Prabodhanm Weekly

Pages

Search

2012 മെയ് 26

പാണ്ടന്‍ നായുടെ ശൌര്യം....

മുംബൈ നഗരത്തിലേക്ക് അഞ്ച് ലശ്കറെ ത്വയ്യിബ ഭീകരര്‍ നുഴഞ്ഞു കടന്നതായി അവരുടെ ഫോട്ടോകള്‍ സഹിതം ഇന്ത്യയുടെ അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ 'റോ' മെയ് 6ന് പുറപ്പെടുവിച്ച ജാഗ്രതാ സന്ദേശം കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അസംബന്ധങ്ങളിലൊന്നായി. റോ പുറത്തുവിട്ട വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട 'ഭീകരര്‍' ലാഹോറിലെ അനാര്‍ക്കലി മാര്‍ക്കറ്റിലെ ജൌളി വ്യപാരികളും സെക്യൂരിറ്റി ഗാര്‍ഡും മറ്റുമൊക്കെയാണെന്ന് തൊട്ടു പിറ്റേ ദിവസം പാക് മാധ്യമങ്ങള്‍ കണ്ടെത്തി. ഇവരിലാരും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യയില്‍ പോയിട്ടില്ലാത്തവരും ഒരുവിധ സംഘടനാ ബന്ധങ്ങളുമില്ലാത്ത സാധാരണ പൌരന്മാരുമാണെന്നും പാക് പത്രങ്ങള്‍ അവകാശപ്പെട്ടു. ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിന്റെ തലക്ക് ഒരു കോടി രൂപക്കു തുല്യമായ ഇനാം അമേരിക്ക പ്രഖ്യാപിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റണ്‍ വ്യക്തമാക്കിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു 'റോ' നാണക്കേടിന്റെ പുതിയ ചരിത്രം കുറിച്ചത്. മുംബൈ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദ് ആയിരുന്നുവെന്ന ഇന്ത്യയുടെ ആരോപണം അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഏറ്റുപിടിക്കുന്നതിന്റെ ഭാഗമായാണ് സഈദിന്റെ തലക്ക് അമേരിക്കന്‍ കുറ്റാന്വേഷകര്‍ വിലയിട്ടതെന്നാണ് പൊതുവെ ഉണ്ടായ വിലയിരുത്തല്‍. അമേരിക്കന്‍ പൌരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയാണ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചതെന്ന ആരോപണം ഒതുക്കാനും ശ്രദ്ധ പാകിസ്താനിലേക്കും ഹാഫിസ് സഈദിലേക്കും വഴിതിരിച്ചു വിടാനുമുള്ള അവസരമായിട്ടു പോലും യു.എസ് പിന്തിരിഞ്ഞത് അസാധാരണമായിരുന്നു. തൊട്ടുപിന്നാലെ വെറും സാധാരണക്കാരായ അഞ്ച് പാകിസ്താനികളെ ഭീകരരെന്ന് വിശേഷിപ്പിച്ച് അവരുടെ ഫോട്ടോ പത്രങ്ങളില്‍ അച്ചടിക്കാന്‍ നല്‍കിയ 'റോ' പാകിസ്താനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് സമ്മതിച്ചു കൊടുക്കേണ്ട ദയനീയതയും വന്നുഭവിച്ചു.
യഥാര്‍ഥത്തില്‍ മെയ് 5-ന്റെ ഈ ജാഗ്രതാ കുറിപ്പിന് അസാധാരണമായ ചില സവിശേഷതകളുണ്ടായിരുന്നു. കുറ്റാന്വേഷണ ചരിത്രത്തില്‍ ഇതാദ്യമായി അഞ്ച് പാകിസ്താനികളുടെ ഫോട്ടോ മുന്‍കൂറായി പ്രസിദ്ധീകരിക്കാന്‍ നല്‍കിയതുകൊണ്ടു മാത്രമാണ് 'റോ' വെട്ടിലായത്. 'മുട്ടിന്റെ മുകളില്‍ വെച്ചെഴുതി' കൊടുക്കുന്ന ഇത്തരം ജാഗ്രതാ മുന്നറിയിപ്പുകളില്‍ സാധാരണയായി ഊരും പേരും നാളും ജാതകവുമൊന്നും ഉണ്ടാവാറില്ല. ഭൂമിയുടെ മുകളില്‍ നടക്കുന്ന ഏത് സംഭവത്തെ കുറിച്ചും പിന്നീട് വ്യാഖ്യാനിച്ചൊപ്പിക്കാവുന്ന 'പക്ഷിശാസ്ത്ര'ക്കാരുടെ മാതൃകയിലുള്ള മുന്നറിയിപ്പുകളാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘങ്ങള്‍ കഴിഞ്ഞ എത്രയോ കാലമായി നല്‍കിപ്പോരുന്നത്. ഏതാണ്ട് മൂന്നു ഡസനോളമെത്തിയ ഇന്ത്യന്‍ ഭീകരാക്രമണങ്ങളില്‍ ഒന്നുപോലും ഈ സംഘടനകള്‍ കൃത്യമായി പ്രവചിച്ചതിന് തെളിവില്ല. റിപ്പബ്ളിക് ദിനങ്ങളോടനുബന്ധിച്ച് ഒരു ചടങ്ങുപോലെ കേട്ടുവരുന്നതാണ് ഭീകരാക്രമണ മുന്നറിയിപ്പ്. അവ ഒരിക്കല്‍ പോലും സത്യമായിട്ടില്ല. നടന്ന ഭീകരാക്രമണങ്ങളാവട്ടെ ഇവര്‍ ഒരിക്കലും കൃത്യമായി പ്രവചിച്ചതിനും തെളിവില്ല. മുമ്പെപ്പോഴെങ്കിലും ഒരവസരത്തില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കടന്ന 'ഭീകരരുടെ' ചിത്രം ചാരവൃത്തിയിലൂടെ ശേഖരിച്ച് പ്രസിദ്ധീകരിച്ചതിനും തെളിവില്ല. കൃത്യമായ പേരുപോലും 'ഭീകരന്' സാധാരണ ഉണ്ടാവാറില്ല. ഇന്ത്യയിലെയോ പാകിസ്താനിലെയോ പൊതുസമൂഹത്തില്‍ കണ്ടുവരാത്ത 'അബൂ' എന്നു ചേര്‍ത്തുള്ള അറേബ്യന്‍ വിളിപ്പേരുകളാണ് സാധാരണയായി ഭീകരരുടെ കാര്യത്തില്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ സംഘടനകള്‍ ഉപയോഗിച്ചുവരുന്നത്. ഇസ്രയേലില്‍ നിന്നു കിട്ടുന്ന ട്രെയിനിംഗിന്റെ കുഴപ്പമായിരിക്കണം ഇത്. പക്ഷേ തമാശ അതല്ല, ഇക്കൂട്ടത്തിലെ ഒറ്റ 'അബു'വിനെ പോലും അര്‍ധരാത്രിയില്‍ പോലീസുമായി 'ഏറ്റുമുട്ടി' മരിച്ചവരുടെ കൂട്ടത്തിലല്ലാതെ കോടതി മുറികളില്‍ പോലും നാം പച്ചക്കു കാണാനിട വരാറില്ല. ചത്തവനെ എന്ത് പേരിട്ടാലും ആര്‍ക്കു ചേതം? അബു എന്നോ 'വല്ല്യബു' എന്നോ ഒക്കെ തരംപോലെ വിളിക്കാമല്ലോ. അതേസമയം ജീവനുള്ളവരുടെ കാര്യത്തില്‍ ഊരും പേരും സഹിതം ഇതാദ്യമായി മിടുക്കു തെളിയിക്കാനിറങ്ങിയ 'റോ' എട്ടുനിലയിലാണ് അമ്പിയമര്‍ന്നത്.
ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 'പാണ്ടന്‍ നായുടെ ശൌര്യം' പൊതുജനത്തിനിടയില്‍ പണ്ടേപ്പോലെ ഫലിക്കാത്തതു കൊണ്ടാണ് ഫോട്ടോ പ്രസിദ്ധീകരണ നാടകം അരങ്ങേറിയതെന്ന് വ്യക്തം. ജനങ്ങളെ കൊടുംഭീതിയിലാഴ്ത്തുക എന്ന ഭരണകൂടത്തിന്റെ കൃത്യമായ അജണ്ട തന്നെയായിരുന്നു ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. കേട്ടതുപാതി കേള്‍ക്കാത്തതു പാതി, കേരളത്തിലേതടക്കമുള്ള മാധ്യമങ്ങള്‍ ഭീകരരെ കുറിച്ച ഭാവനാ വിലാസങ്ങളുമായി ചാടി വീണു. സി.പി.ഐയുടെ ജനയുഗം പത്രം ജന്മഭൂമിയെ നാണിപ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍ ദിവസങ്ങളോളം മുസ്ലിംവിരുദ്ധ നുണക്കഥകള്‍ പൊലിപ്പിച്ചു നിര്‍ത്തിയത്. അഞ്ചംഗ പാക് സംഘത്തെ നയിക്കാനായി ചുണ്ടിന് പ്ളാസ്റിക് സര്‍ജറി നടത്തി വേഷം മാറിയ മലയാളി 'ഭീകരന്‍' സി.എ.എം ബശീറും മുംബൈ നഗരത്തിലുണ്ടെന്നായിരുന്നു ജനയുഗത്തിന്റെ കണ്ടെത്തല്‍. ജനയുഗം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്റെ നാലു ദിവസം മുമ്പെങ്കിലും തങ്ങള്‍ക്ക് അക്കിടി പറ്റിയ കാര്യം 'റോ' സമ്മതിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ദിവസങ്ങളോളം പാഷാണം തേച്ചുവെച്ച് പുളിപ്പിച്ചാണ് കമ്യൂണിസ്റുകാരുടെ പത്രം ഈ നുണക്കഥ പൊതുജനത്തിന് വിളമ്പിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം