേയറ്റം അവശനായിരുന്ന മൂസാ സാഹിബ് വീല്‍ചെയറിലിരുന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും സമ്മേളനം അദ്ദേഹത്തിന് അങ്ങേയറ്റം ഉള്‍പ്പുളകം ഉണ്ടാക്കിയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എല്ലാവരെയും ഒന്നിച്ച് കാണാന്‍ അവസരം ലഭിച്ചുവെന്നത് അങ്ങേയറ്റം ആഹ്ലാദകരമായിരുന്നതിനാലായിരിക്കണം എല്ലാവരും പിരിഞ്ഞുപോകുന്നതു വരെ ഏറെ പ്രയാസം സഹിച്ച് സമ്മേളന നഗരിയില്‍ തങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും പ്രാപ്തനാക്കിയതും. അവിടെ വെച്ച് അവസാനമായി കാണുമ്പോഴും മുഖത്ത് കളങ്കമേശാത്ത പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു. വേദന കടിച്ചിറക്കുമ്പോഴും മായാത്ത പുഞ്ചിരി പരിചയപ്പെട്ടവര്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത വിധം മധുരോദാരമായിരുന്നു.
ലളിതമായ ജീവിതം, ആരെയും ആകര്‍ഷിക്കുന്ന സ്വഭാവം, സൗമ്യമായ സംസാരം, ഹൃദ്യമായ പെരുമാറ്റം, എപ്പോഴും ഒപ്പമുള്ള വിനയം പോലുള്ള സദ്ഗുണങ്ങള്‍ മൂസാ സാഹിബിന്റെ ജീവിതത്തെ ധന്യവും മാതൃകാ യോഗ്യവുമാക്കി.
കുറ്റിപ്പാലയില്‍ പുതുതായി രൂപംകൊണ്ട ഹിറാ മിഷന്‍ ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായിരുന്ന മൂസാ സാഹിബ് അവിടത്തെ പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കി. എടരിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ പള്ളി നിര്‍മാണത്തിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
ലഹരിക്കടിപ്പെട്ടവരെ അതില്‍നിന്ന് മോചിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഡി അഡിക്ഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചതും രൂപകല്‍പന നടത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷമുള്‍പ്പെടെ നടന്ന എല്ലാ ഡി അഡിക്ഷന്‍ ക്യാമ്പുകളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ ശാന്തിവയല്‍ അല്‍ഫുര്‍ഖാന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി. പ്രതിസന്ധിയിലകപ്പെട്ട വലിയ പറമ്പ് മലബാര്‍ സ്‌കൂളിനെ നല്ല നിലയിലെത്തിക്കുന്നതിലും വലിയ പങ്കു വഹിച്ചു. ചങ്കുവെട്ടി ഗൈഡന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് അനല്‍പമാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത സല്‍വ ഹോസ്റ്റല്‍ നിര്‍മാണത്തിലും മൂസാ സാഹിബിന്റെ കൈമുദ്രകളുണ്ട്. കോട്ടക്കല്‍ ഈദ് ഗാഹ് ആരംഭിക്കുന്നതിലും പിന്നീട് എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ച് കൂട്ടായി നടത്തുന്നതിലും നേതൃപരമായ പങ്ക് വഹിക്കുകയുണ്ടായി.
കോട്ടക്കലില്‍ ഫര്‍ണിച്ചര്‍ കച്ചവടം നടത്തിയിരുന്ന മൂസാ സാഹിബ് ആ രംഗത്തും സത്യസന്ധത കൊണ്ട് മാതൃക കാണിച്ചു. നാട്ടിലുണ്ടാകുന്ന കുടുംബപരവും മറ്റുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്ന നല്ലൊരു മാധ്യസ്ഥന്‍ കൂടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കോട്ടക്കല്‍ ഏരിയാ ഓര്‍ഗനൈസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതോടൊപ്പം അവര്‍ക്ക് മാതൃകയാവുകയും ചെയ്തു.
സമയനിഷ്ഠ പുലര്‍ത്തുന്നതില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി. സഹോദര സമുദായങ്ങളുമായി ഹൃദ്യമായ ബന്ധങ്ങള്‍ നിലനിര്‍ത്തി. സഹായം തേടിയെത്തിയ ആരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. അതുകൊണ്ടു തന്നെയായിരിക്കാം മരണാനന്തര കര്‍മങ്ങളില്‍ വമ്പിച്ച ജനക്കൂട്ടം ഒത്തുകൂടിയത്.
ജനാസ നമസ്‌കാരം നടന്നത് സമസ്തയുടെ ഇരു വിഭാഗവും കൂടി നേതൃത്വം നല്‍കുന്ന ചങ്കുവെട്ടിക്കുണ്ട് മഹല്ല് പള്ളിയിലാണ്. നമസ്‌കാരത്തിന് മുമ്പ് പള്ളി ഇമാം, അടാട്ടില്‍  മൂസാ സാഹിബ് പള്ളി കമ്മിറ്റി അംഗമെന്ന നിലയില്‍ ചെയ്ത മഹത്തായ സേവനവും, ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ വഹിച്ച നേതൃപരമായ പങ്കും പ്രത്യേകം എടുത്തുപറയുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ അദ്ദേഹത്തിന് പ്രസ്തുത പള്ളിക്കമ്മിറ്റിയില്‍ ദീര്‍ഘ കാലം  നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്. കമ്മിറ്റിയിലേക്ക് സമസ്തയിലെ ഇരു വിഭാഗവും സമര്‍പ്പിക്കുന്ന പാനലുകളില്‍ അദ്ദേഹത്തിന്റെ പേരുണ്ടാകുമായിരുന്നു. പ്രസ്തുത മഹല്ലിലെ നമസ്‌കരിക്കാത്തവരെ നേരില്‍ കണ്ട് ബോധവല്‍ക്കരിക്കുന്ന സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. മഹല്ല് സംവിധാനത്തെ സംബന്ധിച്ച് ബോധവല്‍ക്കരിക്കാന്‍ ക്ലാസ് എടുത്തത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ നാസര്‍ ചെറുകരയാണെന്നതില്‍നിന്നു തന്നെ അദ്ദേഹത്തിന് അവിടെയുണ്ടായിരുന്ന സ്വാധീനം വ്യക്തമാണല്ലോ. അത്രമേല്‍ പ്രിയങ്കരനായിരുന്നു അദ്ദേഹം അവര്‍ക്ക്.
അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വീകരിച്ച് മഹത്തായ പ്രതിഫലം നല്‍കുകയും അദ്ദേഹത്തെയും നമ്മെയും ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്