Prabodhanm Weekly

Pages

Search

2012 മെയ് 26

പ്രസ്ഥാനം എന്ന പദത്തിന്റെ അര്‍ഥഭാവങ്ങള്‍

പ്രസ്ഥാനം ഖുര്‍റം മുറാദ്

'വിപ്ളവം' എന്നത് ഒരാധുനിക ശബ്ദമാണ്; മുമ്പും ഈ പദത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആ ചര്‍ച്ചകള്‍ സജീവമായി വരികയാണ്. അതിന്റെ പ്രയോഗം തെറ്റോ ശരിയോ എന്നതാണ് ചര്‍ച്ചയുടെ മര്‍മം. വിപ്ളവമെന്നു കേള്‍ക്കുന്ന മാത്രയില്‍ ജനങ്ങളുടെ മനസില്‍ ഓടിയെത്തുന്നത് ഫ്രഞ്ച് വിപ്ളവവും റഷ്യന്‍ വിപ്ളവവുമൊക്കെയായതിനാല്‍ ആ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് അവരതിനെ അളക്കുന്നത്. പക്ഷേ നാം വിപ്ളവമെന്നു പറയുമ്പോള്‍ നമ്മുടെ മുന്നിലുള്ളതിത്ര മാത്രമാണ്: മനുഷ്യ ജീവിതത്തിന്റെ സകല അടിസ്ഥാനങ്ങളും, അതിന്റെ ചായ്വും ദിശയും, ഖിബ്ലയും, അതിന്റെ മുഴു ചട്ടക്കൂടു തന്നെയും മാറ്റി മറിക്കുന്ന ഒന്ന്. വിപ്ളവമെന്നാല്‍ ഏറ്റുമുട്ടലുകളും രക്തം ചിന്തലും മാത്രമല്ല. കൂടാതെ കഴിയില്ലെങ്കില്‍ അവയും വിപ്ളവത്തിന്റെ ഭാഗമായിട്ടുണ്ടാവും എന്നു മാത്രം.
ഈയൊരു ലക്ഷ്യത്തിന് ചില വശങ്ങള്‍ കൂടിയുണ്ട്. ഖുര്‍ആന്‍ അതിനെ ഭിന്ന പദങ്ങളാല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അവ ഇതേ ലക്ഷ്യത്തിന്റെ വ്യത്യസ്ത വശങ്ങളിലേക്ക് വെളിച്ചം വീശുന്നു; അല്ലെങ്കില്‍ പുതിയൊരു രീതിയില്‍ അവതരിപ്പിക്കുന്നു; അതല്ലെങ്കില്‍ ഏതെങ്കിലുമൊരു വശത്തെ പ്രത്യേകമായി ഊന്നുന്നു.
ഖുര്‍ആന്‍ 'ബലാഗ്', 'ദഅ്വത്ത്' എന്നീ പദങ്ങളാണ് ഈ ആശയം പ്രകാശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. സന്ദേശമെത്തിക്കലിലും പ്രബോധനത്തിലും എന്തെങ്കിലും ചെയ്തു കാണിക്കുക എന്നതുള്‍പ്പെടുന്നില്ല എന്നു വ്യക്തമാണ്. മറിച്ച് അടിസ്ഥാന പ്രബോധനമെത്തിക്കുക എന്നതാണിതില്‍ പ്രധാനമായിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: "സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല'' (യാസീന്‍ 17).
ചില സന്ദര്‍ഭങ്ങളില്‍ സന്ദേശമെത്തിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ സാധിക്കാത്ത അവസ്ഥ വന്നേക്കാം. എന്നാല്‍, സന്ദേശമെത്തിക്കുന്നതില്‍ കുറഞ്ഞ ഒരു വിഭാവന ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം സാധ്യമല്ല തന്നെ.
ഏതെങ്കിലും ഒരിസ്ലാമിക പ്രസ്ഥാനം സന്ദേശമെത്തിക്കുക എന്ന ഉത്തരവാദിത്തം തന്നെ നിര്‍വഹിക്കുന്നില്ലെങ്കില്‍, അത് ഇസ്ലാമിക പ്രസ്ഥാനമെന്ന പേരിന് അര്‍ഹമല്ല തന്നെ. വിശാല ലക്ഷ്യത്തിന്റെ ഒരു വശമായ ഈ ഉത്തരവാദിത്തം പ്രവാചകത്വത്തിന്റെ പ്രഥമവും പ്രധാനവുമായ ബാധ്യതയാണ്. സന്ദേശമെത്തിയാല്‍ ജനങ്ങളറിയും; അംഗീകരിക്കും; അവര്‍ കൂടെ വരികയും ചെയ്യും. തുടര്‍ന്ന് മറ്റ് ഘട്ടങ്ങളും പിന്നിടാന്‍ സാധിക്കും. അതിനാല്‍ ആദ്യ ചുവട് സന്ദേശമെത്തിക്കുക എന്നതാണ്. ഖുര്‍ആന്‍ അതിങ്ങനെ സൂചിപ്പിക്കുന്നു: "നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ച് കൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൌത്യം നിറവേറ്റാത്തവനായിത്തീരും'' (അല്‍മാഇദ 67).
ദീന്‍ സ്ഥാപിച്ചു നിലനിര്‍ത്തുക, ദീനിന് മേധാവിത്വം കൈവരുക, അല്ലാഹുവിന്റെ വാക്യം ഉന്നതമാവുക, ഇസ്ലാമിക ഭരണക്രമം സ്ഥാപിതമാവുക തുടങ്ങി നാം കൂടെക്കൂടെ പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്ന അടയാള വാക്യങ്ങള്‍ ഇതേ പ്രബോധനത്തിന്റെ ഭിന്നരീതിയിലുള്ള പ്രകാശനങ്ങളാണ്.
ഇവയിലൊന്നു പോലും സ്വന്തം നിലക്ക് ലക്ഷ്യങ്ങളല്ല. പ്രബോധനത്തിന്റെ ആവിഷ്കാരത്തിനും പ്രയോഗവല്‍ക്കരണത്തിനും അവ അത്യന്താപേക്ഷിതവുമാണ്. ഒരുകാര്യം ഓര്‍മയിലുണ്ടാവണം. നമ്മുടെ പ്രബോധനത്തിന്റെ ഒരു വശം അല്ലാഹുവിനുള്ള അടിമത്തം സംസ്ഥാപിക്കുക എന്നതാവുമ്പോള്‍ അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഫലമാണ് മനുഷ്യജീവിതം നീതിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാവുക എന്നത്. ജിഹാദും മറ്റെല്ലാ അധ്വാന പരിശ്രമങ്ങളും ഈയൊരു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണ്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്: "നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍ നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധന ശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച'' (അല്‍ഹദീദ് 25).
ഈ വിഷയങ്ങളെല്ലാം ഒന്നിച്ചു ചേര്‍ത്ത് 'സത്യസാക്ഷ്യം' (ശഹാദത്തെ ഹഖ്) എന്ന ഒറ്റ പദത്തില്‍ ഖുര്‍ആന്‍ വിശദീകരിച്ചിരിക്കുന്നു: "നിങ്ങള്‍ ലോക ജനതക്ക് സാക്ഷികളാകാന്‍'' (അല്‍ബഖറ 143).
ഇതുതന്നെയാണ് ഈ സമുദായത്തിന്റെ നിയോഗലക്ഷ്യം.
വിജയിച്ചാലും ഇല്ലെങ്കിലും, ഒരാള്‍ എല്ലാ വഴികളും ലഭ്യമായ സമയവുമൊക്കെ ഉപയോഗപ്പെടുത്തി എത്രത്തോളം ചെയ്യാന്‍ സാധിക്കുമോ അത്രത്തോളം അല്ലാഹുവിന്റെ ദീനിന്റെ സാക്ഷ്യനിര്‍വഹണമാകുന്ന ഉത്തരവാദിത്തം നിര്‍ബന്ധമായും നിര്‍വഹിക്കേണ്ടതുണ്ട്.
ഇവിടെയൊരു ചോദ്യം ഉത്ഭവിക്കുന്നു. ഖുര്‍ആനില്‍ ഇപ്പറഞ്ഞ പദങ്ങളെല്ലാം ഉണ്ടായിരിക്കെ 'പ്രസ്ഥാനം' എന്ന പദം തന്നെ നാം നിശ്ചയിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ട കാര്യമെന്തായിരുന്നു? അതിനെതിരെ ആളുകള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അത്തരമൊരു വിമര്‍ശനത്തിന് എന്തു മറുപടിയാണ് നാം നല്‍കുക?
ഒന്നാമത്തെ കാര്യം, ഉപയോഗാധിക്യത്തിനും കാലപ്പഴക്കത്തിനുമനുസരിച്ച് പദങ്ങള്‍ക്ക് അര്‍ഥലോപം സംഭവിച്ചു കൊണ്ടിരിക്കുമെന്നുള്ളതാണ്. ഒരു കാലത്ത് വിപ്ളവകരമായ പ്രബോധനത്തിന്റെ സിദ്ധാന്ത വാക്യങ്ങളായിരുന്ന ഈമാന്‍, ഇസ്ലാം, ജിഹാദ് തുടങ്ങിയ പദങ്ങളെ അത്രത്തോളം വിപ്ളവാത്മകതയോടെയല്ല പില്‍ക്കാലക്കാര്‍ കണ്ടത്.
'പ്രസ്ഥാനം' എന്ന പദത്തിനും ഇതേ ഗതി തന്നെയാണ് വന്നു ഭവിച്ചുകൊണ്ടിരിക്കുന്നത്. നാം പ്രസ്ഥാനത്തില്‍ നിര്‍ജീവത ചര്‍ച്ച ചെയ്യാറുണ്ട്; 'നിഷ്ക്രിയ പ്രവര്‍ത്തകന്‍' എന്നു പറയാറുണ്ട്. എന്നാല്‍ 'പ്രസ്ഥാനം' എന്ന പദം ദ്യോതിപ്പിക്കുന്ന അര്‍ഥത്തിന് നേര്‍വിപരീതമാണ് ഇവയെല്ലാം. അതുപോലെ നാം ജൃമരശേരശിഴ ങൌഹെശാ എന്നുപയോഗിക്കാറുണ്ട്. എന്നാല്‍ മുസ്ലിം എന്ന പദത്തിന്റെ അര്‍ഥം തന്നെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനും നിര്‍ദേശങ്ങള്‍ പിന്‍പറ്റുന്നവനും എന്നാണല്ലോ! കാര്‍കുന്‍ എന്നതിന്റെ അര്‍ഥം തന്നെ പ്രവര്‍ത്തിക്കുന്നവനെന്നാണ്. എന്നാല്‍ 'നിഷ്ക്രിയ പ്രവര്‍ത്തകന്‍' എന്ന പദം നമ്മുടെ പദാവലിയില്‍ ഇടം പിടിച്ചിട്ടുണ്ട്; അല്ലെങ്കില്‍ ഒരു സാങ്കേതിക ശബ്ദമായി മാറിയിരിക്കുന്നു. 'പ്രസ്ഥാനം' എന്നതിന്റെ അര്‍ഥം തന്നെ ചലനമെന്നാണ്. അവിടെ നിര്‍ജീവതയുടെ പ്രശ്നം തന്നെ ഉത്ഭവിക്കുന്നില്ല. ഇതേ ഗതിയാണ് നേരത്തെപ്പറഞ്ഞ പദങ്ങള്‍ക്കും സംഭവിച്ചത്. അതുകൊണ്ടാണ് ഒരു പുതിയ പദം ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരായതും.
പുതിയ പദങ്ങള്‍ പരിചയപ്പെടുത്തല്‍ മുസ്ലിം ചരിത്രത്തില്‍ പുതുമയുള്ള കാര്യമല്ല. തങ്ങളുദ്ദേശിക്കുന്ന കാര്യം പറഞ്ഞു മനസിലാക്കുന്നതിനു എപ്പോഴെല്ലാം അതനിവാര്യമായി വന്നുവോ അപ്പോഴൊക്കെ അഭിസംബോധിതരുടെ ഗ്രാഹ്യനിലക്കും പദവ്യാപ്തിക്കുമനുസരിച്ച് പുതിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ അവരൊട്ടും മടിച്ചിരുന്നില്ല. അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്, അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് വേണ്ടി പ്രവാചകന്മാരെ അവരുടെ സമൂഹത്തിന്റെ തന്നെ ഭാഷയില്‍ നിയോഗിച്ചു എന്നാണ്: "നാം നിയോഗിച്ച ഒരു ദൂതനും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചു കൊടുക്കാനാണ് അങ്ങനെ ചെയ്തത്'' (ഇബ്റാഹീം 4).
അതായത്, നാം ഏതു ജനതയില്‍, ഏത് സമൂഹത്തില്‍, ഏത് യുഗത്തില്‍ നിന്നാണോ സംസാരിക്കുന്നത്, അവരുടെ അതേ ഭാഷയും ശൈലിയുമാണ് അവര്‍ക്ക് കാര്യം ഏറ്റവും നന്നായി മനസിലാക്കാന്‍ പ്രയോജനപ്പെടുക.
മുസ്ലിംകള്‍ ഇറാനില്‍ കടന്നുചെന്നപ്പോള്‍ അവിടെ 'അല്ലാഹു' എന്നതിനോടൊപ്പം 'ഖുദാ' എന്ന പദവും ഉപയോഗത്തിലുണ്ടായിരുന്നു. അവര്‍ 'അല്ലാഹു' എന്നേ ഉപയോഗിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചില്ലെന്ന് മാത്രമല്ല 'ഖുദാ' എന്ന പദം സ്വീകരിക്കുകയും 'അല്ലാഹു' എന്ന പദത്തില്‍ അന്തര്‍ലീനമായ എല്ലാ അര്‍ഥങ്ങളും ആ പദത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. 'സ്വലാത്ത്' എന്നതിന് 'നമാസ്' എന്ന പദമായിരുന്നു ഇറാനികള്‍ ഉപയോഗിച്ചിരുന്നത്. അവര്‍ ആ പദം സ്വീകരിക്കുകയും സ്വലാത്തിന്റെ വിവക്ഷകള്‍ അതിന് കല്‍പിച്ചു നല്‍കുകയും ചെയ്തു. ഇതേ പോലെ വ്യത്യസ്ത ഘട്ടങ്ങളില്‍ സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് 'ശരീഅത്ത്', 'തസവ്വുഫ്', 'ഫിഖ്ഹ്' മുതലായ പദങ്ങളും ഉപയോഗത്തില്‍ വന്നു. ഈ സംജ്ഞകളൊന്നും ഖുര്‍ആനിലോ സുന്നത്തിലോ കാണാന്‍ സാധിക്കില്ലെങ്കിലും നമ്മുടെ സന്ദേശം വ്യാപിക്കുവാനും അതിന് പ്രചാരം സിദ്ധിക്കുവാനും നാം ഈ ശബ്ദങ്ങള്‍ അവതരിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയാണുണ്ടായത്.
വര്‍ത്തമാന കാലഘട്ടത്തില്‍ ഇസ്ലാമിനെ പൂര്‍ണമായി പ്രകാശിപ്പിക്കുന്നതിനായിട്ടാണ് നാം 'പ്രസ്ഥാനം' എന്ന സംജ്ഞ തെരഞ്ഞെടുത്തത്. അതിന് മുന്‍ മാതൃകകള്‍ ഉണ്ടുതാനും. ഈ ഒരു പദം കാരണമായി യഥാര്‍ഥ സാങ്കേതിക പദങ്ങള്‍ നമുക്ക് അന്യമായിക്കൂടാ എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം. ആയതിനാല്‍ ഈമാന്‍, ജിഹാദ്, ശഹാദത്തെ ഹഖ്, ദഅ്വത്ത് തുടങ്ങിയ ശബ്ദങ്ങളും പ്രസ്ഥാനത്തിനകത്ത് തന്നെ വേണം. അങ്ങനെ, 'പ്രസ്ഥാനം' എന്ന പദം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ഗ്രഹിച്ചെടുക്കാവുന്ന അതേ അര്‍ഥങ്ങള്‍ വഹിച്ചുകൊണ്ട് നില്‍ക്കുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം