വ്യക്തികളുടെ ഉടമാവകാശവും ഇസ്ലാമിക വ്യവസ്ഥയും
ഇനി മറ്റൊരു തലത്തില്‍ നമുക്ക് വിഷയത്തെ സമീപിക്കാം. ഇസ്ലാമിക നിയമസംഹിതയെടുത്ത് പരിശോധിച്ചു നോക്കുക. അവയില്‍ പരസ്പര വൈരുധ്യമില്ല. ഒന്ന് മറ്റൊന്നിന് തടസ്സമായി നില്‍ക്കുന്നുമില്ല. ഒരു ശരീരം പോലെയാണ് ആ നിയമസംഹിത. ഓരോ നിയമവും ആഴത്തില്‍ പരസ്പര ബന്ധിതം. സ്വരച്ചേര്‍ച്ചയില്ലായ്മ എവിടെയുമില്ല. ഉല്‍പന്നങ്ങള്‍ പങ്കുവെക്കുന്ന രീതി (മുസാറഅ: അല്ലെങ്കില്‍ രൃീുവെമൃശിഴ. ഭൂമിയുടെ ഉടമ ഒരാള്‍, അതില്‍ കൃഷി ചെയ്യുന്നത് മറ്റൊരാള്‍. ഉല്‍പന്നങ്ങള്‍ നിശ്ചിത അനുപാതത്തില്‍ പങ്കുവെക്കാമെന്ന വ്യവസ്ഥയോടെ) നിയമവിരുദ്ധമാണെന്നും ഒരാള്‍ക്ക് എത്രത്തോളമാണ് കൃഷി ചെയ്യാന്‍ സാധിക്കുന്നത് അത്ര ഭൂമിയേ അയാള്‍ കൈവശം വെക്കാന്‍ പാടുള്ളൂവെന്നും ബാക്കിയൊക്കെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കണമെന്നും ആണ് നാം വാദിക്കുന്നതെങ്കില്‍, ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി ആ ആശയം ഒത്തുപോകുന്നില്ല എന്ന് നമുക്ക് എളുപ്പത്തില്‍ ബോധ്യമാവും. അങ്ങനെയൊരു ആശയം ഈ നിയമസംഹിതയിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ പല അടിസ്ഥാന തത്ത്വങ്ങളും മാറ്റിത്തിരുത്തേണ്ടിവരും. അതുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ കാണുക:
1. കായിക ബലമുള്ള പുരുഷന്മാര്‍ക്കായി സംവരണം ചെയ്യപ്പെട്ടതല്ല ഇസ്ലാമിലെ ഉടമസ്ഥാവകാശങ്ങള്‍. സ്ത്രീകള്‍, കുട്ടികള്‍, അംഗവൈകല്യമുള്ളവര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉടമസ്ഥാവകാശം ലഭിക്കും. മുസാറഅ (ഉല്‍പന്നങ്ങള്‍ പങ്കുവെക്കുന്ന രീതി) പാടില്ല എന്നാണെങ്കില്‍, ആ യുക്തിയനുസരിച്ച് ദുര്‍ബലരായ മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്കൊന്നും ഉടമസ്ഥാവകാശം ലഭിക്കാന്‍ പാടില്ലല്ലോ.
2. ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം, മരിച്ചയാളുടെ തോട്ടം നിരവധി അവകാശികള്‍ പങ്കുവെക്കുന്ന പോലെ, മരണപ്പെട്ട നിരവധിയാളുടെ തോട്ടങ്ങള്‍ ചിലപ്പോള്‍ ഒരൊറ്റ വ്യക്തിയിലേക്ക് വന്നുചേര്‍ന്നെന്നും വരാം. ഇങ്ങനെ ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം നൂറു കണക്കിന് ഏക്കര്‍ ഭൂമി ലഭിച്ച ഒരാളോട്, ഇസ്ലാമിക കാര്‍ഷിക നിയമമനുസരിച്ച് 'നിനക്ക് ഇത്ര ഏക്കര്‍ ഭൂമി മാത്രമേ കൈവശം വെക്കാവൂ' എന്ന് പറയുന്നതില്‍ വൈരുധ്യമില്ലേ?
3. ഒരു വ്യക്തിക്ക് ഏത് വസ്തുവും എത്ര അളവിലും വാങ്ങാം, എത്ര അളവിലും വില്‍ക്കാം. അതിന് പരിധിയൊന്നും വെച്ചിട്ടില്ല. കച്ചവട ഇടപാടുകളുടെ ഇസ്ലാമിക രീതിയാണിത്. വസ്തുവിന് ബാധകമായ ഈ നിയമം ഭൂമിക്കും ബാധകമാണ്. ഇവിടെയും നാം നേരത്തെപ്പറഞ്ഞ വൈരുധ്യം കടന്നുവരും, ഇസ്ലാമിക സിവില്‍ നിയമമനുസരിച്ച് എത്രയളവിലും ഒരാള്‍ക്ക് വസ്തു/ഭൂമി വാങ്ങാമെന്നിരിക്കെ, ഇസ്ലാമിലെ കാര്‍ഷിക നിയമമനുസരിച്ച് നിശ്ചിത വ്യാപ്തിയുള്ള ഭൂമി മാത്രമേ ഉടമപ്പെടുത്താവൂ എന്നാണ് ഒരാള്‍ വാദിക്കുന്നതെങ്കില്‍.
4. ഏത് സ്വത്ത് എത്ര അളവിലും ഉടമപ്പെടുത്തുന്നതില്‍ (അവയുടെ ബാധ്യതകള്‍ വേണ്ടവിധം കൊടുത്തുവീട്ടുന്നുണ്ടെങ്കില്‍) പരിധികള്‍ ഇല്ല. പണം, പണിയായുധങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ ഇവ ഇത്ര അളവിലേ/ എണ്ണമേ ഉണ്ടാകാവൂ എന്നില്ലല്ലോ. ഭൂമിയെ മാത്രം ഇതില്‍ നിന്ന് എങ്ങനെയാണ് മാറ്റിനിര്‍ത്തുക? ഭൂമി ഉടമപ്പെടുത്തുന്നതിന് മാത്രമായി ചില പരിധികള്‍ നിശ്ചയിക്കാന്‍ ഇസ്ലാമികമായി എന്ത് തെളിവും ന്യായവുമാണുള്ളത്?
5. അത്യുദാരനാവണം ഏതൊരാളും എന്നതാണ് ഇസ്ലാമിന്റെ താല്‍പര്യം. എന്നാല്‍, ജീവിതത്തിന്റെ ഏത് തുറകളിലും അത്യുദാരനായേ പറ്റൂ എന്ന് നിര്‍ബന്ധിക്കുന്നില്ല. അതൊരു ബാധ്യതയായി ചുമത്തുന്നില്ല എന്നര്‍ഥം. നിര്‍ബന്ധദാനങ്ങള്‍ നല്‍കല്‍ മാത്രമാണ് ബാധ്യതയായിട്ടുള്ളത്. ഉദാഹരണത്തിന്, നിര്‍ബന്ധ ദാനമായ സകാത്ത് നല്‍കിയ വ്യക്തിയെ മിച്ചം വരുന്നതത്രയും പാവങ്ങള്‍ക്ക് നല്‍കാന്‍ ഇസ്ലാം പ്രേരിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ, ആ വിധത്തില്‍ അത്യുദാരനാവുക എന്നത് ഒരാളുടെ ബാധ്യതയായിത്തീരുന്നില്ല. മിച്ചം വരുന്നത് ഒരാള്‍ കടം കൊടുക്കുന്നതോ ബിസിനസ് സംരംഭങ്ങളില്‍ മുടക്കുന്നതോ ഇസ്ലാം നിയമവിരുദ്ധമായി കാണുന്നില്ല.
പാരിതോഷികമായോ ഐഛിക ദാനമായോ ഒക്കെയാണ് ഇത്തരം സഹായങ്ങള്‍ നല്‍കുക. മറ്റൊരു ഉദാഹരണം പറയാം. ഒരാള്‍ക്ക് ഒന്നിലധികം വീടുകളുണ്ട്. ഈ അധികമുള്ള വീടുകള്‍ ഉപയോഗിക്കാനായി അയാള്‍ പാവങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. അല്ലെങ്കില്‍ താന്‍ താമസിക്കുന്ന വീട്ടില്‍ തന്നെ ഒഴിഞ്ഞ മുറികളുള്ളത് പാവങ്ങള്‍ക്ക് നല്‍കുന്നു. പക്ഷേ, ഇതൊന്നും അയാള്‍ക്ക് ചെയ്യല്‍ ബാധ്യതയായ പ്രവൃത്തികളല്ല. അയാള്‍ക്ക് വേണമെങ്കില്‍ അധികമുള്ള വീടുകള്‍ വാടകക്ക് കൊടുക്കാം. ഈ രണ്ട് രീതികളില്‍ ഏത് സ്വീകരിക്കാനും സ്വാതന്ത്യ്രമുണ്ട്. ഭൂമിയുടെ കാര്യത്തില്‍ മാത്രം ആ സ്വാതന്ത്യ്രമില്ല എന്നാണ് വാദമെങ്കില്‍ അതിനുള്ള തെളിവ് ആ വാദക്കാര്‍ ഹാജരാക്കണം.
ഭൂമി കൈവശംവെക്കുന്നതിന്
പരിധിയുണ്ടോ?
ചോദ്യം
1. ഭൂപരിഷ്കരണ ചര്‍ച്ചകളില്‍ നിയമാനുസൃത പരിധിക്ക് പുറത്തുള്ള ഭൂമി ഏറ്റെടുക്കാമെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ ന്യായം എന്താണ്? ഹസ്രത്ത് സുബൈറിനോട് പ്രവാചകന്‍ കുതിരയെ ഓടിക്കാനും കുതിര ഓടിയെത്തിയ ഇടത്ത് അദ്ദേഹം ചാട്ടവാര്‍ ചുഴറ്റിയപ്പോള്‍ അത് വരെയുള്ള വിശാലമായ ഭൂഭാഗങ്ങള്‍ സ്വന്തമാക്കി കൊള്ളാനും അവിടുന്ന് നിര്‍ദേശം നല്‍കിയിരിക്കെ, ഭൂപരിധി വെക്കുന്നത് എങ്ങനെ വിശദീകരിക്കും?
2. കുടിയാന്മാരെ ഒഴിപ്പിക്കുന്ന കാര്യത്തെക്കുറിച്ചാണ്. വിളവെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് അവരെ ഒഴിപ്പിക്കുന്നത് (പാക് നിയമമനുസരിച്ച്) നിയമവിരുദ്ധമാണെങ്കിലും, മറ്റേത് സന്ദര്‍ഭത്തിലും അവരെ ഒഴിപ്പിക്കുന്നതിന് നിയമതടസ്സങ്ങളൊന്നും കാണുന്നില്ല. ഇത് ഇങ്ങനെത്തന്നെയാണോ വേണ്ടത്?
ഉത്തരം: ആദ്യം ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി. സര്‍ക്കാര്‍ വക പതിച്ച് കിട്ടുന്ന ഭൂമിയും ഒരാള്‍ വില കൊടുത്ത് വാങ്ങുകയോ അനന്തരമെടുക്കുകയോ ചെയ്യുന്ന ഭൂമിയും ഒരുപോലെയല്ല എന്ന് മനസ്സിലാക്കണം. പതിച്ചുകൊടുക്കുന്ന ഭൂമിയുടെ കാര്യത്തില്‍ ആ തീരുമാനം പുനഃപരിശോധിക്കാനുള്ള അവകാശം എല്ലാ കാലത്തും ഗവണ്‍മെന്റിന് ഉണ്ടായിരിക്കും. പതിച്ചുകൊടുത്തത് നീതിയായില്ല എന്ന് ഭരണകൂടത്തിന് തോന്നുന്ന പക്ഷം ഉത്തരവ് റദ്ദാക്കാനോ അതില്‍ മാറ്റങ്ങള്‍ വരുത്താനോ ഗവണ്‍മെന്റിന് അധികാരമുണ്ടായിരിക്കും. ഇതിനുള്ള ഒട്ടേറെ തെളിവുകള്‍ നിങ്ങള്‍ക്ക് ഹദീസിലും സച്ചരിതരായ മുന്‍കാലക്കാരുടെ ചരിത്രത്തിലും കണ്ടെത്താന്‍ കഴിയും. നബി(സ) അബ്യദ്ബ്നു ഹമ്മാല്‍ മാസിനിക്ക് മാരിബില്‍ ഉപ്പ് ശേഖരമുള്ള ഒരു സ്ഥലം പതിച്ചുകൊടുത്തു. ആ പ്രദേശത്ത് വളരെ വലിയ ഉപ്പ് ശേഖരമുണ്ടെന്ന് പിന്നീട് പ്രവാചകന് ബോധ്യമായി. ആ തീരുമാനം പൊതുതാല്‍പര്യത്തിന് ഹാനികരമാണെന്ന് കണ്ട് പ്രവാചകന്‍ അത് റദ്ദ് ചെയ്യുകയുണ്ടായി. ഗവണ്‍മെന്റ് ഇടപെടല്‍ ഉണ്ടാകുമെന്ന് മാത്രമല്ല, ഒരു വ്യക്തിക്ക് നല്‍കിയത് വളരെ കൂടുതലായി എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്ന പക്ഷം പൊതുതാല്‍പര്യം കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കാമെന്നും ഈ സംഭവം തെളിയിക്കുന്നു.
അബൂബക്കര്‍(റ) തന്റെ ഭരണകാലത്ത് ത്വല്‍ഹക്ക് ഭൂമി അനുവദിച്ചുകൊണ്ട് ഒരു ഉത്തരവിറക്കി. ഈ ഉത്തരവ് ഉമറുബ്നുല്‍ ഖത്വാബ്(റ) ഉള്‍പ്പെടെ കുറച്ചാളുകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും പ്രത്യേകം നിര്‍ദേശിച്ചിരുന്നു. അതു പ്രകാരം ത്വല്‍ഹ ഈ ഉത്തരവുമായി ഉമറിനെ സമീപിച്ചു. ഉമര്‍ സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിച്ചു. അദ്ദേഹം ചോദിച്ചു: "ഇത്ര വിശാലമായ ഭൂമി താങ്കള്‍ക്ക് മാത്രമായി നല്‍കുകയോ? മറ്റുള്ളവര്‍ക്ക് പിന്നെ എന്താണ് കിട്ടുക?'' (കിതാബുല്‍ അംവാല്‍, അബൂ ഉബൈദ്, പേജ് 275,276).
പ്രവാചകന്‍ ഹസ്രത്ത് സുബൈറിന് വലിയൊരു ഭൂവിഭാഗം പതിച്ചുകൊടുത്ത കാര്യം താങ്കള്‍ സൂചിപ്പിച്ചു. ധാരാളം ഭൂമി കൃഷിയൊന്നുമില്ലാതെ തരിശായിക്കിടക്കുന്ന ഒരു കാലത്താണ് ഈ തീരുമാനം. ഭൂമി കൃഷിയോഗ്യമാക്കുക എന്നതായിരുന്നു അന്ന് പ്രധാനം. അതുകൊണ്ടാണ് പ്രവാചകന്‍ പലര്‍ക്കുമായി വളരെയധികം ഭൂമി ഉദാരമായി പതിച്ചുനല്‍കിയത്.
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. ന്യായമായ കാരണങ്ങളില്ലാതെ കുടിയാന്മാരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കരുത് എന്ന് ഗവണ്‍മെന്റിന് നിയമം കൊണ്ടുവന്നുകൂടേ? എന്താണതിന് തടസ്സം? അങ്ങനെയൊരു നിയമനിര്‍മാണത്തിന് ഖുര്‍ആന്‍ എതിരല്ലെങ്കില്‍, ഭരണാധികാരിക്ക് അങ്ങനെ ചെയ്യാന്‍ അധികാരമുണ്ട് എന്നാണതിന്റെ അര്‍ഥം. ജനങ്ങള്‍ക്കിടയില്‍ നീതി നടപ്പാക്കാനും സാമൂഹിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും പൊതുതാല്‍പര്യം സംരക്ഷിക്കാനും ഭരണകൂടത്തിന് അത്തരമൊരു നിയമം കൊണ്ടുവരാം. ജനസംഖ്യയുടെ വലിയൊരു ഭാഗം കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഒരു നാട്ടില്‍, കുടിയാന്മാരെ യാതൊരു ന്യായവുമില്ലാതെ എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിക്കാം എന്നതാണ് നിലയെങ്കില്‍ അത് പൊതുജന ദ്രോഹമാണ്, പൊതുതാല്‍പര്യത്തിനെതിരാണ്. ഇത് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരില്‍ അസ്വസ്ഥതയും അസംതൃപ്തിയും വളര്‍ത്തും. ഈ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകരുടെ ജീവിതം തീര്‍ത്തും അരക്ഷിതമാവുകയായിരിക്കും ഫലം.
ഉല്‍പന്നങ്ങളുടെ
പങ്കുവെപ്പിലെ നീതി
1. ഭൂവുടമയും കുടിയാനും തമ്മിലുള്ള ഉല്‍പന്നങ്ങളുടെ പങ്കുവെപ്പ് സാധാരണ നാട്ടുനടപ്പനുസരിച്ച് 2/5 അല്ലെങ്കില്‍ 3/5 എന്ന അനുപാതത്തിലാണ് ഉണ്ടാവാറ്. അഞ്ചില്‍ രണ്ട് വിഹിതം അല്ലെങ്കില്‍ അഞ്ചില്‍ മൂന്ന് വിഹിതം കുടിയാന്, ബാക്കി ഭൂവുടമക്ക് എന്ന നിലയില്‍. ഇതില്‍ അസാധാരണമായി ഒന്നുമില്ല. പക്ഷേ, ഈ കരാറില്‍ സാമൂഹികനീതിയുടെ ചില വശങ്ങള്‍ ഭൂവുടമ നിര്‍ബന്ധമായും പാലിച്ചിരിക്കണം. തനിക്ക് വിഹിതമായി കിട്ടുന്ന ഉല്‍പന്നങ്ങള്‍ കുടിയാന് തന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ മതിയാകുന്നതാകണം. അതിന് മാത്രമുള്ള ഭൂമിയെങ്കിലും ഭൂവുടമ കുടിയാന് പാട്ടത്തിന് നല്‍കിയിരിക്കണം. ഭൂമി കൃഷി ചെയ്യുന്നതില്‍ ഭൂവുടമയും കുടിയാനും വഹിക്കേണ്ട ചെലവുകളും ന്യായമായ രീതിയില്‍ നിര്‍ണയിച്ചിരിക്കണം. ഇതിനൊക്കെ ഒരു പൊതുതത്ത്വം ആവിഷ്കരിക്കുക അസാധ്യമാണ്. കാരണം ഓരോ നാട്ടിലെയും കാര്‍ഷികാവസ്ഥകള്‍ വ്യത്യസ്തമാണ്. ഒരു കാര്യം ഉറപ്പ് പറയാം. ഭൂവുടമ ഭൂമി മാത്രം നല്‍കുകയും വിത്ത്, ഉപകരണങ്ങള്‍, അധ്വാനം, മറ്റു ചെലവിനങ്ങള്‍ എല്ലാം കുടിയാന്‍ സ്വയം തന്നെ വഹിക്കുകയുമാണെങ്കില്‍ 2/5, 3/5 പങ്കുവെപ്പ് അന്യായം തന്നെയാണ്. ശരീഅത്ത് നിയമങ്ങളുടെ അക്ഷര വായന നടത്തുകയല്ല ഭൂവുടമ ചെയ്യേണ്ടത്. ന്യായവും നീതിയും നടപ്പാവുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.
2. പങ്കുവെപ്പിന് മുമ്പ് കുടിയാന്‍ വിളകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്നും സത്യസന്ധമായ രീതിയില്‍ തന്നെയാണ് അയാള്‍ കൃഷി നടത്തുന്നതെന്നും ഉറപ്പ് വരുത്തുന്നത് ഭൂവുടമയുടെ അവകാശമാണ്. പക്ഷേ, ഈ മേല്‍നോട്ട അധികാരം, കുടിയാനെ കേവലം അടിമപ്പണിക്കാരനായി തരംതാഴ്ത്താനും കാര്യസ്ഥന്മാരെ വിട്ട് അയാളെ എപ്പോള്‍ വേണമെങ്കില്‍ ഒഴിപ്പിക്കാനുമുള്ള ലൈസന്‍സായി ഭൂവുടമ കാണരുത്. കുടിയായ്മ എന്നത്കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് പങ്കാളിത്ത/പാട്ടക്കരാറാണ്. നിയമപ്രകാരം, ഭൂവുടമയുടെ അടിമപ്പണിക്കാരനല്ല അയാള്‍, കീഴില്‍ ജോലി ചെയ്യേണ്ട തൊഴിലാളിയുമല്ല. ഇടപാടിലെ പങ്കുകാരന്‍ എന്ന സ്ഥാനമാണ് അയാള്‍ക്ക് വകവെച്ചുകൊടുക്കേണ്ടത്. ഭൂവുടമയും അയാളുടെ ശിങ്കിടികളും തങ്ങളെ വിടാതെ പിന്തുടരുന്നുവെന്നും തോന്നുന്ന പോലെയൊക്കെ ഇടപെടുന്നുവെന്നുമാണ് പല കുടിയാന്മാരും എന്നോട് പരാതി പറയുന്നത്. ഈയൊരവസ്ഥ മാറ്റുക തന്നെ വേണം.
Comments