Prabodhanm Weekly

Pages

Search

2012 മെയ് 26

സഹോദരി പുത്രിയുടെ വിവാഹവും നവ മുസ്ലിമും

വി.എ കബീര്‍

പുതുതായി ഇസ്ലാമില്‍ വന്നവര്‍ക്ക് (ഹദീസുല്‍ അഹ്ദി ബില്‍ ഇസ്ലാം) ചില ഇളവുകള്‍ ഉള്ളതായി നബിവചനങ്ങളില്‍ വന്നിട്ടുണ്ടല്ലോ. ആ ഒരു പരിഗണനയിലെങ്കിലും ഈ കുടുംബത്തിന്റെ കേസില്‍ ഇളവനുവദിക്കരുതോ- അന്യരുടെ അവകാശങ്ങള്‍ കവരുന്നതോ ക്രിമിനല്‍ കുറ്റങ്ങളോ അല്ലാത്ത അവസ്ഥയില്‍ വിശേഷിച്ചും.

സഹോദരീ പുത്രിയെ വിവാഹം ചെയ്ത നവ മുസ്ലിമിന്റെ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന വിധി (പ്രശ്നവും വീക്ഷണവും, പ്രബോധനം, 2012 മെയ് 12) സൂക്ഷ്മമായോ എന്ന് സംശയം.
തമിഴ്നാട്ടില്‍ സഹോദരീ പുത്രി വിവാഹം ഹിന്ദുക്കള്‍ക്കിടയില്‍ ഇന്നും നടന്നുവരുന്നുണ്ട്. തമിഴ് നടനായ ശിവാജി ഗണേഷന്റെ ഭാര്യ സഹോദരീ പുത്രിയാണെന്ന് കേട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തിലുണ്ടായിരുന്നു. ഇസ്ലാമിലേക്ക് വരാന്‍ തല്‍പരരായിരുന്ന അവര്‍ക്ക് തടസ്സമായി നിന്നത് ഈ ബന്ധം വിഛേദിക്കേണ്ടിവരുമോ എന്ന ഭയമായിരുന്നു. എന്നാല്‍, വിവാഹബന്ധം വിലക്കപ്പെട്ടവരെക്കുറിച്ച് വന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പ്രകാരം തന്നെ അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, സഹോദര പുത്രിമാര്‍ തുടങ്ങി പുത്ര ഭാര്യമാര്‍, ഒരേസമയം രണ്ടു സഹോദരിമാര്‍ വരെ ഖുര്‍ആനില്‍ വിലക്കപ്പെട്ടവരുടെ പട്ടികയുടെ അവസാനം 'നേരത്തേ സംഭവിച്ചതൊഴികെ' (ഇല്ലാ മാ ഖദ് സലഫ) എന്നൊരു വാക്യമുണ്ട് (അന്നിസാഅ് 23). മുമ്പ് സംഭവിച്ചുപോയത് ഇസ്ലാമില്‍ വന്ന ശേഷവും തുടരാം എന്നാണ് ഇതിനര്‍ഥം. ഇസ്ലാം കുടുംബഛേദത്തിന് കാരണമാവരുതെന്നും ദീര്‍ഘകാലം കുടുംബമായി ജീവിച്ചവര്‍ക്കുണ്ടായേക്കാവുന്ന മാനസികാഘാതം ഇസ്ലാമിലേക്ക് വരുന്നതിന് തടസ്സമാവരുതെന്നുമുള്ള തത്ത്വമാണ് ശരീഅത്ത് ഇവിടെ ദീക്ഷിച്ചതെന്ന് വേണം മനസ്സിലാക്കാന്‍.
ചോദ്യത്തില്‍ പരാമൃഷ്ടമായ കേസ് ഇതില്‍ നിന്ന് അല്‍പം വ്യത്യസ്തമാണെന്ന് സമ്മതിക്കുന്നു. ഇസ്ലാമില്‍ വന്ന ശേഷമാണ് അവരുടെ വിവാഹം നടക്കുന്നത്. 'അതിനാല്‍ മുമ്പ് സംഭവിച്ചതൊഴികെ' എന്ന ഖുര്‍ആനിക വിധി അവര്‍ക്ക് ബാധകമല്ലെന്നായിരിക്കാം മറുപടി പറഞ്ഞ പണ്ഡിതന്റെ ന്യായം. അതിനാല്‍ 'ഉപര്യുക്ത സഹോദരന്‍ വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്, ഈ ബന്ധം ഒരു വിധത്തിലും തുടരാന്‍ അനുവാദമില്ല, രക്തബന്ധുക്കളായതിനാല്‍ വിവാഹബന്ധം വിഛേദിച്ചാലും കുട്ടികളുടെ സംരക്ഷണ കാര്യം ഒന്നിച്ചു നിര്‍വഹിക്കാവുന്നതേയുള്ളൂ' എന്ന് കര്‍ക്കശമായി വിധിച്ചിരിക്കുകയാണിവിടെ. വേണമെങ്കില്‍ ഇരുവര്‍ക്കും മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാമെന്നും, ലൈംഗികമായി പാപങ്ങളില്‍ ചെന്ന് ചാടാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നുറപ്പുണ്ടെങ്കില്‍ മാത്രം അവിവാഹിതരായി തുടരാമെന്നും ഒരു ഔദാര്യം അദ്ദേഹം വകവെച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍, നാല് മക്കളുള്ള അവര്‍ക്ക് വേര്‍പിരിയുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഈ വിവാഹബന്ധം ഹറാമായിരുന്നുവെന്നത് ഈയിടെ മാത്രമാണ് അവര്‍ അറിയാനിടയായതെന്നുമുള്ള ചോദ്യത്തിലെ പരാമര്‍ശങ്ങള്‍ ഒട്ടും കണക്കിലെടുക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. ആ കുടുംബത്തിന്റെ മാനസികാവസ്ഥക്ക് ഈ വിഷയത്തില്‍ ഒരു പരിഗണനയുമില്ലേ? 'നിയമത്തെക്കുറിച്ചുള്ള അജ്ഞത നിയമബാധകത്വത്തില്‍നിന്ന് മുക്തി നല്‍കുന്നില്ല' (Ignorance of Law is not an excuse)  എന്ന പാശ്ചാത്യ നിയമ പരികല്‍പന ഇസ്ലാമില്‍ എത്രത്തോളം സാധുവാണെന്നറിയില്ല. 'മുമ്പ് സംഭവിച്ചുപോയതൊഴികെ' എന്ന ഖുര്‍ആനിക വിധിക്കാസ്പദമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒറ്റപ്പെട്ട കേസായി പരിഗണിച്ച് ഈ ബന്ധത്തിനും അനുവാദം നല്‍കിക്കൂടാ? മതവിധികള്‍ (ഫത്വ) ദേശകാലങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറുമെന്നത് ഇസ്ലാമിക നിയമനിദാന ശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വമാണല്ലോ. അജ്ഞത കൊണ്ട് ചെയ്തുപോയതിനാല്‍ അല്ലാഹു പൊറുത്തേക്കാമെന്ന് മറുപടിയില്‍ കാണുന്നു. ദൈവം കരുണ കാണിക്കാം, മനുഷ്യന്‍ അരുത് എന്ന നിലപാടിന്റെ യുക്തി എന്താണ്? ഈ വിധിയുടെ ശൃംഖലിത പ്രത്യാഘാതങ്ങളെക്കുറിച്ച് ഫത്വ നല്‍കിയ പണ്ഡിതന്‍ ആലോചിച്ചിട്ടുണ്ടോ ആവോ? നിയമസാധുതയില്ലാത്ത ബന്ധത്തില്‍ പിറന്ന മക്കള്‍ക്ക് അനന്തരാവകാശമില്ലെന്നാണ് ക്ളാസിക്കല്‍ ഫിഖ്ഹിലെ നിയമം. ആ നിയമം അദ്ദേഹം ഈ കേസിലും ബാധകമാക്കുമോ?
പുതുതായി ഇസ്ലാമില്‍ വന്നവര്‍ക്ക് (ഹദീസുല്‍ അഹ്ദി ബില്‍ ഇസ്ലാം) ചില ഇളവുകള്‍ ഉള്ളതായി നബിവചനങ്ങളില്‍ വന്നിട്ടുണ്ടല്ലോ. ആ ഒരു പരിഗണനയിലെങ്കിലും ഈ കുടുംബത്തിന്റെ കേസില്‍ ഇളവനുവദിക്കരുതോ- അന്യരുടെ അവകാശങ്ങള്‍ കവരുന്നതോ ക്രിമിനല്‍ കുറ്റങ്ങളോ അല്ലാത്ത അവസ്ഥയില്‍ വിശേഷിച്ചും.

അഹ്മദ് അമീന്റെ 'ഫജ്റുല്‍ ഇസ്ലാം' ഗ്രന്ഥപരമ്പരയിലൊരിടത്ത് ഇമാം അബൂഹനീഫയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉദ്ധരിച്ചതായി ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത് രണ്ട് സഹോദരിമാരുടെ വിവാഹം ഒന്നിച്ച് നടന്നു. വരന്മാര്‍ മണിയറ മാറിക്കയറിപ്പോയി. ലൈംഗിക സമ്പര്‍ക്കം നടക്കുകയും ചെയ്തു. പിറ്റേന്നാണ് സംഗതി വെളിവായത്. പ്രശ്നം അബൂഹനീഫയുടെ മുമ്പിലെത്തി. ലൈംഗിക ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടികളെ വരന്മാര്‍ക്ക്-മറിച്ചും- ഇഷ്ടമാണെങ്കില്‍ ബന്ധം നിലനിര്‍ത്താമെന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ വിധി. ദമ്പതിമാരുടെ മനഃശാസ്ത്രവും ശരീഅത്തിന്റെ അക്ഷരങ്ങള്‍ക്ക് പകരം ആത്മാവുമാണ് അദ്ദേഹം പരിഗണിച്ചത്. പാരമ്പര്യ പണ്ഡിതന്മാര്‍ക്ക് രുചിക്കുന്നതായിരുന്നില്ല ഈ വിധി.
അബൂഹനീഫ ഇന്നും മാതൃകയാണ്. ഇസ്ലാമിക പ്രബോധനത്തിന്റെ വിശാല താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഈ വിഷയം കുറേക്കൂടി വിസ്തരിച്ചു ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. പണ്ഡിതന്മാരുടെ ശ്രദ്ധ അതിലേക്ക് ക്ഷണിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം