കലാലയങ്ങളിലേക്ക് ഒളിച്ചുകടത്തുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ അജണ്ട
പ്രതികരണം /
കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചും അതുവഴി മതനിരാസം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് കാലങ്ങളായി ഉണ്ടായിട്ടുണ്ട്. 1960-കള്‍ മുതല്‍ അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും സെക്സ് റവല്യൂഷന്റെ ഭാഗമായി ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും sex without shame, sexual freedom തുടങ്ങിയ ഹാഷ്ടാഗുകളും മുദ്രാവാക്യങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുകയും സ്വതന്ത്ര ലൈംഗികതയെയും ജെന്‍ഡര്‍ പൊളിറ്റിക്സിനെയും പ്രമേയമാക്കുന്ന സാഹിത്യങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് അതിന്റെ നിദര്‍ശനങ്ങളാണ്.
സ്വതന്ത്ര ലൈംഗികതയ്ക്കും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കും വേണ്ടി മുറവിളി കൂട്ടുകയും ലിംഗസമത്വത്തിന്റെ ലേബലില്‍ അവ കാമ്പസിടങ്ങളിലേക്ക് 'പുരോഗമന' ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നിരന്തരം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന്റെ ബാക്കിപത്രമെന്നോണമാണ് ഒരു പരീക്ഷണമെന്ന നിലക്ക് ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ്‌കോഡ് നടപ്പാക്കിയത്. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ യൂനിഫോം നടപ്പാക്കിയതില്‍ സര്‍ക്കാറിന് പങ്കില്ലെന്നും അത് പി.ടി.എയുടെ മാത്രം തീരുമാനമാണെന്നുമാണ് പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വിശദീകരണം നല്‍കിയത്. എന്നാല്‍, അവനെയും എന്നെയും വ്യതിരിക്തമാക്കുന്ന ബോധത്തില്‍ നിന്ന് പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള മഹത്തായ ശ്രമമാണിതെന്നാണ് അവിടെ യൂനിഫോം പ്രഖ്യാപനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കരിക്കുലത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഇടത്സര്‍ക്കാര്‍ കടത്താന്‍ ശ്രമിച്ചതോടെ വീണ്ടും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു. പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിനു വേണ്ടി പുറത്തിറക്കിയ സമൂഹ ചര്‍ച്ചയ്ക്കായുള്ള കുറിപ്പില്‍, 'ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന ശീര്‍ഷകത്തിലുള്ള പതിനാറാം അധ്യായത്തിലാണ് വിവാദ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രസ്തുത ഇടത് ലിബറല്‍ ആശയങ്ങള്‍ കലാലയങ്ങളിലേക്ക് തന്ത്രപൂര്‍വം കടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭ സമരങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുസ്‌ലിം സംഘടനകള്‍ സംയുക്തമായി അറിയിച്ചു കഴിഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി, ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം കലാലയങ്ങളില്‍ സാര്‍വത്രികമാക്കാന്‍ പുറത്തിറക്കിയ കരട്രേഖ പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. നിര്‍ദേശങ്ങളില്‍ ഒന്നാമത്തേത്, വിദ്യാലയങ്ങളിലും ക്ലാസ്മുറികളിലും കുട്ടികള്‍ക്ക് ലിംഗഭേദം പരിഗണിക്കാതെയുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാനും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നാണ്. മറ്റൊന്ന്, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം ചെയ്യാനാവുമെന്നതാണ്. മാത്രമല്ല, ആണ്‍ പെണ്‍ വിഭാഗങ്ങള്‍ക്ക് പുറമെ മറ്റു വിഭാഗങ്ങളെ കൂടി (LGBTQ) പരിഗണിച്ചുള്ള ലിംഗ സമത്വത്തിലൂന്നിയതാവണം ഇനിയുള്ള വിദ്യാഭ്യാസമെന്ന് ഇതിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. അഥവാ, ക്ലാസ്സ്മുറികളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഇടകലര്‍ത്തിയിരുത്തിയും, ലിംഗഭേദമില്ലാതെ ഒരേ യൂനിഫോം കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കിയുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം വിദ്യാലയങ്ങളില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള മാര്‍ഗങ്ങളായി പ്രസ്തുത കുറിപ്പ് മുന്നോട്ടുവെക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയാല്‍ അടുത്ത പടിയായി കലാലയങ്ങളില്‍ ജെന്‍ഡര്‍ ടോയ്ലറ്റുകളും മറ്റും കൊണ്ടുവരികയാണുണ്ടാവുക. എന്നാല്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലൂടെ അവര്‍ അവകാശപ്പെടുന്ന ലിംഗസമത്വം കലാലയങ്ങളില്‍ എത്രത്തോളം കൊണ്ടുവരാന്‍ സാധിക്കുമെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.
ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് അവ നടപ്പാക്കപ്പെട്ട സ്ഥലങ്ങളില്‍ ലിംഗസമത്വം എത്രമാത്രം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ഒരു പഠനമെങ്കിലും സര്‍ക്കാര്‍ വസ്തുനിഷ്ഠമായി നടത്തേണ്ടതുണ്ട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ പാശ്ചാത്യ നാടുകളിലെ ആളുകള്‍, താന്‍ പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ എന്ന മാനസിക വിഭ്രാന്തി അനുഭവിക്കുന്നതായി പഠനങ്ങളില്‍ കാണാം. സ്ത്രീക്കും പുരുഷനുമിടയില്‍ പ്രകൃതിപരമായി നിലനില്‍ക്കുന്ന വ്യതിരിക്തതകളെ ഇല്ലാതാക്കി കുട്ടികളില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ പ്രസ്തുത ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം കാരണമാവുമെന്നതില്‍ സംശയമില്ല. ഇത് വലിയ പ്രത്യാഘാതങ്ങളാവും കുട്ടികളില്‍ സൃഷ്ടിക്കുക.
ലിംഗ സമത്വത്തിന്റെ പേരില്‍ പെണ്ണുങ്ങളുടെ മേല്‍ ആണുങ്ങളുടെ വസ്ത്രം അടിച്ചേല്‍പ്പിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനത്തില്‍ ഒരു ആണ്‍കോയ്മ നിലനില്‍ക്കുന്നു. പെണ്ണ് ഷര്‍ട്ടും പാന്റും ധരിച്ചാല്‍ ലിംഗ അസമത്വവും സ്ത്രീ വിവേചനവും ഇല്ലാതാകുമെങ്കില്‍ അതിനെക്കാള്‍ നല്ലത് ആണുങ്ങള്‍ ചുരിദാറോ സാരിയോ ധരിക്കുന്നതല്ലേ? എന്തുകൊണ്ട് ഈ സമീപനം ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തില്‍ കൊണ്ടുവരുന്നില്ല? ഇവിടെയാണ് ഇതിന് പിന്നിലെ ആണ്‍കോയ്മ മറനീക്കി പുറത്തേക്ക് വരുന്നത്.
2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ വിദ്യാഭ്യാസത്തിലെ ലിംഗപരമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി പാഠ്യപദ്ധതി രൂപവത്കരണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍, നിയമപരിരക്ഷ, സ്ത്രീകളോടുള്ള വിവേചനങ്ങള്‍ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊഴില്‍ പരിശീലനം നിര്‍ബന്ധമാക്കാനും സ്‌കൂള്‍ തലത്തില്‍ പ്രത്യേക കൗണ്‍സലിങ്ങിന് അവസരമൊരുക്കാനും പ്രസ്തുത കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങളില്‍ എത്രത്തോളം നടപ്പാക്കുന്നുണ്ടെന്ന് വിലയിരുത്താതെ ലിംഗസമത്വം ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പറഞ്ഞ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുവേണ്ടി മുറവിളി കൂട്ടുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ആണും പെണ്ണും സത്താപരമായി വ്യത്യസ്തരാണെന്ന യാഥാര്‍ഥ്യ ബോധത്തെ തകര്‍ത്ത്, അവര്‍ ഒരു പോലെയാണെന്ന കൃത്രിമ ബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചെടുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള നടപടികള്‍. സ്ത്രീയും പുരുഷനും സത്താപരമായിത്തന്നെ വ്യത്യസ്തരാണ്. ആണിനും പെണ്ണിനും ഇടയില്‍ പ്രകൃതിപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. ഒരു മാങ്ങയ്ക്ക് ഓറഞ്ച് നിറം നല്‍കിയതുകൊണ്ട് അത് മാങ്ങയല്ലാതാവുന്നില്ല എന്നതു പോലെ ഒരു പെണ്‍കുട്ടിയെ ആണിന്റെ വേഷം ധരിപ്പിച്ചതുകൊണ്ട് അവള്‍ സ്ത്രീയല്ലാതാവുന്നില്ല. ഏത് വസ്ത്രമണിഞ്ഞാലും സത്താപരവും ജീവശാസ്ത്രപരവുമായ വൈവിധ്യങ്ങള്‍ ആണിലും പെണ്ണിലും നിലനില്‍ക്കും.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആണ്‍, പെണ്‍ എന്ന രണ്ടു തരം വര്‍ഗങ്ങളായാണ്. പരസ്പരം പൂരിപ്പിക്കുന്ന പാതികളാണവര്‍. അവര്‍ക്കിടയില്‍ ജീവശാസ്ത്രപരമായി നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ലിംഗ നീതിയാണ് നടപ്പാക്കേണ്ടത്. പ്രത്യുത, ആണിനും പെണ്ണിനുമിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യത്തിന് നേരെ കണ്ണടച്ച്, ആര്‍ക്കും ബോധ്യമാവാത്ത ലോജിക്കുമായി ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക്വേണ്ടി മുറവിളി കൂട്ടുന്നവരാണ് സത്യത്തില്‍ പ്രാകൃതരും അന്ധവിശ്വാസികളും.
മതനിരാസത്തെയും മതനിഷേധത്തെയും ലിംഗസമത്വത്തിന്റെ പേരില്‍ കലാലയങ്ങളിലേക്ക് ഒളിച്ചുകടത്താനുള്ള ശ്രമങ്ങളായാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടിയെ കാണേണ്ടത്. കുട്ടികളെ അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടുന്ന ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാനുള്ള ഗൂഢ ശ്രമങ്ങളെ മതവിശ്വാസ മൂല്യങ്ങളും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളസമൂഹം എന്നും ഒറ്റക്കെട്ടായി ചെറുത്തുനിന്നിട്ടുണ്ട്. ഇപ്പോള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ലിംഗസമത്വത്തിന്റെ പേരില്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന ഇടത് ലിബറല്‍ ആശയങ്ങള്‍ ഭൂരിപക്ഷം വരുന്ന ധാര്‍മിക ബോധമുള്ള കേരള മതവിശ്വാസി സമൂഹത്തെ മറികടന്ന് നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കില്ല എന്നു തന്നെയാണ് കരുതുന്നത്.
Comments