Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

അത് നാക്കു പിഴയല്ല

ബശീര്‍ ഉളിയില്‍

 

പ്രതിവിചാരം /


'അന്ധേര ജാത്തേഗാ, സൂരജ് നികലേഗാ, കമല്‍ ഖിലേഗാ' (അന്ധകാരം മാറും, സൂര്യനുദിക്കും, താമര വിരിയും). അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് 1977-ല്‍ രൂപവത്കരിച്ച ജനതാ പാര്‍ട്ടിയില്‍ കയറിയൊളിച്ച ഭാരതീയ ജനസംഘം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടിയായി തോട് പൊട്ടിച്ചു പുറത്തു വന്ന വേളയില്‍ ബോംബെയിലെ ഒരു പൊതുസമ്മേളനത്തില്‍ വെച്ച്, ഇന്ത്യയിലെ ആദ്യത്തെ സംഘ് പരിവാര്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് നടത്തിയ പ്രഭാഷണത്തിലേതാണ് ഈ വാക്കുകള്‍. ഒരു കവി കൂടിയായിരുന്നുവല്ലോ അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനാധിപത്യ മുഖംമൂടിയായ വാജ്പേയ് കാവ്യാത്മകമായി  പ്രവചിച്ചത് വരാന്‍പോകുന്ന കാവി ദുരന്തത്തെ കുറിച്ചായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഉള്ളിലൊട്ടും കവിത്വമില്ലാത്ത നരേന്ദ്ര മോദി  എന്ന മറ്റൊരു സംഘ മിത്രം കുറച്ചു കൂടി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു: 'കുത്തേ കാ ബച്ചാ ഭികാര്‍ കെ നീച്ചേ അഗര്‍ കുചലാ ജാഏ തോ ദുഃഖ് ഹോതാ ഹേ'  (ഒരു പട്ടിക്കുട്ടി കാറിന്റെ ചക്രത്തില്‍ കുടുങ്ങിയാല്‍ അത് നമുക്ക് വേദനയുണ്ടാക്കില്ലേ? അങ്ങനെയേ ഇതിനെ കാണുന്നുള്ളൂ). 2002-ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയെ കുറിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. പറഞ്ഞു വരുന്നത് 'മൃദു സംഘി', 'കഠിന സംഘി', 'മിത സംഘി', 'തീവ്ര സംഘി' തുടങ്ങിയ തരംതിരിവുകളില്‍ കാര്യമില്ല എന്നാണ്. ''കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉള്‍ക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാന്‍ പഠിക്കുകയും ഹിന്ദു സംസ്‌കാരത്തെയും വംശത്തെയും ആദരവോടെ സ്വാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനില്‍പ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കില്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയാം - ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ.'' ('നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' - ഗോള്‍വാര്‍ക്കര്‍) എന്ന ആചാര്യന്റെ ഒസ്യത് സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഓരോ സംഘമിത്രവും.
നിഗൂഢതയാണ് ആര്‍.എസ്.എസിന്റെ മുഖമുദ്ര. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് സിദ്ധാന്തം. ആയതിനാല്‍ പിറന്നാളിന്റെ നൂറാമാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന വേളയില്‍ സ്വര്‍ഗീയ പൂജനീയരുടെ ഇംഗിതം പൂര്‍ത്തീകരിക്കാന്‍ ഏത് വഴിയിലൂടെയും ആര്‍.എസ്.എസ് സഞ്ചരിക്കും. സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് മൊഴികളില്‍ പഞ്ചാരയും പാഷാണവും കലര്‍ത്തും. ബഹുവര്‍ണ മുഖംമൂടികളണിയും.
സംഘ് പരിവാര്‍ കൂടാരത്തിലെ ബുജികളും രാഷ്ട്രീയക്കാരും മേലുദ്ധൃത  ആചാര്യ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍  ഉപായങ്ങളും കബള തന്ത്രങ്ങളുമൊക്കെ പ്രയോഗിക്കുമെങ്കിലും 'മനസ്സില്‍  കളങ്കമില്ലാത്ത' സായുധ സന്യാസിമാര്‍ സ്ഫടികസങ്കാശമായാണ് കാര്യങ്ങള്‍ പറയാറുള്ളത്. ഒരു ഹിന്ദു രാഷ്ട്ര ഭരണഘടനക്ക് രൂപം നല്‍കി അടുത്തിടെ അവരത് പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദു രാഷ്ട്ര നിര്‍മാണ്‍ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപാണ് ഭരണഘടനാ പ്രഖ്യാപനം നടത്തിയത്. വരണാസി തലസ്ഥാനമായി നിലവില്‍ വരാന്‍ പോകുന്ന ഹിന്ദു രാജ്യത്ത്  മുസ്ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക്  വോട്ടവകാശമുള്‍പ്പെടെയുള്ള യാതൊരു പൗരാവകാശവും ഉണ്ടായിരിക്കുന്നതല്ല. കാശിയില്‍ 'മത പാര്‍ലമെന്റ്' സ്ഥാപിക്കും. 'അഖണ്ഡ് ഭാരത്' മാപ്പ് കരട് പദ്ധതിയുടെ മുഖപേജില്‍ കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് വേര്‍പ്പെട്ട രാജ്യങ്ങള്‍ ഹിന്ദുരാഷ്ട്രയില്‍ ഒരുനാള്‍ ലയിക്കുമെന്ന് കാണിക്കാനാണത്രെ ഇത് ഉള്‍പ്പെടുത്തിയത്. അതെ, 'ഗുരുജി' പറഞ്ഞതു പോലെ ഭാരതാംബയുടെ 'ആഭ്യന്തര ശത്രുക്കള്‍'ക്ക് ഒരാനുകൂല്യവും ചോദിക്കാതെ കീടസമാന പ്രജകളായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടാന്‍ പറ്റുന്ന സനാതന ഹിന്ദു രാഷ്ട്രം അനതിവിദൂര ഭാവിയില്‍ നിലവില്‍ വരാന്‍ പോകുന്നു!
സമഗ്ര മാനവികത (Integral Humanism) അടിസ്ഥാന സിദ്ധാന്തമായി ഭരണഘടനയില്‍ എഴുതിവെച്ച ബി.ജെ.പിക്ക് പക്ഷേ, 'സാധു'ക്കളുടെ ഈ ഋജു ഭാഷ വശമില്ല. തൂമ്പ കൊണ്ട് കോരാന്‍ കഴിയുന്നവരെ തൂമ്പ കൊണ്ടും അല്ലാത്തവരെ നൂലില്‍ കോര്‍ത്തുമാണ് ഏക മതം, ഏക ഭാഷ, ഏക വേഷം, ഏക ഭക്ഷണം, ഏക സംസ്‌കാരം, ഏക കക്ഷി എന്ന 'സനാതന ഏകകം' സാക്ഷാത്കരിക്കാന്‍ ബി.ജെ.പി പരിശ്രമിക്കുന്നത്.  തവളയെ പാതി വിഴുങ്ങിയ പാമ്പിനെപ്പോലെ ഇത് തവളത്തലയന്‍ പാമ്പോ പാമ്പ് വാലന്‍ തവളയോ എന്ന് കാണുന്നവരില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്ന എന്‍.ഡി.എ എന്ന സംവിധാനമുണ്ടാക്കിയാണ് അധികാര സോപാനത്തില്‍ ബി.ജെ.പി അടയിരിക്കാന്‍ തുടങ്ങിയത്. ചെറിയ ചെറിയ പ്രാദേശിക കക്ഷികളെ പ്രീണിപ്പിച്ചും പേടിപ്പിച്ചും കൂടെ കൂട്ടി വോട്ട് നേടി അധികാരമേറ്റ ശേഷം അവയെ വിഴുങ്ങുക എന്നതാണ് ലൈന്‍. ഏറ്റവുമൊടുവില്‍ ദീര്‍ഘകാലം  എന്‍.ഡി.എ സഖ്യകക്ഷി ആയിരുന്ന ബിഹാറിലെ ജെ.ഡി.യു മാത്രമാണ് പാതിജീവനും കൊണ്ട് നാഗവക്ത്രത്തില്‍  നിന്ന് ചാടി രക്ഷപ്പെട്ടത്. വിന്ധ്യനപ്പുറമുള്ള ദേശങ്ങളില്‍ ഈ  നാഗ - മണ്ഡൂക ന്യായം പരീക്ഷിച്ചാണ് സംഘ് പരിവാര്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. എന്നാല്‍, അത്രയൊന്നും 'സംസ്‌കൃത'മല്ലാത്ത തെക്ക് ഭാഗത്ത് ഈ പരീക്ഷണം വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തില്‍ ബഹുമുഖ പരിപാടികളുമായി ഇറങ്ങിയിരിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള സംഘ് പ്രഭൃതികള്‍.   
മുസ്ലിം ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കൈയെടുക്കണമെന്ന എമണ്ടന്‍ കമന്റാണ് പോയ വാരം രാഷ്ട്രീയ കേരളത്തെ ചിരിപ്പിച്ചു കൊന്നത്. ലീഗുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം ലീഗിന് കൊടുക്കണം എന്നാണ് ആര്‍.എസ്.എസ് സൈദ്ധാന്തികനായ  ടി.ജി മോഹന്‍ദാസിന്റെ അഭിപ്രായം. 'സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണക്കുമെന്ന് ധൈര്യമായിട്ട് പറയണം. മുസ്ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. അവര്‍ വാക്ക് മാറില്ല. ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പിറകില്‍ നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല. മുസ്ലിം ലീഗ് ഒരു കമ്യൂണല്‍ പാര്‍ട്ടിയല്ല; കമ്യൂണിറ്റി പാര്‍ട്ടിയാണ്' എന്നിങ്ങനെയാണ് ടി.ജിയുടെ വചനാമൃതം (എ.ബി.സി മലയാളത്തിന് നല്‍കിയ അഭിമുഖം. https://www.mediaoneonline.com/kerala/rss-leader-t-g-mohandas-demands-bjp-muslim-league-alliance-187395). 2010-ല്‍ അച്യുതാനന്ദന്‍ മന്ത്രിസഭ പാകിസ്താന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അഞ്ച് കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്ത ഈ 'ധീര ദേശാഭിമാനി'യാണ് ഇന്നലെയും മിനിഞ്ഞാന്നുമായി പാകിസ്താന്‍ ചാരന്മാര്‍ എന്ന് വിളിച്ച ലീഗിന്റെ 'തറവാടിത്ത'ത്തെ കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നത്.
അളന്നു മുറിച്ചു കാര്യങ്ങള്‍ പറയുന്ന ആളാണ് ടി.ജി മോഹന്‍ദാസ്. ബി.ടെക് ബിരുദധാരിയാണ്. നിയമ ബിരുദവുമുണ്ട്. മര്‍മത്തില്‍ കുത്തുന്ന നര്‍മം കാച്ചാന്‍ നല്ല വിരുതാണ്. ട്വിറ്ററാണ് ആശയ പ്രകാശന സങ്കേതം. ഉപമയും ഉല്‍പ്രേക്ഷ്യയും നന്നായി പ്രയോഗിക്കും. വാക്യങ്ങളുടെ അര്‍ഥാന്തരങ്ങള്‍ ആഴത്തില്‍ പഠിക്കാത്ത മിത്രോംസ് പോലും മോഹന്‍ദാസിന്റെ ട്വീറ്റുകളില്‍ അന്ധാളിച്ചു പോകാറുണ്ട്. സാമൂഹിക വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മോഹന്‍ദാസ് ബി.ജെ.പിയുടെ ബൗദ്ധിക സെല്‍ കണ്‍വീനറും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള അയോധ്യ പ്രിന്റേഴ്‌സിന്റെ ജനറല്‍ മാനേജറും  ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറിയുമായിരുന്നു. ആയതിനാല്‍ തന്നെ, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അലിഖിതമായ ആധികാരികത ഉണ്ട്. അണിയറയില്‍ രൂപപ്പെടുന്ന അജണ്ടകളാണ് വ്യക്തികളുടെ ജിഹ്വകളിലൂടെ അനൗദ്യോഗികമായി പലപ്പോഴും പുറത്തു വരുന്നത്.
ആസേതു ഹിമാചലം താമര വിരിയിക്കാന്‍ കച്ച കെട്ടി ഇറങ്ങിയ ബി.ജെ.പി.ക്ക് മുന്നില്‍ ഇനിയും വഴങ്ങാത്ത സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള കൂലംകഷായമാണ് ഇപ്പോള്‍ സംഘ് പരിവാര്‍ തിങ്ക്-ടാങ്കുകള്‍ കാച്ചിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ അടവുകള്‍ പതിനെട്ടും പയറ്റി പിന്നെ പൂഴിക്കടകന്‍ മറിഞ്ഞുവെട്ടിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് അവസാനത്തെ  ശീട്ട് പുറത്തെടുത്തിരിക്കുന്നത്. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന 'മോഡിഫൈഡ്' മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ജനസ്വാധീനമുള്ള പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കുക എന്നതാണ് പദ്ധതി. കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളിലൊന്നായ ക്രൈസ്തവരില്‍ മുസ്ലിം വിരുദ്ധ വികാരം വളര്‍ത്തി വര്‍ഗീയ ധ്രുവീകരണം നടത്തി സീറ്റുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ക്ലച്ചു പിടിക്കാത്ത സാഹചര്യത്തിലാണ് 'മൃദു മുസ്ലിം' സമീപനത്തിന്റെ ചീട്ടിറക്കി കളിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. ചെറു പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചു അധികാരത്തിലേറുകയും ക്രമേണ അവയെയെല്ലാം വിഴുങ്ങി സ്വന്തം ഭരണം ഉറപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മാതൃക പയറ്റാന്‍ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടി ഉറച്ച വോട്ടു ബാങ്കുള്ള മുസ്ലിം ലീഗാണ് എന്ന ഉറച്ച ബോധ്യമാണ് ലീഗില്‍   കണ്ണ്‌വെക്കാന്‍ സംഘി ധിഷണാ ഫാക്ടറിയെ പ്രചോദിപ്പിക്കുന്നത്.
മോഹന്‍ദാസിനെ പോലുള്ളവരുടെ വാക്കുകള്‍ കേവലമായ നാക്കുപിഴകളായി കാണാന്‍ കഴിയില്ല. ആര്‍.എസ്.എസ്സിന്റെ ചിന്തന്‍ ബൈഠക്കുകളില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് ബി.ജെ.പി വക്താക്കള്‍ തരംപോലെ ഓരോ വെടിയും ഉതിര്‍ക്കുന്നത്.
ഇടതു മുന്നണിയെ തകര്‍ത്തു വലതു മുന്നണിയുടെ ഭാഗമാവുക എന്ന കോമണ്‍ മിനിമം പരിപാടിയുടെ ഭാഗമായി ഒരു പരീക്ഷണം പണ്ടൊരിക്കല്‍ നടത്തി നോക്കിയതാണ് ബി.ജെ.പി. ബി.ജെ.പി നേതാവ് കെ.ജി മാരാരുടെ ജീവചരിത്രത്തിലാണ് ഈ സഖ്യത്തെ കുറിച്ച പരാമര്‍ശമുള്ളത്. 1991-ലായിരുന്നു സംഭവം. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു. ബേപ്പൂര്‍ നിയമ സഭാ മണ്ഡലത്തിലും വടകര ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പിയുടെ പൊതുസ്വതന്ത്രരെ നിര്‍ത്തി വിജയിപ്പിക്കാനും, പകരം മറ്റിടങ്ങളില്‍ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിക്കാനുമായിരുന്നു ധാരണ. കഥാന്ത്യത്തില്‍  മലര്‍പ്പൊടിക്കാരന്റെ വ്യാമോഹം പോലെ തകര്‍ന്നടിയുകയായിരുന്നു ബി.ജെ.പിയുടെ കരുനീക്കം. മാരാര്‍ തന്നെ വിശേഷിപ്പിച്ചതു പോലെ അതൊരു 'പാഴായ പരീക്ഷണ'മായിരുന്നു. അധികാരത്തിന്റെ ചക്കരക്കുടം മാത്രം ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്ത് തന്നെ തീരുമാനമെടുത്താലും ത്യാജ ഗ്രാഹ്യ വിവേചന ശക്തിയുള്ള അണികള്‍ അതെല്ലാം തള്ളിക്കളയും എന്നതാണ് ആ പഴയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരാജയം  നല്‍കിയ വലിയ പാഠം. ജാതി-മത രാഷ്ട്രീയ ഭേദമന്യേ പൊതു നന്മ കാംക്ഷിക്കുന്നവരുടെ ഈ വോട്ടിംഗ് ജാഗ്രതയില്‍ തന്നെയാണ് മതേതര കേരളത്തിന്റെ പ്രതീക്ഷയും. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്