സ്വര്‍ഗം മോഹിച്ച്...
ചരിത്രം /
അനാഥ ബാലന്‍ ആവലാതിയുമായി പ്രവാചക സന്നിധിയിലെത്തി: 'എന്റെ ഈത്തപ്പനത്തോട്ടം മറ്റൊരാള്‍ അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നു.' അയാളെ ഹാജരാക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചു. രണ്ടു പേരെയും വിശദമായി വിചാരണ നടത്തി. ശ്രദ്ധാപൂര്‍വം അവരുടെ വാദമുഖങ്ങള്‍ കേട്ടു. പ്രവാചകന്റെ തീരുമാനം അനാഥ ബാലന്നെതിരെയായിരുന്നു.
വിധി കേട്ട അനാഥക്കുട്ടി പൊട്ടിപ്പൊട്ടി കരഞ്ഞു. സ്വയം നിയന്ത്രിക്കാനാവാതെ നബിയും കരഞ്ഞു. നബി തന്റെ അനുചരനോട് പറഞ്ഞു: 'തീരുമാനം നിങ്ങള്‍ക്ക് അനുകൂലമാണ്. ആ തോട്ടം ഈ കുട്ടിക്ക് തിരിച്ചുകൊടുക്കുക. നിങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ വലിയ തോട്ടം പകരം തരും.' എന്നിട്ടും അയാള്‍ ആ വാഗ്ദാനം നിരാകരിച്ചു.
പ്രവാചക സദസ്സിലുണ്ടായിരുന്ന അബുദ്ദഹ്ദാഹ് എന്ന സഹാബി ആ വ്യക്തിയെ സ്വകാര്യമായി സമീപിച്ചിട്ട് പറഞ്ഞു: 'സഹോദരാ, എന്റെ തോട്ടങ്ങളില്‍ ഒരു തോട്ടം തന്നാല്‍ ഈ തോട്ടം എനിക്ക് നല്‍കുമോ?' അബുദ്ദഹ്ദാഹിന്റെ നിര്‍ദേശം അയാള്‍ക്ക് സ്വീകാര്യമായി. കാരണം, ദഹ്ദാഹിന്റെ ഈത്തപ്പനകള്‍ മേത്തരവും മെച്ചപ്പെട്ട ഫലങ്ങളുള്ളതുമായിരുന്നു.
ഉടനെ പ്രവാചക സന്നിധിയിലെത്തി ദഹ്ദാഹ് പറഞ്ഞു: 'തിരുമേനിയോട് ഒരു കാര്യം ചോദിക്കാനുണ്ട്. താങ്കള്‍ അനാഥക്കുട്ടിക്കു ഉടമപ്പെടുത്താനുദ്ദേശിച്ചിരുന്ന തോട്ടം അവന് കൊടുക്കുകയാണെങ്കില്‍ എനിക്ക് സ്വര്‍ഗം കിട്ടുമോ?'
ആനന്ദത്താല്‍ പ്രവാചക മുഖം ശോഭിച്ചു. 'തീര്‍ച്ചയായും ലഭിക്കും' - അദ്ദേഹം മറുപടി പറഞ്ഞു.
അബുദ്ദഹ്ദാഹ്: 'റസൂലേ, ഞാന്‍ എന്റെ തോട്ടം പകരം നല്‍കി ആ തോട്ടം വാങ്ങിയിരിക്കുന്നു. ഞാന്‍ അത് ആ അനാഥക്കുട്ടിക്ക് സമ്മാനിക്കുന്നു. താങ്കള്‍ സാക്ഷിയാവണം.' ആ കുട്ടിയുടെ ദുഃഖം തളംകെട്ടിയ മുഖം പ്രസന്നമായി. തിരുമുഖത്തും സന്തോഷവും മന്ദഹാസവും പ്രകടമായി.
(റോഷന്‍ സിതാരെ എന്ന കൃതിയില്‍ നിന്ന്.
മൊഴിമാറ്റം: എം.ബി അബ്ദുര്‍റഷീദ്, അന്തമാന്‍)
Comments