Prabodhanm Weekly

Pages

Search

2012 മെയ് 26

ടിപ്പുസുല്‍ത്താന്‍: ആവര്‍ത്തനം വരുന്നതെങ്ങനെ?

കെ.കെ ജമാല്‍ കല്ലൂക്കര


'ചരിത്രവായനകളിലെ ടിപ്പുസുല്‍ത്താന്‍' (ലക്കം 47) എന്ന പുസ്തക നിരൂപണം വായിച്ചപ്പോഴുണ്ടായ ചില സംശയങ്ങള്‍ പങ്കുവെക്കുകയാണ്. പുസ്തകം പുറത്തിറങ്ങിയ വര്‍ഷം 1959 ആണ്; ലേഖകന്‍ പറയുന്നപോലെ 1957 അല്ല.
പി.കെ ബാലകൃഷ്ണന്‍ 1987 മുതല്‍ 1990 വരെ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് 'വേറിട്ട ചിന്തകള്‍' എന്ന പേരില്‍ പ്രതീക്ഷാ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ പേജ് 126 മുതല്‍ 134 വരെ 'ടിപ്പുവും ചരിത്രകാരന്മാരും' എന്ന ലേഖനമാണ്. 1990-ല്‍ ആണ് ഇതെഴുതിയത്. അനീസ് അഹ്മദിന്റെ ലേഖനത്തിലെ നാല് ഉദ്ധരണികളില്‍ മൂന്നും 'വേറിട്ട ചിന്തകളിലെ' പേജ് 128, 131, 132, 133 എന്നിവയിലും കാണുന്നുണ്ട്. ഒരു മഹ്ദ് വ്യക്തി തന്നെ എഴുതിയ രണ്ട് പുസ്തകങ്ങളില്‍ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടോ? വേറിട്ട ചിന്തകളില്‍ നിന്നുള്ള ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു. ആശയകുഴപ്പമുണ്ടാക്കുന്ന ഭാഗം അടിവരയിടുന്നു:
"1793-ല്‍ സുല്‍ത്താന്‍ എഴുതിയ ഈ എഴുത്തിലെ ചില വാചകങ്ങള്‍ ഉദ്ധരിക്കാം: "അങ്ങ് ജഗത് ഗുരുവാണ്.ലോകം മുഴുവന്‍ വൃദ്ധിപ്പെടുന്നതിനും ജനങ്ങള്‍ സന്തുഷ്ടരാവുന്നതിനും അങ്ങ് എപ്പോഴും തപസ്സുകള്‍ ആചരിക്കുന്നയാളാണ്. അങ്ങെപ്പോലെയുള്ള ദിവ്യാത്മാക്കള്‍ ഏതു രാജ്യത്ത് വസിക്കുന്നുവോ, സുഭിക്ഷമായ വര്‍ഷം കൊണ്ടും സമ്പന്നമായ വിളകള്‍ കൊണ്ടും ആ രാജ്യത്തിനെപ്പോഴും ശ്രേയസ്സുണ്ടായിരിക്കും. നമ്മുടെയെല്ലാം ഐശ്വര്യത്തിനു വേണ്ടി ദയാപൂര്‍വം അങ്ങ് പ്രത്യേകം പ്രാര്‍ഥിക്കുക.'' ടിപ്പുവിനെ ആത്മാര്‍ഥമായി ബഹുമാനിച്ചിരുന്ന ആ ജഗദ്ഗുരു തന്നെ ടിപ്പുവില്‍ നിന്ന് സമ്പത്തും സമ്മാനങ്ങളും സ്വീകരിച്ചിരുന്ന നിരവധി ഹിന്ദുക്ഷേത്രങ്ങളിലെ മഠാധിപന്മാരോടൊപ്പം, ഒരുപക്ഷേ ആ സുല്‍ത്താന്റെ ശ്രേയസ്സിനു വേണ്ടി പ്രാര്‍ഥിച്ചിരുന്നിരിക്കാം. പക്ഷേ, മത സഹിഷ്ണുക്കളായ പരിശുദ്ധ ഹിന്ദുക്കള്‍ പറഞ്ഞേക്കും, ഇസ്ലാം മതഭ്രാന്തനായ ടിപ്പുവിനു വേണ്ടി ആ ജഗദ്ഗുരു ഉള്ളില്‍ തട്ടി പ്രാര്‍ഥിച്ചിരിക്കുകയില്ലെന്നും അതുകൊണ്ടാണ് ഹിന്ദുമത ധ്വംസകനായ ആ ദുഷ്ടന്‍ ആയുസ്സിന്റെ പകുതിയില്‍ തന്നെ ചത്തു തുലഞ്ഞതെന്നും. ഒരുപക്ഷേ അവര്‍ പറയുന്നതായിരിക്കാം ശരി.'' (1990, പേജ് 134-ല്‍). അടിവരയിട്ട ഭാഗത്ത്, ഉദ്ധരണി കൂടാതെയുള്ള ലേഖകന്റെ അഭിപ്രായത്തോടു കൂടിയാണ് പ്രസ്തുത ലേഖനം അവസാനിക്കുന്നത്.



കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
പുഞ്ചിരിക്കൂ, പുണ്യം നേടൂ

മനുഷ്യര്‍ക്കിടയില്‍ സാഹോദര്യവും സ്നേഹവും വളര്‍ത്താനുതകുന്ന ഒരു കാര്യവും ഇസ്ലാം വിട്ടുകളഞ്ഞിട്ടില്ല. ചിരി, ചിരിക്കുന്നവര്‍ക്കുതന്നെ ഔഷധമാണെങ്കില്‍ പൂനിലാവ് പോലെ ഹൃദയങ്ങളില്‍ കുളിരു പകരുന്നതാണ് പുഞ്ചിരി. അതിന്റെ സദ്ഫലങ്ങള്‍ അവര്‍ണനീയമാണ്. ഡേല്‍ കാണിജ് തന്റെ 'ഹൌ റ്റു മേക്ക് ഫ്രന്റ്സ് ആന്റ് ഇന്‍ഫ്ളുവെന്‍സ് പീപ്പ്ള്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: "ഒരു പുഞ്ചിരിയില്‍ നഷ്ടപ്പെടാന്‍ യാതൊന്നുമില്ല. എന്നാല്‍ കൊടുക്കാന്‍ ഏറെയുണ്ടുതാനും. കൊടുക്കുന്നവന് ഒന്നും കുറയുന്നില്ല. കിട്ടുന്നവനെ അത് സമ്പന്നമാക്കുന്നു. അതിനൊരു നിമിഷം മാത്രം. അതിന്റെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കും. അത് വീട്ടില്‍ സന്തോഷം വിതക്കുന്നു. തൊഴിലിടങ്ങളില്‍ സൌഹൃദവും. സുഹൃദ് ബന്ധങ്ങളില്‍ മേലൊപ്പ് ചാര്‍ത്തുന്നു. അത് ക്ഷീണിതന് വിശ്രമമേകുന്നു. നിരാശയെ പ്രത്യാശയാക്കുന്നു. ഇരുണ്ട മനസ്സുകളില്‍ പ്രകാശം പരത്തുന്നു. കുഴപ്പങ്ങള്‍ക്ക് മറുമരുന്നാകുന്നു. അത് പണം കൊടുത്താല്‍ കിട്ടില്ല. യാചിച്ചു വാങ്ങാനുമാവില്ല. സ്വമനസ്സാല്‍ നല്‍കപ്പെടാത്തേടത്തോളം അതിന് മൂല്യമേതുമില്ല. നിങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിയാത്തവിധം ക്ഷീണിതരായിരിക്കാം ചിലര്‍. നിങ്ങളതവര്‍ക്കു കൊടുക്കൂ. അവരോളം അതര്‍ഹിക്കുന്നവരായി മറ്റാരുമില്ല.''
'സഹോദരനോട് പുഞ്ചിരിക്കുന്നതു പോലും സ്വദഖയാകുന്നു' എന്ന നബിവചനത്തിന്റെ അര്‍ഥവ്യാപ്തിയെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചു നോക്കൂ.



ടി. മൊയ്തു മാസ്റര്‍ പെരിമ്പലം
കേരള സലഫികളുടെ
രാഷ്ട്രീയ നിലപാട്

ലോക സലഫിസത്തെക്കുറിച്ചും ഒടുവില്‍ കേരള സലഫി പ്രസ്ഥാനങ്ങളെക്കുറിച്ചും സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനങ്ങളും, ഒടുവിലത്തെ ലേഖനത്തിന് ടി. റിയാസ് മോന്‍ എഴുതിയ പ്രതികരണം വായിച്ചു. സുഊദിയിലും ഈജിപ്തിലുമൊക്കെയുള്ള വിവിധ സലഫി ധാരകളെക്കുറിച്ച് ഒരു സാമാന്യ ധാരണയുണ്ടാവാന്‍ സദ്റുദ്ദീന്‍ സാഹിബിന്റെ ലേഖനങ്ങള്‍ സഹായിച്ചു.
'മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന പഠനം പങ്കുവെക്കുന്ന ആശങ്കകള്‍ ഏറെക്കുറെ ശരിയാണ് എന്ന് സമ്മതിക്കാന്‍ മാത്രം വിശാല മനസ്കത റിയാസ് മോന്‍ കാണിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ വസ്തുതകളോട് പൊരുത്തപ്പെടുന്നില്ല എന്നും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് രാഷ്ട്രീയ ബോധ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലിനെ അദ്ദേഹം ഖണ്ഡിച്ചതായി കണ്ടു. മുജാഹിദുകാര്‍ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ചിട്ടില്ല എന്ന് പറഞ്ഞത് ശരിയാണ്. രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ വിലയിരുത്തി ഏതെങ്കിലും പാര്‍ട്ടിയെയോ മുന്നണിയെയോ പിന്തുണക്കുന്ന കാര്യം പരസ്യമാക്കാന്‍ അല്‍പം ആര്‍ജവം ആവശ്യമാണ്. കേരളത്തില്‍ മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ഇതഃപര്യന്തം എന്തായിരുന്നു എന്നത് വ്യക്തമാണ്. എന്തായാലും മുസ്ലിം ലീഗിനൊപ്പം നില്‍ക്കുക എന്നതായിരുന്നു അത്. ലീഗ് കോണ്‍ഗ്രസ്സിനൊപ്പമാണെങ്കില്‍ അങ്ങനെ. കേരളപ്പിറവിയുടെ ആദ്യ വര്‍ഷങ്ങളിലൊക്കെ ലീഗിന്റെ കമ്യൂണിസ്റ് വിരോധം വളരെ തീവ്രമായിരുന്നു. ദൈവനിഷേധികള്‍ക്ക് വോട്ട് ചെയ്യുന്നത് ഹറാമാണ് എന്നായിരുന്നു അവര്‍ പ്രസംഗിച്ചിരുന്നതും എഴുതിയിരുന്നതും. ആ ലീഗ് കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ കൂടെ കൂടി. ഇക്കാര്യത്തില്‍ ഒരു നേരിയ ഇഷ്ടക്കോട് പോലും മുജാഹിദ് ഭാഗത്ത് നിന്ന് പ്രകടിപ്പിക്കപ്പെട്ടില്ല. ലീഗ് എന്ത് നിലപാടെടുത്താലും അവരെ പിന്തുണക്കുക എന്ന നയത്തിന് ഒരു ഇജ്തിഹാദിന്റെയും ആവശ്യമില്ലല്ലോ. എന്നിരിക്കെ, 'കേരളീയ ജനാധിപത്യ സാഹചര്യങ്ങളില്‍ അത് സ്വീകരിച്ച ഇജ്തിഹാദി നിലപാട് കൂടിയാണ് അത്' എന്ന റിയാസ് മോന്റെ പ്രസ്താവനക്ക് എന്തര്‍ഥമാണുള്ളത്?
മുജാഹിദ് പ്രസ്ഥാനം കേരളീയ മുസ്ലിം സമൂഹത്തിലുണ്ടാക്കിയിട്ടുള്ള നന്മകളെ ഈ കുറിപ്പുകാരന്‍ വിലമതിക്കുന്നു. എന്നാല്‍, അവര്‍ എതിര്‍ക്കുന്ന അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മുക്തമായ ജമാഅത്തെ ഇസ്ലാമിയോട് അവര്‍ പുലര്‍ത്തുന്ന നിലപാട് ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ചേടത്തോളം ഒട്ടും ആരോഗ്യകരമല്ല എന്ന് ഖേദപൂര്‍വം പറയാതെ വയ്യ.



കെ.പി.എ റഫീഖ് രാമപുരം
എന്നിട്ടും നാം
നീതിയെക്കുറിച്ച് പ്രസംഗിക്കുന്നു

പന്ത്രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യന്‍ നിയമ വ്യവസ്ഥകളില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ട്, ഒടുവില്‍ രണ്ട് വര്‍ഷത്തോളമായി ബംഗളുരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വൈദ്യസഹായമെങ്കിലും നല്‍കാന്‍ കര്‍ണടാക സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യത്തോട് അനുകൂലമായി ഒരു മുഖ്യധാരാ സംഘടന പോലും പ്രതികരിക്കാത്തത് അത്യന്തം ഖേദകരം തന്നെ.
പത്തു വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ അന്യായ തടങ്കല്‍ അനുഭവിച്ചു തീര്‍ത്ത മഅ്ദനി നിരപരാധിയാണെന്ന കോടതി വിധിയിലൂടെ പുറത്തുവന്നപ്പോള്‍ കുറേപ്പേര്‍ മനുഷ്യാവകാശത്തെപ്പറ്റിയും നീതിനിഷേധത്തെപ്പറ്റിയുമൊക്കെ വാ തോരാതെ പ്രസംഗിക്കുന്നത് നാം കേട്ടു. അല്‍പമെങ്കിലും ആത്മാര്‍ഥതയോടെയാണ് അന്നിവരൊക്കെ അലമുറയിട്ടതെങ്കില്‍ ബംഗളുരു കേസില്‍ മഅ്ദനി അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനവും നീതിനിഷേധവുമൊക്കെ കാണാതെ പോകുന്നതെന്തുകൊണ്ട്?
കോയമ്പത്തൂര്‍ കേസില്‍ മകന് നീതിതേടി ഓടിത്തളര്‍ന്ന അബ്ദുസ്സമദ് മാസ്റര്‍ ഇന്ന് രോഗശയ്യയിലാണ്. മഅ്ദനിയുടെ ഭാര്യയാണെങ്കില്‍ എറണാകുളം വിട്ടുപോകാനാകാതെ മറ്റൊരു കേസില്‍ ജാമ്യത്തിലും.
ബഹുമാന്യനായ സേട്ടു സാഹിബ് ജീവിച്ചിരുന്ന കാലത്ത് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കുമായിരുന്നു. ജയിലിലെ അവസ്ഥ കണ്ട് വിഷമിച്ച സേട്ടു സാഹിബ് ഒരിക്കല്‍ പൊട്ടിക്കരയുകയുമുണ്ടായി. അദ്ദേഹത്തിന്റെ വിയോഗത്തിനു മുമ്പോ പിമ്പോ മുതിര്‍ന്ന നേതാക്കളാരും മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ല.
മഅ്ദനിയുടെ പാര്‍ട്ടിയുടെ അവസ്ഥയാണെങ്കില്‍ നാഥനില്ലാത്ത കളരിയാണ്. മഅ്ദനി കേസുകള്‍ക്ക് പിന്നിലെ ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരന്തര സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ പ്രോസിക്യൂഷന്‍ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനമനധ്യത്തിലെത്തിക്കാനോ പാര്‍ട്ടിക്ക് കഴിയുന്നില്ല.
ഇതൊക്കെ സഹിച്ച് ശബ്ദം നിലച്ചുപോയ മഅ്ദനിക്കുള്ള ഏക ആശ്വാസം കുറെ നിസ്സ്വാര്‍ഥമതികളുടെ പ്രാര്‍ഥനകളും സ്നേഹാന്വേഷണങ്ങളും മാത്രം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം