Prabodhanm Weekly

Pages

Search

2012 മെയ് 26

ജര്‍മനിയും ഇസ്ലാമിക് ഫൈനാന്‍സ് പരീക്ഷിക്കുന്നു



വര്‍ഷങ്ങള്‍ മടിച്ച് നിന്ന ശേഷം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പരീക്ഷിക്കാന്‍ തന്നെ ജര്‍മനി തീരുമാനിച്ചു. വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വികസിച്ചുവരുന്ന വ്യവസായ ശൃംഖലകള്‍ ഇതിനകം തന്നെ ഇസ്ലാമിക് ബാങ്കിംഗിന്റെ കീഴില്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. ഇസ്ലാമിക് ബാങ്കിംഗ് ലോകത്ത് അതിവേഗം വികാസം പ്രാപിച്ചുവരികയാണെന്നും ആഗോളതലത്തില്‍ ഇസ്ലാമിക് ബാങ്കിംഗ് രംഗത്ത് നിക്ഷേപം ഇറക്കിയവരില്‍ 60 ശതമാനത്തിലധികംപേരും മുസ്ലിംകളല്ലാത്താവരാണെന്നും മലേഷ്യയിലെ ക്വാലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഹീയമഹ ഡിശ്ലൃശ്യെേ ീള കഹെമാശര എശിമിരശിഴ പ്രസിഡന്റ് ദാവൂദ് അബ്ദുല്ല പറഞ്ഞു. ജര്‍മനിയിലെ 40 ലക്ഷത്തോളം വരുന്ന മുസ്ലിംകള്‍ക്കൊപ്പം ഇതര വിഭാഗങ്ങളും ഇസ്ലാമിക് ബാങ്കിംഗിന്റെ രംഗപ്രവേശം പ്രതീക്ഷകളോടെയാണ് കാണുന്നതെന്ന് ജര്‍മനിയില്‍ രജിസ്ട്രേഷനുള്ള ഏക ഇസ്ലാമിക് ഫൈനാന്‍സിംഗ് സ്ഥാപനമായ മലേഷ്യന്‍ ഇസ്ലാമിക് ബാങ്ക് അധ്യക്ഷന്‍ നോറിഫ കാംസൊ (ചീൃശുമവ ഗമാീ) പറഞ്ഞു. അതിവേഗം വികസിച്ചുവരുന്ന ഇസ്ലാമിക സാമ്പത്തിക രംഗം ജര്‍മന്‍ നിക്ഷേപകരെ നിഷ്പ്രയാസം ആകര്‍ഷിക്കുമെന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ കരുതുന്നത്.
ലോകത്ത് ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്ന സ്ഥാപനങ്ങളില്‍ ഇസ്ലാമിക് ബാങ്കുകള്‍ മുന്‍നിരയിലാണ്. 9/11 ആക്രമണത്തിനു ശേഷമാണ് ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങളുടെ കുതിച്ചുകയറ്റം തുടങ്ങുന്നത്. അമേരിക്കയിലെ ധാരാളം അറബ് നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് മലേഷ്യന്‍ ആസ്ഥാനമായ ഇസ്ലാമിക് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ആരംഭിച്ച കാലത്ത് ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളും ഉല്‍പന്നങ്ങളും ലാഭം രേഖപ്പെടുത്തിയതോടെ ഇസ്ലാമിക സമ്പദ്ഘടന വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലെത്തി.
ശരീഅത്തിലധിഷ്ഠിതമായ ബാങ്കിംഗ് സംവിധാനം ലോകത്തെ 50 ഓളം രാഷ്ട്രങ്ങളില്‍ വിജയകരമായി മുന്നേറുന്നുണ്ട്. നിലവില്‍ 3000 ത്തോളം ഇസ്ലാമിക ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ലോകത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഏകദേശം 16 ലക്ഷം കോടി (1.6 ൃശഹഹശീി) ഡോളറാണ് ഇവയുടെ ആസ്തി.



രാഷ്ട്രീയ പ്രവര്‍ത്തനം 'ഇബാദത്തി'ന്റെ ഭാഗമെന്ന് തുനീഷ്യന്‍ സലഫികള്‍

തുനീഷ്യയില്‍ ആദ്യമായി പ്രവര്‍ത്തന സ്വാതന്ത്യ്രം ലഭിച്ച സലഫി പ്രസ്ഥാനമായ 'അല്‍ ഇസ്ലാഹ് പാര്‍ട്ടി' രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടാന്‍ തീരുമാനിച്ചു. തുനീഷ്യയിലെ സെക്യുലരിസ്റുകള്‍ കടുത്ത വിമര്‍ശനങ്ങളോടെ അകറ്റിനിര്‍ത്തിയിരുന്ന സലഫി പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനമായ 'അന്നഹ്ദ' അധികാരത്തില്‍ വന്നതോടെയാണ് പ്രവര്‍ത്തന സ്വാതന്ത്യ്രം ലഭിച്ചത്. എല്ലാ സലഫി വിഭാഗങ്ങളോടും അനുകൂല സമീപനമാണ് 'അന്നഹ്ദ' നേതാക്കള്‍ സ്വീകരിച്ചത്.
എന്നാല്‍ കടുത്ത യാഥാസ്ഥിക ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന സലഫി വിഭാഗവുമായി തുനീഷ്യയിലെ ഭരണകക്ഷിയായ അന്നഹ്ദ രാഷ്ട്രീയ ബന്ധം സ്ഥാപിക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. സലഫി വിഭാഗങ്ങളോട് രാജ്യത്തെ അംഗീകൃത നിയമവ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ അന്നഹ്ദ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് തുനീഷ്യന്‍ സലഫി പാര്‍ട്ടികളിലൊന്നായ 'അല്‍ഇസ്ലാഹ്'രാജ്യത്തെ ആദ്യത്തെ അംഗീകൃത സലഫി പാര്‍ട്ടിയായത്. അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രീയ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി നയരൂപീകരണത്തിന്റെ പാതയിലാണ് സലഫികള്‍. ലണ്ടനില്‍നിന്ന് പുറത്തിറങ്ങുന്ന 'അശ്ശര്‍ഖുല്‍ ഔസത്വ്' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സലഫി പാര്‍ട്ടി നേതാവ് മുഹമ്മദ് ഖോജ, രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്തിന്റെ ഭാഗമാണെന്നും പാശ്ചാത്യ 'ഡെമോക്രസി' നിഷിദ്ധമല്ലെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ സര്‍ക്കാറുകളുടെ അടിച്ചമര്‍ത്തല്‍ നയം കാരണം രാഷ്ട്രീയ അവകാശങ്ങള്‍ ഉപയോഗിക്കാനായില്ലെന്നും ജനഹിതമനുസരിച്ച് പ്രവര്‍ത്തനം ചിട്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്നഹ്ദയുടെ പ്രായോഗിക രാഷ്ട്രീയം തന്നെയായിരിക്കും തെരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കുകയെന്നും മുഹമ്മദ് ഖോജ സൂചിപ്പിച്ചു.



അള്‍ജീരിയന്‍ തെരഞ്ഞെടുപ്പില്‍ 'വസന്തം' എത്തിയില്ല
അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് അള്‍ജീരിയന്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അള്‍ജീരിയന്‍ ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ട് ഭരണകക്ഷിയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തി. 'അറബ് വസന്തത്തിന് അള്‍ജീരിയന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലനം സൃഷ്ടിക്കാനായിട്ടുണ്ട്, പക്ഷെ ലോകം പ്രതീക്ഷിച്ചിരുന്നതുപാലെ ഒരു മാറ്റം നടന്നില്ല' അള്‍ജീരിയന്‍ രാഷ്ട്രീയ നിരീക്ഷകനായ നൂറുദ്ദീന്‍ ഹഖീഖി പറഞ്ഞതായി ഫ്രാന്‍സ് പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. മെയ് 12 ന് നടന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബൂതഫ്ലീഖയുടെ ഭരണകക്ഷിയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് 462 സീറ്റുകളില്‍ 220 ഉം നേടി. കഴിഞ്ഞ ദേശിയ അസംബ്ളിയിലുള്ളതിനേക്കാള്‍ മികച്ച വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രവചിക്കപ്പെട്ട വിജയം ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് നേടാനായില്ല. വെറം 59 സീറ്റുകളാണ് ഇസ്ലാമിക കക്ഷികള്‍ക്ക് ലഭിച്ചത്. പട്ടാളവുമായും പ്രസിഡന്റ് ബൂതഫ്ലീഖയുമായും അടുപ്പമുള്ള പ്രധാനമന്ത്രി അഹ്മദ് ഔയഹ്യയുടെ ഞചഉ (ചമശീിേമഹ ഞമഹഹ്യ ീള ഉലാീരൃമര്യ) 68 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തി. വ്യാപകമായി ക്രമക്കേടുകള്‍ അരങ്ങേറുമെന്ന ആക്ഷേപം ഉയര്‍ന്നതുകാരണം വിദേശ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
'അറബ് വസന്തം' അള്‍ജീരിയയെയും തഴുകിയെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയെന്നാണ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് രാഷ്ട്രീയ നിരീക്ഷകന്‍ സുഹൈര്‍ ഹാമിദി അഭിപ്രായപ്പെട്ടത്. കാരണം ഇതര അറബ് വസന്ത നാടുകളിലെ ഇസ്ലാമിസ്റുകളെപോലെ വ്യവസ്ഥിതിമാറ്റത്തിനുള്ള സമര പാതയില്‍ ജയില്‍വാസവും പീഡനങ്ങളും അള്‍ജീരിയന്‍ ബ്രദര്‍ഹുഡ് വിഭാഗമായ ങടജ ക്ക് (ങ്ീലാലി ീള ടീരലശ്യേ ളീൃ ജലമരല) സഹിക്കേണ്ടിവന്നിട്ടില്ല. അദ്ദേഹം പറഞ്ഞു.
1989ല്‍ അള്‍ജീരിയയില്‍ ബഹുപാര്‍ട്ടി സംവിധാനം നിലവില്‍വന്നശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ് വന്‍വിജയം നേടുകയുണ്ടായി. സൈന്യം ഇടപെട്ട് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.


മൌറിത്താനിയയില്‍
'ഫിഖ്ഹ്' ഗ്രന്ഥം കത്തിച്ച് കലാപത്തിനു ശ്രമം

പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രമായ മൌറിത്താനിയയില്‍ ഇമാം മാലിക് ബിന്‍ അനസി(റ)ന്റെ 'ഫിഖ്ഹ്' ഗ്രന്ഥം അഗ്നിക്കിരയാക്കിയത് കടുത്ത സംഘര്‍ഷത്തിന് കാരണമായി. ഇത്തരം കുല്‍സിത ശ്രമങ്ങളിലൂടെ രാജ്യത്ത് കലാപം അഴിച്ചുവിടാനുള്ള നീക്കത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ് (ഒ.ഐ.സി) ശക്തിയായി അപലപിച്ചു. ഒരു വിഭാഗം തീവ്രവാദികള്‍ നടത്തുന്ന ഇത്തരം ഹീന കൃത്യങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ മാത്രമേ സഹായകമാവൂ എന്ന് ഒ.ഐ.സി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഇസ്ലാമിന്റെ സല്‍പേരിനു കളങ്കം ചാര്‍ത്താനും പണ്ഡിതന്‍മാരെ അപമാനിക്കാനും ഇസ്ലാമിക ഗ്രന്ഥങ്ങളെ അവമതിക്കാനുമുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുത്തു തോല്‍പിക്കേണ്ടതാണ്. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന മൌറിത്താനിയന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുവിതക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.


'ജയില്‍ പോരാളികളു'ടെ
നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഇസ്രയേല്‍ മുട്ടുമടക്കി


അതിജീവനകലയുടെ രസതന്ത്രം ലോകത്തിനു മുമ്പില്‍ ഒന്നൊന്നായി അനാവരണം ചെയ്യുകയാണ് ഫലസ്ത്വീനികള്‍. വിസ്മായവഹമെന്നു പറഞ്ഞു തള്ളാനാകില്ല സദാ ദുരന്തമുഖത്ത് കഴിയുന്ന ഈ സമരനായകരുടെ വീരഗാഥ. ജീവിതം കൊണ്ട് പന്താടിയാണ് ഇസ്രയേലിന്റെ ക്രുരതകള്‍ക്കു മുമ്പില്‍ ഓരോ ഫലസ്ത്വീനിയും നെഞ്ചുവിരിച്ച് നില്‍ക്കുന്നത്. അങ്ങനെയാണ് ഒരു മാസത്തോളം നീണ്ട ഫലസ്ത്വീന്‍ തടവുകാരുടെ സഹന സമരത്തിനു മുമ്പില്‍ അധിനിവേശ ജൂത രാഷ്ട്രത്തിന് കീഴടങ്ങേണ്ടിവന്നത്. അറസ്റ്ചെയ്യുന്നവരെ വിചാരണയില്ലാതെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുക, ഉറ്റവരെയും ഉടയവരെയും ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ഇസ്രയേലി ക്രൂരതകള്‍ക്കെതിരെയാണ് ഫലസ്ത്വീന്‍ തടവുകാര്‍ ഉപവാസ സമരം ആരംഭിച്ചത്. 1500 ഓളം തടവുകാരുടെ നിരാഹാര സമരം ഒരുമാസം പിന്നിടാറായപ്പോഴാണ് വരാന്‍ പോകുന്ന വന്‍ദുരന്തത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. അപ്പോഴേക്കും ആദ്യം സമരംതുടങ്ങിയ മൂന്നുപേരുടെ ഉപവാസം 70 ദിവസം പിന്നിട്ടിരുന്നു. അതിനിടെ പലരും മരണാസന്നരാണെന്ന റിപ്പോര്‍ട്ട് ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കി. അതോടെ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരത്തിന് ഇസ്രയേല്‍ സന്നദ്ധമായി. തടവുകാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ജൂതരാഷ്ട്രം ഫലസ്ത്വീന്‍ പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കി.
ഫലസ്ത്വീന്‍ തടവുകാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ ഇസ്രയേല്‍ തയാറായതിനെതുടര്‍ന്ന് ജയിലിലെ ഉപവാസസമരം അവസാനിപ്പിക്കാന്‍ ജയില്‍ അധികൃതരുമായി ധാരണയിലെത്തിയതായി ഹമാസ് രാഷ്ട്രീയകാര്യ ബ്യൂറോ അംഗം സ്വാലിഹ് അല്‍അരൂരി പറഞ്ഞു. കരാറിന്റെ അടിസ്ഥാനത്തില്‍ തടവുകാരോടുള്ള ഇസ്രയേലിന്റെ മനുഷ്യത്വ രഹിതമായ സമീപനത്തിന് അന്ത്യമാകുമെന്നും ഹമാസ് നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു.


ഒരു കൂസലുമില്ലാതെ മിലാദിച്ച്
ഈ പട്ടാള ജനറലിനെ അറിയാത്തവരുണ്ടാവില്ല. ബോസ്നിയന്‍ മുസ്ലിം കുട്ടികള്‍ ഇയാളുടെ പേര് കേട്ടാല്‍ ഉറക്കില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കരയാറുണ്ടായിരുന്നുവെന്ന് ബോസ്നിയന്‍ നരമേധകാലത്ത് പരക്കെ പ്രചരിച്ചിരുന്നു. 1992-1995 കാലത്ത് നടന്ന ബോസ്നിയല്‍ കൂട്ടക്കൊലയുടെ നടത്തിപ്പുകാരനായിരുന്നു അന്നത്തെ സെര്‍ബ് സൈന്യത്തലവനായിരുന്ന ജനറല്‍ റാഡ്കോ മിലാദിച്ച്. മനുഷ്യക്കുരുതിക്ക് 2011 മെയ് 26ന് സെര്‍ബിയയില്‍ അറസ്റിലായ ജനറല്‍ മിലാദിച്ച് ഇപ്പോള്‍ ലാഹായ് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. ഒരുലക്ഷത്തോളം സാധാരണ മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊല്ലുകയും 22 ലക്ഷത്തിലേറെ പേര്‍ കൂട്ടപ്പലായനമെന്ന പേരില്‍ നാടുവീടും വിട്ട് ജീവനുംകൊണ്ട് അലയേണ്ടിവരികയും ചെയ്ത 'വംശ ശുദ്ധീകരണ'ത്തിന്റെ സൂത്രധാരകരില്‍ പ്രധാനിയാണ് മിലാദിച്ച്. കൂട്ടക്കൊല, മനുഷ്യത്വ വിരുദ്ധ കുറ്റകൃത്യങ്ങള്‍, സെര്‍ബിനിക്ക കൂട്ടക്കൊലയിലെ പങ്ക്, ഒറ്റ ഓപറേഷനില്‍ പതിനായിരത്തിലേറെ പേര്‍ നിഷ്കാസനം ചെയ്യപ്പെട്ട സരയേവോ കൂട്ടക്കൊല തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വിചാരണ നേരിടുന്നത്. എന്നാല്‍ ഒരു കൂസലുമില്ലാതെ 'വിജയ ചിഹ്നം' ഉയര്‍ത്തിക്കാണിച്ചാണ് മിലാദിച്ച് കോടതിയിലേക്ക് കയറിവന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിചാരണ നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന മുസ്ലിം സ്ത്രീകളെ അപമാനിക്കാനിക്കാനും ജനറല്‍ മുതിര്‍ന്നതു കാരണം ഹോളണ്ടുകാരനായ ജഡ്ജി അല്‍ഫോന്‍സിന് താക്കീത് നല്‍കേണ്ടിവന്നു. സെര്‍ബിയന്‍ തീവ്രവാദികള്‍ ഇപ്പോഴും മിലാദിച്ചിനെ 'ധീര നായകന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം