കെ.എച്ച് നാസര്‍
കൊച്ചി, ചുള്ളിക്കല്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു കെ.എച്ച് നാസര്‍. ചെറുപ്പത്തില്‍ കുടുംബ പ്രാരാബ്ധം മൂലം ഗള്‍ഫിലേക്ക് പോയ അദ്ദേഹം ഇരുപത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തിരിച്ചെത്തിയത്. അരൂക്കുറ്റി വടുതല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ എസ്. അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ രണ്ടാമത്തെ മകള്‍ സുമയ്യ കെ.എച്ച് ആണ് ഭാര്യ. (എറണാകുളം വനിതാ വിഭാഗം സിറ്റി പ്രസിഡന്റ്). കിഡ്‌നി രോഗിയായിരുന്ന അദ്ദേഹത്തിന് പ്രിയ മാതാവാണ് കിഡ്‌നി നല്‍കിയത്. കിഡ്‌നി മാറ്റിവെച്ചതിനു ശേഷം 24 വര്‍ഷം ജീവിച്ചു.
1999-ല്‍ ഭാര്യയുടെ പ്രേരണയാലാണ് അദ്ദേഹം പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. മലര്‍വാടി ബാലസംഘം കോഡിനേറ്ററായി വളരെ നാള്‍ സേവനമനുഷ്ഠിച്ചു. മലര്‍വാടി അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. കുറച്ചുനാള്‍ ഹല്‍ഖയില്‍ ട്രഷറര്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു. ഹല്‍ഖയില്‍ 82 കോപ്പി പ്രബോധനം വരിക്കാര്‍ ഉണ്ടായിരുന്ന സമയത്ത് വീടുകളില്‍ കൃത്യമായി പ്രബോധനം എത്തിച്ചു നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. കൊച്ചി ഏരിയ വനിതകള്‍ക്കായി സംഘടിപ്പിച്ച, ബഷീര്‍ മുഹിയുദ്ദീന്‍ മൗലവിയുടെ ഖുര്‍ആന്‍ സ്റ്റഡിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. വളരെ നര്‍മരസത്തോടെ ഉദാഹരണങ്ങളും ഉപമകളും സഹിതം അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ക്ലാസുകള്‍ ആകര്‍ഷകമായിരുന്നു. പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഏത് പരിപാടിയിലും സഹായസഹകരണങ്ങളുമായി അദ്ദേഹം മുന്‍നിരയിലുണ്ടാവും.
പലിശരഹിത നിധി കളക്ഷന്‍ നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. ദഅ്‌വാ രംഗത്ത് ഒരു കുടുംബവുമായി നല്ല സ്‌നേഹബന്ധം അദ്ദേഹം നിലനിര്‍ത്തി. കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന് ചികിത്സാ ചെലവുകളും മറ്റും കാരണമായി സ്വന്തം വീട് നഷ്ടപ്പെട്ടു. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും ബാധ്യതകളൊക്കെ തന്നെയും അദ്ദേഹം തീര്‍ത്തിരുന്നു. സ്വന്തമായൊരു ഭവനം എന്ന സ്വപ്‌നം ബാക്കിവെച്ചാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്.
മുഹമ്മദ് ശാഹീന്‍ അമ്പലപ്പുഴ
മുഹമ്മദ് ശാഹീന്‍.... പേര് അന്വര്‍ഥമാക്കുംവിധം പറുദീസയിലേക്ക് പറന്നുപോയ രാജാളി പക്ഷി. ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്ലത്വീഫ് സാഹിബിന്റെ പേരക്കുട്ടിയും അമ്പലപ്പുഴ കരൂര്‍ മഠത്തില്‍ പറമ്പില്‍ മുഹമ്മദ് സിയാദ് - ഷബിത ദമ്പതികളുടെ മകനുമായിരുന്ന ശാന്തപുരം അല്‍ജാമിഅയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ശാഹീന്‍ കുളത്തില്‍ കാല്‍ വഴുതിവീണ് മരണപ്പെട്ടത് ജൂലൈ അഞ്ചിനാണ്.
ആലപ്പുഴയില്‍ നിന്ന് പഠിക്കാനായി ശാന്തപുരം അല്‍ജാമിഅയിലേക്കെത്തിയിട്ട് ഒരാഴ്ച പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. ഒരു അപകടത്തില്‍പ്പെട്ട് അവന്‍ അല്ലാഹുവിലേക്ക് യാത്രയായി.
ചെറുപ്രായത്തിലേ എസ്.ഐ.ഒ പരിപാടികളില്‍ തല്‍പരനായിരുന്നു ശാഹീന്‍. സ്‌കൂളിലെ മോട്ടിവേഷന്‍ ക്ലാസില്‍ ഐ.എ.എസ് എടുക്കാന്‍ ആഗ്രഹിച്ച് അവന്‍ പക്ഷേ, ശാന്തപുരത്തെ ക്ലാസില്‍ പണ്ഡിതന്മാരുടെ നിരയില്‍ വരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. 10-ാം വയസ്സില്‍ കേരളാ ഹജ്ജ് ഗ്രൂപ്പിനൊപ്പം ഉംറ നിര്‍വഹിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് ശാഹീന്. 5-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഖുര്‍ആന്‍ ഹിഫ്‌ളാക്കാന്‍ വളരെ പെട്ടെന്ന് ശ്രമിച്ച് 3 ജുസ്അ് മനപ്പാഠമാക്കി. കോവിഡ് കാലത്ത് നമസ്‌കാരം വീട്ടിലായപ്പോള്‍ അതിനു നേതൃത്വം നല്‍കുമായിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാനുള്ള അവന്റെ തിടുക്കം പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വലിയ സൗഹൃദങ്ങളുണ്ടാക്കി വിസ്മയിപ്പിച്ച കൗമാരക്കാരനാണ് ശാഹീന്‍. മുഖതാവില്‍ കണ്ടവരാരും അവനെ മറക്കില്ല. വിനയവും പുഞ്ചിരിയും കോര്‍ത്തിണക്കി മനസ്സിലൊരു കൂടുകൂട്ടിക്കളയുന്ന പ്രകൃതം.
കാമ്പസില്‍ പലര്‍ക്കും അവന്‍ പരിചിതനായിരുന്നു. ഈ കുറഞ്ഞ സമയത്തിനുള്ളില്‍, ഇത്ര തിടുക്കത്തില്‍ എന്തിനായിരിക്കാം അവന്‍ എല്ലാവരെയും പരിചയപ്പെട്ടത്? ഒന്നുകില്‍ ഖജനാവിലെ സമയക്കുറവ് അവന് ബോധ്യമുണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക് തന്നെ പറഞ്ഞയക്കാന്‍ നിരുക്ത കണ്ഠങ്ങളും സജലങ്ങളായ മിഴികളും ഒരുപാടുണ്ടാവണമെന്ന് അവന്‍ കൊതിച്ചിരിക്കണം! കരുണാമയനായ റബ്ബിനെ നിനച്ചവനെ അവന്‍ കൈവിടില്ലല്ലോ.
തിരുദൂതര്‍(സ) സാക്ഷ്യപ്പെടുത്തിയ 'ശഹാദത്തിന്റെ /രക്തസാക്ഷിത്വ'ത്തിന്റെ അകമ്പടിയില്‍ ഒരു വിശ്വാസിയുടെ ജീവിതാഭിലാഷം നേടിയെടുക്കാന്‍ കരുണാവാരിധിയായ നാഥന്‍ കനിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ പകുതിയോളം മനഃപാ
ഠമാക്കിയിരുന്നു ശാഹീന്‍. പറുദീസയുടെ ഉയരങ്ങളിലേക്ക് ആ സൂക്തങ്ങള്‍ അവനെ ആനയിക്കും, അല്ലാഹു അവനെയും കുടുംബത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കുമാറാകട്ടെ. സഹോദരങ്ങള്‍: ശഹ്മ, ശഹദ്.
കെ.എം അശ്‌റഫ്
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments