പ്രാണനെ പ്രണയിക്കാം...!
നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് രാത്രി ഏറെ വൈകി ഫോണ്‍ ശബ്ദിക്കുന്നത്. ഫോണിന്റെ അങ്ങേതലക്കല്‍ നിന്ന് ഇടറിയ ശബ്ദത്തില്‍ അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും എന്റെ ചോദ്യം അങ്ങോട്ട് ചെന്നു: ''എന്താ....എന്തു പറ്റി?''
''എനിക്കിപ്പോള്‍ നിങ്ങളെ കാണണം'' - എന്നായിരുന്നു മറുപടി.
''രാത്രി ഒരുമണി കഴിഞ്ഞു, നാളെ കണ്ടാല്‍ പോരേ?''
''പോരാ, എനിക്കിപ്പോള്‍ തന്നെ കാണണം. സഹിക്കാനാവുന്നതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ ... വേറെ വഴിയൊന്നുമില്ലെങ്കില്‍ എനിക്കെന്നെ മറന്നേ പറ്റൂ... ഞാന്‍ വീണ്ടും മദ്യപിക്കും! ''
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചെറുപ്പക്കാരനാണ്. ഞാന്‍ നന്നായി ഇടപഴകാറുള്ള മനുഷ്യന്‍. വലിയ ക്രിമിനല്‍ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍. മദ്യപാനം നിര്‍ത്തി, ഗുണ്ടാ മാഫിയ സംഘങ്ങളില്‍ നിന്ന് മോചിതനായി വഴിമാറി നടക്കുന്നതിനിടയിലാണ് അര്‍ധരാത്രിയില്‍ വളരെ നിസ്സഹായനായി ഫോണ്‍ വിളിക്കുന്നത്.
വീട്ടില്‍ നിന്നിറങ്ങി അങ്ങാടിയില്‍ അയാള്‍ നില്‍ക്കുന്ന റോഡരികിലേക്ക് വാഹനം പതിയെ നീങ്ങി. വാഹനത്തിന്റെ വെളിച്ചത്തില്‍ അയാള്‍ നില്‍ക്കുന്നത് കണ്ടു. വണ്ടി അയാള്‍ക്കരികില്‍ നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും എന്നെ വന്ന് കെട്ടിപ്പിടിച്ച് ഉറക്കെ കരയാന്‍ തുടങ്ങി. കരച്ചില്‍ തേങ്ങലാകുന്നത് വരെ തോളില്‍ തലചായ്ച്ച് കെട്ടിപ്പിടിച്ച് ആ മനുഷ്യനങ്ങനെ നിന്നു.
കുറേ സമയത്തിന് ശേഷം തലയുയര്‍ത്തി കണ്ണ് തുടച്ചു ഒരു കുഞ്ഞിനെപ്പോലെ പറഞ്ഞു: ''മതി ഇനി നിങ്ങള്‍ പൊയ്ക്കോളൂ..''
വെളിച്ചത്തില്‍ തെളിഞ്ഞ അയാളുടെ മുഖത്തേക്ക് അല്‍പനേരം നോക്കിനിന്നു. അയാളുടെ മനസ്സിന്റെ തെളിച്ചം എനിക്കാ മുഖത്ത് ദര്‍ശിക്കാമായിരുന്നു.
നമുക്ക് സ്വയം ചോദിക്കാം: ആരാണ് ഞാന്‍? എങ്ങനെയാണ് എന്റെ രൂപപ്പെടല്‍..? എന്താണ് എന്റെ ശരീരഘടന? ജീവന്‍ നിലനിര്‍ത്തുന്ന എന്റെ പ്രാണന്റെ രൂപമെന്താണ്...? എവിടെയാണ് എന്റെ പ്രാണന്‍ സ്ഥിതി ചെയ്യുന്നത്..? ഏറ്റവും ചുരുങ്ങിയ പക്ഷം, അറിഞ്ഞില്ലെങ്കിലും ചിന്തിക്കാന്‍ ശ്രമിക്കേണ്ട ചില ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ എപ്പോഴും വന്നുനില്‍ക്കേണ്ടതുണ്ട്.
ഈ ജീവന്നും ജീവിതത്തിനും വേണ്ടി സ്വന്തമായി നമ്മള്‍ ഒന്നും ചെലവഴിച്ചിട്ടില്ല എന്നുറപ്പാണ്. നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ജന്മത്തിന് ഒരു കാരണമായി എന്നേ പറയാന്‍ പറ്റൂ. അതുകൊണ്ടുതന്നെ വെറുതെ കിട്ടിയ നമ്മുടെ ഓരോരുത്തരുടെയും ഈ ജന്മം, ഒരു ചെലവും ഇല്ലാതെ കിട്ടിയതാണ് എന്നുറപ്പ്!
പറയത്തക്ക പ്രയത്‌നങ്ങള്‍ ഒന്നുമില്ലാതെ കിട്ടിയതായതു കൊണ്ട് തന്നെ നമുക്ക് നമ്മുടെ മൂല്യം നിര്‍ണയിക്കാന്‍ സാധിക്കുന്നില്ല; വെറുതെ കിട്ടുന്നതൊന്നും വില മതിക്കാനുള്ള പ്രാപ്തി എന്തുകൊണ്ടോ മനുഷ്യന് തുലോം കുറവാണെന്ന് വേണമെങ്കില്‍ പറയാം... നാം ശ്വസിക്കുന്ന വായു നിലയ്ക്കുന്നത് വരെ, എങ്ങനെയായിരുന്നു ഞാന്‍ ശ്വസിച്ചിരുന്നത് എന്നു പോലും ചിന്തിക്കാനുള്ള സമയമില്ലാതെ ഓടുകയാണ് നമ്മള്‍; വല്ലാത്തരോട്ടം!
ഭൂമിക്ക് ചുറ്റും രണ്ട് തവണ ചുറ്റാന്‍ മാത്രമുള്ള നാഡീവ്യൂഹങ്ങള്‍ ഓരോ മനുഷ്യന്റെയും ശരീരത്തില്‍ നിക്ഷിപ്തമാണത്രേ. എത്ര കഠിനമായ ആഹാരം കഴിച്ചാലും അത് അകത്തേക്ക് ചെന്ന് ശരീരത്തിനും ജീവന്നും ആവശ്യമുള്ളതെടുത്ത് അനാവശ്യമായവ വിസര്‍ജിച്ചു തള്ളാന്‍ പറ്റുന്ന ഒരു വലിയ സംവിധാനം നമ്മുടെ ശരീരത്തിനകത്ത് പ്രവര്‍ത്തിക്കുന്നത് ഓര്‍ത്തിട്ടല്ല നാം ആഹാരം കഴിക്കുന്നത് എന്നുറപ്പാണ്. ഭക്ഷണത്തിന്റെ രുചി മാത്രമേ നമ്മള്‍ ശ്രദ്ധിക്കാറുള്ളൂ. രുചിയില്ലാത്തതൊന്നും നാം കഴിക്കാന്‍ താല്‍പര്യപ്പെടാറില്ല.
എത്ര വിദൂരതയിലേക്ക് നോക്കിയാലും നമ്മെ ചിന്തിപ്പിക്കുന്ന വിധം കാഴ്ചകള്‍ കാണാനുള്ള രണ്ട് കണ്ണുകള്‍ കൃത്യമായി നമ്മുടെ മുഖത്ത് സംവിധാനിക്കപ്പെട്ടിട്ടുണ്ട് എന്ന് കൃതജ്ഞതയോടെ ഓര്‍ക്കാന്‍ സാധിക്കാതെ വരുമ്പോഴൊക്കെ, അനാവശ്യമായ കാഴ്ചകള്‍ കാണാന്‍ നാം പ്രേരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
വായിലേക്ക് രുചിയുള്ള ആഹാരം വേണമെന്നതു പോലെത്തന്നെ കണ്ണിനും കാതിനും നല്ല അന്നം കൊടുക്കണമെന്ന ചിന്തയിലേക്ക് നമ്മെ നയിക്കുക, അമൂല്യമായ ഒരു സൃഷ്ടിയാണ് ഞാനെന്ന ബോധം വീണ്ടെടുക്കാന്‍ സാധിക്കുമ്പോള്‍ മാത്രമായിരിക്കും.
എന്തിനു വേണ്ടിയാണ് നാം പണവും അറിവും അധികാരവും മറ്റും നേടിയെടുക്കുന്നത് എന്ന ചിന്തക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ നമുക്കാവുന്നില്ലല്ലോ.
ഏത് വിധേനയും സമ്പാദിക്കുക, ഏത് തരത്തിലും തൃപ്തി കണ്ടെത്തുക, ഏത് നിലക്കും എന്റെ സന്തോഷവും എന്റെ ആനന്ദവും ഉറപ്പുവരുത്തുക! ഇതൊക്കെയല്ലേ നമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
സച്ചിദാനന്ദന്റെ കവിതയില്‍ മനുഷ്യവംശത്തെപ്പറ്റിയുള്ള നിരീക്ഷണം പല സന്ദര്‍ഭങ്ങളിലും ഉദ്ധരിക്കപ്പെടാറുണ്ട്:
''ആറാം ദിവസമാണ് ദൈവത്തിന് കൈയബദ്ധം പിണഞ്ഞത്. വിനയമില്ലാതെ പ്രാര്‍ഥിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗത്തെ സൃഷ്ടിച്ച ദിവസം.''
വിവേക, വിവേചന സ്വാതന്ത്ര്യ അധികാരം മനുഷ്യനില്‍ നിക്ഷിപ്തമായതുകൊണ്ട് തന്നെ ഓരോ കാഴ്ചയിലും ചിന്തയിലും ചലനങ്ങളിലും സൂക്ഷ്മമായ ബോധവും ശ്രദ്ധയും അനിവാര്യമാണ് എന്നത് യാഥാര്‍ഥ്യമായിരിക്കെ, യാന്ത്രികമായ ജീവിതം നയിക്കുകയാണല്ലോ നാം ചെയ്തുകൊണ്ടിരിക്കുന്നത്.
കളങ്കമേല്‍ക്കാത്ത വളരെ പവിത്രമായ ഒരു ജന്മത്തിനുടമയായ നമ്മള്‍ സമൂഹത്തില്‍ നിന്ന് മാറി, അടച്ചിട്ട ഒരു മുറിയില്‍ ഒറ്റക്കിരിക്കുമ്പോള്‍, ആരും കാണുന്നില്ല എന്ന ബോധ്യത്തില്‍ ചിന്തകളെയും കര്‍മങ്ങളെയും ഏതു വിധേനയും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍, തന്റെ തനതായ പ്രകൃതത്തിന് ചേരാത്ത വിധം കളങ്കപ്പെടുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍, അതിനെ മറികടക്കാന്‍ നാം പ്രാപ്തരാവുന്നിടത്താണ് 'മനുഷ്യന്‍' എന്ന ജീവിയുടെ മൂല്യം നിര്‍ണയിക്കപ്പെടുക. തനിക്ക് തന്നോട് തന്നെ മതിപ്പുണ്ടാവുന്ന ഒരു ഉദാത്തമായ അവസ്ഥയാണത്. തനിക്ക് തന്നില്‍ തന്നെ ആധിപത്യം പുലര്‍ത്താനാവുക എന്ന ഏറ്റവും ഉത്കൃഷ്ടമായ ഭാവമാണത്.
കണ്ണാടിയില്‍ നോക്കിയാല്‍ തനിക്ക് തന്നോട് തന്നെ സ്‌നേഹം തോന്നി ഒരുമ്മവെക്കാന്‍ തോന്നുന്നുണ്ടെങ്കില്‍, അഥവാ സാധിക്കുന്നുണ്ടെങ്കില്‍ സാമാന്യം നല്ല ഒരു ജീവിതം നമ്മള്‍ നയിക്കുന്നു എന്ന് കരുതി സമാധാനത്തിലിരിക്കാനാവും.
ഭൗതികമായി നമ്മള്‍ നേടിയെടുക്കുന്ന, സ്വന്തമാക്കുന്ന വിഭവങ്ങള്‍, സ്ഥാനമാനങ്ങള്‍, അധികാരങ്ങള്‍, സമ്പത്ത് മുതലായവയെല്ലാം താല്‍ക്കാലികമായി നമ്മെ ആനന്ദിപ്പിക്കുമെങ്കിലും, അവനവനോടുള്ള മതിപ്പിന് നാം അര്‍ഹത നേടുന്നിടത്താണ് സമാധാനമുള്ള അന്തരീക്ഷമൊരുക്കാന്‍ സാധിക്കുക.
ഒരു വിളക്ക് ഏതൊരു കൂരിരുട്ടിനെയും മായ്ച്ചു കളയുന്നതുപോലെ, ഏതൊരു പ്രതിസന്ധിയെയും മറികടക്കാന്‍ ഉതകും വിധം നാം സ്വയം വെളിച്ചമാകുന്നുണ്ടോ? നമ്മുടെ ചുറ്റിലേക്കും നാം പ്രകാശം പരത്തുന്നുണ്ടോ?
അതിന് പ്രകാശത്തിലേക്ക് മാത്രം നോക്കിയാല്‍ മതിയാവില്ല, വിളക്കിലൊഴിച്ച എണ്ണ തീര്‍ന്നു പോകാതെ നോക്കണം. എണ്ണയില്‍ മുക്കിവെച്ച തിരി കത്തിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് തിരിയുടെ കരിഞ്ഞ ഭാഗം വൃത്തിയാക്കണം.
മുഴുവന്‍ കത്തിത്തീരുന്നതിന് മുമ്പ് മറ്റൊരു തിരി നാം കരുതിവെക്കണം. കാറ്റും കോളും വരുമ്പോഴും വിളക്ക് കെട്ടുപോകാതെ സൂക്ഷിക്കണം. വെളിച്ചംകൊണ്ട് ഇരുട്ടിനെ മായ്ക്കുക എന്ന പ്രക്രിയക്ക് പിന്നിലുള്ള പ്രയത്നം വളരെ വലുതാണ്. ഈ പ്രക്രിയ ശരിയായ വിധം നമ്മില്‍ നടക്കുന്നുണ്ടെങ്കില്‍, ഒരു മനുഷ്യനെന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട ഒരു ജീവിതം നമ്മള്‍ നയിക്കുന്നു എന്ന് പറയാം.
പക്ഷേ, അത് മറ്റെന്തിനെക്കാളും കഠിനമായ പ്രയത്‌നമാണെന്നതാണ് സത്യം!
രണ്ട് ഭാവങ്ങള്‍ മനുഷ്യരില്‍ അന്തര്‍ലീനമായി കിടക്കുന്നു. ഒരു ഭാഗത്ത് ദേഷ്യം, അസൂയ, കുശുമ്പ്, പക, വിദ്വേഷം, അത്യാഗ്രഹം തുടങ്ങി മനുഷ്യന്റെ യഥാര്‍ഥ പ്രകൃതത്തെ വികൃതമാക്കുന്ന അവസ്ഥകള്‍ ഉണ്ടായിരിക്കെത്തന്നെ മറുഭാഗത്ത് സ്നേഹം, കരുണ, ദയ, അനുകമ്പ, ശാന്തി, തുടങ്ങിയ ആര്‍ദ്രമായ ഭാവങ്ങളും നമ്മില്‍ നിക്ഷിപ്തമാണ്. നാം കഴിക്കുന്ന ആഹാരം, നമ്മുടെ കാഴ്ചകള്‍, കേള്‍വി, നാം നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍, ചുറ്റുപാടുകള്‍ ഇവയെയെല്ലാം ആശ്രയിച്ചിരിക്കും, മുകളില്‍ പറഞ്ഞ ഏത് ഭാവമാണ് നമ്മില്‍ വന്നുചേരുക എന്നത്.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞ, അര്‍ധരാത്രിയില്‍ കെട്ടിപ്പിടിച്ച് കരയാന്‍ എന്നെ വിളിച്ചുവരുത്തിയ മനുഷ്യന് വേണ്ടത് എന്താണെന്ന് നാമറിഞ്ഞല്ലോ.
എല്ലാ ജീവജാലങ്ങള്‍ക്കും ഇത്രയേ വേണ്ടൂ. ഒരു പ്രതിസന്ധിയില്‍ ചേര്‍ന്നുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ്. കടന്നുപോയ ജീവിതത്തിലെ ഇരുണ്ട ദിനരാത്രങ്ങള്‍ ഇടക്കിടെ അയാളുടെ മനസ്സിലേക്ക് കയറിവരും. കുറ്റബോധവും മാനസിക സമ്മര്‍ദവും സഹിക്കവയ്യാതെ വരുമ്പോള്‍ വീണ്ടും മദ്യപാനത്തിലേക്കും മോശമായ വഴികളിലേക്കും വഴുതിപ്പോകാന്‍ ഇടവരുന്ന മാനസികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരെയോ ഒരാളെ തിരയുന്നുണ്ടാവണം എല്ലാ കുറ്റവാളികളും!
ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ കൂടി, സാമൂഹികവിരുദ്ധരെന്ന അവസ്ഥയിലേക്ക് അവര്‍ വഴുതിവീഴാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം മനുഷ്യരെ കരകയറ്റാന്‍ സാമൂഹിക ജീവി എന്ന നിലക്ക് ഒരു വിരലെങ്കിലും നീട്ടാന്‍ നാം പ്രാപ്തരാവുമ്പോഴാണ് നമ്മുടെ പ്രാണനെ നാം പ്രണയിച്ചു തുടങ്ങി എന്ന് സ്വയം സമാധാനപ്പെടാന്‍ സാധിക്കൂ.
സാമ്പ്രദായികമായി നാം ശീലിച്ചുവന്ന രീതികള്‍ കാലോചിതമായി പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.
ഉദാഹരണത്തിന്, നാം ശീലമായി സ്വീകരിച്ച നമ്മുടെ ആരാധനാ കര്‍മങ്ങള്‍ മാത്രം എടുത്താല്‍തന്നെ മനസ്സിലാകും.
എന്തിനു വേണ്ടിയാണ് നാം പ്രാര്‍ഥിക്കുന്നത്? എന്തറിഞ്ഞാണ് നമ്മള്‍ പ്രാര്‍ഥിക്കാറുള്ളത്? പ്രാണന്‍, ആത്മാവ്, റൂഹ്, ജീവന്‍ എന്നൊക്കെ പേരിട്ട് വിളിക്കുന്ന ഒന്നിന്റെ പ്രേരണയാലാണോ നാം പ്രാര്‍ഥനയില്‍ മുഴുകാറുള്ളത്? അതോ മറ്റെന്തൊക്കെയോ നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ പ്രാര്‍ഥനയുടെ പൊരുള്‍ നാം മറന്നുപോകുന്നുണ്ടോ..? എന്തിനു വേണ്ടിയാണ് നാം സമ്പാദിക്കുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ നമുക്കാവുന്നില്ലല്ലോ.
ഏതു വിധേനയും സമ്പാദിക്കുക, ഏതു തരത്തിലും തൃപ്തി കണ്ടെത്തുക, ഏതു നിലക്കും എന്റെ സന്തോഷവും എന്റെ ആനന്ദവും ഉറപ്പുവരുത്തുക- ഇതൊക്കെയല്ലേ നമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
നാം ശ്വസിക്കുന്ന വായു, ചുറ്റുമുള്ള ജീവജാലങ്ങള്‍ കൂടി ശ്വസിച്ചു വിടുന്നതിന്റെ കൂടി അംശങ്ങളാണ് എന്ന് നാം ചിന്തിക്കാറില്ല.
ജാതിയും മതവും വേര്‍തിരിച്ചല്ല നമ്മളിവിടെ വായു ശ്വസിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന ബോധ്യത്തില്‍ നിന്ന്, ചുറ്റുപാടുള്ള ജീവികള്‍ക്ക് വേണ്ടി കൂടിയുള്ളതാണ് എന്റെ ജീവിതം എന്ന് മനസ്സിലാക്കി സഹജീവികള്‍ക്ക് കൂടി പങ്കുവെക്കാനുള്ള ശ്രമങ്ങളും അതിനുള്ള സാഹചര്യവും നാം തന്നെ ഒരുക്കേണ്ടതുമുണ്ട്.
വീട്ടില്‍ നല്ല ഭക്ഷണം ഒരുക്കിയാല്‍ നമ്മുടെ കുട്ടികളുടെ കൈയില്‍ തൊട്ടടുത്തുള്ള വീട്ടിലേക്ക് അതില്‍ നിന്ന് ഒരു പങ്ക് കൊടുത്തയക്കുന്നതിലൂടെ മക്കള്‍ പഠിക്കുന്ന ഒരു പാഠമുണ്ട്; വലിയ ഒരു പാഠം. ഒരു യൂനിവേഴ്സിറ്റിയിലും പഠിക്കാത്ത പാഠം!
പകുത്തു മാറ്റലല്ല പങ്കുവെക്കലാണ് ജീവിതം എന്ന് ഒരു വിദ്യാലയത്തിലും പഠിപ്പിക്കാതെ, പഠിക്കാന്‍ നമ്മുടെ മക്കള്‍ക്ക് സാധിക്കും എന്ന് തീര്‍ച്ച. നമ്മുടെ പാഠ്യപദ്ധതികളെല്ലാം പഠിപ്പിക്കലാണ്, അനുഭവിപ്പിക്കലല്ല.
അധ്യാപകര്‍ മാതൃകാ ജീവിതം നയിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കു വെക്കാനും, കൃത്യമായ അവബോധമുണ്ടാക്കാനും സാധിക്കുന്നുണ്ട്. പക്ഷേ, വളരെ കുറച്ച് അധ്യാപകര്‍ മാത്രമേ അങ്ങനെയുള്ളൂ.
വിരഹവും പ്രണയവും കാത്തിരിപ്പും പരിഭവങ്ങളുമൊക്കെച്ചേര്‍ന്ന് വര്‍ണശബളമായിത്തീര്‍ന്നിട്ടുണ്ടായിരുന്ന നമ്മുടെ ആന്തരിക വൈകാരിക പ്രപഞ്ചത്തിന് നിറം മങ്ങിത്തുടങ്ങുന്നുണ്ടോ എന്നത്, എന്തിനോ വേണ്ടിയുള്ള തിരക്കുകള്‍ക്കിടയില്‍ നാം ശ്രദ്ധിക്കാതെ പോവുന്നുണ്ട്. പങ്കു വെക്കലിന്റെയും ചേര്‍ത്തു നിര്‍ത്തലിന്റെയും ജീവിത പാഠങ്ങള്‍ വലിയൊരളവില്‍ സാധ്യമാക്കിയിരുന്നത് മാനസികമായ ആരോഗ്യം കൂടിയായിരുന്നു.
പഠിപ്പിക്കുന്നവരും പഠിക്കുന്നവരും, നേതാക്കളും അണികളും, ഉടമസ്ഥനും പണിയെടുക്കുന്നവരും .... ഇവരില്‍ നമ്മെ നന്മ അനുഭവിപ്പിക്കുന്നവര്‍ എത്രയുണ്ടെന്ന്, വിദ്യാലയങ്ങളിലും സംഘടനകളിലും തൊഴില്‍ ശാലകളിലും പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം നിരാശയുണ്ടാക്കുന്നതായിരിക്കും.
നമ്മുടെ മുന്നില്‍ നല്ലത് അനുഭവിപ്പിക്കുന്ന നേതാക്കളുടെ മാതൃകകള്‍ ഉണ്ടാവേണ്ടതുണ്ട്. വാക്ചാതുര്യം കൊണ്ടോ അക്ഷരങ്ങള്‍ കൊണ്ടോ അല്ല; ജീവിതം അനുഭവിപ്പിക്കുന്നതിലൂടെയാണ് മാതൃകയാകേണ്ടത്.
ഏറ്റവും ചുരുങ്ങിയത് നമ്മുടെ ചുറ്റുമുള്ള പത്ത് വീടുകളിലേക്കെങ്കിലും ഞാന്‍ വേണ്ടപ്പെട്ട ഒരാളാണോ എന്ന് നാം ഓരോരുത്തരും വിചാരണ ചെയ്യേണ്ടതുണ്ട്. കര്‍മങ്ങള്‍ കൊണ്ട് തന്റെ അയല്‍പക്കത്തുള്ളവര്‍ക്ക് വേണ്ടപ്പെട്ട ഒരാളാണോ താന്‍? അത് തിരിച്ചറിയുന്ന ദിവസമായിരിക്കും ആ മനുഷ്യന് - ഏത് ജാതിയിലോ പാര്‍ട്ടിയിലോ ഉള്ളവരായിക്കൊള്ളട്ടെ, ഉറപ്പുള്ള ഒരു മനുഷ്യനാവാന്‍ സാധിക്കുക.
അധികാരവും സമ്പത്തും പ്രശസ്തിയുമാണ് നിലനില്‍പ്പിനാധാരം എന്നാണ് നാം വിലയിരുത്തിപ്പോന്നത്. ഏത് നിമിഷവും കൊഴിഞ്ഞുപോകുന്നതാണിതെല്ലാം. കൊഴിഞ്ഞുപോകാതെ നിലനില്‍ക്കുന്നതായി ഒന്നേയുള്ളൂ; നമ്മുടെ ആത്മബോധം.
വെളിച്ചമുള്ള ആത്മബോധം. ആ ബോധം വീണ്ടെടുക്കാനുള്ള വഴികളിലാവട്ടെ നമ്മുടെ ചിന്തകളും കര്‍മങ്ങളും.
ഖാബീലും ഹാബീലും കലഹിച്ചാണ് മനുഷ്യ ജീവിതം ആരംഭിക്കുന്നത്. തുടക്കത്തില്‍ തന്നെ കലഹമുണ്ട്; എല്ലാ കാലത്തുമുണ്ട്. ഇത്തരത്തിലുള്ള കലഹങ്ങള്‍, വ്യാകുലതകള്‍, അഭ്യൂഹങ്ങള്‍... അന്ധകാരങ്ങളിലൂടെയുള്ള ഈ യാത്ര അനന്തമായി നീളുകയാണ്. നമ്മുടെ മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന മുന്നോട്ടുള്ള കാലത്തിലും ഇതില്‍നിന്നുള്ള മാറി സഞ്ചാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
പക്ഷേ, നാം ഓരോരുത്തര്‍ക്കും ചിലത് ചെയ്യാനുണ്ടാവണം. നാം സ്വയം നവീകരിക്കപ്പെടേണ്ടത് നമ്മില്‍ മാത്രം നിക്ഷിപ്തമായ പ്രക്രിയയായതുകൊണ്ട് നാം തന്നെ മുന്‍കൈയെടുത്ത് നമ്മെ പാകപ്പെടുത്തിയെടുക്കണം. പുതിയ കാലത്തെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. അതോര്‍ത്ത് പരിതപിക്കുകയല്ല വേണ്ടത്. കൂടുതല്‍ കൂടുതല്‍ കാലത്തിന്റെ വിഗതികളെ അറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം.
പ്രശസ്തമായ ഒരു കോളേജിലെ വിദ്യാര്‍ഥികളോടൊപ്പം ഒരു പകല്‍ മുഴുവന്‍ ചെലവഴിക്കാന്‍ അവസരമുണ്ടായി. ആ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നവരില്‍ 18 പേര്‍ വിവാഹമോചിതരാണ്. ആദ്യം വലിയ അത്ഭുതത്തോടെ കേട്ടിരുന്നെങ്കിലും ചില യാഥാര്‍ഥ്യങ്ങളിലേക്കാണ് പിന്നീടത് കൊണ്ടുപോയത്. എന്തിനാണ് സാര്‍ ഞങ്ങള്‍ അടിമകളായി നില്‍ക്കുന്നത്? ഞങ്ങളെ കൂടി റസ്പെക്ട് ചെയ്യുന്ന ബന്ധങ്ങളല്ലെങ്കില്‍ വിവാഹമോചനത്തെ വലിയ കാര്യമായി ഞങ്ങള്‍ കാണുന്നില്ല. നരകിച്ച്, തീ തിന്നു ജീവിക്കാനുള്ളതല്ല ജീവിതം എന്ന് ചങ്കുറപ്പോടെ പറയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ പ്രാപ്തരായിരിക്കുന്നു എന്നത് അനുസരണക്കേടായി കാണരുത്. എല്ലാം സഹിച്ച് ജീവിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. പരസ്പരാശ്രിതരാണ് എന്ന ബോധത്തില്‍ ജീവിക്കാനാണവര്‍ക്ക് താല്‍പര്യം. പരസ്പരം സൗഹൃദപരമായ, ആദരവുള്ള ഇണകളായി ജീവിക്കുക എന്ന് മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് പെണ്‍കുട്ടികള്‍. പുരുഷന്റെ മേലധികാരം വിലപ്പോകാത്തിടത്ത് അവന്‍ അക്രമിയാകുന്നു.
എന്നാല്‍, പ്രണയം നടിച്ചു വരുന്നവരുടെ കെണിയില്‍പ്പെടുന്ന കുട്ടികളെ പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്: വീട്ടില്‍ സ്‌നേഹമനുഭവിക്കാതെ വളരുന്ന കുട്ടികളാണ് പലപ്പോഴും ഈ കെണിയില്‍ അകപ്പെടുന്നത്. ഒരിക്കല്‍ കാസര്‍കോട് നിന്ന് ഒരു പെണ്‍കുട്ടി ഒരു പയ്യനോടൊപ്പം വീട്ടില്‍ നിന്നറങ്ങി. പോലീസ് വന്നു, വീട്ടിലും നാട്ടിലും വലിയ പുകിലായി.
ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതിങ്ങനെയായിരുന്നു: ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, പണവും പ്രതാപവും തറവാടും നോക്കി നിശ്ചയിച്ച വിവാഹത്തിന് രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ അവള്‍ തയാറായിരുന്നില്ല. കുട്ടികളെ നമ്മള്‍ സ്‌നേഹിക്കുമ്പോഴും, അവര്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ട് എന്ന കാര്യം മറക്കരുത്.
ദിക്കുകള്‍ തമ്മില്‍ ഒട്ടും ദൂരമില്ലാത്ത കാലത്ത് ഒരു ക്ലാസ്സ് മുറിക്കുള്ളിലിരുന്നുള്ള വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചന നടക്കേണ്ടതുണ്ട്. മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ അറിവുള്ളവരായി മാറുന്ന കാഴ്ചയാണല്ലോ നമുക്ക് മുന്നില്‍. നാം ഉപയോഗിക്കുന്ന ഫോണ്‍, വലിയ തകരാറ് സംഭവിച്ചാല്‍ പോലും ശരിയാക്കിക്കിട്ടാന്‍ നമ്മള്‍ കുട്ടികളെയാണ് ഏല്‍പ്പിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ അവരെ കൂടുതല്‍ തുറസ്സായ ഇടങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇതിനെയും സന്തുലിതാവസ്ഥയോടെ അഭിമുഖീകരിക്കാന്‍ പറ്റുന്ന പാഠ്യരീതിയിലേക്കാണ് പോവേണ്ടത്.
രാത്രി വളരെ വൈകി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന, പ്ലസ് ടുവിനു പഠിക്കുന്ന മോളെ ഒന്ന് കണ്ണുരുട്ടി നോക്കിയത് ഓര്‍ക്കുകയാണ്.
രാവിലെ സ്‌കൂളിലേക്ക് പോവാന്‍ ഒരുങ്ങിവന്ന അവള്‍ എന്റെ മുന്നില്‍ വന്നുനിന്നു. 'ഉപ്പാ.. ഉപ്പ ഇന്നലെ രാത്രി എന്നെ തുറിച്ചു നോക്കിയത് എനിക്ക് വലിയ സങ്കടമായി. ഇന്ന് സ്‌കൂളില്‍ പ്രസന്റ് ചെയ്യേണ്ട ഒരു വിഷയവുമായി ബന്ധപ്പെട്ട് സെര്‍ച്ച് ചെയ്യുന്നതിനിടയിലാണ് ഉപ്പ എന്നെ അങ്ങനെ നോക്കിയത്. ഉപ്പ എന്തിനാണ് എന്നെ ഭയപ്പെടുന്നത്?'
മോളുടെ വാക്കുകള്‍ക്ക് മുന്നില്‍ അല്‍പ നേരം നിശ്ശബ്ദനായി നിന്ന ശേഷം, അവളെ ചേര്‍ത്തുപിടിച്ച് ക്ഷമ പറഞ്ഞാണ് സ്‌കൂളിലേക്ക് യാത്രയാക്കിയത്!
മക്കളെ സമീപിക്കുന്ന രീതിയില്‍ വല്ല പോരായ്മകളും നമ്മില്‍നിന്ന് വന്നിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ അവരെ ഒന്ന് ചേര്‍ത്തുപിടിച്ച് പൊറുക്കണം എന്ന് പറയാനുള്ള നമ്മുടെ ശ്രമം, കൂടുതല്‍ മെച്ചപ്പെട്ട കുടുംബാന്തരീക്ഷത്തിലേക്ക് നമ്മെ നയിക്കാന്‍ സഹായിക്കും എന്ന ബോധ്യം കൂടി ആയിരുന്നു ഈ അനുഭവം.
അവളിന്ന് അഹമ്മദാബാദില്‍ ആര്‍കിടെക്ട് ആയി ജോലി നോക്കുന്നതില്‍, രക്ഷിതാവ് എന്ന നിലക്ക് അഭിമാനത്തോടെ നാഥന് സ്തുതിയര്‍പ്പിക്കുന്നു.
ഒരിക്കല്‍ ഒരു കുട്ടിയോട് ചോദിച്ചു: 'എന്താണ് മോനേ ജീവിതം?'
അല്‍പനേരം ആശങ്കയോടെ നിന്ന ശേഷം അവന്‍ പറഞ്ഞു: 'അത് കാലാവസ്ഥ പോലെയല്ലേ? മാറിമറിഞ്ഞുകൊണ്ടിരിക്കും.' കൗതുകത്തോടെയാണ് അവന്റെ മുന്നില്‍ നിന്നത്!
Comments