അവസാന വരി പാടും മുമ്പേ
എഴുപത്തിയഞ്ച് ആണ്ടുകള്‍...
ഞാന്‍ അവനോട്
സ്വാതന്ത്ര്യത്തിന്റെ
സന്തോഷം പങ്കുവെക്കുന്നു
ഈ കൈയിലെ വിലങ്ങൊന്ന്
അഴിച്ചു തരൂ
ഈ കാലിലെ ചങ്ങലയും:
അവന്റെ കണ്ണില്‍ നിന്നും
പട്ടുനൂല്‍ പുഴുക്കളെപ്പോല്‍
കണ്ണീര്‍ ഇഴഞ്ഞിറങ്ങുന്നു
വീടിന്റെ ഉമ്മറത്ത് നാട്ടാന്‍
ഇരുപത് രൂപ കൊടുത്ത് വാങ്ങിയ
ത്രിവര്‍ണ പതാക
ഞാന്‍ അവന് കൈമാറുന്നു
ഇടിച്ചുനിരത്തിയ വീടിന്റെ
കുമ്മായങ്ങള്‍ക്കടിയില്‍ നിന്നും
ബുള്‍ഡോസറിന്റെ നഖം കൊണ്ട്
ആഴത്തില്‍ മുറിവേറ്റ
ചര്‍ക്കയില്‍ നെയ്ത പതാക
അവന്‍ വലിച്ചൂരിയെടുക്കുന്നു
ഞാന്‍ അവന്
എഴുപത്തിയഞ്ചിന്റെ മധുരം
നാവില്‍ തൊടീക്കുന്നു
ആളുന്ന വിശപ്പിന്
ഒരു തവി കഞ്ഞി തരുമോയെന്ന്
എല്ലുന്തിയ ദാരിദ്ര്യം
ചോദ്യമുന പോലെ വളയുന്നു
എന്റെ സ്റ്റാറ്റസ് ഭിത്തിയില്‍
ത്രിവര്‍ണ പതാക
പാറിക്കളിക്കുന്നു
ജയില്‍ഭിത്തിയില്‍ അവന്‍
കരിക്കട്ടയാല്‍ വരയ്ക്കുന്നു
പാറിപ്പറക്കുന്ന പതാക
അവന്‍ പാടുന്ന ദേശീയഗാനം
ജയിലഴികള്‍ക്കിടയിലൂടെ
ആകാശനീലിമ തൊടുന്നു
അവസാന വരി പാടും മുമ്പേ
എന്റെ നാവും ചുണ്ടുകളും
ഭരണകൂടം തിരികെ വാങ്ങുന്നു.
Comments