Prabodhanm Weekly

Pages

Search

2012 മെയ് 26

ജീവിതകാലത്ത് തന്നെ അനന്തരാവകാശം വീതിക്കല്‍?

ഇല്‍യാസ് മൌലവി

പലതരം സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ പ്രായമായിരിക്കുന്നു. മരണശേഷം സമ്പത്തിന്റെ പേരില്‍ മക്കള്‍ കലഹിക്കാനിടവരുമെന്ന് ആശങ്കിക്കുന്നു. അതിനാല്‍ നേരത്തെ തന്നെ അനന്തരാവകാശം വീതിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ?


പലരും ഉന്നയിക്കാറുള്ള സംശയമാണിത്. വിശദമായി തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടിയിരിക്കുന്നു.
ഒന്ന്: മരണപ്പെട്ട ഒരാളുടെ സ്വത്ത് ആര്‍ക്കൊക്കെയാണോ അവകാശപ്പെട്ടത് അവര്‍ക്കേ അനന്തരാവകാശികള്‍ എന്ന് പറയൂ. ജീവിച്ചിരിക്കെ തന്റെ സമ്പത്ത് വീതിച്ചു നല്‍കിയാല്‍ അതിന് അനന്തരാവകാശ പ്രകാരമുള്ള സ്വത്ത് എന്ന് പറയുകയില്ല.
രണ്ട്: ഇസ്ലാമിക ദൃഷ്ട്യാ സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. തല്‍ക്കാലം അത് കൈകാര്യം ചെയ്യാനുള്ള അവകാശമേ മനുഷ്യനുള്ളൂ. അവന്‍ മരിക്കുന്നതോടെ ആ അവകാശവും യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് നീങ്ങും. ശേഷം പ്രസ്തുത സമ്പത്ത് ആര്‍ക്ക്, എങ്ങനെ, എത്ര നല്‍കണമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിരിക്കേ മറ്റുള്ളവര്‍ക്കതില്‍ ഇടപെടാന്‍ അവകാശമില്ല. അതിനാല്‍ അനന്തരാവകാശം വീതിക്കേണ്ടത് ശറഈ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചുകൊണ്ടായിരിക്കണം.
മൂന്ന്: ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ സ്വത്ത് വീതിച്ചു നല്‍കുന്നതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഹിബ (ഇഷ്ടദാനം) എന്നാണ് പറയുക, അതിനാവട്ടെ അനന്തരാവകാശ നിയമത്തില്‍ നിന്ന് വ്യത്യസ്തമായ ചില നിയമങ്ങള്‍ ഉണ്ടുതാനും.
നാല്: ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അനന്തരാവകാശം, വിവാഹം തുടങ്ങിയവക്ക് വ്യക്തിനിയമങ്ങള്‍ എന്നപേരില്‍ ഇസ്ലാമിക ശരീഅത്ത് അനുശാസിച്ച നിയമങ്ങളാണ് നിലവിലുള്ളത്. അതിനാല്‍ അവ അനുസരിച്ചല്ലാത്ത വീതം വെപ്പിനെതിരെ അവകാശികളിലാരെങ്കിലും അപ്പീല്‍ നല്‍കിയാല്‍ അത് ദുര്‍ബലപ്പെടുത്താനും വീണ്ടും വീതം വെക്കാനും കോടതിക്ക് അധികാരമുണ്ട്.
ഇഷ്ടദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബന്ധുക്കള്‍ക്ക് ഇഷ്ടദാനം നല്‍കുമ്പോള്‍ അത് നീതിപൂര്‍വമായിരിക്കണം. വിശിഷ്യാ, സന്താനങ്ങള്‍ക്കിടയില്‍ തുല്യമായി വേണം വീതം വെക്കാന്‍.
ആണ്‍ പെണ്‍ വ്യത്യാസം പോലും ഇവിടെ പരിഗണനീയമല്ലെന്നാണ് പ്രമുഖരായ ഇമാമുമാരുടെ വീക്ഷണം. മാത്രമല്ല ഈ വീക്ഷണത്തെ ന്യായീകരിച്ചുകൊണ്ടും മറ്റെല്ലാ വീക്ഷണങ്ങളുടെയും ദൌര്‍ബല്യം വ്യക്തമാക്കിക്കൊണ്ടും ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്നാല്‍ സന്താനങ്ങളില്‍ ചിലര്‍ ശാരീരികമോ മാനസികമോ ആയ അപാകതകള്‍ ഉള്ളവരാണെങ്കില്‍ ഏറ്റക്കുറച്ചിലുകളാകാമെന്നും അങ്ങനെ വരുമ്പോള്‍ മറ്റു മക്കളുമായി കൂടിയാലോചിച്ച് സമവായത്തിലെത്തണമെന്നുമാണ് പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നത്.
വിവാഹ വേളയില്‍ പിതാവ് തന്റെ പെണ്‍മക്കള്‍ക്ക് 50 ഉം 100 ഉം പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിട്ടുണ്ടാവാം. അത് പലപ്പോഴും ആണ്‍ മക്കളുടെ സഹായം കൊണ്ടു കൂടിയായിരിക്കും. പിതാവിന്റെ കാലശേഷം അവകാശം കണക്കുപറഞ്ഞ് മേടിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും മറന്നുകളയരുത്. ആണ്‍ മക്കളില്‍ ചിലര്‍ക്ക് മാത്രം സഹായങ്ങള്‍ നല്‍കുന്ന മാതാപിതാക്കളും അത് ഇസ്ലാമികമല്ല എന്ന് ഓര്‍ത്തിരിക്കണം.
മരണശേഷം തന്റെ സമ്പത്ത് ഇന്നയിന്ന പ്രകാരം സന്താനങ്ങളും മറ്റു അവകാശികളും എടുക്കേണ്ടതാണ് എന്ന രൂപത്തില്‍ എഴുതിവെക്കുന്നതിന് ശറഈ ആയോ നിയമപരമായോ സാധുതയില്ല. ഇനി ആര്‍ക്കും അതില്‍ എതിര്‍പ്പില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല; എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷമായിരിക്കണമെന്ന് മാത്രം. അതുതന്നെ മരണാനന്തരം അവകാശികള്‍ പാലിച്ചുകൊള്ളണമെന്ന് നിയമപരമായി നിര്‍ബന്ധമില്ല. അങ്ങനെ വരുമ്പോള്‍ ഒരോരുത്തര്‍ക്കും തങ്ങളുടെ യഥാര്‍ഥ അവകാശമനുസരിച്ചുള്ള വിഹിതമായിരിക്കും ഉണ്ടായിരിക്കുക. ആരാണ് ആദ്യം മരിക്കുക എന്ന കാര്യം മുന്‍കൂട്ടി ആര്‍ക്കും അറിയാന്‍ സാധിക്കുകയില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൂര്‍ണമായും ഉടമാവകാശം നല്‍കി രജിസ്റര്‍ ചെയ്തുകൊടുക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ അവിടെ പൂര്‍ണ നീതിയും സമത്വവും പാലിക്കണം. മരണശേഷവും വല്ലതും ബാക്കിയുണ്ടെങ്കില്‍ ശരീഅത്ത് നിയമങ്ങളനുസരിച്ച് അത് വീണ്ടും വീതിക്കുകയാണ് വേണ്ടത്. മരിക്കുന്നതിന് മുമ്പ് കൊടുത്തത് അനന്തരാവകാശം വീതിക്കുമ്പോള്‍ നിയമപരമായി പരിഗണിക്കേണ്ടതില്ലെങ്കിലും, അവകാശികള്‍ അത് പരിഗണിക്കുക എന്നതാണ് ദീനിയും ധാര്‍മികവുമായ അന്തസ്സത്ത. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തെ മേടിച്ചവര്‍ വിട്ടുവീഴ്ച കാണിക്കുകയാണ് വേണ്ടത്. ഇങ്ങനെ നേരത്തെ വീതിച്ചുകൊടുക്കുന്നത് പല പ്രയാസങ്ങള്‍ക്കും വഴിവെച്ചുകൂടായ്കയില്ല. സമ്പന്നരായ രക്ഷിതാക്കള്‍ തങ്ങള്‍ അധികകാലമൊന്നും ജീവിക്കില്ല എന്ന് കരുതി സമ്പത്തെല്ലാം മക്കളുടെ പേരില്‍ രജിസ്റര്‍ ചെയ്തുവെക്കുകയും പിന്നീട് ദീര്‍ഘകാലം രോഗികളായി അവശനിലയില്‍ കിടക്കേണ്ടി വരികയും ചെയ്ത പല അനുഭവങ്ങളും ഉണ്ട്. നോക്കാന്‍ ചുമതലപ്പെട്ട മക്കളില്‍ പലരും സമ്പത്ത് സ്വന്തമാക്കാന്‍ കാണിച്ച താല്‍പര്യം പിതാവിനെ ചികിത്സിക്കാനും പരിചരിക്കാനും കാണിക്കാതിരിക്കുകയോ, റബര്‍ പന്തുപോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയോ ഒക്കെ ചെയ്തേക്കാം.
പിതാവ് മരിച്ചുപോയ പേരക്കുട്ടികളുണ്ടെങ്കില്‍ അനാഥരായ അവര്‍ക്ക് വേണ്ടി ഒന്നും തന്നെ വസിയ്യത്ത് ചെയ്യാതെ അവരെ നിരാലംബരാക്കി വിട്ടേച്ചുപോകുന്ന പിതാമഹന്‍മാരും കുറവല്ല. ഇത്തരം പിതാമഹന്മാര്‍ ഈ അനാഥക്കുട്ടികള്‍ക്ക് വസ്വിയ്യത്ത് ചെയ്തിരിക്കണം. അല്ലാത്തപക്ഷം, അങ്ങനെ വസ്വിയ്യത്ത് ഉണ്ടെന്ന് കണക്കാക്കി ആ വിഹിതം മാറ്റി നിര്‍ത്തിയേ അനന്തരാവകാശം വീതിക്കാവൂ എന്നാണ് പല മുസ്ലിം രാജ്യങ്ങളിലെയും നിയമം.
അതിനാല്‍ താങ്കളോട് പറയാനുള്ളത്, എല്ലാ മക്കളെയും ഭാര്യയേയും ഉള്‍പ്പെടുത്തി അവരുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ ഏറ്റവും ഉചിതമായ തീരുമാനത്തിലെത്തുക. തന്റെ മുഴു സമ്പത്തിന്റെയും ഉടമസ്ഥാവകാശം ജീവിതകാലത്തുതന്നെ വിട്ടുകൊടുക്കാതെ അല്‍പമെങ്കിലും സ്വന്തം പേരില്‍ അവശേഷിപ്പിക്കുകയാണ് നല്ലത്. ഓരോരുത്തരുടെയും ആവശ്യവും സാഹചര്യവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചുകൊണ്ടും, കുടുംബബന്ധത്തിന് ഉലച്ചില്‍ തട്ടാത്തവിധത്തിലും, ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടുമൊക്കെയുള്ള സമവായം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന് സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വീതംവെപ്പിനെ സംബന്ധിച്ച് വേവലാതിപ്പെടാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കഴിഞ്ഞുകൂടുക.


അനന്തരാവകാശം
വീതിക്കുന്നതിലെ അമാന്തം

പിതാവ് മരിച്ചിട്ട് അനേകം വര്‍ഷങ്ങളായി. ഇതുവരെയും അനന്തരാവകാശം വീതിച്ചിട്ടില്ല. അതിന് ശേഷം ഉമ്മയും മരണപ്പെട്ടു. ഇപ്പോള്‍ ഞങ്ങള്‍, അവരുടെ മക്കളായ സഹോദരീ സഹോദരന്മാര്‍ ജീവിച്ചിരിപ്പുണ്ട്. പിതാവിന്റെ സ്വത്തു കൈകാര്യം ചെയ്യുന്നതും അനുഭവിക്കുന്നതും ഇളയമകനായ അനുജനാണ്. ഇത് ഇങ്ങനെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. പിതാവിന്റെ സ്വത്തിനായി കടിപിടികൂടി എന്ന് നാട്ടുകാര്‍ പറയാനിടവരാതിരിക്കാനായി ഇതുവരെ ഞങ്ങള്‍ ഒന്നും ചെയ്യാതിരിക്കുകയായിരുന്നു. ഇനി എന്തു ചെയ്യണം?

അനന്തരാവകാശം യഥാസമയം വീതിക്കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് പലരും വരുത്തിക്കൊണ്ടിരിക്കുന്നത്.
ഒരാള്‍ മരിക്കുന്നതോടെ അയാളുടെ ജനാസസംസ്കരണ ചെലവുകള്‍, കടം വീട്ടാനുള്ളത്, വസിയ്യത്ത് ചെയ്തത് എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ബാക്കിയുള്ളത് അനന്തരാവകാശികളായി ആരൊക്കെയുണ്ടോ, അവര്‍ക്കെല്ലാവര്‍ക്കും അവകാശമുള്ള സ്വത്തായി മാറിക്കഴിഞ്ഞു. അത് എത്രയും പെട്ടെന്ന് അവകാശികള്‍ക്ക് വീതിച്ച് നല്‍കല്‍ നിര്‍ബന്ധമായ കടമയാണ്. കുടുംബത്തിലെ മുതിര്‍ന്നവരും കാരണവന്‍മാരും അതത് പ്രദേശത്തെ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കേണ്ടതാണ്. മുതിര്‍ന്ന സഹോദരന്‍ എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ താങ്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. താങ്കള്‍ സൂചിപ്പിച്ചതനുസരിച്ച് താങ്കളുടെ ഉമ്മയ്ക്ക് 1/8 (മരിച്ച വ്യക്തിയുടെ ഭാര്യ എന്ന പരിഗണന വെച്ച്), മരണ സമയത്ത് മാതാപിതാക്കളിലാരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അവരിലോരോരുത്തര്‍ക്കും 1/6 വീതം, ബാക്കിയുള്ളത് 1:2 എന്ന അനുപാതത്തില്‍ സന്താനങ്ങളായ താങ്കള്‍ക്കും മറ്റു സഹോദരീ സഹോദരന്മാര്‍ക്കും.
പിതാവ് മരിച്ച് ഇത്രയും വര്‍ഷങ്ങളായിട്ടും താങ്കളുടെ അനുജന്‍ മാത്രമാണ് പ്രസ്തുത സ്വത്ത് അനുഭവിച്ചതെങ്കില്‍, തന്റെ ഓഹരി കഴിച്ച് ബാക്കി മറ്റുള്ളവരുടേതാകയാല്‍, അവരുടെ സമ്മതമോ തൃപ്തിയോ ഇല്ലാതെയാണതെങ്കില്‍, ഹറാമായ പ്രവൃത്തിയാണ് താന്‍ ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കണം.
മരിച്ചുപോയ മാതാവിന് തന്റെ ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്ന് സ്ഥിരപ്പെട്ട അവകാശമായിരുന്നു. അതവരുടെ കൈവശം വരേണ്ടതും അതിനുള്ള സാവകാശം അവര്‍ക്ക് ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാതെ അവര്‍ മരണപ്പെട്ടു. അങ്ങനെയൊരു മുതല്‍ തന്റെയവകാശമായി ഉണ്ട് എന്ന് പോലും ഒരുവേള അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഇനി ആ എട്ടിലൊന്നും വീതം വെക്കേണ്ടതുണ്ട്. വീതം വെക്കുന്ന നേരത്ത് അവകാശികള്‍ ജീവിച്ചിരിപ്പില്ല എന്നത് അവര്‍ക്ക് സ്ഥിരപ്പെട്ട അവകാശം ഇല്ലാതാക്കുന്നില്ല.
അതിനാല്‍, താങ്കള്‍ ചെയ്യേണ്ടത് അവകാശികളെയെല്ലാം ഒരുമിച്ചുകൂട്ടി വിഷയത്തിന്റെ ഗൌരവം അവരെ ബോധ്യപ്പെടുത്തുകയും എത്രയും വേഗം അവ ശറഈയായ രൂപത്തില്‍ വീതിക്കുകയും ചെയ്യുക. അതിന്റെ പേരില്‍ കൂടുംബ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ യുക്തിപൂര്‍വം വിഷയം കൈകാര്യം ചെയ്യുക. പറ്റുമെങ്കില്‍ വിഷയത്തെ സംബന്ധിച്ച് അവഗാഹമുള്ള പണ്ഡിതനെയോ കാരണവന്‍മാരെയോ സഹായത്തിന് വിളിക്കുക. വിഷയത്തിന്റെ ഗൌരവം അറിയാതെയാണ് അനുജന്‍ ഇതുവരെ പ്രവര്‍ത്തിച്ചതെങ്കില്‍ അതെല്ലാം വിട്ടുവീഴ്ച ചെയ്ത് ഊഷ്മളമായ ബന്ധം പരസ്പരം കാത്തുസൂക്ഷിക്കുക.
നമ്മുടെ സദ്വൃത്തരായ മുന്‍ഗാമികളില്‍ പെടുന്ന ഒരു വനിതക്ക് ഭര്‍ത്താവ് മരിച്ച പോയ വിവരം കിട്ടി. റൊട്ടിയുണ്ടാക്കാനായി ധാന്യപ്പൊടി കുഴച്ചുകൊണ്ടിരുന്ന ആ വനിത പെട്ടെന്ന് തന്നെ അതില്‍ നിന്ന് കൈയെടുത്തു. ഇങ്ങനെ ആത്മഗതം ചെയ്തു: 'എന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഈ ധാന്യപ്പൊടി ഇഷ്ടാനുസാരം ഉപയോഗിക്കാന്‍ ഭാര്യയെന്ന നിലക്ക് എനിക്ക് അവകാശമുണ്ടായിരുന്നു. എന്നാലീ നിമിഷം മുതല്‍ ആ ധാന്യപ്പൊടി പരേതന്റെ സ്വത്തായിതീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ എന്നെ കൂടാതെ ചിലര്‍ കൂടി ഇതില്‍ അവകാശികളായിരിക്കുന്നു.' നോക്കൂ, അനന്തരസ്വത്തില്‍ വെച്ചു പുലര്‍ത്തിയ ജാഗ്രത!

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം