Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ഉന്നം മൗദൂദിയല്ല;  ഇസ്‌ലാമും ഇന്ത്യന്‍ മുസ്‌ലിംകളും

ശത്രു ജയിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ മരിച്ചവര്‍ക്ക് പോലും രക്ഷയുണ്ടാവില്ലെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്. മൗലാനാ മൗദൂദിയുടെയും സയ്യിദ് ഖുത്വ്ബിന്റെയും കൃതികള്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തങ്ങളുടെ ബി.എ, എം.എ ഇസ്‌ലാമിക് സ്റ്റഡീസ് സിലബസുകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതില്‍ നാം കാണുന്നത് ആ സര്‍വകലാശാലയുടെ നിസ്സഹായത എന്നതിലുപരി ശത്രുവിന്റെ വിജയഭേരിയാണ്. അലീഗഢിലെയും ജാമിഅ മില്ലിയ്യയിലെയും ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലെയും 'ജിഹാദി കരിക്കുലം പൂര്‍ണമായി നിരോധിക്കണം' എന്ന് ആവശ്യപ്പെട്ടുകൊണ്ട് മധു കിഷ്‌വറിനെപ്പോലുള്ള ഒരുപറ്റം ഹിന്ദുത്വര്‍ കത്തെഴുതി എന്ന് കേട്ടപ്പോഴേക്ക്, 'കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞു' എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ചര്‍ച്ചയോ കൂടിയാലോചനയോ ഒന്നുപോലും നടത്താതെ അലീഗഢ് യൂനിവേഴ്‌സിറ്റി അധികൃതര്‍, മൗലാനാ മൗദൂദിയുടെ മാത്രമല്ല സയ്യിദ് ഖുത്വ്ബിന്റെയും കൃതികള്‍ എടുത്ത് മാറ്റുകയായിരുന്നു. സയ്യിദ് ഖുത്വ്ബിനെപ്പറ്റി ഒരു വാക്കും ആ കത്തില്‍ ഉണ്ടായിരുന്നില്ല. കൂറ് തെളിയിക്കാനുള്ള വ്യഗ്രതയില്‍ യൂനിവേഴ്‌സിറ്റി ഒരു മുഴം നീട്ടിയെറിഞ്ഞതാവണം. കത്തെഴുതിയിരിക്കുന്നത് അക്കാദമീഷ്യന്മാരാണ് എന്ന് പറയുന്നുണ്ടെങ്കിലും യാതൊരു അക്കാദമിക സ്വഭാവവും ആ കത്തിനില്ല. വെറുപ്പും വിദ്വേഷവും നിറഞ്ഞൊഴുകുകയാണതില്‍. 'ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അമുസ്‌ലിംകളെ വംശഹത്യ നടത്താന്‍ മൗദൂദി പരസ്യമായി ആഹ്വാനം ചെയ്തു' എന്നു വരെയുണ്ട് ആ കത്തില്‍! സാമുദായിക ധ്രുവീകരണത്തിന് ഇന്ധനം പകരുന്ന ഇത്തരം പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്ന ആ കത്താണ് നിരോധിക്കേണ്ടത് എന്ന, ഇര്‍ഫാന്‍ അഹ്മദിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
കത്ത് മൗദൂദി രചനകള്‍ക്കെതിരിലുള്ള കടന്നാക്രമണമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരാവൃത്തി വായിച്ചാല്‍ ആ തെറ്റിദ്ധാരണ നീങ്ങും. മൗലാനാ മൗദൂദിയെ മറയാക്കി ഇസ്‌ലാമിനെയും ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തെയും പൈശാചികവല്‍ക്കരിക്കുകയാണ് അതില്‍. 'ഈ ഹിംസാത്മക ആശയം ഉപഭൂഖണ്ഡത്തില്‍ അറ്റമില്ലാത്ത ഹിന്ദു ഹോളോകാസ്റ്റുകള്‍ക്ക് വഴിയൊരുക്കി' എന്ന് എഴുതിയതിന് ശേഷം 'വിദേശികളായ ഇസ്‌ലാമിക അതിക്രമകാരികള്‍ പറയാന്‍ പറ്റാത്ത തരത്തിലുള്ള ക്രൂരതകള്‍ ചെയ്തു... അമുസ്‌ലിംകളെ മതം മാറാന്‍ നിര്‍ബന്ധിച്ചു... ലക്ഷക്കണക്കിന് ഹിന്ദു ദേവാലയങ്ങള്‍ കൈയേറി... അവ പള്ളികളും ശവകുടീരങ്ങളുമാക്കി' എന്നിങ്ങനെ നീളുന്നുണ്ട് ആ കാളകൂട വിഷം. ഇതൊന്നും വായിക്കാതെയാണോ അലീഗഢ് യൂനിവേഴ്‌സിറ്റി, കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തത്? യഥാര്‍ഥത്തില്‍ അക്കാദമിക തലത്തിലുള്ള ഇത്തരം പരാതികള്‍ പ്രധാനമന്ത്രിക്കല്ല, യൂനിവേഴ്‌സിറ്റികളെ നിയന്ത്രിക്കുന്ന യു.ജി.സിക്കാണ് അയക്കേണ്ടത്. യു. ജി.സി ആവശ്യപ്പെട്ടെങ്കിലേ അലീഗഢ് യൂനിവേഴ്‌സിറ്റി നടപടിയെടുക്കാന്‍ ബാധ്യസ്ഥമാവുന്നുള്ളൂ. ആ കത്താകട്ടെ യു.ജി.സിയിലേക്ക് പോയിട്ടുമില്ല. എന്നിട്ടും മുന്‍പിന്‍ നോക്കാതെ ചടപടാ നടപടിയെടുത്തതിനെ ആരെങ്കിലും ഭീരുത്വമെന്ന് വിശേഷിപ്പിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ആ യൂനിവേഴ്‌സിറ്റിയുടെ അന്തസ്സിന് ഒട്ടും ചേര്‍ന്നതായില്ല ആ നടപടി. ഏതൊരു ജനസമൂത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണോ അലീഗഢ് എന്ന മഹാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്, ആ സമൂഹം ഇന്ന് നാനാ ദിക്കില്‍ നിന്നും ആക്രമിക്കപ്പെടുമ്പോള്‍ അക്രമികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കരുതായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. ആ കത്തിലെ ക്ഷുദ്രതയും ദുഷ്ടലാക്കും തിരിച്ചറിയുന്നതില്‍ പോലും അവര്‍ പരാജയപ്പെട്ടു. ഇത് നല്‍കുന്ന സന്ദേശം ഒട്ടും ശുഭോദര്‍ക്കമല്ല തന്നെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്