Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

പ്രാദേശിക രാഷ്ട്രീയത്തെയും  ഹിന്ദുത്വ ദേശീയത  വിഴുങ്ങുമോ?

എ. റശീദുദ്ദീന്‍

ഇക്കഴിഞ്ഞ ജൂലൈ 31-ന് പാറ്റ്നയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ സമ്മേളനത്തില്‍ പ്രസംഗിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ അല്‍പ്പം അഹങ്കാരത്തോടെ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ബി.ജെ.പിക്കു മുന്നില്‍ ദേശീയ തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ന് ഒറ്റ പാര്‍ട്ടി പോലും ഇല്ലാതായതു പോലെ പ്രാദേശിക പാര്‍ട്ടികളും ആസന്ന ഭാവിയില്‍ ചരമമടയും. സംസ്ഥാനത്ത് പതിനാറ് പുതിയ ബി.ജെ.പി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നദ്ദ. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന് മുമ്പൊരിക്കല്‍ അമിത്ഷാ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ബി.ജെ.പിക്കെതിരെ ഇനി കോണ്‍ഗ്രസ് ഉയര്‍ന്നു വരണമെങ്കില്‍ 40 വര്‍ഷമെങ്കിലും കഴിയുമെന്ന ഒരു പ്രവചനവും ഈ യോഗത്തില്‍ നദ്ദ നടത്തുന്നുണ്ട്. അതുവരെ ഇന്ത്യയില്‍ ബി.ജെ.പി മാത്രമേ ഉണ്ടാവൂ എന്നര്‍ഥം. 'സംസ്‌കാര'മുള്ള പാര്‍ട്ടി ബി.ജെ.പി മാത്രമായതു കൊണ്ടാണ് അത് നിലനില്‍ക്കാന്‍ പോകുന്നതെന്ന വിചിത്രമായ ഒരു അവകാശവാദവും നദ്ദ നടത്തുന്നുണ്ട്!
ഈ അവകാശവാദം ശരിയാവുമെന്നു തന്നെ സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ഈ നാല് പതിറ്റാണ്ട് കഴിയുമ്പോള്‍ എന്തുകൊണ്ട് ഇന്നത്തെ ബി.ജെ.പി ഇല്ലാതാകണം? പ്രാദേശിക പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നത് എങ്ങനെ, കോണ്‍ഗ്രസ് അതിന്റെ കല്ലറയില്‍ നിന്ന് അന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കാരണമെന്തായിരിക്കും എന്നൊക്കെയുള്ള അക്കാദമികമായ നിരവധി ചര്‍ച്ചകള്‍ക്ക് നദ്ദ വഴിമരുന്നിടുന്നുണ്ട്. അതിരിക്കട്ടെ, നദ്ദയുടെ പ്രസംഗം നടക്കുന്ന സമയത്ത് ബി.ജെ.പി രൂപവത്കരിച്ച ദേശീയ ജനാധിപത്യ മുന്നണി എന്ന എന്‍.ഡി.എ ഇന്ത്യയില്‍ നാമാത്രമായെങ്കിലും നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ പ്രസംഗത്തിന്റെ കൃത്യം പത്താം ദിവസം ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബി.ജെ.പിയുടെ മുന്നണി വിട്ട് ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് ബിഹാറില്‍ മഹാഗഢ്ബന്ധന്‍ പുനഃസ്ഥാപിച്ചു. നിതീഷിന്റെ ഈ നീക്കം തടയാനുള്ള ശ്രമങ്ങളൊന്നും ഇത്തവണ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതുമില്ല. പ്രാദേശിക രാഷ്ട്രീയത്തിന്റെ ബിഹാറിലെ മരണപ്പിടച്ചില്‍ നിതീഷ് കുമാറിലൂടെ അവസാനിക്കുമെന്നു തന്നെയാണ് നദ്ദയും കൂട്ടരും വിലയിരുത്തുന്നതെന്ന് സ്വാഭാവികമായും പാര്‍ട്ടിയുടെ പ്രതികരണങ്ങളില്‍ നിന്ന് വിലയിരുത്താനാവും.
2013-ല്‍ അന്നത്തെ ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് ബി.ജെ.പി നേതാക്കളായ സുശീല്‍ കുമാര്‍ മോദിയെയും മറ്റും ഒഴിവാക്കി നിതീഷ് എന്‍.ഡി.എയില്‍ നിന്ന് കുതറിച്ചാടിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. അന്ന് ബി.ജെ.പി അങ്ങോട്ടു പോയി അദ്ദേഹത്തിന്റെ കാലു പിടിക്കുകയാണ് ചെയ്തത്. പക്ഷേ, ബി.ജെ.പിയുമായുള്ള മുന്‍ധാരണയുടെ ഭാഗമായിരുന്നു അന്നത്തെ ആ രാഷ്ട്രീയ നാടകം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചതിനു ശേഷം, അവരോടൊപ്പം നിന്ന് തെരഞ്ഞെടുപ്പ് നേരിട്ടാല്‍ ബിഹാറില്‍ നിതീഷിന് നഷ്ടം പറ്റുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്ത്രപരമായ ഒരു പിന്നാക്കം പോകലായിരുന്നു അന്നത്തേത്. പിന്നീട് എന്‍.ഡി.എയില്‍ മടങ്ങിയെത്തിയെങ്കിലും 2020ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിനെ വലിയൊരളവില്‍ ബി.ജെ.പി വിഴുങ്ങിയ കാഴ്ചയാണ് ബിഹാര്‍ കണ്ടത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ മതേതരത്വത്തിനും വര്‍ഗീയതക്കുമിടയിലെ ഒരു ബഫര്‍ സോണായി ജനതാദള്‍ യുനൈറ്റഡ് മാറുന്നതും രാജ്യം കണ്ടു. ജെ.ഡി.യു തകരുമ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്കാണ് എത്തിപ്പെട്ടുകൊണ്ടിരുന്നത്. 2020-നു ശേഷം ജെ.ഡി.യു എല്ലാ അര്‍ഥത്തിലും തകരുകയായിരുന്നു. അവരുടെ ആസന്നമരണം മുന്നില്‍ കണ്ടു തന്നെയാണ് നദ്ദ പാറ്റ്നയിലെ യോഗത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന് ദയാവധം കൊടുക്കാന്‍ അത്യാവേശം കാണിച്ചതും.
കഴിഞ്ഞ ഏതാനും മാസങ്ങളായി ജെ.ഡി.യുവിന്റെ മുന്‍ ദേശീയ അധ്യക്ഷന്‍ രാംചന്ദ്ര പ്രസാദ് സിംഗ് എന്ന ആര്‍.സി.പി സിംഗിനെ മുന്‍നിര്‍ത്തി ബി.ജെ.പി നേതാക്കള്‍ ദല്‍ഹി കേന്ദ്രീകരിച്ച് 'സാംസ്‌കാരികമായ' ഒരു അട്ടിമറിക്ക് ചരടുവലിക്കുന്നുണ്ടായിരുന്നു. ശിവസേനയെ മഹാരാഷ്ട്രയില്‍ തകര്‍ത്ത മാതൃകയില്‍ ഏതാനും ജെ.ഡി.യു അംഗങ്ങളെ അസംബ്ലിയില്‍ നിന്ന് മറുകണ്ടം ചാടിച്ചോ രാജിവെപ്പിച്ചോ നിതീഷ് കുമാറിനെ വീഴ്ത്താനായിരുന്നു പ്ലാന്‍. ജെ.ഡി.യുവിനകത്ത് ബി.ജെ.പി കണ്ടെത്തിയ അഞ്ചാം പത്തികളിലുള്‍പ്പെട്ട, ജെ.ഡി.യുവിന്റെ വക്താവ് കൂടിയായ മനീഷ് ബാരിയര്‍ ഈ ചതുരംഗപ്പലകയില്‍ ചാവേറാകാന്‍ വിധിക്കപ്പെട്ട വേറൊരു പോരാളിയായിരുന്നു. ഉദ്ധവ് താക്കറെ തന്റെ മൂക്കിന് താഴെ നടന്ന 'സാംസ്‌കാരിക ചാക്കിട്ടുപിടിത്തം' തിരിച്ചറിയുന്നതില്‍ മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ ചാരനാണ് ആര്‍.സി.പിയെന്ന് നിതീഷ് കുമാര്‍  തുടക്കത്തിലേ തിരിച്ചറിഞ്ഞു. പാര്‍ട്ടിക്ക് എന്‍.ഡി.എ സര്‍ക്കാറില്‍ ലഭിച്ച ഈ ഒരേയൊരു കേന്ദ്രമന്ത്രിക്ക് രാജ്യസഭാംഗത്വം പുതുക്കി നല്‍കാതിരുന്നത് അങ്ങനെയാണ്.
ജെ.ഡി.യുവും ബി.ജെ.പിയും തമ്മില്‍ നടക്കുന്ന വടംവലി കഴിഞ്ഞ കുറേ മാസങ്ങളായി തന്നെ രാഷ്ട്രീയ ഗോദയില്‍ നടക്കുന്നുണ്ടായിരുന്നു. നിതീഷുമായി അടുപ്പമുണ്ടെന്ന് സംശയിച്ച സ്വന്തം പാര്‍ട്ടിക്കാരെ മാറ്റിനിര്‍ത്തി അമിത് ഷായുടെ വിനീത വിധേയന്മാരായവരെ മാത്രം മന്ത്രിമാരാക്കി വെച്ച് ബിഹാറില്‍ നിഴല്‍ഭരണം നടത്തുകയായിരുന്നു ബി.ജെ.പി.
എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറുമ്പോള്‍ സ്വാഭാവികമായി മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവുന്നതു മനസ്സിലാക്കാനാവും. പക്ഷേ, മറ്റുള്ള പാര്‍ട്ടികളില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ കള്ളപ്പണം, ഇ.ഡി, സി.ബി.ഐ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ അട്ടിമറിച്ച് ഒടുവില്‍ ബി.ജെ.പി മാത്രം ബാക്കിയാവുന്ന രീതിയെ കുറിച്ചാണ് നദ്ദ പറഞ്ഞുകൊണ്ടിരുന്നത്.  നിതീഷിന്റെ പാര്‍ട്ടിയില്‍ നിന്ന് ഏതാനും പേരെ അടര്‍ത്തിയെടുത്ത് ഗവണ്‍മെന്റിനെ താഴെ വീഴ്ത്തി സംസ്ഥാനത്തെ  പുതിയൊരു തെരഞ്ഞെടുപ്പിലേക്ക് തള്ളിയിടാനായിരുന്നു ബി.ജെ.പി ശ്രമിച്ചത്. ബിഹാറില്‍ പുതിയ തെരഞ്ഞെടുപ്പു നടന്നാല്‍ 'സാംസ്‌കാരിക'മായ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി ബി.ജെ.പിക്ക് മുഖ്യ എതിരാളിയായ ലാലുവിന്റെ പാര്‍ട്ടിയെ ഒതുക്കാനും കഴിഞ്ഞേനെ. ലാലുവിന്റെ ആരോഗ്യാവസ്ഥ ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുമുണ്ടാവണം. 2025-ല്‍ ലാലു പ്രചാരണ രംഗത്ത് ഉണ്ടായാലും ഇല്ലെങ്കിലും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അതിന് നിര്‍ണായക പ്രാധാന്യമുണ്ടാവും. ഇത് മുന്‍കൂട്ടി കണ്ടാണ് നിതീഷിനെ വീഴ്ത്താനുള്ള മുഹൂര്‍ത്തം എത്തിയെന്ന് ബി.ജെ.പി വിലയിരുത്തിയത്.
ഭരണത്തില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് നിതീഷ് മഹാഗഢ്ബന്ധന്‍ ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ നിലവിലുള്ള ജെ.ഡി.യുവിന്റെ അവസ്ഥ അറിയുന്ന ആരും അങ്ങോരുമായി വലിയ ചര്‍ച്ചക്കൊന്നും പോകാന്‍ സാധ്യത ഉണ്ടായിരുന്നില്ല. ഇതെല്ലാം മനസ്സില്‍ കണ്ടാണ് മോദിയും അമിത് ഷായും ആര്‍.സി.പി സിംഗിനെ മുന്നില്‍ നിര്‍ത്തി ചരടു വലിച്ചുകൊണ്ടിരുന്നത്. ബി.ജെ.പിയുടെ സാധ്യതകള്‍ അവര്‍ നല്ലതുപോലെ ഗൃഹപാഠം ചെയ്തിരുന്നു. ജെ.ഡി.യു ഇല്ലാതെ ഒറ്റക്ക് മത്സരിച്ചാലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള സാധ്യത തള്ളിക്കളയാനാവുമായിരുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ മറ്റാര്‍ക്കെങ്കിലും മന്ത്രിസഭ രൂപവത്കരിക്കാന്‍  പാറ്റ്നയിലെ രാജ്ഭവനില്‍ നിന്ന് ക്ഷണം കിട്ടുന്ന സാഹചര്യം സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. ഇനി ബി.ജെ.പിയല്ലാത്ത മറ്റാരെങ്കിലുമാണ് വലിയ ഒറ്റക്കക്ഷിയാവുന്നതെങ്കില്‍ ആരുടെ മുന്നണിയാണ് വലുതെന്നായിരിക്കും ഗവര്‍ണര്‍ നോക്കുക. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലാലുവിന്റെ ആര്‍.ജെ.ഡി ജയിച്ചു കയറിയിട്ടും 'സാംസ്‌കാരികമായി' മുന്നില്‍ നിന്ന നദ്ദയുടെ പാര്‍ട്ടിയായിരുന്നല്ലോ അധികാരം പിടിച്ചടക്കിയത്. ഈ കണക്കു കൂട്ടലുകളെയാണ് നിതീഷ് കുമാര്‍ ഒറ്റയടിക്ക് തകര്‍ത്തത്. നിതീഷിന്റെ പൂര്‍വകാല രാഷ്ട്രീയ നിലപാടുകള്‍ എന്തു തന്നെ ആയിരുന്നാലും മറുപുറത്ത് അടികിട്ടിയ ബി.ജെ.പിയുടെ ചരിത്രം അതിനേക്കാളും കെട്ടതാകയാല്‍ തല്‍ക്കാലം ഈ കൂറുമാറ്റത്തിന് സബാഷ് വിളിക്കുക. ജനാധിപത്യത്തിന്റെ തത്ത്വങ്ങളെ ചവിട്ടിയരച്ച് മുന്നേറുന്ന ബി.ജെ.പിയുടെ ബുള്‍ഡോസറിന് വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള അപ്രതീക്ഷിത തിരിച്ചടികള്‍ ലഭിക്കുന്നത് ആഘോഷിക്കാനുള്ള അവസരമായി മാത്രം അതിനെ കണ്ടാല്‍ മതി.
ഇപ്പോഴത്തെ ചിത്രമനുസരിച്ച് ബി.ജെ.പിക്ക് ബിഹാറിലെ പ്രാദേശിക രാഷ്ട്രീയത്തെ തുടച്ചുമാറ്റുക അത്രക്കങ്ങ് എളുപ്പമാകാനിടയില്ല. മോദിയുടെയും അമിത് ഷായുടെയും കുതന്ത്രങ്ങളെ മറികടന്ന് നിതീഷ് അധികാരത്തില്‍ തുടരാനുള്ള സാമര്‍ഥ്യം കാണിച്ചതോടെ കുര്‍മി, മഹാദലിത് വിഭാഗങ്ങളുടെ വോട്ടുബാങ്ക് പഴയതു പോലെ നിതീഷിനൊപ്പം തുടരുകയാണുണ്ടാവുക. ജിതേന്ദ്ര മാഞ്ചി മാത്രമാണ് നിലവില്‍ ബി.ജെ.പിയോടൊപ്പമുള്ള അതിപിന്നാക്ക ജാതി വിഭാഗങ്ങളില്‍ പെട്ട ഒരേയൊരു നേതാവ്. ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഉപേന്ദ്ര കുശവാഹ തന്റെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയെ (ആര്‍.എല്‍.എസ്.ഡി) ജെ.ഡി.യുവില്‍ ലയിപ്പിച്ചതോടെ ബിഹാറിലെ എം.ബി.സി വിഭാഗങ്ങളില്‍ ബി.ജെ.പിയുടെ സ്വാധീനം വലിയൊരളവില്‍ നഷ്ടപ്പെട്ടിരുന്നു. മറുഭാഗത്ത് ലോക് താന്ത്രിക് ജനതാദള്‍ നേതാവായ ശരദ് യാദവ് തന്റെ പാര്‍ട്ടിയെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍.ജെ.ഡിയില്‍ ലയിപ്പിക്കുകയുമുണ്ടായി. മതേതരത്വവും ഹിന്ദുത്വവും ചേരിതിരിയുന്നു എന്നതാണ് സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ മാറ്റങ്ങളിലെല്ലാം കാണാനാവുന്ന സമാനത. ബി.ജെ.പിയുടെ എതിര്‍പക്ഷത്ത് പഴയ ജനതാ രാഷ്ട്രീയമാണ് ബിഹാറില്‍ മടങ്ങിയെത്തുന്നത്. സോഷ്യലിസത്തിലും മതേതരത്വത്തിലും ഒരുകാലത്ത് അടിയുറച്ചു നിന്ന് അവനവന്‍ പോരിശയില്‍ പലവഴി ചിതറിയ നേതാക്കളായിരുന്നു ഇവര്‍. ജാതി രാഷ്ട്രീയമാണ് പില്‍ക്കാലത്ത് ഈ നേതാക്കള്‍ കളിച്ചുകൊണ്ടിരുന്നതെങ്കിലും ജയ്പ്രകാശ് നാരായണനിലൂടെ ശക്തിപ്പെട്ട സോഷ്യലിസ്റ്റ് രാഷ്ട്രീയവും മതേതരത്വവും എന്നും ബിഹാറിന്റെ സിരകളിലുണ്ടായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം കേരളത്തെപ്പോലെ തെരഞ്ഞെടുപ്പുകളെ വലിയൊരളവില്‍ ആശയപരമായി നേരിട്ട സംസ്ഥാനമാണിത്. വര്‍ഗീയ കാര്‍ഡ് കളിച്ച് ബി.ജെ.പിക്ക് വല്ലാതെ മുന്നോട്ടു പോകാന്‍ മാത്രം ശക്തമായ രീതിയില്‍ സവര്‍ണ ജാതിക്കാരുടെ വോട്ടുകളും ഇവിടെയില്ല. ബ്രാഹ്മണരും ഭൂമിഹാറുകളും ബനിയകളും കൂടിച്ചേര്‍ന്നാല്‍ പോലും ഏറിയാല്‍ 18 ശതമാനമേ അവരുടെ വോട്ടുബാങ്കിന് വലുപ്പമുള്ളൂ. അതില്‍ നിന്നു തന്നെ 65 ശതമാനമാണ് എന്‍.ഡി.എക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ വിഹിതം (ലോക്നീതി-സി.എസ്.ഡി.എസ് കണക്കുകള്‍). 2019-ലെയും 2020-ലെയും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ എന്‍.ഡി.എക്ക് അസംബ്ലിയില്‍ ഒമ്പത് ശതമാനം വോട്ടുകള്‍ കുറവായിരുന്നു എന്നും കാണാം.
മറുഭാഗത്ത് അവര്‍ണ പക്ഷത്തെ ചിതറിക്കിടന്ന വോട്ടുബാങ്കുകള്‍ സമ്പൂര്‍ണമായി ഏകീകരിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായത്. സവര്‍ണ വിഭാഗങ്ങള്‍ക്കുള്ള അതേ 18 ശതമാനം വോട്ടുബാങ്ക് മുസ്ലിംകള്‍ക്കുമുണ്ട്. ഇത് നിതീഷിനും ലാലുവിനും കോണ്‍ഗ്രസിനുമിടയില്‍ വീതം വെക്കപ്പെടുകയാണ് 2020-ല്‍ സംഭവിച്ചത്. നാമമാത്രമായ ഒരു വിഹിതം ഉവൈസിക്കും ലഭിച്ചു. മറ്റൊരു പ്രധാന വിഭാഗമാണ് ദലിതര്‍. അവരുടെ വോട്ടുബാങ്ക് 16 ശതമാനം വരും. ശേഷിച്ച പകുതി വോട്ടുബാങ്കും ഒ.ബി.സി, എം.ബി.സി വിഭാഗങ്ങളുടേതാണ്. ഇതില്‍ യാദവര്‍ മാത്രം 14 ശതമാനമുണ്ട്. അതി പിന്നാക്ക വിഭാഗങ്ങളായ കൊയേരി, കുര്‍മി തുടങ്ങിയവരാണ് ഇനിയുള്ളത്. ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുബാങ്കും മറുപക്ഷത്തെ മതേതര വോട്ടുബാങ്കും രണ്ടായി ചേരി തിരിയുമ്പോള്‍ കടലാസില്‍ അത് സവര്‍ണരും അല്ലാത്തവരും തമ്മില്‍ നേര്‍ക്കുനേരെയുള്ള പോരാട്ടമായാണ് ബിഹാറില്‍ മാറുന്നത്. ലാലു പ്രസാദ് യാദവ്, ശരദ് യാദവ്, നിതീഷ് കുമാര്‍, ഉപേന്ദ്ര കുശവാഹ എന്നിവരെല്ലാം പഴയ ജനതാദള്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ്. ലാലുവും ശരദും ഒരേ ആര്‍.ജെ.ഡിയിലും നിതീഷും കുശവാഹയും ജെ.ഡി.യുവിലും ഒരുമിക്കുമ്പോള്‍ മഹാസഖ്യത്തിന് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി മാറുന്നുണ്ട്. 'കേക്കിന് മുകളില്‍ ചെറി വെക്കു'ന്നതു പോലെ അലങ്കാരത്തിനായി കോണ്‍ഗ്രസിന്റെ സവര്‍ണ വോട്ടുകള്‍ കൂടി ഇവിടെ എടുത്തുവെക്കാം. അതായത്, എന്‍.ഡി.എക്കു കിട്ടിയ 65 കഴിച്ചാല്‍ ബാക്കിയുള്ള വോട്ടുകള്‍. യാദവ-മുസ്ലിം വോട്ടുബാങ്കില്‍ കാര്യമായ വിള്ളലൊന്നും ബി.ജെ.പി ഇതുവരെ വീഴ്ത്തിയിട്ടുമില്ല. ഭരണത്തിലിരുന്ന കാലത്ത് മുസ്ലിം വോട്ടുബാങ്കിനെ നിതീഷ് വെറുപ്പിക്കാത്തതു കൊണ്ട് മഹാഗഢ്ബന്ധനകത്ത് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാവാനുമിടയില്ല. പൗരത്വ പട്ടികക്കെതിരെ അസംബ്ലിയില്‍ ആര്‍.ജെ.ഡിയുടെ സഹായത്തോടെ നിതീഷ് പ്രമേയം പാസാക്കുക പോലുമുണ്ടായി.
ജെ.പി നദ്ദയുടെ പ്രതീക്ഷകള്‍ തെറ്റാനാണ് സാധ്യത. ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം, പ്രത്യേകിച്ച് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി മുന്നോട്ടു വെച്ച ദലിത് രാഷ്ട്രീയം, ബി.ജെ.പിയുടെ മതരാഷ്ട്രീയത്തിലേക്ക് ലയിക്കാന്‍ തുടങ്ങിയതിന്റെ ഹുങ്കിലാണ് പാറ്റ്നയില്‍ നദ്ദ ആ പ്രസംഗം നടത്തിയത്. മായാവതി പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഒരു കോടാലിയായി മാറിയിട്ടുണ്ടാവാം. സമാജ്വാദി പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് ഇടങ്കോലിടുക എന്നതിലപ്പുറം മറ്റൊരു രാഷ്ട്രീയ പ്രസക്തിയും നിലവില്‍ മായാവതിക്കില്ല. സമീപകാല തെരഞ്ഞെടുപ്പുകളില്‍ സീറ്റുകളുടെ എണ്ണം കുറയുമ്പോഴും മായാവതി സ്വന്തം വോട്ടുബാങ്ക് പിടിച്ചുനിര്‍ത്തുകയെങ്കിലും ചെയ്തിരുന്നു. പക്ഷേ, ഏറ്റവുമൊടുവില്‍ യു.പി അസംബ്ലി തെരഞ്ഞെടുപ്പില്‍ അസാധാരണമാം വിധം അവരുടെ വോട്ടിംഗ് ശതമാനവും താഴേക്കു വന്നു. 21 ശതമാനമുണ്ടായിരുന്നത് 12.73 ആയി. 2007-ല്‍ മായാവതി മുഖ്യമന്ത്രി ആയപ്പോള്‍ 206 സീറ്റും 30.43 ശതമാനം വോട്ടും നേടിയിടത്തു നിന്നാണ് ദയനീയമായ ഈ തകര്‍ച്ച. ബി.എസ്.പിയുടെ ജാതി രാഷ്ട്രീയത്തിന് കാന്‍ഷിറാം നല്‍കിയ മനുവിരുദ്ധ, സവര്‍ണവിരുദ്ധ അജണ്ടകളില്‍ നിന്ന് പാര്‍ട്ടി പിന്നാക്കം പോവുകയും ഹിന്ദുത്വ ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കുകയും ചെയ്തപ്പോഴാണ് മായാവതിയുടെ നിലതെറ്റിയത്. ഫൈസാബാദിലെ റാലിയില്‍ അണികളെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുവോളം കാന്‍ഷിറാമിന്റെ പാര്‍ട്ടി ബി.ജെ.പിക്കു മുമ്പില്‍ കുനിഞ്ഞു.
അതിനോടൊപ്പം ചേര്‍ത്തു പറയേണ്ട ഒന്നാണ് മായാവതിയുടെ തന്‍പോരിമ. 2019-ല്‍ സമാജ്വാദിയുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍, 10 ലോക്‌സഭാ സീറ്റുകള്‍ നേടിയിട്ടും അഖിലേഷ് യാദവ് ചതിച്ചെന്ന് ആരോപിച്ച് മായാവതി സഖ്യം പിരിഞ്ഞത് ശുദ്ധ വിഡ്ഢിത്തമായിരുന്നു. പ്രമുഖരായ പല നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് സമാജ്വാദിയില്‍ എത്തിപ്പെടുകയാണ് പിന്നീട് സംഭവിച്ചത്. ഒറ്റക്ക് ജയിക്കുമെന്ന മായാവതിയുടെ അഹങ്കാരമാണ് നിലവില്‍ ബി.എസ്.പിയുടെ തകര്‍ച്ച പൂര്‍ണമാക്കിയത്. യു.പിയിലെ ദലിതരെ ലക്ഷ്യമിട്ടു നടത്തിയ ക്ഷേമ പദ്ധതികള്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടാവാം. എങ്കില്‍ പോലും ഒരു കാലത്തും കുലുങ്ങാതിരുന്ന ആ കോട്ടയില്‍ നിന്ന് ദലിതരെ 'ഹിന്ദുക്കളാ'ക്കി മാറ്റാന്‍ ബി.ജെ.പിക്കു കഴിഞ്ഞു എന്നതു തന്നെയാണ് ആദിത്യനാഥിന്റെ രണ്ടാം വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മറുഭാഗത്ത് ബി.എസ്.പിയുടെ സ്ഥാപക നേതാക്കളിലുള്‍പ്പെട്ട രാം അഛല്‍ രജ്ബര്‍ അടക്കം ജനസ്വാധീനമുള്ള നിരവധി നേതാക്കള്‍ സമാജ്വാദിയിലാണ് എത്തിപ്പെട്ടതെന്ന് മറക്കരുത്. ആ ഒഴുക്ക് ഇപ്പോഴും യു.പിയില്‍ തുടരുന്നുമുണ്ട്.
എന്നാല്‍, അങ്ങനെയൊരു ചിത്രമല്ല ബിഹാറില്‍ രൂപപ്പെടുന്നത്. ദലിത് വോട്ടുബാങ്കിലേക്ക് കടന്നു കയറാനായി ബി.ജെ.പി ഉപയോഗിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി എന്‍.ഡി.എക്കകത്തെ ആട്ടും തുപ്പും സഹിക്കാനാവാതെ സഖ്യം വിട്ടുപോയിരിക്കുന്നു. അവര്‍ മാത്രമല്ല, ബി.ജെ.പി സ്വന്തം നിലയില്‍ വലുതായപ്പോള്‍ ഇതേ അപമാനം നേരിട്ടതിനെ കുറിച്ചാണ് എന്‍.ഡി.എ വിട്ടുപോയ എല്ലാവരും പറയുന്നത്. എന്‍.ഡി.എയില്‍ ചേര്‍ന്ന എല്ലാ ഘടക കക്ഷികളെയും നിശ്ശബ്ദമായി ഇല്ലാതാക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരുന്നത്. എ.ഐ.ഡി.എം.കെയെ തമിഴ്നാട്ടില്‍ പൂര്‍ണമായും വിഴുങ്ങി. ശിവസേനയെ പിളര്‍ത്തി. അകാലിദള്‍ അപകടം മണത്ത് സ്വയം പിന്‍വാങ്ങി. അപ്നാ ദളിലെ ഒരു വിഭാഗം ഒഴികെയുള്ള മുഴുവന്‍ യു.പി പാര്‍ട്ടികളും ബി.ജെ.പി വിട്ട് സമാജ്വാദിയിലെത്തി. ജാതി രാഷ്ട്രീയ സംഘടനകളില്‍ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച മാത്രമാണ് ബി.ജെ.പിയോടൊപ്പം ബാക്കിയുള്ളത്. യു.പിയില്‍ മല്ലകളുടെയും രജ്ബറുകളുടെയും പാര്‍ട്ടികളെ ഒപ്പം കൂട്ടി സ്വന്തം വോട്ടുബാങ്കാക്കി മാറ്റി. എന്നാല്‍, ബിഹാറിലെ ദലിത് രാഷ്ട്രീയത്തെ ഹിന്ദുത്വ പന്തിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന ഒറ്റ നേതാവും ഇതുവരെ അവരോടൊപ്പമില്ല. ചിരാഗ് പാസ്വാന്‍ തിരികെ എന്‍.ഡി.എയില്‍ എത്തിയാലും അദ്ദേഹത്തിന് ഇനിയത് കഴിഞ്ഞുകൊള്ളണമെന്നില്ല. ഗിരിരാജ് സിംഗ്, അശ്വിനി കുമാര്‍ ചൗബെ, രവി ശങ്കര്‍ പ്രസാദ് പോലുള്ള തന്‍പോരിമക്കാരായ സവര്‍ണ പ്രമാണിമാര്‍ക്ക് പൊതുസമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള ശേഷി ഒരിക്കല്‍പോലുമുണ്ടായിട്ടില്ല. സുശീല്‍ കുമാര്‍ മോദിക്കു പകരം കല്‍വാര്‍ ജാതിക്കാരനായ തര്‍കിഷോര്‍ പ്രസാദിനെ പുതിയ അധ്യക്ഷനാക്കിയത് പിന്നാക്ക സമുദായങ്ങളെ ലക്ഷ്യമിട്ടാണെങ്കിലും സംസ്ഥാനത്ത് പുതിയ ഒരു ഹിന്ദുത്വ അടിയൊഴുക്കും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല.
എന്നാല്‍, മറുഭാഗത്ത് അതല്ല ചിത്രം. അടിസ്ഥാനപരമായി ജാതി രാഷ്ട്രീയം തന്നെയാണ് മഹാഗഢ്ബന്ധന്റെ ചേരുവയെങ്കിലും അതിന്റെ ആശയപരമായ അടിത്തറ ഒന്നുകൂടി ശക്തമാവുകയാണ് ഇപ്പോഴുണ്ടായത്. കേരളത്തിലും തമിഴ്നാട്ടിലും ജനങ്ങള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയ മതേതര രാഷ്ട്രീയമാണത്. ബിഹാര്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കായി എന്നും ഇത് ഉണ്ടായിട്ടുമുണ്ട്. മഹാഗഢ്ബന്ധന്‍ ഇന്നത്തെ അതേ അവസ്ഥയില്‍ ശക്തമായി തുടരുകയാണെങ്കില്‍ 2024-ല്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്ക് ജയിച്ചു കയറാനിടയുള്ളത് രണ്ടോ മൂന്നോ മാത്രം മണ്ഡലങ്ങളിലാണ്. അതുപോലും ചില സാധ്യതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മാത്രം.
ബി.ജെ.പി ആഗ്രഹിച്ചതു പോലെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പ്രാദേശിക പാര്‍ട്ടികള്‍ ഇല്ലാതാവുകയാണോ, അതോ മതേതര രാഷ്ട്രീയം ശക്തിപ്പെടുകയാണോ സംഭവിക്കുകയെന്ന ചോദ്യം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നുണ്ട്. ചെറിയ ജാതിസംഘടനകളും പ്രാദേശിക സംഘങ്ങളും ഒരുമിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്, 1990-കളുടെ തുടക്കത്തില്‍ ബാബരി മസ്ജിദ് സംഭവത്തിനു ശേഷം ചിതറിപ്പോയ കോണ്‍ഗ്രസ് പോലൊരു സംവിധാനം മുന്നണിയായി രൂപം കൊള്ളുക എന്നതാണ്. കോണ്‍ഗ്രസിനെ കുറിച്ച് ഈ ലേഖനത്തിലെവിടെയും പരാമര്‍ശിക്കാതിരുന്നത് ബിഹാറില്‍ അവര്‍ ഒരു വലിയ ഘടകം അല്ലാത്തതു കൊണ്ടു തന്നെയാണ്. എങ്കിലും ദേശീയതലത്തില്‍ മഹാഗഢ്ബന്ധന്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയാണെങ്കില്‍, പ്രത്യേകിച്ചും യു.പിയില്‍ മായാവതിക്ക് യാഥാര്‍ഥ്യബോധം തിരികെ കിട്ടുകയും ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ അവര്‍ ഒപ്പം നില്‍ക്കുകയും ചെയ്താല്‍ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ബി.ജെ.പിയുടെ 'സാംസ്‌കാരിക' ബുള്‍ഡോസറിനെ ബിഹാറില്‍ നിതീഷിന് ചെറുത്തു നില്‍ക്കാനായത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പൊതുവെ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്ര ബി.ജെ.പി പിടിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന പ്രതിപക്ഷ കക്ഷികളുടെ തോന്നല്‍ ശക്തിപ്പെട്ടത്. അതുവരെയുള്ള ദിവസങ്ങളില്‍ തെലുങ്കാന, ഒഡിഷ, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പ്രാദേശിക രാഷ്ട്രീയം കരുത്താര്‍ജിക്കുന്നതായിരുന്നു കാഴ്ച. കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റക്കക്ഷിയാവുകയും മറ്റുള്ളവരുടെ പിന്തുണ അവരുടെ ആവശ്യമില്ലാതാവുകയും ചെയ്തതോടെ തന്നെ ഒരു പൊതുതത്ത്വം പോലെ ഈ  മാറ്റം സംസ്ഥാനങ്ങളില്‍ കാണാനുണ്ടായിരുന്നു. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ വളരെ കൃത്യമായി തന്നെ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിരിടുന്നുണ്ടായിരുന്നു.
ഇലക്ടറല്‍ ബോണ്ടിന്റെ കരുത്തും തെരഞ്ഞെടുപ്പു കമ്മീഷനെ വരുതിയിലാക്കിയതും ബി.ജെ.പിയെ സഹായിക്കുമെങ്കിലും നല്ലൊരു പൊതു തെരഞ്ഞെടുപ്പായിരിക്കും 2024-ലേത്.  അതേസമയം ബി.ജെ.പി ഒരൊറ്റ പാര്‍ട്ടിയായി മാറാന്‍ തുടങ്ങുമ്പോള്‍, അത് മയക്കുവെടി വെച്ച് തല്‍ക്കാലത്തേക്ക് ഒപ്പം കൂട്ടിയ സമൂഹങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതാണ് ചോദ്യം. അവര്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി തന്നെ വകയിരുത്തിയ കാലമാണോ ആ 40 വര്‍ഷം? അത്രയും കാത്തിരിക്കേണ്ടി വരുമോ, അതോ അതിനു മുമ്പേ തന്നെ ജനം ബി.ജെ.പിയെ തൂത്തെറിയുമോ? കാത്തിരുന്നു കാണാം. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്