Prabodhanm Weekly

Pages

Search

2012 മെയ് 26

മാറ്റം കിനാവുകണ്ട ചെറുപ്പമാണ് അറബ് വസന്തം സൃഷ്ടിച്ചത്

തവക്കുല്‍ കര്‍മാന്‍ / വി.എം ഹസനുല്‍ ബന്ന

ലോകമെങ്ങുമുള്ള സ്വാതന്ത്യ്രവാദികള്‍ക്ക് പ്രചോദനമായി മാറിയ തവക്കുലിന് മഹാത്മാഗാന്ധിയും പ്രേരണയായിരുന്നുവെന്ന് പറയുകയുണ്ടായി. അങ്ങനെയെങ്കില്‍ അറബ് വസന്തത്തെ ഗാന്ധിയും സ്വാധീനിച്ചോ?
ഇന്ത്യയുടെ സ്വാതന്ത്യ്ര സമരപോരാട്ടത്തിന് അക്രമരഹിതമായ മാര്‍ഗമായിരുന്നു മഹാത്മാഗാന്ധി സ്വീകരിച്ചത്. അക്രമരാഹിത്യത്തിലൂടെ മാറ്റം സാധ്യമാണെന്നാണ് ഗാന്ധി കാണിച്ചുതന്നത്. എനിക്ക് മാത്രമല്ല, അറബ് പോരാട്ടത്തിന് മുന്നില്‍ നിന്നവര്‍ക്കെല്ലാം ഗാന്ധിയന്‍ രീതി പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഗാന്ധി ബ്രിട്ടീഷ് ഭരണകൂടത്തോട് പൊരുതിയപ്പോള്‍ ഏകാധിപതികളോടാണ് അറബ് ജനതക്ക് ഏറ്റുമുട്ടേണ്ടിവന്നത്. ഭരണാധികാരികള്‍ ശക്തിയും അധികാരമുള്ളവരായിരുന്നു. ഈ ശക്തിയും അധികാരവും സ്വാതന്ത്യ്രസമരത്തെ അടിച്ചമര്‍ത്താന്‍ അവരുപയോഗിച്ചു. ജനകീയമായ തേട്ടത്തിന് തടയിടാന്‍ ഭരണാധികാരികള്‍ എല്ലാ തന്ത്രങ്ങളുമുപയോഗിച്ചു. സമാധാനപൂര്‍ണമായ വിപ്ളവത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഈ ഏകാധിപതികള്‍ നടത്തിയത്. ഏറ്റവുമൊടുവില്‍ സിറിയയിലെ സ്വാതന്ത്യ്രപോരാട്ടം രക്തത്തില്‍ കുതിര്‍ന്നത് നാം കാണുന്നു. ആയിരങ്ങളെയാണ് ബശ്ശാറുല്‍ അസദ് ഇക്കഴിഞ്ഞ നാളുകളില്‍ കൊന്നുതള്ളിയത്. ഇന്ത്യയിലേത് പോലെ അക്രമരഹിത സമരത്തിന് വലിയ വില ഞങ്ങള്‍ കൊടുത്തു. എതിരാളികള്‍ എന്തുമാത്രം ശക്തരാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്രമരാഹിത്യത്തിന്റെ പാത ഞങ്ങള്‍ കൈവിട്ടില്ല.

ഇങ്ങനെയൊരു സ്വാതന്ത്യ്രദാഹം വിവിധ അറബ് നാടുകളില്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കാനുണ്ടായ കാരണമെന്താണ്?
അറബ് വസന്തത്തിന് പൊതുവായ ഘടകങ്ങള്‍ പലതുമുണ്ട്. സ്വാതന്ത്യ്രമുന്നേറ്റം അരങ്ങേറിയ രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരായ വികാരമാണ് അവയിലേറ്റവും പ്രധാനം. ഞങ്ങളെ പോലുള്ളവരുടെ രാജ്യങ്ങള്‍ക്ക് റിപ്പബ്ളിക്കെന്ന പേരുമുണ്ടായിരുന്നു. എന്നിട്ടും സ്വജനപക്ഷപാതവും ദുര്‍ഭരണവും കൊടികുത്തി വാണു. സ്വകാര്യകമ്പനികള്‍ നടത്തുന്നത് പോലെയാണ് ഇവര്‍ രാജ്യം ഭരിച്ചത്. ഓരോ രാജ്യത്തെയും സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയായിരുന്നു ഇവര്‍. ബശ്ശാറും ബിന്‍ അലിയും മുബാറകും ഖദ്ദാഫിയുമെല്ലാം ഇത്തരത്തിലുള്ള ഏകാധിപതികളായിരുന്നു. ഇവര്‍ മരിച്ചാലും ഇവരുടെ ഏകാധിപതികളായ മക്കള്‍ അധികാരത്തില്‍ തുടര്‍ന്നു. ഈ ഭരണാധികാരികളാണ് തങ്ങളുടെ സ്വാതന്ത്യ്രം നിഷേധിക്കുന്നതെന്ന് അറബ് നാടുകളിലെ ജനം തിരിച്ചറിഞ്ഞു. അതിനാല്‍ സ്വാതന്ത്യ്രദാഹം പടര്‍ന്നുപിടിക്കുക സ്വാഭാവികം മാത്രം.

അറബ് വസന്തത്തില്‍ ബാഹ്യശക്തികളുടെ സ്വാധീനം എന്തുമാത്രമുണ്ട്?
പലരും ആരോപിക്കുന്നതു പോലെ ബാഹ്യശക്തികളുടെ പ്രേരണയാല്‍ ഉണ്ടായിത്തീര്‍ന്ന ഒരു മുന്നേറ്റമായിരുന്നില്ല ഇത്. അറബ് വസന്തത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന് ആദ്യം വിമര്‍ശിച്ചത് അധികാരമാറ്റം ഭയന്ന ഈ ഏകാധിപതികളാണ്. വിപ്ളവം ഇറക്കുമതി ചെയ്തതായിരുന്നില്ലെന്നതാണ് അറബ് വിപ്ളവത്തിന്റെ സവിശേഷത. ആരും സ്പോണ്‍സര്‍ ചെയ്തതുമല്ല. ഏകാധിപതികളുടെ ദുര്‍ഭരണത്തിലും ദുര്‍വ്യയത്തിലും സ്വജനപക്ഷപാതത്തിലും സഹികെട്ട് ചെറുപ്പക്കാര്‍ മാറ്റത്തിന് സ്വയം മുന്നോട്ടുവരികയായിരുന്നു. പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട ഒന്നല്ല മാറ്റം. അത് രാജ്യത്തിനകത്തുള്ള സാഹചര്യങ്ങളില്‍ സ്വയം രൂപപ്പെടേണ്ടതാണ്. പരിഷ്ക്കരണങ്ങള്‍ പോലും പുറത്ത് നിന്ന് കൊണ്ടുവരാന്‍ പാടില്ലെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. പുറത്ത് നിന്നു കൊണ്ടുവരുന്ന മാറ്റം അര്‍ഥശൂന്യവും അസ്ഥിരവുമാണ്. സദ്ദാം ഹുസൈനെതിരെയുള്ള നീക്കം പുറത്ത് നിന്നുള്ളതായിരുന്നു. ബോംബുകളും മിസൈലുകളും വര്‍ഷിച്ചാണ് ഇറാഖില്‍ മാറ്റം കൊണ്ടുവന്നത്. ബാഹ്യശക്തികള്‍ കെട്ടിയേല്‍പിക്കുന്ന മാറ്റത്തിന്റെ പരിണതി എന്താണെന്ന് സദ്ദാമിന് ശേഷമുള്ള ഇറാഖ് തെളിയിച്ചു. ഇതിന്റെ ഒന്നാന്തരം ഉദാഹരണമായി ഇറാഖ് മാറി. ഒരു രാജ്യത്തിന്റെയും മാറ്റം മറ്റൊരു രാജ്യത്തിന്റെ അജണ്ടയാകരുത്. ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളുണ്ടാകും.

എങ്കില്‍പ്പിന്നെയാരാണ് ഈ മുന്നേറ്റത്തിന് പിന്നിലുണ്ടായിരുന്നത്?
സമാധാനപൂര്‍ണമായ മാറ്റം മുന്നില്‍കണ്ട ചെറുപ്പക്കാരാണ് അറബ് വസന്തത്തിന് പിന്നില്‍. അതേസമയം മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യവുമുണ്ടായിരുന്നു. ചോരത്തിളപ്പിന്റെ ആവേശമായിരുന്നില്ല, ലക്ഷ്യബോധത്തിന്റെ പക്വതയായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. എല്ലാത്തരത്തിലുള്ള വിവേചനത്തിനെതിരെയുമുള്ള പോരാട്ടമായിരുന്നു അത്. ഭരണകൂടങ്ങളെ മറിച്ചിടുമെന്ന നിശ്ചയദാര്‍ഢ്യം ഈ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നു. ഈ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നാണ് അറബ് വസന്തം സാധ്യമായത്. സമാധാനപൂര്‍ണമായ പോരാട്ടത്തിന് ഇവര്‍ സഹിച്ച ത്യാഗങ്ങളേറെയാണ്. വെടിയേറ്റ് വീണപ്പോഴും ഈ സഹോദരങ്ങളുടെ ഹൃദയങ്ങളില്‍ രാജ്യത്തെ ജനങ്ങളോടുള്ള സ്നേഹമായിരുന്നു. വെടിയുണ്ടകളെ മാറ്റത്തിന്റെ പൂക്കളായി അവര്‍ ഏറ്റുവാങ്ങി. സ്വന്തം സഹോദരങ്ങള്‍ മരിച്ചുവീണിട്ടും ജനം മാറ്റത്തിന് അക്രമത്തിന്റെ പാത സ്വീകരിച്ചില്ല. ഒടുവില്‍ അവര്‍ വിജയിക്കുകയും അക്രമത്തിന്റെ പാത സ്വീകരിച്ച ഭരണാധികാരികള്‍ പരാജയപ്പെടുകയും ചെയ്തു. എല്ലാം മറികടന്ന് അവര്‍ വിപ്ളവം സാധ്യമാക്കി. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അത്യാധുനിക യുദ്ധോപകരണങ്ങളുടെയും മേത്തരം ആയുധങ്ങളുടെയും പിന്തുണയില്ലാതെയും മാറ്റം സാധ്യമാണെന്ന് അറബ് വസന്തം തെളിച്ചു. നിങ്ങള്‍ സ്വാതന്ത്യ്രം കാംക്ഷിക്കുന്നുവെങ്കില്‍ വിധി അതിനോട് പ്രതികരിക്കും.

സ്വേഛാധിപതികള്‍ അധികാര ഭ്രഷ്ടരായ അറബ് നാടുകളില്‍ ഭീകരവാദികള്‍ തലപൊക്കുമെന്നാണ് പല കോണുകളില്‍ നിന്നുമുയരുന്ന മുന്നറിയിപ്പ്്. ഇത്തരമൊരു ഭീതിക്ക് എന്തുമാത്രം അടിസ്ഥാനമുണ്ട്?
ഓരോ വ്യക്തിക്കും നല്‍കുന്ന അഭിമാനവും സ്വാതന്ത്യ്രവുമാണ് ജനാധിപത്യത്തിന്റെ ജീവവായു. വസന്തം വിരിഞ്ഞ അറബ് നാടുകളില്‍ ഭീകരതക്ക് ഇടമുണ്ടാകില്ല. ഈ സമരത്തില്‍ ഒരു ഭീകരസംഘടനക്കും ഞങ്ങളിടം നല്‍കിയിട്ടില്ല. ഭാവിയില്‍ ഒരു ഭീകരസംഘടനയെയും അറബ് വസന്തത്തിന്റെ ഗുണഭോക്താക്കളാകാനും സമ്മതിക്കില്ല. അതിനാല്‍ ഇത്തരം മുന്നറിയിപ്പുകളുപയോഗിച്ച് ജനാധിപത്യമുന്നേറ്റത്തിന് പ്രതിബന്ധമുണ്ടാക്കരുത്. ഭീകരത അടിച്ചമര്‍ത്താന്‍ ഏകാധിപത്യം വേണമെന്നത് ഏകാധിപതികളുടെ ന്യായീകരണമാണ്. അതേ സമയം ഏകാധിപതികളെ നേരിടാന്‍ ഭീകരതയാണ് പരിഹാരമെന്ന് ഭീകരരും പറയുന്നു. ഭീകരര്‍ക്കും ഏകാധിപതികള്‍ക്കും സമാനസവിശേഷതകളാണുള്ളത്. എല്ലാ ഏകാധിപതികളും ഭീകരരാണ്. എല്ലാ ഭീകരരും ഏകാധിപതികളുമാണ്. ഭീകരതയും സ്വേഛാധിപത്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടും പൈശാചികവുമാണ്. എന്നാല്‍ ഒന്ന് മറ്റൊന്നിനെ പൈശാചികമെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടുന്നു. യഥാര്‍ഥത്തില്‍ ഒന്ന് മറ്റൊന്നിന് അനുഗുണവും അനുപൂരകവുമാണ്. അറബ് വിപ്ളവം ഏകാധിപത്യത്തെയും ഭീകരവാദത്തെയും കീഴ്പ്പെടുത്തി. ഇത്രയും സമാധാനപൂര്‍ണമായൊരു വിപ്ളവം അറബികള്‍ക്ക് സാധ്യമാകില്ലെന്നായിരുന്നു ലോകത്തിന്റെ ധാരണ. ആ ധാരണയാണ് അറബ് വസന്തം തിരുത്തിയത്. അറബ് ജനത എന്തുമാത്രം സമാധാന പ്രിയരാണെന്നും അറബ് വസന്തം കാണിച്ചുതന്നു. ആധുനികോത്തര കാലത്ത് സമാധാനപൂര്‍ണമായ സമരം പ്രയോജനരഹിതമാണെന്ന മിഥ്യാധാരണയും ഞങ്ങള്‍ തകര്‍ത്തു. സമാധാനപൂര്‍ണവും അക്രമരഹിതവുമായ വിപ്ളവം അറബികള്‍ക്ക് സാധ്യമാണെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ട്.
ഏകാധിപത്യം ജനാധിപത്യത്തിന് വഴിമാറിയാല്‍ ഇസ്ലാമിസ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുമെന്നാണ് മറ്റൊരു ആധി. അധികാരത്തിലെത്തിയ ശേഷം ഇസ്ലാമിസ്റുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തേക്കുമെന്നും ഈ വിഭാഗം ആരോപിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഇസ്ലാമിസ്റുകളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ?
ജനാധിപത്യപോരാട്ടം നടത്തിയവര്‍ക്കും ആ പോരാട്ടത്തെ പിന്തുണച്ചവര്‍ക്കും ജനാധിപത്യപ്രക്രിയയില്‍ നിന്ന് ഇസ്ലാമിസ്റുകളെ മാറ്റിനിര്‍ത്തണമെന്ന് പറയാനാവില്ല. ഈ വാദം യുക്തിരഹിതമാണ്. അടിസ്ഥാനമില്ലാത്ത ആശങ്കകളാണ് ഇസ്ലാമിസ്റുകളുടെ കാര്യത്തില്‍ പ്രചരിപ്പിക്കുന്നത് എന്നാണെന്റെ പക്ഷം. അറബ് വസന്തത്തില്‍ ജനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ തന്നെ അധികാരം കൈയാളട്ടെ. അതില്‍ ഭയപ്പെടാനൊന്നുമില്ല. അവരും സമാധാന സമരത്തില്‍ പങ്കാളിത്തം വഹിച്ചവരാണ്. അക്രമത്തിന്റെ വഴി അവര്‍ തെരഞ്ഞെടുത്തിരുന്നില്ല. ജനാധിപത്യമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീവവായുവെന്ന് അറബ് നാടുകളിലെ ഇസ്ലാമിസ്റുകള്‍ മനസ്സിലാക്കിയിട്ടുണ്ട്്. ജനാധിപത്യത്തിന്റെ സാധ്യതക്കൊപ്പം ജനാധിപത്യത്തിന്റെ
ഭാവിയും ഈ സംഘടനകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സദുദ്ദ്യേശമുള്ളവര്‍ ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കരുത്. സ്വാതന്ത്യ്രം നേടിയതിന് ജീവന്‍ നല്‍കിയവരെ അപമാനിക്കുന്നതിന് തുല്യമാണത്. സ്വാതന്ത്യ്രപോരാട്ടങ്ങളെ പിന്തുണച്ചവര്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും അംഗീകരിക്കണം. തെരഞ്ഞെടുപ്പില്‍ ഇടതോ വലതോ ഇസ്ലാമിസ്റുകളോ അല്ലാത്തവരോ അധികാരത്തില്‍ വരും. അവര്‍ ഭരിക്കും. മതപരമായ ചടങ്ങുകളില്‍ അവര്‍
പങ്കെടുക്കുന്നുണ്ടോ ഇല്ലേ എന്നതല്ല, ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച നയപരിപാടികള്‍ നടപ്പിലാക്കുന്നുണ്ടോ ഇല്ലേ എന്നതാണ് നമ്മെ അലട്ടേണ്ടത്. ഇനി ആരോപിക്കപ്പെടുന്നത് പോലെ അധികാരത്തിലേറുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന് കൂച്ചുവിലങ്ങിട്ടാല്‍ മാറ്റത്തിന് വേണ്ടി പോരാടിയ ജനങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കുമോ? അധികാര ഭ്രഷ്ടരായ അറബ് സ്വേഛാധിപതികളുടെ ഗതി തന്നെയാകും അത്തരമൊരു ഘട്ടത്തില്‍ അവര്‍ക്കും സംഭവിക്കുക. ഇനിയുമവര്‍ മാറിയിട്ടില്ലെങ്കില്‍ ജനം
അവരെ തിരസ്കരിക്കും. എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുള്ള ഒരു സമൂഹം ഞങ്ങള്‍ കെട്ടിപ്പടുക്കും. മുഴുവനാളുകള്‍ക്കും തുല്യാവസരം നല്‍കുന്ന ഒരു സമൂഹമായി ഞങ്ങള്‍ മാറും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം