ആ വേരുകള് വിസ്മരിക്കപ്പെടരുത്
പ്രാസ്ഥാനിക പരിപാടികളില്, കേരളത്തിലായാലും ഇന്ത്യയിലായാലും കടലിനക്കരെ ഗള്ഫ് രാജ്യങ്ങളിലായാലും സകലരും കണ്ണും കാതും തിരിച്ചു വെക്കുന്നത് വേദിയിലേക്കാവും ... നഷ്ടത്തിന്റെയും കഷ്ടത്തിന്റെയും പടവുകള് കയറി ഇന്ന് കാണുന്ന ഉയര്ച്ചയിലെത്തിച്ച നേതാക്കളെ കാണുമ്പോള് വല്ലാത്തൊരു പെടപെടപ്പാണ്.... കണ്കുളിര്മയാണ്... മുന്നേ നടന്ന് മണ്മറഞ്ഞവരുടെ ചെയ്തികള് കണ്ണും ഖല്ബും നിറയ്ക്കും...
പ്രായവും അസുഖവും വകവെക്കാതെ പ്രസംഗിക്കുന്നത് കേള്ക്കുമ്പോള് അറിയാതെ നമ്മില് നിന്ന് പ്രാര്ഥനകള് ഉയരും: നാഥാ, ഉലമാക്കള്ക്കും നേതാക്കള്ക്കും കാവലാവണേ... ആരോഗ്യവും ആഫിയത്തും നല്കണേ...
എന്നാല്, ആരാലും അത്ര ശ്രദ്ധ കിട്ടാത്ത കുറേ കൂട്ടങ്ങള് ഉണ്ട് ... വിശ്രമമില്ലാതെ ഓടി പന്തലുയര്ത്തിയവര് ....
കസേര മുതല് ഭക്ഷണം വരെ ഒരുക്കിയവര്, വിളിച്ചു വരുത്തിയവര്ക്ക് കുടിവെള്ളവും ചായയുമെത്തിച്ച് കൃതാര്ഥരായവര് ... സാമ്പത്തികാഭിവൃദ്ധി ഇല്ലാഞ്ഞിട്ട് കൂടി നല്ലൊരു പങ്ക് പ്രസ്ഥാനത്തിനായി മാറ്റിവെക്കുന്നവര്... മക്കള്ക്ക് ചെലവാക്കുന്നതിലേറെ പണം ചെലവഴിച്ചു പ്രസ്ഥാനത്തെ പോറ്റി വളര്ത്തിയവര്... ഇവരൊന്നും ഒരുവിധ പ്രശംസയോ ഭൗതിക നേട്ടങ്ങളോ ആഗ്രഹിക്കുന്നില്ല. ഇവരുടെ സേവനങ്ങളൊന്നും ആരും അറിയുന്നുപോലുമില്ല ...ഈ കരങ്ങളില് കൂടി ഇസ്ലാമിക പ്രവര്ത്തനങ്ങള് ഉയരങ്ങളിലെത്തുന്നുണ്ട് എന്ന് കണക്കിലെടുത്ത് അവരുടെ കൂടി ശബ്ദം കേള്പ്പിക്കാന് ശ്രമിക്കണം. ഉദ്ബോധനങ്ങളെക്കാള് ഒരു വേള ചിലരുടെ നിശ്ശബ്ദ പ്രവര്ത്തനങ്ങളാവും നമ്മുടെ ഉള്ളകം പിടിച്ചുലക്കുക. ചില നിശ്ശബ്ദതകള് വല്ലാതെ ചിന്തിപ്പിക്കും.
പരിപാടികള് തുടങ്ങി അവസാനിക്കുന്നതു വരെ ഒന്നിരിക്കാതെ ഒരേ നില്പിലോ ഓടിനടന്നോ തങ്ങളേറ്റെടുത്ത ചുമതല അതിന്റെ പൂര്ണതയില് നിര്വഹിക്കുന്നവര്.
ഏതൊരു പരിപാടിയിലും പുലര്വേളകളിലാവട്ടെ, പാതിരാവിലാവട്ടെ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് താങ്ങായി കരുത്തുറ്റ കരങ്ങള്, അവരുടെ പ്രിയപ്പെട്ട ഇണകള് ...നാടുണരും മുമ്പേ ഉണര്ന്ന് പ്രിയതമരെ യാത്രയാക്കുന്നവര് ..കനം തൂങ്ങിയ കണ്ണുകളുമായി കാത്തിരിക്കുന്നവര് ...പ്രിയപ്പെട്ടവര് പ്രസ്ഥാനത്തിനായി ഓടിത്തളരുമ്പോള്, അവരുടെ അഭാവത്തില് കുട്ടികള്ക്കും കുടുംബത്തിനും വേണ്ടി കിതയ്ക്കുന്ന കുടുംബിനികള് ... എത്രയെത്ര നിശ്ശബ്ദ പ്രവര്ത്തകര്.
കുട്ടിയായ സമയത്ത് ഉപ്പാന്റെ കൂടെ വീട്ടില് മുന്കൂട്ടി പറഞ്ഞും പറയാതെയും ധാരാളം പേര് ഭക്ഷണത്തിന് വരുമായിരുന്നു... ഭക്ഷണം കഴിഞ്ഞാല് അവര് ഉമ്മാനെ വിളിക്കും, പ്രത്യേകം സന്തോഷം അറിയിക്കും. ആത്മാര്ഥമായി പ്രാര്ഥിക്കും...
അതുകണ്ട് വളര്ന്നതിനാല്, കഷ്ടപ്പെട്ട് ഊട്ടിയിട്ട് ഒന്നും പ്രതികരിക്കാത്തവരെ കാണുമ്പോള് നെഞ്ചകം പുകയാറുണ്ട്...
ഒരു ഗ്ലാസ് വെള്ളത്തിന് പോലും സ്നേഹവും പ്രാര്ഥനയും ഉള്ളവര് ഇപ്പോഴുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല ...
നന്ദിക്ക് വേണ്ടിയല്ല നമ്മള് അതിഥികള്ക്ക് ഭക്ഷണം കൊടുക്കുന്നതെങ്കിലും ഇസ്ലാമിക പ്രവര്ത്തകര് അടുക്കള മുതല് അങ്ങാടികളില് വരെയുള്ള ഓരോ പ്രയത്നത്തെയും നെഞ്ചിലേറ്റണം... അവര്ക്കു വേണ്ടി കൈകള് മേല്പോട്ടുയരണം ...അവരുടെ പ്രയാസങ്ങള്ക്ക് പരിഹാരമാവണം... ഇഹലോകം വെടിയുന്നവരെ ഓര്ക്കുന്ന കൂട്ടത്തില് ഒച്ചപ്പാടില്ലാതെ ഓടിത്തളര്ന്നു പോയവരെ കൂടി ഓര്ക്കണം.
വന്മരത്തിന്റെ സൗന്ദര്യം നിലനില്ക്കുന്നത് ആഴത്തില് ഇറങ്ങിയ അതിന്റെ വേരുകള് ഉള്ളതു കൊണ്ടാണ്... ഇന്ന് കാണുന്ന പ്രസ്ഥാനത്തിന്റെ മനോഹാരിത, ആഴത്തില് വേരുകളാഴ്ത്തി നില്ക്കുന്നവരുടെ നിസ്വാര്ഥ പ്രവര്ത്തനങ്ങളുടെ കൂടി സൗന്ദര്യമാണ്... ആ വേരുകള് പുറമേക്ക് കാണുന്നില്ലെങ്കിലും ഒരിക്കലും വിസ്മൃതമായിക്കൂടാ.
മലേഷ്യയില് അരുതാത്തത് സംഭവിക്കുമോ?
അബ്ദുല് മാലിക്, മുടിക്കല്
മലേഷ്യയില് അന്വര് ഇബ്റാഹീം തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി പദവിയിലെത്തിയിരിക്കുകയാണ്. ഇസ്ലാമിക കാഴ്ചപ്പാടുള്ള അദ്ദേഹത്തെ എതിരാളികള് കേസില് കുടുക്കിയത് വലിയ സംഭവമായിരുന്നു. ജയില്വാസം അദ്ദേഹത്തെ കൂടുതല് കരുത്തനാക്കുകയാണ് ചെയ്തത്. അധികാരത്തിലേക്ക് തിരിച്ചെത്തുന്ന അദ്ദേഹത്തെ എതിരാളികള് വലയം ചെയ്യാനുള്ള സാധ്യതകള് ഏറെയാണ്. അത് അവിടെ തന്നെയുള്ള പാര്ട്ടികളോ മറ്റു രാജ്യക്കാരോ ആകാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്ഥിക്കാം.
പ്രഛന്ന ഫാഷിസത്തിന്റെ പകര്ന്നാട്ടങ്ങള്
ഇസ്മാഈല് പതിയാരക്കര
സാമൂഹിക മാധ്യമങ്ങളുടെ ആനുകൂല്യം പറ്റി വളര്ന്നുവന്ന അനവധി ആള്ക്കൂട്ട പ്രസ്ഥാനങ്ങളില് ഒന്നാണ് 'സ്വതന്ത്ര ചിന്താ ലോകം.' തുടക്കത്തില് യുക്തിവാദ പ്ലാറ്റ്ഫോമില് നിന്ന് മത വിമര്ശനം തുടങ്ങിയ ഇക്കൂട്ടരുടെ പൂച്ച് പുറത്തു ചാടാന് അധിക സമയം വേണ്ടിവന്നില്ല. ഗോഡ്സെയെ നേര്പ്പിച്ചെടുക്കലും, സഹോദരന് അയ്യപ്പന്റെയും സവര്ക്കറുടെയും ചിന്താ മണ്ഡലത്തിലെ സമാനതകള് പരിശോധിക്കലും, രാഷ്ട്ര പിതാവിനെ ഇകഴ്ത്തിക്കൊണ്ടുള്ള പ്രഭാഷണങ്ങളുമൊക്കെ വന്നുതുടങ്ങിയപ്പോള് തന്നെ ചീഞ്ഞു നാറ്റം അനുഭവപ്പെട്ടിരുന്നു.
കോവൂര്, ഇടമറുക് തുടങ്ങിയ മുന്കാല നാസ്തികന്മാരില്നിന്ന് വ്യത്യസ്തമായി, അറബി പേരുള്ളവരെ മുന്നില്നിര്ത്തി പ്രവാചകരെയും ഇസ്ലാം മതത്തെയും കേട്ടാല് അറപ്പു തോന്നുന്ന തരത്തില് അപഹസിച്ചുകൊണ്ട് പലയിടങ്ങളിലായി പരിപാടികള് സംഘടിപ്പിക്കപ്പെടുകയും, ഇന്റര് നെറ്റ് വഴി അത് വ്യാപകമായി പ്രചരിക്കപ്പെടുകയും, ഇ.എ ജബ്ബാറിനെ പോലുള്ള മുതിര്ന്ന യുക്തിവാദി പ്രഭാഷകന് പോലും, ഇക്കൂട്ടര് സംഘ് പരിവാറിന് മണ്ണൊരുക്കുകയാണെന്നു പരസ്യമായി പറഞ്ഞു വെക്കുകയും ചെയ്തപ്പോഴാണ് എത്ര ആസൂത്രിതമായാണ് ഫാഷിസം തങ്ങള്ക്കുള്ള ഇടം തുരന്നുണ്ടാക്കുന്നത് എന്നു ബോധ്യമായത്.
വഖ്ഫ് ബോര്ഡ് വിവാദവും, കുടുംബ ശ്രീ പ്രതിജ്ഞയും, സ്കൂള് സമയ മാറ്റവുമൊക്കെ മുന്നിര്ത്തി ഭരണ മുന്നണിയുടെ ആശീര്വാദത്തോടെ മുസ്ലിംകള് സര്ക്കാരിനെ സമ്മര്ദത്തിലാക്കുന്നു എന്ന മട്ടിലുള്ള പ്രചാരണവും, വേറൊരു ഭാഗത്ത് ഹദീസുകള് വളച്ചൊടിച്ചുകൊണ്ട് മനുഷ്യന്റെ തലയറുക്കാന് മടിയില്ലാത്ത അതിഭീകരതയുടെ അസ്തിവാരത്തില് പണിത ഗോത്ര മതമാണ് ഇസ്ലാം എന്ന കൃസങ്കികളുടെ പ്രചാരണവുമൊക്കെ ആത്യന്തികമായി ഇസ്ലാമോഫോബിയക്ക് വളം വെച്ചുകൊടുക്കപ്പെടുന്ന പേടിപ്പെടുത്തുന്ന സാമൂഹിക സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നു പറയാതെ വയ്യ.
പൊതു സമൂഹത്തിന്റെ സൈ്വര ജീവിതത്തിനു തടസ്സം മുസ്ലിംകളാണെന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരണങ്ങള് അപരവത്കരണത്തിന്റെ അങ്ങേ തലക്കലാണ് സമുദായത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. പൊതു സമൂഹത്തില് തല ഉയര്ത്തിപ്പിടിച്ചു മാന്യമായ അഭിപ്രായം പറഞ്ഞാല് പോലും ഭീകരവാദ ചാപ്പ ഏറ്റുവാങ്ങേണ്ടി വരുന്ന വിധത്തില് കാര്യങ്ങള് മാറിമറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ലക്ഷങ്ങള് നല്കി ഒരുപാട് ഓണ്ലൈന് ചാനലുകളെ വിഷലിപ്ത പ്രചാരണത്തിന് മാത്രം ഉപയോഗപ്പെടുത്തുന്ന കേരളത്തില്, പത്ര മാധ്യമങ്ങളെ വിലക്കെടുക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നതിന് സമീപ കാല സംഭവ വികാസങ്ങള് സാക്ഷി.
പ്രതിസന്ധികള് നിറഞ്ഞ ഈ ഘട്ടത്തിലും സംഘടനാ സ്വാര്ഥതയുടെ കൂടു പൊളിച്ച് കടക്കാന് മുസ്ലിം സമുദായ നേതൃത്വത്തിന് കഴിയുന്നില്ല. അഭിമാനത്തോടെ മണ്ണില് ചവിട്ടിനിന്നു കൊണ്ട് അഭിപ്രായം തുറന്നുപറയാന് കഴിയുന്ന നല്ല നാളെകള്ക്കായി ഒന്നിച്ചുനില്ക്കുക എന്നത് കാലഘട്ടത്തിന്റെ തേട്ടമാണ്. അണ്ണാ ഹസാരെയെ മുന്നില്നിര്ത്തി അഴിമതി വിരുദ്ധതയുടെ ചിറകിലേറി അധികാരം പിടിച്ചടക്കിയ സംഘ് പരിവാര് നാളെ ഭാരതീയ ജനതാ പാര്ട്ടിയെ ജനത്തിന് മടുത്തു തുടങ്ങുമ്പോള് തങ്ങളുടെ ഇംഗിതങ്ങള് നടപ്പാക്കാന് വളര്ത്തിക്കൊണ്ടു വരുന്നതായിരിക്കുമോ ആം ആദ്മി പാര്ട്ടി എന്ന സന്ദേഹവും ഒപ്പം പങ്കു വെക്കട്ടെ.
കാരുണ്യമില്ലാ പ്രണയം വിനാശം
കെ.സി ജലീല് പുളിക്കല്
'നടുറോഡില് യുവതിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി', 'കൊലപാതകത്തിന് പിന്നില് പ്രണയ നൈരാശ്യമെന്ന് കുറ്റപത്രം.' നിരന്തരം നടന്നുവരുന്ന, പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില് രണ്ടെണ്ണത്തിന്റെ തലവാചകങ്ങളാണിവ.
എന്താണ് പ്രണയത്തിനിങ്ങനെയൊരു ദുരന്ത പര്യവസാനം? ചിന്തിച്ചുകൊണ്ടിരിക്കെയാണ് കരുണാമയനായ ദൈവത്തിന്റെ വചനം ഓര്മവന്നത്: 'അല്ലാഹു നിങ്ങളുടെ വര്ഗത്തില്നിന്ന് തന്നെ നിങ്ങള്ക്ക് ഇണകളെ സൃഷ്ടിച്ചു തന്നു, അവരിലൂടെ ശാന്തിനേടാന്. നിങ്ങള്ക്കിടയില് പ്രണയവും കാരുണ്യവും ഉണ്ടാക്കി. ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതാണ്. സംശയമില്ല, വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്' (ഖുര്ആന് 30:21).
ശത്രുപക്ഷത്ത് ഇനി ചൈന?
എ.എം മുടിക്കല്
'ഭീകരതാവിരുദ്ധ യുദ്ധത്തില് ഇപ്പോള് അമേരിക്കയില്ല'- ഡിസംബര് 16-ലെ മുഖവാക്കിന്റെ തലക്കെട്ട് ഇതായിരുന്നു. അധികമാരും ശ്രദ്ധിക്കാത്ത, മിക്ക രാജ്യങ്ങളും മനസ്സിലാക്കാന് ശ്രമിക്കാത്ത കാര്യങ്ങളാണ് മുഖവാക്കില് പറഞ്ഞിരിക്കുന്നത്.
തങ്ങളുടെ യഥാര്ഥ ശത്രു ഇറാനോ മുസ്ലിം രാജ്യങ്ങളോ അല്ലെന്ന് അമേരിക്ക മനസ്സിലാക്കിയിരിക്കുന്നു. ചൈനയുടെ വമ്പന് വളര്ച്ചയെയാണ് അമേരിക്ക ഇപ്പോള് ഭീഷണിയായി കാണുന്നത്. ഇതു മനസ്സിലാക്കാത്ത പലരും ഇപ്പോഴും ഭീകരതാ വിരുദ്ധ പ്രസംഗങ്ങള് നടത്തുന്നു; ഇസ്ലാമിനെതിരെ, അമേരിക്കയെ കൂട്ടുപിടിച്ച്!
Comments