Prabodhanm Weekly

Pages

Search

2012 മെയ് 26

രക്തം നിലവിളിക്കുന്ന രാഷ്ട്രീയ തെരുവുകള്‍

ടി. മുഹമ്മദ് വേളം

തിരുവനന്തപുരത്തേക്ക് കോഴിക്കോട്ടുനിന്ന് രാത്രി ബസ്സില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഉറക്കത്തിലേക്ക് പോയ എന്നെ സുഹൃത്താണ് വിളിച്ചുണര്‍ത്തി പറഞ്ഞത്, നമ്മുടെ ചന്ദ്രശേഖരനെ അവര്‍ വെട്ടിക്കൊന്നല്ലോ. അന്നത്തെ പകല്‍ സ്വന്തം വീടുമാറ്റം നല്‍കിയ ക്ഷീണം ചുമടിറക്കാനുള്ള ആഗ്രഹത്തിലാണ് സീറ്റില്‍ ഉറക്കം പുതച്ച് കിടന്നത്. പിന്നീട് ഒരുപാടു നേരം ചന്ദ്രശേഖരന്റെ നിലവിളിക്കുന്ന രക്തം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.
എനിക്ക് സൌഹൃദമുള്ള ഒരാളുടെ അറുകൊല, അത് ചെയ്തിരിക്കാനിടയുള്ളത് അതേപോലെ എനിക്ക് സൌഹൃദങ്ങളും ഗുണകാംക്ഷയുമുള്ള ആളുകള്‍ തന്നെയാവാമെന്ന വിചാരം. അതിനേക്കാളെല്ലാം എന്നെ പിടിച്ചുലച്ചത് ഒരു അപസര്‍പ്പകകഥ ഏതോ തരത്തില്‍ യാഥാര്‍ഥ്യമായതിന്റെ ഭീതിയായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതക വിവരം വിളിച്ചുപറഞ്ഞ സുഹൃത്തിനോട് ഈ രാഷ്ട്രീയ യക്ഷിക്കഥ വെറുതെ സംസാരിച്ചിരുന്ന ഏതോ പാതിരാവില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ യക്ഷിക്കഥ സത്യമായല്ലോ എന്ന നടുക്കുന്ന വിസ്മയം തന്നെയായിരുന്നു അവന്റെ വിവരമറിയിക്കലിലും നിറഞ്ഞുകവിഞ്ഞിരുന്നത്.
കേരളത്തിലെ പ്രമുഖനായ ഒരു മനുഷ്യാവകാശ, ജനകീയ സമര പ്രവര്‍ത്തകനാണ് ആ കഥ കുറേ മാസങ്ങള്‍ക്കു മുമ്പ് തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ ഒരു പരിപാടി കഴിഞ്ഞ് അതിന്റെ മുറ്റത്ത് സംസാരിച്ചിരിക്കുമ്പോള്‍ എന്നോട് പറഞ്ഞത്. കണ്ണൂരിലെ ആര്‍.എസ്.എസ്സില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടവരും ഏറ്റെടുത്ത് നടത്തിയിരുന്നവരുമായ ഒരുസംഘം ആര്‍.എസ്.എസ്സിന്റെ പാര്‍ട്ടി പരിധികള്‍ പോലും ലംഘിച്ചപ്പോള്‍ സംഘടന അവരെ പുറത്താക്കി. പിന്നീടവര്‍ ആരുടെ വര്‍ക്കും ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ സംഘമായി. കഴിഞ്ഞ ഇടതു ഭരണക്കാലത്ത് കുറച്ചുപേരെ വധിക്കാന്‍ സി.പി.എം ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കി. പട്ടികയില്‍ ഒന്നാമന്‍ ടി.പി ചന്ദ്രശേഖരനായിരുന്നു. രണ്ടാമന്‍ കേരളത്തില്‍ ഇതുവരേയും ജീവിച്ചിരിപ്പുള്ള പരിസ്ഥിതി ജനകീയ സമര പ്രവര്‍ത്തകനാണ്. അന്ന് പോലീസിലെ ഉന്നതര്‍ തന്നെ കാര്യം കണ്ടെത്തുകയും അത് വിഫലമാക്കുകയും ചെയ്തു എന്നതായിരുന്നു പോലീസില്‍ നിന്നുതന്നെ ലഭിച്ചതായി അന്ന് ആ സുഹൃത്ത് പറഞ്ഞ രാഷ്ട്രീയ ഗൂഢാലോചനാ സംഭവം.
ടി.പി ചന്ദ്രശേഖരനെ വധിച്ചത് സി.പി.എം ആണോ അല്ലേ എന്നു തീര്‍ത്തു പറയാന്‍ ഇതെഴുതുമ്പോഴും സമയമായിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ സമയമായിക്കൊണ്ടിരിക്കുകയാണെന്ന് പറയാം. സാമാന്യ ജനം സാമാന്യമായി വിശ്വസിക്കുന്നത് അതിനു പിന്നില്‍ സി.പി.എം ആണെന്നാണ്. അതിന് പൊതുജനത്തെ കുറ്റം പറയാന്‍ കഴിയില്ല. ഒഞ്ചിയത്ത് കൊലപാതകശ്രമങ്ങളും കൊലവിളികളും ഇതിനുമുമ്പ് അവര്‍ നിരവധി നടത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടുന്ന ശൈലി ഞങ്ങള്‍ക്കില്ല എന്ന പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും അധാര്‍മികതയുടെ മറ്റൊരു തെളിവായി മാത്രമേ ആരും മനസ്സിലാക്കുകയുള്ളൂ. ഇവര്‍ കൊല്ലാറുണ്ട്, കളവും പറയാറുണ്ട് എന്നു മാത്രമേ പാര്‍ട്ടി പക്ഷപാതിത്വം കൊണ്ട് കണ്ണുകാണാതായവരല്ലാത്ത എല്ലാവര്‍ക്കും പറയാനാകൂ. ഇത് അവര്‍ കൊന്നിരിക്കാന്‍ സാധ്യതയുണ്ട് എന്ന ആശയത്തെ ബലപ്പെടുത്തുന്ന കാര്യവുമാണ്. ഇത് ചെയ്തത് ഞങ്ങളല്ല എന്നു പറയാന്‍ നിയമപരമായി സി.പി.എമ്മിനു കഴിഞ്ഞാലും ധാര്‍മികമായി കഴിയില്ല. വസ്തുത കേസന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. സി.പി.എം അല്ലെങ്കില്‍ തന്നെയും, അവര്‍ സൃഷ്ടിച്ച ഒരു സാഹചര്യത്തെ ആരോ ഉപയോഗപ്പെടുത്തുക മാത്രമാണ് ഒഞ്ചിയത്തുണ്ടായത്. ടി.പി ചന്ദ്രശേഖരന് വധശിക്ഷ വിധിച്ചത് സി.പി.എം ആണ്. അത് നടപ്പിലാക്കിയത് ആരാണെങ്കിലും ആര്‍ക്ക് വേണ്ടിയാണെങ്കിലും.
റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്ന താരാട്ടുപേരിട്ടു വിളിക്കപ്പെടുന്ന നിഷ്ഠുര കൊലപാതകങ്ങളിലാണ്. ടി.പിയുടേതു പോലെ അപൂര്‍വ അറുകൊലകള്‍ മാത്രമാണ് കത്തുന്ന വിഷയങ്ങളായി മാറാറുള്ളത്. ബാക്കി കൊലപാതകങ്ങള്‍ റോഡും വാഹനവുമുണ്ടാകുമ്പോള്‍ അപകടവുമുണ്ടാവും എന്നപോലെ രാഷ്ട്രീയത്തിലെ നാട്ടുനടപ്പായി അംഗീകരിച്ചു പോരുന്നതാണ്. ടി.പിയുടെ കൊലപാതകത്തെക്കുറിച്ചു ചില ചര്‍ച്ചകള്‍ കേട്ടാല്‍ തോന്നുക കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ്. ഇതൊരു മാധ്യമ വഞ്ചനയാണ്. ഈ കൊലമുറിയിലെ എല്ലാ ഘാതകരെയും നിരത്തിനിര്‍ത്തി വിചാരണ ചെയ്യാനുള്ള ആശയപരമായ ശേഷി നമ്മുടെ പൊതുമണ്ഡലത്തിനില്ല. കൊലപാതകം മാര്‍ക്സിസ്റു പാര്‍ട്ടി നടത്തുമ്പോള്‍ നാം പറയും, അവരിലെ ഇനിയും വിട്ടുമാറാത്ത സ്റാലിനിസമാണ് ഇതിനു കാരണമെന്ന്. ശരിയായിരിക്കാം. അപ്പോള്‍ കോണ്‍ഗ്രസ്സും ലീഗും മറ്റുള്ളവരും നടത്തുന്ന മനുഷ്യകശാപ്പിന്റെ ഉറവിടമോ? ലീഗ് സി.പി.എമ്മുകാരെ കൊന്നാല്‍ സി.പി.എം പോലും പറയാറ് അവരില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നു, അവര്‍ തീവ്രവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്, അല്ലെങ്കില്‍ അവരെ കൂട്ടുപിടിക്കുകയാണ് എന്നൊക്കെയാണ്. അപ്പോള്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടാവുന്നതിനുമുമ്പ്, തീവ്രവാദം എന്ന പ്രതിഭാസം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് ലീഗ് നടത്തിയ ശത്രുനരബലികളോ? അപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന അതിഗുരുതരമായ, കേരളീയ സമൂഹവും ജനാധിപത്യവും നേരിടുന്ന നൈതികപ്രതിസന്ധിയെ ആശയപരമായി വിശകലനം ചെയ്യാനാവാതെ നമ്മുടെ മാധ്യമ ബൌദ്ധിക മണ്ഡലം സ്തംഭിച്ചുനില്‍ക്കുകയാണ്.
ഈ ഉത്തരം കിട്ടായ്മയില്‍ നിന്നുദിക്കുന്ന ആശയപരമായി തെറ്റായ ഉത്തരംപറച്ചില്‍ ശീലത്തെ തങ്ങളുടെ മൃഗീയതയുടെ പോഷണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിന് രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന്, ചന്ദ്രശേഖരന്‍ വധത്തിനുപയോഗിച്ച ഇന്നോവ കാറില്‍ 'മാശാഅല്ലാ' എന്ന് എഴുതിയ സ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അത് മുസ്ലിം തീവ്രവാദികള്‍ ആവാനും സാധ്യതയുണ്ട് എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. കൊലപാതകികള്‍ ഉപയോഗിച്ച വാഹനത്തില്‍ മതചിഹ്നമുണ്ടെങ്കില്‍ ആ കൊലക്കുപിന്നില്‍ മതതീവ്രവാദികളായിരിക്കുമെന്ന യുക്തി പുതിയ ലോകവിപണിയില്‍ എളുപ്പം വിറ്റഴിക്കാവുന്ന ചരക്കാണ്. സാധാരണഗതിയില്‍ പാര്‍ട്ടി സെക്രട്ടറി പറയും മുമ്പുതന്നെ മാധ്യമങ്ങള്‍ ആ കിടിലന്‍ വാര്‍ത്ത പുറത്തുവിടുകയും ബി.ജെ.പി മുതല്‍ മുസ്ലിം ലീഗിലെ തീവ്രവാദ വിരുദ്ധസ്ക്വാഡ് വരെയുള്ളവരെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയും ചെയ്യുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മുതല്‍ സയ്യിദ് മൌദൂദി വരെ ഇതില്‍ പ്രതിചേര്‍ക്കപ്പെടുമായിരുന്നു. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇതിനേക്കാള്‍ താല്‍പ്പര്യം മറ്റു ചിലതിലാണ് എന്നതുകൊണ്ട് മാത്രമാണ് അത് സംഭവിക്കാതെ പോയത്. സാമ്രാജ്യത്വ രാഷ്ട്രീയം കളിച്ചും സ്വയം രക്ഷപ്പെടാനാണ് സി.പി.എം ഇവിടെ വിഫലശ്രമം നടത്തിയത്.
രണ്ട്, നാദാപുരം മേഖലയിലെ ലീഗ് സുഹൃത്ത് പറഞ്ഞതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് അക്രമം നടത്താന്‍ വളരെ സൌകര്യമാണ്. അക്രമമൊക്കെ നടത്തിയിട്ട് അത് പി.എഫ്.ഐക്കാരാണ് എന്നു പറഞ്ഞാല്‍ മതി. പി.എഫ്.ഐയും അതിന്റെ പൂര്‍വരൂപവും ഉണ്ടാവുന്നതിനു മുമ്പേ ഞങ്ങള്‍ ഈ മേഖലയില്‍ ഇതൊക്കെ നടത്താറുണ്ട്. പക്ഷേ, സംഗതി ഇപ്പോള്‍ വളരെ സൌകര്യമായി എന്നു മാത്രം.
രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയത്തിനു പുറത്ത് അന്വേഷിക്കാന്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. ഈ ഹിംസ ഇതില്‍ തന്നെ അന്തര്‍ഹിതമായ ഒന്നാണ്. ഇതിന്റെ പ്രത്യയശാസ്ത്രം മുഖ്യധാരാ രാഷ്ട്രീയം മൊത്തമായി പ്രതിനിധീകരിക്കുന്ന മതരഹിത സാമൂഹികതയുടെ പ്രത്യയശാസ്ത്രമാണ്. ആധുനിക ഭൌതിക നാഗരികത തന്നെ ഹിംസകളുടെ വയലാണ്. അവിടത്തെ എല്ലാ രാഷ്ട്രീയ കൃഷികളുടെയും വെള്ളം മനുഷ്യരക്തമാണ്. വളം മനുഷ്യമാംസമാണ്. അങ്ങനെ മനുഷ്യരക്തം കുടിച്ചു വീര്‍ത്ത ഒരു നാഗരികതയാണിത്. രക്തപ്പുഴകള്‍ നീന്തിക്കടന്നാണ് വിപ്ളവങ്ങള്‍ പോലും കരക്കെത്തിയത്. ഫാഷിസത്തെ തടഞ്ഞ, തകര്‍ത്ത സ്റാലിന്‍ ചുവന്ന ഫാഷിസ്റായി. ആധുനികതയിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്കുപോലും മനുഷ്യരക്തത്തിന്റെ മണമായിരുന്നു.
മതേതര നാഗരികതയില്‍ ഉള്ളടങ്ങിയ അതിഭീകരമായ ഹിംസയെ മറച്ചുപിടിക്കാനാണ് അത് അതിന്റെ അപരങ്ങളുടെ മേല്‍ കൊടിയ ഹിംസ ആരോപിക്കുന്നത്. മതം അഥവാ ഇസ്ലാം ആണ് ഇതിന്റെ പ്രധാന ഇരയായിത്തീര്‍ന്നത്. ശരിക്കുള്ള മതതീവ്രവാദികള്‍ അന്തര്‍ദേശീയ തലത്തിലായാലും നമ്മുടെ പ്രാദേശിക തലത്തിലായാലും നടത്തിയ നരഹത്യകളുടെ കണക്കും ഈ ഭൌതിക രാഷ്ട്രീയക്കാര്‍ കൊന്നൊടുക്കിയ തലകളുടെ എണ്ണവും ഒന്നു താരതമ്യം ചെയ്താല്‍ ഭൌതികനാഗരികതയുടെ രക്തദാഹത്തിനു മുന്നില്‍ മതതീവ്രവാദികള്‍ വെറും ശിശുക്കളാണെന്ന് ബോധ്യപ്പെടും.
ഒന്നും രണ്ടും ലോകയുദ്ധം സൃഷ്ടിച്ച ദേശരാഷ്ട്രവും ദേശീയതയും അതിനകത്തെ അധികാരത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ആസക്തിയും തന്നെയാണ് ഈ ചെറു രാഷ്ട്രീയ യുദ്ധങ്ങളിലും ആവര്‍ത്തിക്കുന്നത്. ലോകയുദ്ധങ്ങളുടെ ചെറുപതിപ്പുകളാണ് നമ്മുടെ രാഷ്ട്രീയ സംഘട്ടനങ്ങള്‍. രണ്ടിന്റെയും പ്രത്യയ ശാസ്ത്രവും രാഷ്ട്രീയവും ഒന്നുതന്നെയാണ്. ഇസ്ലാമിനുനേരെ ആധുനിക ഭൌതിക നാഗരികത ഹിംസയുടെ നിരന്തരാരോപണമുന്നയിക്കുന്നത് തങ്ങളുടെ അതിഭീകരമായ ഹിംസയെ മറച്ചുപിടിക്കാനാണ്. പക്ഷേ, ആരോപണാക്രമണത്തില്‍ മാധ്യമ പിന്‍ബലത്തില്‍ അവര്‍ക്ക് നന്നായി വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മതരഹിത മതേതര രാഷ്ട്രീയം സമാധാനമാണെന്നും മതം കലാപമാണെന്നും വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ഈ ഏകപക്ഷീയ യുദ്ധത്തിന്റെ കാലാള്‍പ്പടയും ആകാശപ്പടയും അച്ചടി-കാഴ്ച മാധ്യമങ്ങളാണ്. ആധുനികകാലത്തെ ഹിംസയുടെ സ്രോതസ്സുകള്‍ ഖുര്‍ആനോ ബൈബിളോ ഗീതയോ അല്ല. ആധുനികതയുടെ തന്നെ വേദഗ്രന്ഥങ്ങളാണ്. മാര്‍ക്സിന്റെ ദാസ് ക്യാപിറ്റലും അഡംസ്മിത്തിന്റെ വെല്‍ത്ത് ഓഫ് നാഷനും ചാള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസും ആണ്. എന്നിട്ടും പള്ളിക്കു പുറത്തിറങ്ങി തെരിവിലിടപെടുന്ന വേദഗ്രന്ഥങ്ങള്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കുന്നതിലും അതിന് ജനസമ്മിതി നേടിയെടുക്കുന്നതിലും മതരഹിത പൊതുമണ്ഡലം വിജയിച്ചു എന്നതാണ് വസ്തുത.
ഇപ്പോഴത്തെ ഇടതുപക്ഷ ഇതരരുടെ നൈതികനൊമ്പരങ്ങള്‍ കേട്ടാല്‍ തോന്നുക ഇവിടെ സി.പി.എം മാത്രമാണ് ഇപ്പണി ചെയ്യുന്നതെന്നാണ്. ഇപ്പണിയൊന്നും ചെയ്യാത്തവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം പോലും സാധ്യമല്ലാത്ത രീതിയില്‍ രാഷ്ട്രീയത്തെ വാര്‍ത്തെടുത്തവരാണ് ഇവിടത്തെ എല്ലാ പ്രബല പാര്‍ട്ടികളും. സി.പി.എം തളിപ്പറമ്പിലെ പടുവത്തും ഒഞ്ചിയത്തും പാര്‍ട്ടി കോടതി വിധി നടപ്പിലാക്കി എന്ന വ്യാപകമായ പ്രചാരണം അവരുടെ രാഷ്ട്രീയ സായുധ എതിരാളികള്‍ നടത്തുന്നുണ്ട്.
1956-ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന മൊയ്യാരത്ത് ശങ്കരനെ കോണ്‍ഗ്രസ്സുകാര്‍ കൊലചെയ്തുകൊണ്ടാണ് നാം സ്വതന്ത്ര കേരളത്തിലേക്ക് കാലെടുത്തുവെച്ചത്. കണ്ണൂരില്‍ ഇന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുന്നത് ഈ പാരമ്പര്യത്തെയാണ്. സി.പി.എമ്മുകാര്‍ പാര്‍ട്ടി കോടതി വിധി നടപ്പാക്കി എന്ന് അലമുറയിടുന്ന ലീഗുകാരും എന്‍.ഡി.എഫുകാരും 2001-ല്‍ കല്ലാച്ചിയില്‍ ബിനു എന്ന സി.പി.എം കാരന്റെ നേരെ നടപ്പാക്കിയത് അവരുടെ സംയുക്ത പാര്‍ട്ടി കോടതി വിധി തന്നെയാണ്. നാദാപുരം മേഖലയിലെ അവരുടെ സമാന്തര സൈന്യത്തിന്റെ സംയുക്ത സൈനിക അഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് അന്ന് ബിനു കൊല്ലപ്പെട്ടത്. 1998-ല്‍ കുറ്റ്യാടിക്കടുത്ത് വേളത്ത് ബിജു എന്ന മറ്റൊരു സി.പി.എം പ്രവര്‍ത്തകനു നേരെയും നടപ്പാക്കിയത് മുസ്ലിം ലീഗിന്റെ പാര്‍ട്ടി കോടതി വിധി തന്നെയാണ്.
ഒഞ്ചിയത്തേത്, സി.പി.എം നേതാക്കള്‍ സ്വകാര്യസംഭാഷണത്തില്‍ പോലും അവകാശപ്പെടുന്നതു പോലെ ഞങ്ങളുടെ കമ്മിറ്റിയോ പ്രവര്‍ത്തകരോ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല, ഇത് ചെയ്തിട്ടില്ല എന്നു പറയുന്നത് വെറുമൊരു വാദത്തിനു വേണ്ടി മുഖവിലക്കെടുത്താല്‍ പോലും ബാക്കിയാവുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. അത് സായുധ രാഷ്ട്രീയത്തെക്കുറിച്ച് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി പറഞ്ഞ കാര്യമാണ്. പ്രവര്‍ത്തകര്‍ക്ക് ആയുധമെടുക്കാന്‍ അനുവാദം കൊടുത്താല്‍ പിന്നീട് നേതാക്കള്‍ പറയുന്ന സമയത്ത് തന്നെ അത് പ്രയോഗിച്ച് കൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അക്രമികള്‍ പാര്‍ട്ടിക്കകത്തെ സ്വയം ഭരണ വിഭാഗവുമായിത്തീരുകയാണ് ചെയ്യുക. പു.ക.സയേക്കാളും എസ്.എഫ്.ഐയേക്കാളും മറ്റു വര്‍ഗ ബഹുജന സംഘടനകളേക്കാളും സ്വയം ഭരണ സ്വഭാവമുള്ള പാര്‍ട്ടി മുന്നണി സംഘടനായിരിക്കും പാര്‍ട്ടി ക്വട്ടേഷന്‍ ടീം. ആയുധത്തിന് എന്നും അതിന്റെ സ്വന്തം വഴികളുണ്ട് എന്ന് നാം മറക്കാതിരിക്കണം. ടി.പി ചന്ദ്രശേഖരന്റെ കാര്യത്തില്‍ ആയുധത്തിന്റെ വഴിയും പാര്‍ട്ടിയുടെ വഴിയും ഒന്നു തന്നെയായിരുന്നുവെന്നാണ് അന്വേഷണം നല്‍കുന്ന സൂചന.
ഇവിടെ ഇരകളാക്കപ്പെട്ട റവല്യൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടിക്കാരും ആശയപരമായി ഇതേ ഹിംസാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്നതാണ് ഇതിലെ വിരോധയുക്തി. ഒരര്‍ഥത്തില്‍ അവര്‍ സ്വന്തം കൊലക്കത്തിയുടെ തന്നെ ഇരയാണ്. റവല്യൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടി സി.പി.എമ്മിനെതിരെ ഉന്നയിച്ച വിമര്‍ശനം അതിന്റെ ഹിംസാത്മകതയെക്കുറിച്ച നൈതിക വിമര്‍ശനമല്ല. ഇടതുപക്ഷത്തിന്റെ ആദര്‍ശാത്മകമായ സുവര്‍ണ ഭൂതകാലത്തെ കൈവിട്ടെന്നതാണ് അവര്‍ ഉയര്‍ത്തിയ വിമര്‍ശനം. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ് പ്രയോഗത്തിലെ സുവര്‍ണ ഭൂതകാലത്തിലും ശത്രുവിന്റെ രക്തം പാര്‍ട്ടിക്ക് അനുവദനീയമായിരുന്നു. മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചെറിയ മനുഷ്യരെ കൊല്ലുന്നത് കമ്യൂണിസ്റ് പ്രയോഗങ്ങള്‍ ഒരിക്കലും തെറ്റായി കണ്ടിട്ടില്ല. കമ്യൂണിസം യഥാര്‍ഥത്തില്‍ മനുഷ്യനെക്കുറിച്ച നൈതികമായ ആകുലത തന്നെയാണ്. അതിന്റെ പ്രയോഗങ്ങളില്‍ എന്നും രക്തം പൊടിയാറാണ് പതിവ്. അതുകൊണ്ടാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് ഒഞ്ചിയത്തും പരിസരങ്ങളിലും റവല്യൂഷനറിക്കാരും ചെറിയ തോതിലാണെങ്കിലും പ്രതിആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. കമ്യൂണിസ്റ് ധാര്‍മികതയെക്കുറിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഇവിടെ പിന്നെയും ഉയര്‍ന്നുവരുന്നത്. ഏത് മഹത്തായ ലക്ഷ്യത്തിനുവേണ്ടിയായാലും ഒരു മനുഷ്യജീവനെ പവിത്രമായി കരുതാനുള്ള ആത്മീയ ശേഷി കമ്യൂണിസത്തിനുണ്ടോ? ഉദാത്ത ലക്ഷ്യങ്ങളുടെ പ്രയോഗ വഴികളില്‍ ധാര്‍മികതയെ മുറുകെ പിടിക്കാന്‍ അതിന് നിര്‍ബന്ധം ചെലുത്താനാവുമോ? ഇത് പ്രയോഗത്തെ കുറിച്ച ചോദ്യമല്ല, പ്രത്യയശാസ്ത്രത്തെക്കുറിച്ച് തന്നെയുള്ള ചര്‍ച്ചയാണ്.
തങ്ങളുടെ നെടുംതൂണായിരുന്ന പ്രിയപ്പെട്ട നേതാവിനെ രാഷ്ട്രീയ അക്രമത്തിലൂടെ നഷ്ടപ്പെട്ട ഇന്നേരത്തെങ്കിലും അക്രമരാഷ്ട്രീയത്തെക്കുറിച്ചും നൈതികമായ കമ്യൂണിസ്റ് പ്രയോഗത്തെക്കുറിച്ചുമുള്ള അന്വേഷണം നടത്താന്‍ അവര്‍ക്ക് ബാധ്യതകളുണ്ട്. അല്ലാതെ തീര്‍ത്തും മാറിക്കഴിഞ്ഞ, പുതിയ തിരിച്ചറിവുകള്‍ അനുഭവങ്ങളില്‍ നിന്നു നേടിയെടുത്ത വര്‍ത്തമാന ബഹുസ്വരതയെ കമ്യൂണിസ്റ് സുവര്‍ണ ഭൂതകാലം കൊണ്ട് നേരിടാമെന്നു കരുതുന്നതില്‍ ഒഞ്ചിയം മലയോളം ആത്മാര്‍ഥതയുണ്ടാകാമെങ്കിലും അത് ചരിത്രപരമായി മൌഢ്യമാണ്.
ചന്ദ്രശേഖരന്റെ നീചമായ വധത്തിനെതിരെ കേരളീയ പൊതുമണ്ഡലത്തിലുണ്ടായ അതിശക്തമായ പ്രതികരണം ഏറെ ആശാവഹമാണ്. സി.പി.എം ആണ് ഈ പാതിരാക്കൊല നടത്തിയതെങ്കില്‍ അവരിത് ഒരിക്കലും പ്രതീക്ഷിച്ചതാവാനിടയില്ല. മനുഷ്യന്റെ നൈതികബോധം നേടിയെടുത്ത ഉണര്‍വിന്റെ അടയാളം തന്നെയാണിത്. ഇത് ആശ്വാസകരമാണ്. മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിനു മുമ്പ് പാര്‍ട്ടികള്‍ രണ്ടുവട്ടം ആലോചിക്കാന്‍ ഇത് കാരണമായേക്കും.
ചന്ദ്രശേഖരന്റെ വധം ഇത്ര വലിയ പ്രതികരണം സൃഷ്ടിച്ചതിന് കേവല നൈതികതക്കപ്പുറത്തുള്ള ചില കാരണങ്ങള്‍ കൂടി ഉണ്ട്. അത് മലയാളിയുടെ മാതൃക-ആദര്‍ശവാദി ആദ്യം മാവേലിയും പിന്നെ ആദര്‍ശ കമ്യൂണിസ്റ് പുരുഷനുമാണ് എന്നതാണ്. വി.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ധീരനായ കമ്യൂണിസ്റ്.' വി.എസ് എന്നതുതന്നെ തൃപ്തിപ്പെടുത്തുന്നത് ധീരനായ കമ്യൂണിസ്റ് പുരുഷന്‍ എന്ന മിത്തിനെയാണ്. നായകന്റെ കൊല സഹിക്കാന്‍ കഴിയാത്ത പ്രേക്ഷകന്റെ പ്രശ്നം ഇക്കാര്യത്തില്‍ എല്ലാ മലയാളി ചാനല്‍ പ്രേക്ഷകര്‍ക്കുമുണ്ട്. നാളെ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തിലും നമ്മുടെ ചാനലുകളും അതിന്റെ കാണിക്കൂട്ടങ്ങളും ഇത്രകണ്ട് ഉല്‍ക്കണ്ഠപ്പെട്ടുകൊള്ളണമെന്നില്ല.
ഈ കൊലപാതകത്തില്‍ പ്രായോഗികമായും സാങ്കേതികമായും പ്രതികള്‍ ആരാണെന്നത് തെളിയിക്കപ്പെടേണ്ടതാണ്. അത് സി.പി.എം ആവാനുള്ള സാധ്യത വളരെ അധികമാണ്. തങ്ങളല്ല എന്നവകാശപ്പെടാനുള്ള ധാര്‍മിക നിക്ഷേപങ്ങളൊന്നും സി.പി.എമ്മിനില്ല. പക്ഷേ, ആശയപരമായി ഈ കൊലപാതകത്തില്‍ നമ്മുടെ രാഷ്ട്രീയ മുഖ്യധാര മൊത്തം പ്രതിയാണ്. വേശ്യകളും ക്വട്ടേഷന്‍ സംഘങ്ങളുമില്ലാതെ ഈ നാഗരികതക്ക് നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഉപശാലയില്‍ ഈ കൊലപാതകം വെച്ചുമാറാനും ഒത്തുതീരാനും വളരെ എളുപ്പമാണ്. ഈ രാഷ്ട്രീയത്തിന് ഈ പ്രതികളില്ലാതെ നിലനില്‍ക്കാനാവില്ല എന്നതുകൊണ്ട് അവര്‍ അര്‍ഹമായ വിധത്തില്‍ ശിക്ഷിക്കപ്പെടുക എന്നത് വിദൂരമായ സാധ്യതയാണ്. ഈ നാഗരികത ജീര്‍ണിക്കുന്തോറും അതിന്റെ സൂചകമായി പ്രത്യക്ഷപ്പെടുക തോക്കേന്തുന്ന ചെറുപ്പക്കാരും അഛനില്ലാത്ത മക്കളെ കൈകളിലേന്തുന്ന ചെറുപ്പക്കാരികളുമാണ്. ഗുണ്ടകളും വേശ്യകളും ഈ നാഗരികതയുടെ തന്നെ ഉപോല്‍പന്നങ്ങളാണ്. ഇതിന്റെ പശ്ചാത്തല സംഗീതമായി വര്‍ത്തിക്കുന്നത് നുരഞ്ഞുപൊന്തുന്ന ലഹരിയാണ്.
ഹിംസയുടെ - അത് കൊലപാതകം മാത്രമല്ല എല്ലാ ബലപ്രയോഗങ്ങളുമാണ് - രാഷ്ട്രീയത്തിനെതിരെ ജീവന്റെ സംരക്ഷണവും വളര്‍ച്ചയും പവിത്രമായി കരുതുന്ന ആത്മീയമായ ഒരു രാഷ്ട്രീയത്തിനു മാത്രമേ ചന്ദ്രശേഖരന്മാരുടെ രക്തം ഉന്നയിക്കുന്ന ചോദ്യത്തിനു മറുപടി പറയാന്‍ കഴിയൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം