പൌരസ്ത്യ ശാസ്ത്ര ചരിത്രത്തിലേക്ക് മികച്ച പ്രവേശിക
പാശ്ചാത്യ കേന്ദ്രിതമായ നമ്മുടെ അക്കാദമിക വിസ്താരങ്ങളില്‍, ഇരുണ്ട ഭൂഖണ്ഡങ്ങളെക്കുറിച്ചുള്ള അപ്രസക്ത ബ്രാക്കറ്റുകളായി അവമതിക്കപ്പെട്ടു കിടക്കുകയാണ് മിക്കപ്പോഴും പൌരസ്ത്യ നാഗരികതകളുടെ യഥാര്‍ഥ ചരിത്രം. ലോകമെന്നാല്‍ പടിഞ്ഞാറാണ് എന്നും ലോകത്തിന്റെ ധൈഷണികമായ സമസ്ത പുരോഗതിയും വെളുത്ത തൊലിയുള്ളവന്റെ മഹത്തായ കണ്ടുപിടുത്തങ്ങളിലും വെട്ടിപ്പിടുത്തങ്ങളിലും പടുത്തുയര്‍ത്തപ്പെട്ടതാണെന്നുമുള്ള ആഴമേറിയ മുന്‍വിധി നമ്മുടെ ശരാശരി ബൌദ്ധിക ജീവിതങ്ങളുടെ പരമ്പരാഗത സ്വത്താണ്. അത്തരം പാശ്ചാത്യ ഭക്തിയാല്‍ വിപുലമായി സ്വാധീനിക്കപ്പെടുകയെന്നത് നമ്മുടെ നാട്ടില്‍ ബുദ്ധിജീവിയോ ഗവേഷകനോ എഴുത്തുകാരനോ ഒക്കെ ആയിത്തീരാനുള്ള പ്രാഥമികോപാധികളിലൊന്നാണ്. ഈയൊരു പ്രത്യയശാസ്ത്രപരിസരത്ത് വളരെ കനപ്പെട്ട ധൈഷണിക സംഭാവനയാണ് ഡോ. ആരിഫലി കൊളത്തെക്കാട്ട് എഴുതി ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ അറിയപ്പെടാത്ത പൌരസ്ത്യ ലോകം: മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍ എന്ന പുസ്തകം.
എല്ലാം ഉത്ഭവിക്കുന്നത് ഗ്രീസില്‍ നിന്നോ റോമില്‍ നിന്നോ ആണെന്ന 'ചരിത്ര വസ്തുത' എത്രയേറെ നഗ്നസത്യങ്ങളെ കുഴിച്ചുമൂടിയിട്ടാണ് സ്ഥാപിതമായിരിക്കുന്നതെന്ന അന്വേഷണം പുതിയകാലത്ത് അപ്രതിരോധ്യമാംവിധം ശക്തമായിട്ടുണ്ട്. പടിഞ്ഞാറിന്റെ ധൈഷണികവും നാഗരികവും ശാസ്ത്രീയവുമായ വികാസത്തിന്റെ 'തറവാട്ടുമഹിമ'യെയും അതിന്റെ അധീശത്വപൊങ്ങച്ചങ്ങളെയും കഴുത്തിനു പിടിച്ചു കൈകാര്യം ചെയ്യുന്ന ചരിത്രപഠന ഗ്രന്ഥങ്ങള്‍ ലോക ഭാഷകളില്‍ പലതുണ്ടെങ്കിലും മലയാളത്തില്‍ -ചില ലേഖനങ്ങളല്ലാതെ- ഒരു സമഗ്ര ഗ്രന്ഥം ഒരുപക്ഷേ ഇതുവരെ ഉണ്ടായിരുന്നില്ല. ഈ പുസ്തകം ആ കുറവിനെ സവിസ്തരം നികത്തുന്നു. മുഖ്യധാരാ പുസ്തക വിപണിയില്‍ ലഭ്യമായതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങള്‍ പരിശോധിച്ചും അവലംബിച്ചുമാണ് സാമാന്യം ദീര്‍ഘിച്ച ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്. ജനപ്രിയ ശാസ്ത്രമെഴുത്തിന്റെ അയത്നലളിതതയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ആരിഫ് അലിയുടെ പുസ്തകം ഏറെ അക്കാദമികമാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ മേന്മയും. ഗ്രന്ഥകാരന്റെ പക്വവും വസ്തുനിഷ്ഠവുമായ സമീപനം സ്വതന്ത്ര മനസ്കനായ ഏതു വായനക്കാരനും ഉള്‍കാഴ്ചയും ആഴവും നല്‍കുന്നു. സ്വന്തം ശാസ്ത്രീയ മികവിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ ഊറ്റം കൊള്ളലില്‍ അടങ്ങിയിരിക്കുന്ന വന്‍ ചരിത്ര നിരാസങ്ങളെച്ചൊല്ലി ഗ്രന്ഥകാരന്‍ തീര്‍ച്ചയായും രോഷം കൊള്ളുന്നുണ്ട്. ന്യായവുമാണത്. കേവലമായ വൈകാരികതയിലേക്ക് അതൊരിക്കലും വീണുപോകുന്നില്ല. ചരിത്രരേഖകളുടെയും യുക്തിഭദ്രമായ സമീപനങ്ങളുടെയും ബലത്തില്‍, ഈ പഠനം തികഞ്ഞ ബോധ്യത്തോടെ പെരുമാറുന്നുവെന്നത് എടുത്തുപറയേണ്ട മേന്മ തന്നെയാണ്.
ഏഴ് അധ്യായങ്ങളിലായി പരന്നു കിടക്കുന്ന പുസ്തകത്തില്‍ ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍, ആഫ്രിക്കന്‍ നാഗരികതകളുടെ മഹാ സംഭാവനകളുടെ ഉജ്വലമായ ആലേഖനമുണ്ട്. ദൈവശാസ്ത്ര യുക്തിവാദത്തെക്കുറിച്ചുള്ള അധ്യായത്തില്‍ വെളിപാടും യുക്തിയും തമ്മിലുള്ള പാരസ്പര്യവും ഏറ്റുമുട്ടലും സൃഷ്ടിച്ച ആഴമേറിയ വൈജ്ഞാനിക വൈപുല്യങ്ങളെ പരിചയപ്പെടുത്തുന്നു. ഏകേശ്വരവാദത്തിന്റെ സാംസ്കാരികാര്‍ജവങ്ങളെയും വൈജ്ഞാനികോര്‍ജത്തെയും മതപരിവര്‍ത്തനോന്മുഖ സാഹിത്യത്തിന്റെ വിരസതയില്ലാതെ, ചരിത്രപരമായ വിശദാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. മുഅ്തസിലികളും അശ്അരികളും തമ്മിലുള്ള ദീര്‍ഘസംവാദങ്ങളെ മിതത്വത്തോടെ അവതരിപ്പിക്കുന്ന അദ്ദേഹം ഇമാം അഹ്മദുബ്നു ഹന്‍ബലിനെയും ഇമാം ഗസാലിയെയും വിശകലന വിധേയമാക്കുന്നുണ്ട്. ഗസാലിയുടെ വിശ്വാസദര്‍ശനങ്ങള്‍ക്ക് പടിഞ്ഞാറുണ്ടായിരുന്ന സ്വാധീനം, വിശിഷ്യാ സെന്റ് അഗസ്റിന്‍, റെയ്മണ്ട് മാര്‍ട്ടിനി എന്നിവരുടെ ധൈഷണിക വ്യാപാരങ്ങളുടെ മൌലിക പ്രഭവകേന്ദ്രമന്വേഷിച്ചുകൊണ്ട് പുസ്തകം സമര്‍ഥിക്കുന്നു. മുഅ്തസിലി-അശ്അരി ധൈഷണിക ധ്രുവങ്ങളെ ആഴത്തിലറിഞ്ഞ് ഇരു ചിന്താധാരകളുടെയും സമഞ്ജസം സാധിച്ച ഇബ്നു റുശ്ദ് (അവെറോസ്), അപ്ളൈഡ് സയന്‍സിലെ ആദ്യ പഥികരിലൊരാളായ വിശ്രുത രസതന്ത്രജ്ഞന്‍ ഇബ്നു ഹയ്യാന്‍, മഹാനായ ആല്‍കെമിസ്റ് ജാബിര്‍, സംഗീതത്തിന് ജീവികളുടെ ആത്മാവിലും പെരുമാറ്റത്തിലുമുണ്ടാക്കാന്‍ കഴിയുന്ന മാറ്റത്തെപ്പറ്റി പരീക്ഷണം നടത്തുകയും കിതാബുല്‍ മനാസിര്‍ എന്ന ഗ്രന്ഥത്തിലൂടെ കാഴ്ചയുടെ അടിസ്ഥാന തത്ത്വം വിശദീകരിക്കുകയും ചെയ്ത ഇബ്നു ഹൈഥം, ബ്രഹ്മഗുപ്ത സിദ്ധാന്തത്തിന്റെ സ്വാധീനത്തില്‍ നിന്ന് ആള്‍ജിബ്രയുടെ അടിസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചെത്തിയ അല്‍ഖവാരിസ്മി, 22-ാം വയസ്സിലേ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായി മാറിയ അല്‍ബിറൂനി, 12-ാം നൂറ്റാണ്ടില്‍ ലോകഭൂപടം തയാറാക്കിയ അല്‍ ഇദ്രീസി (കൊളംബസ് ഉപയോഗിച്ചത് ഇദ്രീസിയുടെ ഭൂപടമാണ്), ദൈവശാസ്ത്ര വിജ്ഞാനീയത്തില്‍ തത്ത്വചിന്തയുടെ ഉപയോഗത്തെ നവീനമായി പരിചയപ്പെടുത്തിയ ദാര്‍ശനികന്‍ അല്‍ കിന്ദി, കവിയും ഗണിത ശാസ്ത്ര പണ്ഡിതനുമായിരുന്ന ഉമര്‍ ഖയ്യാം, മധ്യകാലത്തെ ആശുപത്രികളില്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ശസ്ത്രക്രിയാ വൈദഗ്ധ്യം കാണിച്ച അല്‍ സഹ്റാവി, 'വൈദ്യ ചികിത്സകരുടെ രാജകുമാരന്‍' എന്നു വിളിക്കപ്പെട്ടിരുന്ന ദാര്‍ശനിക ഭിഷഗ്വരന്‍ ഇബ്നുസീന (അവിസെന്ന), രക്തചംക്രമണത്തിന്റെ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവെച്ച ഇബ്നു അന്നഫീസ് തുടങ്ങി എത്രയെത്ര മഹാ മനീഷികളെയാണ് നാം പൌരസ്ത്യ ചിന്തയുടെ ചരിത്രത്തില്‍ കണ്ടുമുട്ടുന്നത്.
മഹാന്മാരായ ചികിത്സകര്‍, അത്ഭുതകരമായ സര്‍ഗാത്മകശേഷി പ്രകടിപ്പിക്കുന്ന കണ്ടുപിടുത്തക്കാര്‍, ദൈവശാസ്ത്രവും യുക്തിബോധവും ആഴത്തിലറിഞ്ഞ് പെരുമാറുന്ന ദാര്‍ശനിക പടുക്കള്‍, വലിയ സര്‍വകലാശാലകളും ലൈബ്രറികളും പരീക്ഷണശാലകളും സ്ഥാപിക്കാന്‍ നിര്‍ലോഭം പണം കൊടുത്ത ഖലീഫമാര്‍, ജ്യോതിശാസ്ത്ര ചരിത്രത്തില്‍ ധിഷണയുടെ കലാപങ്ങളഴിച്ചുവിട്ട ഐതിഹാസിക ഗണിതജ്ഞര്‍ തുടങ്ങി ബഹുമുഖ പ്രതിഭകളുടെ ഉദാരമായ ഉത്സവപ്പറമ്പിലെത്തിപ്പെടുന്നു നമ്മളീ പുസ്തകത്തിന്റെ താളുകളില്‍.
മധ്യകാല നിര്‍ണായക നൂറ്റാണ്ടുകള്‍ മുഖ്യധാരാ ശാസ്ത്ര ചരിത്രത്തില്‍ നിന്നൊഴിവാക്കപ്പെടുകയും ആയിരം കൊല്ലത്തെ 'ശാസ്ത്രത്തിന്റെ സുവര്‍ണകാലം' തമസ്കരിക്കപ്പെടുകയും ചെയ്തത് ബോധപൂര്‍വമല്ലെങ്കില്‍ പിന്നെന്താണെന്ന് നാം രോഷത്തോടെ ചോദിച്ചുപോകും. അല്‍ ഖവാരിസ്മിയും അല്‍ബിറൂനിയും എപ്പോഴൊക്കെ ടോളമിയുടെയും അരിസ്റോട്ടലിന്റെയും ഹിപ്പോക്രാറ്റസിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും ഗ്രന്ഥങ്ങളില്‍നിന്ന് ആശയങ്ങളോ വിവരങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും അവരാ കടപ്പാട് സത്യസന്ധമായി രേഖപ്പെടത്തിയതായി കാണാം. അതേസമയം, ചോസര്‍ ഹാര്‍വി, കോപ്പര്‍ നിക്കസ് തുടങ്ങിയ പടിഞ്ഞാറിന്റെ മഹാ പ്രതിഭകള്‍ അറബ് മൂലഗ്രന്ഥങ്ങളെ അവലംബിച്ചപ്പോഴൊന്നും കടപ്പാട് രേഖപ്പെടുത്തിയതുമില്ല.
പൌരസ്ത്യ ലോകത്തിന്റെ മറച്ചുവെച്ച ദാര്‍ശനിക ശാസ്ത്ര ചരിത്രത്തിലേക്കുള്ള മികച്ചൊരു പ്രവേശികയായി ഈ പുസ്തകത്തെ കണക്കാക്കാം. പണ്ഡിതോചിതമാണ് അവതരണവും സമീപനവും. അറബിയില്‍ നിന്നുള്ള പേരുകള്‍ ഇംഗ്ളീഷില്‍നിന്ന് മൊഴിമാറ്റുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നു. അല്‍ കിണ്ടി, കിതാബുല്‍ കിമ്യ തുടങ്ങിയ വാക്കുകള്‍ ഉദാഹരണം. തീര്‍ച്ചയായും ഡോ. ആരിഫ് അലി കൊളത്തേക്കാട്ടും ചിന്ത പബ്ളിഷേഴ്സും കൈരളിയുടെ നന്ദി അര്‍ഹിക്കുന്നു.
വില 250 രൂപ, പേജ് 392
പ്രസാധനം: ചിന്ത പബ്ളിഷേഴ്സ്
Comments