സമീപനങ്ങള്‍ ക്രിയാത്മകമാവണം
സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ട നേട്ടം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സമീപനം കൂടുതല്‍ പ്രായോഗികവും ക്രിയാത്മകവും പ്രോത്സാഹജനകവുമായിരിക്കാന്‍ പ്രത്യേക താല്‍പര്യമെടുക്കേണ്ടതുണ്ട്. ഒന്നാമത്തെ കാല്‍വെപ്പില്‍ തന്നെ സംബോധിതരെ കടുത്ത നിരാശയിലും മാനസിക വിഭ്രാന്തിയിലും വീഴ്ത്തുന്ന സംസാരങ്ങളോ സൂചനകളോ ചലനങ്ങളോ ഉണ്ടാകാന്‍ പാടില്ല. തെറ്റുകള്‍ പരസ്യമാക്കുക, തെറ്റുകള്‍ ചെയ്തവരെ തെറി പറയുക, കുറ്റങ്ങള്‍ അന്വേഷിക്കുക, പാശ്ചാത്താപമില്ലെന്ന് പാപികളെ നിരാശപ്പെടുത്തുക, നരകാവകാശിയാണെന്നോ കാഫിറാണെന്നോ മുദ്ര കുത്തുക. ഇത്തരത്തിലുള്ള രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് വ്യക്തിയെയോ വ്യക്തികളെയോ നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നത് ഇസ്ലാമിക ദൃഷ്ട്യാ ഒട്ടും സ്വീകാര്യമല്ല. മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുന്നവന്‍ ദീര്‍ഘ വീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു ഭിഷഗ്വരനെ പോലെയായിരിക്കണം.
എന്റെ കൈയിലെ ഗ്ളാസില്‍ പകുതി വെള്ളമല്ലേയുള്ളൂവെന്ന് പറയുന്നതും എന്റെ കൈയിലെ ഗ്ളാസില്‍ പകുതി വെള്ളമെങ്കിലുമുണ്ടല്ലോ എന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒന്നാമത്തേത് നിരാശയുടെ ശൈലിയാണെങ്കില്‍, രണ്ടാമത്തേത് പ്രതീക്ഷയുടെയും സംതൃപ്തിയുടെയും ശൈലിയാണ്. പാപികളുടെയും അധര്‍മികളുടെയും കാര്യത്തില്‍ അവര്‍ക്ക് പ്രത്യാശ നല്‍കുന്ന വിധത്തിലുള്ള രണ്ടാമത്തെ ശൈലിയാണ് കരണീയം. എത്രതന്നെ അബദ്ധം നിങ്ങളില്‍നിന്ന് സംഭവിച്ചാലും നിങ്ങളില്‍ ചില നന്മകളുണ്ടല്ലോ, അതൊരു നല്ല കാര്യമല്ലേ, അത് നമുക്ക് പരിപോഷിപ്പിക്കണം, നിര്‍ഭാഗ്യവശാല്‍ നിങ്ങളില്‍ കടന്നുകൂടിയിട്ടുള്ള തിന്മകള്‍ നന്മകളുടെ അനുഗൃഹീത വെളിച്ചം നിങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നിര്‍മാര്‍ജനം ചെയ്യപ്പെടും എന്നിങ്ങനെയായിരിക്കണം അവരോടുള്ള സമീപനം. വ്യക്തിയിലെ തിന്മ പരസ്യപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഇമാം ജസ്വാസ് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: "ഒരാളുടെ തെറ്റ് പരസ്യപ്പെടുത്താതെ ഗോപ്യമാക്കി വെച്ചാല്‍ അയാള്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയവനെ പോലെയാണ്.''
പിഴവും പാളിച്ചയും സംഭവിച്ചവരോടുള്ള ക്രിയാത്മക സമീപനം വരച്ചുകാട്ടുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക: "പ്രവാചകരേ, താങ്കള്‍ വളരെ സൌമ്യശീലനായത് അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. താങ്കള്‍ കഠിന ഹൃദയനായ പരുഷ പ്രകൃതനായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞു പോയത് തന്നെ. അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക. എന്നിട്ട് താങ്കള്‍ ഒരു കാര്യത്തില്‍ ദൃഢനിശ്ചയമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹു അവനില്‍ ഭരമേല്‍പിച്ചു പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ആലുഇംറാന്‍ 159).
ഹിജ്റ മൂന്നാം വര്‍ഷത്തില്‍ നടന്ന ഉഹുദ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൂക്തത്തിന്റെ അവതരണം. തുടക്കത്തില്‍ വിജയത്തിലേക്ക് കുതിച്ച മുസ്ലിംകള്‍ അപ്രതീക്ഷിതമായുണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് കടുത്ത പരീക്ഷണത്തിലകപ്പെടുകയായിരുന്നു. കുന്നിന്‍ മുകളില്‍ നബിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നിലയുറപ്പിച്ച അമ്പത് അമ്പെയ്ത്തുകാരില്‍ നാല്‍പത് പേരും ആ നിര്‍ദേശം ലംഘിച്ച് താഴെ ഇറങ്ങുകയും പരാജയത്തിലേക്ക് നീങ്ങുന്ന ശത്രുസേനയുടെ യുദ്ധമുതലുകള്‍ വാരിക്കൂട്ടാന്‍ ധൃതി കാണിക്കുകയും ചെയ്തതോടെയാണ് ഉഹുദ് യുദ്ധത്തിന്റെ ഗതി തകിടം മറിയാന്‍ തുടങ്ങിയത്.
അന്ന് ശത്രുപക്ഷത്തായിരുന്ന തന്ത്രജ്ഞനായ ഖാലിദ് ഈ തക്കം നോക്കി മുസ്ലിംകളെ പിന്‍വശത്ത് കൂടെ ആക്രമിച്ചു. അന്ധാളിച്ചുപോയ മുസ്ലിം സൈന്യം ചിന്നിച്ചിതറി. ഹസ്രത്ത് ഹംസയടക്കം പ്രഗത്ഭരായ ഒട്ടേറെ സ്വഹാബികള്‍ രക്തസാക്ഷികളായി. നബിയുടെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുന്‍പല്ലുകളില്‍ ചിലത് നഷ്ടപ്പെടുകയും ചെയ്തു. മുസ്ലിംകള്‍ പരാജയപ്പെട്ടില്ലെങ്കിലും കനത്ത നഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉഹുദ് യുദ്ധത്തിനു ശേഷം അവതരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ സ്വാഭാവികമായും കടുത്ത ആക്ഷേപശകാരങ്ങള്‍ അടങ്ങിയിരിക്കുമെന്ന് വല്ലവരും ഊഹിച്ചുപോയാല്‍ അത് തെറ്റാണെന്ന് പറയാനാവില്ല. പക്ഷേ, അങ്ങനെയൊന്നുണ്ടായോ? ഇല്ല. മുമ്പും പിമ്പും നിറഞ്ഞ ആത്മാര്‍ഥതയോടെ ഇസ്ലാമിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാചകന്റെ അനുയായികളെ ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരില്‍- അതെത്ര തന്നെ വലുതായാലും ശരി- പിടികൂടാനും ക്രൂശിക്കാനും ഖുര്‍ആന്‍ തുനിഞ്ഞില്ല. നേരെ മറിച്ച്, ശകാരത്തിന്റെയും ഭര്‍ത്സനത്തിന്റെയും ശൈലി ഒഴിവാക്കിക്കൊണ്ട് സ്വഹാബികളോട് മൃദുല സമീപനം സ്വീകരിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ടു പോകാന്‍ അവരെ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്. വന്നുപോയ പാളിച്ചകള്‍ മാപ്പാക്കി കൊടുക്കാനും അവരുടെ മോക്ഷത്തിനുവേണ്ടി പ്രാര്‍ഥിക്കാനും കൂടിയാലോചനകളില്‍ അവരെ കൂടി പങ്കാളികളാക്കാനും പ്രവാചകനോട് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ എത്ര ഉദാത്തമായ നിലപാടാണ് സ്വീകരിച്ചത്! തെറ്റ് ചെയ്തവരോട് പോസിറ്റീവായ പെരുമാറ്റമാണ് വേണ്ടതെന്ന സന്ദേശമാണ് ഖുര്‍ആന്‍ പകര്‍ന്നുതരുന്നത്.
നബിയുടെ കോടതിയിലെത്തുകയും വ്യവസ്ഥ പ്രകാരം തെളിയിക്കപ്പെടുകയും ചെയ്ത കുറ്റകൃത്യങ്ങളില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ നടപ്പാക്കിയിരുന്നു. അങ്ങനെ കോടതിയില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനല്‍ കുറ്റങ്ങള്‍ തുലോം കുറവാണെന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ എത്രയോ കേസുകള്‍ പുറത്ത് വെച്ച് പരിഹരിക്കുകയും ബോധവത്കരണത്തിലൂടെ അവരെ ഇസ്ലാമിന്റെ മുഖ്യധാരയില്‍ കൊണ്ടുവരികയും ചെയ്തുകൊണ്ട് പ്രശ്നങ്ങളുടെ നേരെ ബുദ്ധിപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിച്ചതിന് നബിയില്‍ നിന്ന് അനവധി മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസ് കാണുക: "അനസ്(റ) പറയുന്നു. ഞാന്‍ പ്രവാചകന്റെ കൂടെയായിരുന്നു. അപ്പോള്‍ ഒരാള്‍ കടന്നുവന്ന് പറഞ്ഞു. ഞാന്‍ ഒരു തെറ്റ് ചെയ്തുപോയി. അതിന്റെ ശിക്ഷ നടപ്പാക്കിയാലും. അനസ് പറഞ്ഞു: നബി അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും നമസ്കാര സമയമായി. നബിയോടൊപ്പം അയാള്‍ നമസ്കാരം നിര്‍വഹിച്ചു. നമസ്കാരശേഷം ആ മനുഷ്യന്‍ വീണ്ടും നബിയെ സമീപിച്ചു. തെറ്റ് ചെയ്തവനാണ്, ഖുര്‍ആനനുസരിച്ച ശിക്ഷാവിധി നടപ്പിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നബി(സ) ചോദിച്ചു. താങ്കള്‍ ഞങ്ങളോടൊപ്പം നമസ്കാരത്തില്‍ പങ്കെടുത്തുവോ? അതെ, അദ്ദേഹം മറുപടി പറഞ്ഞു. ഉടനെ നബി തിരുമേനിയുടെ പ്രതികരണമിങ്ങനെയായിരുന്നു. നിശ്ചയം അല്ലാഹു താങ്കളുടെ പാപം പൊറുത്തുതന്നിരിക്കുന്നു.''
കുറ്റം ഏറ്റു പറഞ്ഞിട്ടുകൂടി അത് പരസ്യമാക്കാനോ ശിക്ഷാ നടപടികള്‍ പ്രയോഗത്തില്‍ വരുത്താനോ മുതിരാതെ മനഃശാസ്ത്ര സമീപനം സ്വീകരിച്ചുകൊണ്ട് പരാമൃഷ്ട വ്യക്തിയെ പ്രവാചകന്‍ ആശ്വസിപ്പിക്കുകയും അയാളുടെ മുമ്പില്‍ പ്രത്യാശയുടെ കവാടം തുറന്നുവെക്കുകയും ചെയ്യുന്നു. മഹാ മനസ്കതയുടെ ഈ മനോഹര രീതിശാസ്ത്രം കാണിച്ചുതന്ന നബിയുടെ മാതൃക പിന്‍പറ്റാന്‍ മുസ്ലിം സമുദ്ധാര പ്രവര്‍ത്തകരില്‍ എല്ലാവര്‍ക്കും കഴിയുന്നുണ്ടോ?
Comments