ഈ വഞ്ചനയും കാപട്യവുമല്ലേ തുറന്നു കാണിക്കേണ്ടത്?
'അക്രമം മനസ്സിന്റെ സ്വഭാവ ഗുണമായിപ്പോയി; അക്രമം കാണിക്കാത്ത വിശുദ്ധനായി ഒരുത്തനെ നീ കാണുന്നുണ്ടെങ്കില്‍ അതിനൊരു കാരണവുമുണ്ടാവും' എന്നര്‍ഥം വരുന്ന മുതനബ്ബിയുടെ ഒരു കവിതാ ശകലമുണ്ട്. അക്രമം ചെയ്യുന്നില്ലെങ്കില്‍ അത് ഭരണകൂട സംവിധാനങ്ങളെയോ മറ്റോ പേടിച്ചിട്ടാവുമെന്ന് ധ്വനി. ജീവിതത്തിന്റെ സകല മേഖലകളിലും അതിക്രമവും അനീതിയും പെരുകുമ്പോഴും എല്ലാവരും സംസാരിക്കുക നീതിയെക്കുറിച്ചും സമത്വ വിഭാവനയെക്കുറിച്ചുമായിരിക്കും. നീതി ഭരണത്തിന്റെ അടിത്തറ (അല്‍ അദ്‌ലു അസാസുല്‍ മുല്‍ക്) എന്ന് ഭരണ പ്രമാണങ്ങളില്‍ എഴുതിവെക്കാത്ത ഒരൊറ്റ അറബ് രാജ്യവുമുണ്ടായിരിക്കില്ല. പക്ഷേ, നീതിക്ക് വേണ്ടിയുള്ള നിലവിളികള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത് ആ നാടുകളില്‍നിന്നാണ്. അന്താരാഷ്ട്ര കരാറുകളും ധാരണകളുമെല്ലാം എടുത്ത് പരിശോധിക്കുക. നീതി നിര്‍വഹണത്തിന്റെ അളവുകോലുകള്‍ പലതാണ്.
കുറച്ച് മുമ്പ് ബ്രിട്ടീഷ് ഗവണ്‍മെന്റ്, തങ്ങള്‍ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ ഒരു കണക്ക് പുറത്തു വിട്ടിരുന്നു. 2006-2014 കാലത്ത് അഫ്ഗാനിസ്താനില്‍ തങ്ങളുടെ സൈനികരാല്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ സിവിലിയന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായിരുന്നു അത്. നഷ്ടപരിഹാരമായി മൊത്തം 6,88,000 പൗണ്ട് നല്‍കി എന്നാണ് പറയുന്നത്. അതായത്, ഓരോ ഇരയുടെ കുടുംബത്തിനും 2400 പൗണ്ടിന് താഴെ സംഖ്യ മാത്രമാണ് ലഭിച്ചത്. 104 പൗണ്ട് മാത്രം കിട്ടിയ ഒരു കുടുംബവും ഇക്കൂട്ടത്തിലുണ്ട്. സൈനിക നടപടിക്കിടെ ഒരു കഴുത ചത്തതിന് ഇതിനെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയ ചരിത്രവും ഈ രാഷ്ട്രത്തിനുണ്ട്. ഇനി 1988-ല്‍ വടക്കന്‍ ഇംഗ്ലണ്ടിലുണ്ടായ ലോക്കര്‍ബി വിമാന ദുരന്തം ഓര്‍മിക്കുക. 270 അമേരിക്കക്കാരാണ് അതില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പേരില്‍ നഷ്ടപരിഹാരമായി ലിബിയക്ക് നല്‍കേണ്ടി വന്നത് 2.7 ബില്യന്‍ ഡോളറാണ്. അതായത്, കൊല്ലപ്പെട്ടവരുടെ ഓരോ കുടുംബത്തിനും ലഭിച്ചത് പത്ത് ദശലക്ഷം ഡോളര്‍. മുഅമ്മര്‍ ഖദ്ദാഫിയുടെ ആളുകളാണ് ബോംബ് വെച്ചത് എന്നാരോപിച്ച് ആ സംഖ്യ പിടിച്ചു വാങ്ങുകയായിരുന്നു. കൊലക്കുറ്റം സ്വയം സമ്മതിച്ച ബ്രിട്ടീഷുകാര്‍ കൊടുത്ത തുകയും ഇതും തമ്മിലൊന്ന് തട്ടിച്ചു നോക്കണം. ഇതേ വര്‍ഷം തന്നെ അമേരിക്കന്‍ സൈന്യം ഒരു ഇറാനിയന്‍ വിമാനം വെടിവെച്ചു വീഴ്ത്തി. അതിലുണ്ടായിരുന്ന 248 ഇറാനിയന്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബന്ദര്‍ അബ്ബാസില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്നു വിമാനം. കൊല്ലപ്പെട്ടവരില്‍ ഉദ്യോഗമുള്ളവര്‍ക്ക് മൂന്ന് ലക്ഷം ഡോളറും ഉദ്യോഗമില്ലാത്തവര്‍ക്ക് അതിന്റെ പകുതിയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇവരുടെയൊക്കെ നീതിനിര്‍വഹണത്തിന്റെ ഒരു സാമ്പിള്‍ പറഞ്ഞുവെന്നേയുള്ളൂ.
ഇത്തരം അനീതികളെ കൊളോണിയല്‍ വന്‍ ശക്തികള്‍ സ്ഥാപനവല്‍ക്കരിച്ചിട്ടുണ്ട് എന്നതാണ് ശരി. അമേരിക്ക ഏതൊരു രാജ്യവുമായും കരാറുണ്ടാക്കുമ്പോള്‍ ചില ഉപാധികള്‍ മുന്നോട്ടു വെക്കും, തികച്ചും ഏകപക്ഷീയമായി. മറ്റേ രാഷ്ട്രം അത് അംഗീകരിച്ചു കൊള്ളണം. തങ്ങളുടെ സൈനികര്‍/പൗരന്മാര്‍ ആ നാട്ടിലുണ്ടെങ്കില്‍ അവിടത്തെ നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമായിരിക്കില്ല എന്നാണ് ഒന്നാമത്തെ ഉപാധി. അവര്‍ എന്ത് അതിക്രമങ്ങള്‍ കാണിച്ചാലും അവിടത്തെ കോടതിയില്‍ അവരെ വിചാരണ ചെയ്യാന്‍ പാടില്ല. പ്രത്യേകം എഴുതിച്ചേര്‍ക്കുന്ന ഈ കരാറിന്റെ പേര് 'സോഫ' (ടഛഎഅ ടമേൗേ െഛള എീൃരല െഅഴൃലലാലി)േ എന്നാണ്. അതിക്രമത്തിന് നിയമ സാധുത നല്‍കുന്ന ഇതിനെക്കാള്‍ മനുഷ്യത്വവിരുദ്ധമായ കരാര്‍ വ്യവസ്ഥ കണ്ടെടുക്കുക പ്രയാസം. ചുരുക്കം പറഞ്ഞാല്‍, രണ്ടാം ലോകയുദ്ധാനന്തരം നാം പച്ചയായി കണ്ടുകൊണ്ടിരിക്കുന്നത് 'ജയിച്ചടക്കിയവരുടെ നീതി'യാണ്. ആ യുദ്ധത്തില്‍ തോറ്റവര്‍ നേരിടേണ്ടി വന്ന 'ന്യൂറംബര്‍ഗ് വിചാരണ' തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്.
കണ്‍മുന്നിലുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടി പറയാം: ഇറാനിലെ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി വലിയ വായില്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് പാശ്ചാത്യ ഭരണകൂടങ്ങളും മീഡിയയും. ഇറാനിയന്‍ ഭരണകൂടം പ്രക്ഷോഭകരെ കേള്‍ക്കാന്‍ തയാറാവുന്നില്ലെന്നതും അവരെ അടിച്ചമര്‍ത്തുകയാണെന്നതും തര്‍ക്കമറ്റ കാര്യം. പക്ഷേ, പാശ്ചാത്യര്‍ക്ക് അതേ ചൊല്ലി ബഹളമുണ്ടാക്കാന്‍ എന്തര്‍ഹത? ഇതേ സമയത്ത് തന്നെ സയണിസ്റ്റ് വര്‍ണവെറിയന്‍ ഭരണകൂടം നിരവധി ഫലസ്ത്വീനികളെയാണ് വെടിവെച്ചു കൊന്നത്; ഒരു പ്രകോപനവുമില്ലാതെ. പാശ്ചാത്യ ഭരണകൂടമോ മീഡിയയോ ഒരക്ഷരം മിണ്ടിയില്ല. ലോകം മനുഷ്യാവകാശ ദിനം ആചരിക്കുമ്പോള്‍ ഈ വഞ്ചനയും ഇരട്ടത്താപ്പും കാപട്യവുമാണ് തുറന്നുകാണിക്കേണ്ടിയിരുന്നത്.
Comments