നിറവാര്‍ന്ന മനുഷ്യനായി മുഹമ്മദ് നബി
ചരിത്രത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നൂറു പേരില്‍ ഒന്നാമനായി മുഹമ്മദ് നബിയെയാണ് മൈക്കിള്‍ എച്ച് ഹാര്‍ട്ട് കണ്ടെത്തിയത്. നാട്യങ്ങള്‍ തീരെയില്ലാത്ത മനുഷ്യന്‍ എന്ന നിലക്കാണ് മുഹമ്മദിനെ തോമസ് കാര്‍ലൈല്‍ ഇഷ്ടപ്പെട്ടത്. താന്‍ എന്താണല്ലാത്തതെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. പറഞ്ഞതെല്ലാം പ്രവര്‍ത്തിച്ചും പ്രവര്‍ത്തിച്ചതു മാത്രം പറഞ്ഞും ഉദിച്ചു ജ്വലിച്ചു അസ്തമിച്ചു ആ മനുഷ്യജീവിതം. അവശേഷിച്ചതോ, അന്ത്യവേദമായി വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകന്റെ ആ ജീവിത ചര്യയും.
'മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍' എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ശൈഖ് മുഹമ്മദ് കാരകുന്ന് ആ വലിയ ജീവിതത്തെ ചെറിയ താളുകളിലാക്കിയിരിക്കുന്നു; മഞ്ഞുതുള്ളിയില്‍ മഴവില്ലെന്ന പോലെ. എന്നെപ്പോലെ, ആ മഹത്തായ ജീവിതത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് വേണ്ടിയാണ് ലളിതഭാഷയില്‍ ഗ്രന്ഥം രചിച്ചിരിക്കുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു. സംക്ഷിപ്ത ജീവചരിത്രമാകയാലാണ് ജീവിതത്തിലെ സംഭവങ്ങള്‍ തെരഞ്ഞെടുത്തതില്‍ ത്യാജ ഗ്രാഹ്യ വിവേചനബുദ്ധി കാണിച്ചിരിക്കുന്നതെന്നും, ഉദ്‌ബോധനങ്ങള്‍ക്കാധാരമായ ഉദാഹരണങ്ങളുടെ എണ്ണം കഴിയാവുന്നത്ര ചുരുക്കിയതെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല.
എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും ഏകനായ ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍ പ്രവാചകന്‍ കണ്ടെത്തിയത്, ഗ്രന്ഥകാരന്‍ എഴുതിയത് വായിക്കുമ്പോള്‍ നബിവചനങ്ങളുടെ ഹൃദയവാതിലാണ് നമുക്ക് തുറന്നുകിട്ടുന്നത്. പ്രവാചകന്റെ വിവാഹങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെട്ടല്ലെന്നും മതപരവും സാമൂഹികവുമായ അനിവാര്യ കാരണങ്ങളാല്‍ നടത്തപ്പെട്ടവയാണെന്നും വ്യക്തമാക്കാന്‍ പന്ത്രണ്ട് വിവാഹങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ആഇശ മാത്രമാണ് വിവാഹം കഴിച്ചവരിലെ ഏക കന്യകയും പ്രായം കുറഞ്ഞവളും. മറ്റുള്ളവരെല്ലാം വിധവകളോ വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവരോ പ്രായം കൂടിയവരോ ആയിരുന്നു.
'കരുണ കാണിക്കാത്തവരോട് ദൈവം കരുണ കാണിക്കില്ല' എന്ന സന്ദേശത്തിന്റെ ശരിപ്പകര്‍പ്പായി നിലകൊണ്ടു കാരുണ്യത്തിന്റെ പ്രവാചകന്‍. മക്കയിലെ വിജയപ്രഖ്യാപന വിളംബരത്തിനായി നീഗ്രോ അടിമയായ ബിലാലിനെയാണ് തെരഞ്ഞെടുത്തത്. മദീനാ പള്ളിയിലെ തൂപ്പുകാരിയോടുള്ള അനുതാപം മയ്യിത്ത് സംസ്‌കരണത്തോളം നീണ്ടുനിന്നു. തണുപ്പകറ്റാന്‍ തീയിടുമ്പോള്‍ നോവുന്ന ഉറുമ്പിലും ചൊരിഞ്ഞു ആ കനിവ്. വിശന്നു കരഞ്ഞ ഒട്ടകത്തിന്റെ കണ്ണീരൊപ്പാന്‍ നീണ്ടു ആ കരങ്ങള്‍. ദാഹിച്ച നായക്ക് ജലം കൊടുക്കുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനത്തിനര്‍ഹതയുണ്ടെന്നും പൂച്ചയോട് കാണിക്കുന്ന ക്രൂരതയാല്‍ ഭക്തര്‍ക്ക് നരകത്തിനാണ് അര്‍ഹതയെന്നും ദര്‍ശിച്ച നബിയുടെ ശരിവഴികള്‍ കൃത്യമായി ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നുണ്ട്. 'ഒരു പീഡയറുമ്പിനും വരുത്തരുത്' എന്നാരംഭിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 'അനുകമ്പാദശകം' ദൈവത്തെ പ്രകീര്‍ത്തിക്കുന്നത് 'കരുണാവാന്‍ നബി മുത്തുരത്‌നം' എന്നാണല്ലോ.
പ്രതിരോധ യുദ്ധങ്ങളെ (ഡിഫെന്‍സീവ് വാര്‍) മാത്രമാണ് അദ്ദേഹം പിന്തുണച്ചത്. ബദ്ര്‍, ഉഹുദ്, അഹ്‌സാബ് എന്നിവയെല്ലാം ഉദാഹരണങ്ങള്‍. യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മാത്രമല്ല, ആരാധിച്ചുകൊണ്ട് നില്‍ക്കുന്നവരെയും പിന്തിരിഞ്ഞവരെയും വധിക്കരുതെന്ന് കല്‍പിച്ചു. പ്രലോഭനങ്ങള്‍ക്കു വിധേയനായില്ല. പീഡനങ്ങളില്‍ തളര്‍ന്നില്ല. തിന്മകളെ നന്മകള്‍ കൊണ്ട് നേരിട്ടു. അമുസ്‌ലിംകളില്‍നിന്നും സഹായം സ്വീകരിച്ചു. അവര്‍ക്ക് സഹായം തിരിച്ചും കൊടുത്തു. മദീന കേന്ദ്രമാക്കി ഒരു ബഹുസ്വര മാനവിക രാഷ്ട്രം രൂപവത്കരിച്ചത് ഒരു തുള്ളി ചോര പൊടിയാതെയാണ്. അവിടത്തെ ആകെയുള്ള ജനസംഖ്യ പതിനായിരമായിരുന്നു എന്നും മുസ്‌ലിംകളുടെ ജനസംഖ്യ പതിനഞ്ചു ശതമാനം മാത്രമായിരുന്നെന്നും ഓര്‍ക്കേണ്ടതാണ്.
തിന്മകളെ തിരുത്താന്‍ അദ്ദേഹം ശാസനകളുടെ ഭാഷയല്ല ഉപയോഗിച്ചത്. വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ചവനെയും പലഹാരപ്പാത്രം നിലത്തിട്ട സ്വപത്‌നി ആഇശയെയും പശ്ചാത്താപത്തിലേക്ക് നയിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രം. പക്ഷപാത രഹിതമായ നീതിബോധം അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. മോഷ്ടിച്ച അഭിജാത സ്ത്രീയെ ശിക്ഷയില്‍നിന്നൊഴിവാക്കാന്‍ വന്ന ശിപാര്‍ശക്കാരനോട് അദ്ദേഹം പറഞ്ഞത്, 'മകള്‍ ഫാത്വിമ കട്ടാലും ശിക്ഷിക്കു'മെന്നാണ്. അന്യായമായി മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജൂതന്റെ രക്ഷക്കായി അവതീര്‍ണമായ ഒമ്പത് ഖുര്‍ആന്‍ സൂക്തങ്ങള്‍ (4:105-113) രചയിതാവ് എടുത്തുകാട്ടുന്നുണ്ട്.
പലിശ, മദ്യം തുടങ്ങിയ തിന്മകള്‍ക്കെതിരെ എന്നും സംസാരിച്ചു. ഇരുന്നതും നടന്നതും കിടന്നതുമെല്ലാം സാധാരണക്കാര്‍ക്കൊപ്പം. പാവങ്ങള്‍ക്കൊപ്പം വിശന്നു. ഓലപ്പായില്‍ ഉറങ്ങി. താന്‍ വരുമ്പോള്‍ എഴുന്നേല്‍ക്കരുതെന്ന് വിലക്കി. സഹയാത്രികര്‍ ആഹാരം പാകം ചെയ്തപ്പോള്‍ പ്രവാചകന്‍ വിറക് ചുമന്നു. യുദ്ധവേളയില്‍ അനുയായികള്‍ക്കൊപ്പം കിടങ്ങ് കുഴിക്കാന്‍ കൂടി. കൂടിയാലോചനകളിലൂടെ തീരുമാനങ്ങളെടുത്തു. തന്റേതിനെതിരായ ഭൂരിപക്ഷ തീരുമാനത്തെ പോലും അംഗീകരിക്കാന്‍ ആ ശിരസ്സ് എന്നും കുനിഞ്ഞു. ലോകത്തെ മുഴുവന്‍ മുസ്‌ലിംകള്‍ക്കെന്ന പോലെ മുഴുവന്‍ മനുഷ്യര്‍ക്കും കുറ്റമറ്റ മാതൃകയെന്ന് നബിജീവിതത്തെ ശ്ലാഘിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.
(ഡയലോഗ് സെന്റര്‍ കേരളയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്)
Comments