കെട്ടടങ്ങാത്ത പകയുടെ നാട്ട് കോടതികള്‍
കൂത്തുപറമ്പില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ആയിത്തറയിലെ മലഞ്ചെരുവില്‍ 2001 ജനുവരിയില്‍ ഒരു രാഷ്ട്രീയ ക്യാമ്പ് സന്ദര്‍ശിച്ച അനുഭവം ഓര്‍ത്തുപോവുകയാണ്. ബി.ജെ.പി/സി.പി.എം സ്കോറിംഗ് കൊലവിളി നടക്കുന്ന ഭീകരമായ അന്തരീക്ഷത്തിലാണ് സി.പി.എം നടത്തിയ രഹസ്യ ക്യാമ്പ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. കൂത്തുപറമ്പിലെ ഏരിയാ കമ്മിറ്റി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ച് അവര്‍ നിശ്ചയിച്ചത് പ്രകാരമുള്ള സമയത്തും സന്ദര്‍ഭത്തിലും മാത്രമേ എനിക്ക് ക്യാമ്പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അസുഖകരമായ ഒരു കാഴ്ചയും ഒരു മിനി ഓഡിറ്റോറിയത്തിന്റെ പത്രാസില്‍ പടുത്തുയര്‍ത്തിയ ഈ ഓലഷെഡ്ഡിനുള്ളില്‍ കാണാനായില്ല.
പക്ഷേ, ബൊളീവിയന്‍ ഒളിപ്പോര്‍ യുദ്ധത്തിന്റെ ആവേശമായ ചെ ഗുവേരയെ മാതൃകയാക്കുന്ന ഒന്നായിരുന്നു ഒരു മാസം നീണ്ടുനിന്ന ഈ ക്യാമ്പിന്റെ അജണ്ട. ഇ.പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലമാണത്. അദ്ദേഹം തന്നെയാണ് ഈ ക്യാമ്പിന് മുന്‍കൈ എടുത്തതും. പിണറായി വിജയനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ആയുധ പരിശീലനത്തിനാണ് ക്യാമ്പ് തുടങ്ങിയതെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചു. പക്ഷേ, നാട്ടിലെ കുടുംബങ്ങളെ 'തെമ്മാടികളില്‍ നിന്ന് രക്ഷിക്കാനുള്ള' ആത്മവിശ്വാസം പകരാനുള്ളതാണ് ക്യാമ്പെന്ന് വിശദീകരിച്ചു. പിണറായി വിജയന്റെ ഉദ്ഘാടനപ്രസംഗം അങ്ങനെയായിരുന്നു.
ഏതാണ്ട് ഇതേരീതിയില്‍ ഇതേഗ്രാമത്തില്‍ 'ഹെഡ്ഗെവാറിന്റെ' നാമകരണത്തില്‍ സംഘ്പരിവാറും ചില ക്യാമ്പുകളില്‍ യുവാക്കളെ ഒരുക്കി. രണ്ടിനും മധ്യേ പോലീസ് കാവലിരുന്നു. വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ളവര്‍ ഈ ഗ്രാമത്തിന്റെ സമാധാനം വീണ്ടെടുക്കാന്‍ രംഗത്തിറങ്ങിയിട്ടും പാര്‍ട്ടികള്‍ എഴുതി വെച്ച പട്ടികയനുസരിച്ച് തന്നെ ഇവിടെ മൃതശരീരങ്ങള്‍ കുഴിമാടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ഇത്തരം ക്യാമ്പുകള്‍ പകര്‍ന്നുനല്‍കുന്ന 'ആത്മവിശ്വാസം' ഏതു രൂപത്തിലുള്ളതാണെന്ന് പരസ്പരം വാളോങ്ങി നില്‍ക്കുന്ന ഒരു പശ്ചാത്തലത്തില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
വായിക്കുന്നത് സ്വയം എഴുതിയ
കൊലജാതകം
അവനവന്റെ ജാതകം തന്നെയാണ് മഷിനോക്കുന്നത്. നേതാക്കള്‍ എഴുതി വെച്ച 'കൊലജാതക'മാണിത്. ബോംബ് നിര്‍മിച്ച് സ്റോക്ക് ചെയ്യുകയല്ല, സംഘര്‍ഷമുണ്ടാവുമ്പോള്‍ പരിപ്പ്വട പോലെ ബോംബ് നിര്‍മിക്കാന്‍ പരിശീലിപ്പിച്ചവരാണ് നേതാക്കള്‍. അവര്‍ എഴുതി വെച്ച ഈ ജാതകപ്പൊരുത്തം അവരറിയാതെ 'ഭദ്രകാളികളായി' ആടുന്നുവെന്ന് മാത്രം. ആരാണ് കൊന്നത്, എന്തിനാണ് ചെയ്തത് എന്നെല്ലാം വെറുതെ ഉത്കണ്ഠപ്പെടുന്നുവെന്നല്ലാതെ യാഥാര്‍ഥ്യം ദൈവത്തിനു മാത്രമല്ല, ഇവരില്‍ ചിലര്‍ക്കും അറിയാം.
തലയോട്ടി നെറുകെ പിളര്‍ത്ത് മുഖം പോലും തിരിച്ചറിയാനാവാത്ത വിധം വികൃതമായ നിലയില്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തുമ്പോള്‍ വെറുമൊരു 'ക്വട്ടേഷന്‍' ആണോ നടപ്പിലായത്? പതിവ് രാഷ്ട്രീയ കൊലയില്‍നിന്ന് ഭിന്നമായി, ഭീകരമായ കൊലയാണിതെന്നാണ് ചില പത്രങ്ങള്‍ വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് പതിവ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചതെന്ന് പറയാനാവില്ല. ആരെയോ രക്ഷിക്കാനാണെന്ന് സംശയിച്ചാല്‍ തെറ്റ് പറയരുത്. കാരണം, കലിതുള്ളിയ രാഷ്ട്രീയ കൊലവിളികളില്‍ ഇതിലും അപ്പുറമുള്ളത് കണ്ടവരാണ് ജനം.
മുഖ്യധാരാ രാഷ്ട്രീയത്തിന് എന്തുമാവാം. ഏത് കാടന്‍ രീതിയും സ്വീകരിക്കാം. രാഷ്ട്രീയ കൊലപാതകങ്ങളുടെ മഹസ്സിര്‍ തയാറാക്കിയ പോലീസുകാരോട് ചോദിച്ചാലറിയാം, ഓരോ കൊലപാതകത്തിലെയും ഭീകരത എത്രമാത്രം നിഷ്ഠുരമാണെന്ന്. മുപ്പതും നാല്‍പതും വെട്ട് വെട്ടി പിടഞ്ഞു മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം വിജയാഹ്ളാദമായി ഒരുപിടി മണ്ണും മൃതദേഹത്തിന്റെ മുഖത്ത് വാരിയിടാന്‍ മാത്രം 'ഏകാഗ്ര'മായ കൃത്യമാണിതെന്ന് ചില കൊലയാളികളെ പാര്‍ട്ടികള്‍ പഠിപ്പിച്ചു. കൊല്ലുക മാത്രമല്ല, തലയറുത്ത് കിടങ്ങില്‍ പ്രദര്‍ശനത്തിനു വെച്ചവര്‍ വരെ ഉണ്ട് ഈ രാഷ്ട്രീയ ഭൂമികയില്‍!!
ക്വട്ടേഷന്‍ സംഘത്തിന് കൊന്ന് കൈയില്‍ കൊടുക്കുക മാത്രമേ ഉത്തരവാദിത്വമുള്ളൂ. ഇത്ര ഭീകരമായി കൊലചെയ്യാനൊന്നും അവര്‍ക്ക് നേരം വേണ്ടിയിരുന്നില്ല. കാരണം ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവര്‍ക്ക് ചന്ദ്രശേഖരനോട് വ്യക്തിപരമായി എന്തു വിരോധമാണുണ്ടാവുക? അവര്‍ ഏറ്റെടുക്കുന്നത് 'കൂലിപ്പണി' മാത്രമാണ്. അതിനാല്‍, കൊലചെയ്യുക എന്നതോടൊപ്പം, പരമാവധി വിരൂപമാക്കി കൊല്ലുക എന്ന തത്ത്വം അവരെ പഠിപ്പിച്ചത് മേലാളന്മാരാണ്. കെട്ടടങ്ങാത്ത പകയുടെ നാട്ട്കോടതി വിധിയാണീ കൊലയെന്ന് വ്യക്തം.
കൊലയുടെ രാഷ്ട്രീയം
ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നതിലും തര്‍ക്കമാണ്! സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയം പറയുമ്പോള്‍ പിണറായി വിജയന്‍ ദേഷ്യപ്പെടേണ്ടതില്ല. കൊലക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞാല്‍ ഉത്തരവാദി സി.പി.എം ആണെന്ന് സി.പി.എം സെക്രട്ടറി സംശയിക്കുന്നതെന്തിനാണ്? കൊലപാതക രാഷ്ട്രീയത്തിലെ 'ചതിക്കുഴി'കള്‍ അറിയുന്ന ആരും ഇതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണെന്ന് സംശയിക്കാതിരിക്കില്ല. മറഞ്ഞിരുന്ന് ചെയ്ത് അപരന്റെ ചുമലില്‍ പഴി ചാര്‍ത്തുന്ന ചതിപ്പയറ്റ് രാഷ്ട്രീയമാണ് കലാപരാഷ്ട്രീയത്തിന്റെ മുഖമുദ്ര. അപ്പോള്‍ കൊലയുടെ പിന്നിലല്ല, കൊലയുടെ പേരിലുള്ള രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് വരാം. ഏതാണ് ശരിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ.
പാര്‍ട്ടി വിട്ടവരെ ശാരീരികമായി ഉന്മൂലനം ചെയ്യാറില്ലെന്ന് എം.വി രാഘവനെയും ഗൌരിയമ്മയെയും ഉദാഹരിച്ച് പിണറായി വിജയന്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് കരുതാന്‍ മാത്രം ഐഡന്റിറ്റി ഈ മേഖലയില്‍ സി.പി.എമ്മിനുണ്ട്. കാരണം, സി.പി.എം ഇതുവരെയും കൊന്നവരില്‍ ഭൂരിഭാഗവും അവര്‍ തന്നെ 'ക്രിമിനല്‍' ചാപ്പ കുത്തിയവരായിരിക്കും. പരിയാരം മെഡിക്കല്‍ കോളേജ് വിവാദം പിരിമുറുകിയപ്പോള്‍ എം.വി രാഘവനെ ഡ്രാക്കുളയായി ചിത്രീകരിച്ച് വഴിയിലിറങ്ങാന്‍ പോലും വിടാതിരുന്ന കാലമുണ്ടായിരുന്നു. രാഘവന്‍ അന്ന് ഭരണത്തിന്റെ ഉരുക്ക് മുഷ്ടികൊണ്ട് അത് നേരിട്ടില്ലായിരുന്നുവെങ്കില്‍ കഥ വേറെയാവുമായിരുന്നു.
കൊന്നവനെ കോടതി ശിക്ഷിച്ചാലും ഇല്ലെങ്കിലും കൊല്ലുക എന്ന 'നീതി' നടപ്പിലാക്കാനുള്ളതാണെന്ന് ചിലരുടെ കാര്യത്തിലെങ്കിലും സി.പി.എം വിശ്വസിക്കുന്നു. കൊലപാതകം നേര്‍ക്കുനേരെ നടപ്പിലാക്കി അത് ന്യായീകരിക്കാന്‍ തൊലിക്കട്ടി കാണിക്കാറുള്ള പാര്‍ട്ടിയാണ് സി.പി.എം. ചീമേനി കൂട്ടക്കൊല കേസില്‍ കോടതി വെറുതെ വിട്ട അരഡസനോളം കോണ്‍ഗ്രസുകാരായ പ്രതികളെ പതിറ്റാണ്ട് നീണ്ടു നിന്ന നിരീക്ഷണത്തിലൂടെ ഒരോന്നായി കൊലചെയ്ത പാര്‍ട്ടിയാണിത്. തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ അവസാന ഉദാഹരണം പാര്‍ട്ടിയുടെ ഈ കോടതിവ്യവസ്ഥയെ തുറന്നുകാട്ടുന്നതായിരുന്നു.
കണ്ണൂരിലെ സ്കോറിംഗ് കൊലപാതകം നടന്നപ്പോഴെല്ലാം പകരത്തിന് പകരം ചെയ്യുക എന്നത് സി.പി.എമ്മിന്റെ മാത്രമല്ല, എല്ലാവരുടെയും രാഷ്ട്രീയ രീതിയാണ്. സി.പി.എമ്മും കോണ്‍ഗ്രസും സംഘ്പരിവാറും എല്ലാം ഇക്കാര്യത്തില്‍ നല്ല മെയ്വഴക്കം സിദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവരോടും വേണമെങ്കില്‍ പരസ്പരവും പോരാടാന്‍ ശീലിക്കുന്ന എസ്.ഡി.പി.ഐയും മുസ്ലിംലീഗും ഈ വഴിയില്‍ ചിലതൊക്കെ 'സമ്പാദി'ച്ചിട്ടുണ്ട്. കൊലപാതക പരിശീലന ക്യാമ്പുകളും ബോംബ് നിര്‍മാണവുമെല്ലാം പാര്‍ട്ടികളുടെ 'സിലബസ്' അനുസരിച്ച് നടപ്പിലാക്കുന്നേടത്ത് 'ക്വട്ടേഷന്‍' സംഘങ്ങള്‍ വെറുമൊരു ഉപകരണമാണ്. പിന്നെന്തിന് ക്വട്ടേഷന്‍ സംഘത്തെ മാത്രം പഴിപറയുന്നു?
ക്വട്ടേഷന്‍ രാഷ്ട്രീയം ഇതാദ്യമല്ല
ക്വട്ടേഷന്‍ നല്‍കി രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന ആദ്യ സംഭവമാണ് ചന്ദ്രശേഖരന്‍ വധമെന്ന് പറയാനാവില്ല. നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കെ. സുധാകരന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്ന കാലം അദ്ദേഹത്തിന്റെ അംബാസഡര്‍ കാര്‍ അപായപ്പെടുത്തുന്ന ഒരു റോഡപകടം കണ്ണൂരില്‍ ഉണ്ടായി. പക്ഷേ, സുധാകരന്‍ കാറിലുണ്ടായിരുന്നില്ല. പിന്നീട് ഇ.പി ജയരാജനെ തീവണ്ടിയാത്രക്കിടയില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ. സുധാകരനും എം.വി രാഘവനും ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായി. ഈ കേസില്‍ ചില രാഷ്ട്രീയ കൊലപാതക കേസിലെ മുന്‍ പ്രതികളുടെ പങ്ക് പുറത്തുവരികയുണ്ടായി.
കെ. സുധാകരന്റെ വലംകൈ ആയിരുന്ന മുന്‍ ഡി.സി.സി മെമ്പര്‍ പുഷ്പരാജ് സുധാകരനുമായി തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മിന്റെ പാളയത്തിലെത്തിയപ്പോഴും അദ്ദേഹം വധശ്രമത്തിനിരയായി. സുധാകരന്‍ കൊല്ലാന്‍ ശ്രമിച്ചെന്നും, സി.പി.എം വധശ്രമം നടത്തി സുധാകരനില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നു. ഏറ്റവും ഒടുവില്‍, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ച എ.പി അബ്ദുല്ലക്കുട്ടിക്കും വധഭീഷിണിയുണ്ടായി. പക്ഷേ, അബ്ദുല്ലക്കുട്ടിയെ അപായപ്പെടുത്താന്‍ വന്ന കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ വിവരം തെളിവ് സഹിതം പുറത്തുവിട്ടത് സി.പി.എം മുഖപത്രമാണ്.
കശ്മീര്‍ കേസ്
ഒരു ഫ്ളാഷ്ബാക്ക്
ക്വട്ടേഷന്‍ സംഘം രാഷ്ട്രീയ കൊല ചെയ്യുമ്പോള്‍ അത് രാഷ്ട്രീയ പുകമറയില്‍ മായ്ച്ചുകളയാന്‍ കഴിയും. എന്നാല്‍, ഇതേ ക്വട്ടേഷന്‍ സംഘങ്ങള്‍ സാമുദായിക പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ അന്താരാഷ്ട്ര ബന്ധമുള്ള അതിഭീകര പ്രസ്ഥാനമായി പ്രമോഷന്‍ നല്‍കുന്ന അന്വേഷണ നീതിശാസ്ത്രമാണ് ഇവിടെയുള്ളത്. തടിയന്റവിട നസീറുമായി ബന്ധപ്പെട്ട് വിപുലീകരിക്കപ്പെട്ട കശ്മീര്‍ തീവ്രവാദ കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പലരുടെയും ക്വട്ടേഷന്‍ ബന്ധവും പിന്നിലെ രാഷ്ട്രീയവും ഈ സന്ദര്‍ഭത്തില്‍ പരിശോധിക്കേണ്ടതാണ്.
കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയായ തടിയന്റവിട നസീറിന്റെ ഭാര്യാബന്ധു കൂടിയായ മജീദ് പറമ്പായി കോണ്‍ഗ്രസ് 'അംഗത്വം' സ്വീകരിച്ച ആളായിരുന്നു. 2000 പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ചു. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മജീദ് യു.ഡി.എഫ് സ്റേജിലെയും സ്ഥാനാര്‍ഥിയുടെ വാഹനത്തിലെയും പ്രഭാഷകനായിരുന്നു.
സാക്ഷാല്‍ തടിയന്റവിട നസീര്‍ വിദ്യാഥിയായിരിക്കുമ്പോള്‍ കണ്ണൂര്‍ സിറ്റി ഹൈസ്കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. തടിയന്റവിട നസീര്‍ പ്രതിയായ കോയമ്പത്തൂര്‍ പ്രസ്ക്ളബ്ബിന് ബോംബ് വെച്ച കേസിലെ പ്രതി എം.എ ശബീര്‍ എറണാകുളം കലക്ടറ്റേറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുത്ത ധര്‍ണയിലെ മുഖ്യസംഘാടകനായി മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് 2009 ഡിസംമ്പര്‍ 22-ന് ഒരു പത്രം പുറത്തിറങ്ങിയത്. കോയമ്പത്തൂര്‍ കേസില്‍ പിടിയിലായി ഏറെ കാലം ജയിലിലായിരുന്ന ശബീര്‍ തൃക്കാക്കര മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. ബംഗളുരു സ്ഫോടനത്തിന് ഉപയോഗിച്ച് ബാക്കിയായ വെടിമരുന്ന് കുഴിച്ചിട്ടത് കണ്ടു പിടിച്ച ശേഷം അറസ്റ് ചെയ്ത കാപ്പാട് പള്ളിപ്പൊയിലെ അഫ്സലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്ലെല്ലാം സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന് നാട്ടുകാര്‍.
മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കപ്പല്‍, ഇറാനിയനോ സുഊദി അറേബ്യനോ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കോളിളക്കത്തിന്റെ ഗതി എന്ന് ആരോ ചോദിച്ചത് ഓര്‍ത്തുപോവുകയാണ്. ചന്ദ്രശേഖരന്‍ വധം പോലൊരു നിഷ്ഠുര കൃത്യം ഒരു മതനാമധാരി മറ്റൊരു മതനാമധാരിയോടാണ് ചെയ്തതെന്ന് സങ്കല്‍പിക്കുക. എന്തായിരിക്കും കേരള രാഷ്ട്രീയ സാമൂഹിക രംഗത്തെ മേളം!
Comments